പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന നയം കോണ്‍ഗ്രസും ബിജെപിയും തുടരുക തന്നെയാണ്. കോണ്‍ഗ്രസിന്റെ 2019 -ലെ പ്രകടന പത്രികയില്‍ സര്‍ക്കാര്‍ ചെലവുകള്‍ നടത്താന്‍ പണം കണ്ടെതുന്നതിന് ആകെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രൂപരേഖ പൊതുമേഖലാ സ്ഥാപനങ്ങളെ വിലക്കുക എന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കും എന്ന നയം കോണ്‍ഗ്രസ് ആരംഭിച്ച് ബിജെപി പിന്തുടരുന്നു. ഇന്നും പൊതു ആസ്തികള്‍ വിറ്റു തുലക്കുന്നതിനെക്കുറിച്ച് രണ്ടു കക്ഷികളും തമ്മിലുള്ള അഭിപ്രായ ഐക്യം വ്യക്തമാണ്.

കാലങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് ബിഎസ്എന്‍എല്‍. മൊബൈല്‍ സേവനങ്ങളുടെ ഉത്ഭവ കാലത്ത് പ്രസ്തുത സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സ് നല്‍കാതെയും പിന്നീട് 4ജി സ്പെക്ട്രം അനുവദിക്കാതെയുമൊക്കെ ബിഎസ്എന്‍എൽ -നെ തകര്‍കുകയാണ് സര്‍ക്കാര്‍.

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് മാസം 18,000 രൂപ മിനിമം വേതനം എന്ന തുച്ഛമായ ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. കരാര്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി കേരളത്തില്‍ ശമ്പളം ലഭിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലാകട്ടെ ഇതു 6 മുതല്‍ 10 മാസം വരെയാണ്. കരാര്‍ തൊഴിലാളികളെ പിരിച്ച് വിട്ട്, ശമ്പള നിഷേധിക്കുകയും ചെയ്തു. ഇങ്ങനെ പലവിധ തൊഴിലാളി വിരുദ്ധ നടപടികളും ഇന്നു നടക്കുന്നുണ്ട്.

എഞ്ചിനിയര്‍മാരും ജീവനക്കാരും കരാര്‍ തൊഴിലാളികളുമായവരുടെ തൊഴില്‍ ശക്തി, രാജ്യമാകെ വ്യാപിച്ചു കിടക്കുന്ന പശ്ചാത്തല സൗകര്യം എന്നിവയൊക്കെ നോക്കിയാല്‍ നഷ്ടം വരാന്‍ സാധ്യത ഇല്ലാത്ത അതിശക്തമായ ഒരു സ്ഥാപനമാണ് ബിഎസ്എന്‍എല്‍. എന്നിട്ടും ബിഎസ്എന്‍എല്‍ -നെ തകര്‍ക്കുന്നതായാണ് നമ്മള്‍ കാണുന്നത്.

തകര്‍ച്ചക്കുള്ള കാരണങ്ങള്‍

സര്‍ക്കാരിനു വേണ്ടി സാമൂഹ്യ ബാധ്യത നിര്‍വഹിച്ച വകയില്‍ ബിഎസ്എന്‍എല്‍ -ന് കൃത്യമായി പണം നല്‍കപ്പെട്ടില്ല. സാമൂഹ്യ ബാധ്യതയുടെ പേരില്‍ സാമ്പത്തിക നഷ്ടം വരുത്തുന്ന പല പദ്ധതികളും ഏറ്റടുക്കേണ്ടതായി വന്ന സ്ഥാപനവുമാണ് ബിഎസ്എന്‍എല്‍. 4ജി സ്പെക്ട്രം അനുമതിയില്ല എന്നത് വലിയ പ്രശ്നമായി നിലനില്‍ക്കുന്നു. കമ്പനിയുടെ സ്വയംഭരണാവകാശത്തെ തന്നെ തകർത്തു കൊണ്ട്, മൂലധന നിക്ഷേപങ്ങള്‍ നടത്താന്‍ വേണ്ട വായ്പകള്‍ എടുക്കാനുള്ള അനുവാദവും നല്‍കിയില്ല.

പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുക എന്നതാണ് 1991 മുതല്‍ കേന്ദ്രസര്‍ക്കാരുകളുടെ നയം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കാതെ സര്‍ക്കാരിലേക്ക് എത്തിച്ചു കൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. അതുപോലെ തന്നെ സ്വകാര്യ മേഖലയെ സഹായിക്കുന്ന തരം നിയമങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം.

1995ല്‍ മൊബൈല്‍ സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് വിതരണം ചെയ്തപ്പോള്‍ ബിഎസ്എന്‍എൽ മുന്‍ഗാമിയായ ടെലികോം ഡിപ്പാർട്ട്മെന്റിനെ പരിഗണിച്ചില്ല. എന്നിട്ടും 2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബിഎസ്എന്‍എൽ മൊബൈല്‍ സേവനങ്ങള്‍ 2005ല്‍ എത്തിയപ്പോള്‍ 47 ശതമാനം വിപണി പിടിച്ചെടുത്തു. രാജ്യമാകെ വ്യാപിച്ചു കിടക്കുന്ന ശക്തമായ പശ്ചാത്തല സൗകര്യമായിരുന്നു ബിഎസ്എന്‍എൽ -ന്റെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന ഘടകം. അവിടെ നിന്ന് 2019 ജനവരി ആയപ്പോള്‍ ബിഎസ്എന്‍എൽ -ന്റെ വിപണിയിലെ ഓഹരി 9.76 ശതമാനത്തിലേക്ക് ഇടിഞ്ഞു.

ഈ തകര്‍ച്ചക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. പലപ്പോഴും ലാഭകരമല്ലാത്ത മേഖലകളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ പണം ചെലവഴിക്കാന്‍ ബിഎസ്എന്‍എല്‍ നിര്‍ബന്ധിതരായി. മൂലധന ആസ്തികള്‍ വാങ്ങുന്നത് പലപ്പോഴും സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു.

2006ല്‍ ബിഎസ്എന്‍എല്‍ പുതിയ ശൃംഖലകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് അതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. അതിനെ തടഞ്ഞത് മറ്റാരുമല്ല, ഇന്ന് 2ജി കേസില്‍ പ്രധാന പ്രതിയും അന്ന് കേന്ദ്ര ടെലികോം മന്ത്രിയുമായ എ രാജയാണ്. എ രാജയുടെ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധങ്ങള്‍ നടത്തി. ഇതിന്റെ ഫലമായി ബിഎസ്എന്‍എല്‍ തീരുമാനിച്ചതിന്റെ 50% പുതിയ ശൃംഖലകള്‍ നിര്‍മ്മിക്കാന്‍ ഒടുക്കം അനുമതി ലഭിച്ചു. പക്ഷെ ഇത് സ്ഥാപനത്തിന്റെ ക്ഷമതയെ കാര്യമായ തോതില്‍ ബാധിച്ചു.

ഗ്രാമീണ മേഖലയിലും ദുർഘടമായ മേഖലകളിലും ആശയവിനിമയ പശ്ചാത്തല സൗകര്യങ്ങള്‍ നിര്‍മിക്കുന്നത് ബിഎസ്എന്‍എൽ ആണ്. പ്രസ്തുത പ്രദേശങ്ങളില്‍ മറ്റ് സേവനദാതാക്കള്‍ പശ്ചാത്തല വികസനം നടത്തുന്നത് വളരെ വിരളമാണ്. ബിഎസ്എന്‍എല്‍ നിര്‍മിക്കുന്ന സൗകര്യങ്ങള്‍ ഉപയോഗിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇപ്പോഴും ഇതു തുടരുകയാണ്.

2018 ഡിസംബറില്‍ ടെലികോം മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പ്രകാരം, ആശയവിനിമയ പശ്ചാത്തല സൗകര്യങ്ങള്‍ ഇല്ലാത്ത അരുണാചലിലെ 4,119 ഗ്രാമങ്ങളിലും അസമില്‍ രണ്ടു ജില്ലകളിലും 2,817 ടവറുകള്‍ നിര്‍മിച്ച് പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ബിഎസ്എൻഎൽ -ന് നിർദേശം നല്‍കിയിരിക്കുകയാണ്. ഇതു പോലെയുള്ള പല ബാധ്യതകളും ബിഎസ്എൻഎൽ -ന്റെ തലയിലാണ് എന്നതാണ് സത്യം. ഇതു പോലെയുള്ള പദ്ധതികള്‍ നടപ്പിലാകുമ്പോള്‍ വരുന്ന നഷ്ടം സര്‍ക്കാര്‍ ബിഎസ്എൻഎൽ -ന് നല്‍കിയാല്‍ തന്നെ വലിയ തോതില്‍ നഷ്ടം കുറക്കാന്‍ കഴിയും.

ഡിപ്രിസിയേഷന്‍ അല്ലെങ്കില്‍ “തേയ്‌മാനം” മാറ്റിവെച്ചാല്‍ പ്രവൃത്തിലാഭം പ്രകടിപ്പിക്കുന്ന ഒരു സ്ഥാപനമാണ് ബിഎസ്എന്‍എല്‍. അതായത്‌ കാലഹരണപ്പെട്ട ചില വസ്തുക്കൾക്കായും പശ്ചാത്തല സൗകര്യങ്ങൾ മറ്റാനാനുമായി ഇപ്പോള്‍ ഫണ്ട് വകയിരുത്തുന്നതു കൊണ്ടു കൂടിയാണ് ബിഎസ്എൻഎൽ -ന് നഷ്ടം ഉണ്ടാകുന്നത്. ഇത്രയേറെ കഷ്ടതകള്‍ അനുഭവിക്കുന്നുണ്ടെങ്കിലും ലാഭസാധ്യത ബിഎസ്എൻഎൽ -ന് ഉണ്ട് എന്നു വേണം കരുതാന്‍. 4ജി അനുമതി ലഭിക്കുക കൂടി ചെയ്താല്‍ ബിഎസ്എൻഎൽ -ന് വളരാനുള്ള സാഹചര്യങ്ങള്‍ കൂടുതലായി വന്നു ചേരും.

ഈ സാഹചര്യത്തിലും തൊഴിലാളികളുടെയും നേതൃത്വത്തിന്റെയും ഇച്ഛാശക്തി കൊണ്ടും ജനാധിപത്യപരമായ ശ്രമങ്ങൾ കൊണ്ടും പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാം എന്നു കാണിച്ചു കൊണ്ടിരിക്കുന്നു ബിഎസ്എന്‍എല്‍ കേരള ഘടകം. ബിഎസ്എന്‍എല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സംസ്ഥാനമാണ് കേരളം എന്നു കൂടി നമ്മള്‍ തിരിച്ചറിയണം.