മൊബൈൽ ഫോൺ സിസ്റ്റത്തിൽ 3ജി വന്നപ്പോൾ ആണ്‌ ആളുകൾക്ക് യഥാർത്ഥത്തിൽ മൊബൈൽ ഫോണുകളുടെ തലമുറക്കണക്കിനെക്കുറിച്ച് ഒരു ധാരണയൊക്കെ വന്നത്. 2ജി അഴിമതിയുടെയൊക്കെ കഥകൾ കൂടി വന്നതോടെ സ്പെക്ട്രം എന്നതിനെക്കുറിച്ചും കേട്ട് തുടങ്ങി. മറ്റു രാജ്യങ്ങളിൽ മൂന്നാം തലമുറ മൊബൈൽ സേവനങ്ങളൊക്കെ വന്ന് എത്രയോ വർഷങ്ങൾക്ക് ശേഷം അവിടെ നാലാം തലമുറയിലേക്കുള്ള കാൽ വയ്പ്പ് തുടങ്ങിയിട്ടും ഇവിടെ 2ജി സ്പെക്ട്രം ലേലം ചെയ്തതിന്റെ അഴിമതിക്കഥകളിൽ നട്ടം തിരിയുകയായിരുന്നു. 3ജി സ്പെക്ട്രം ലേലം ചെയ്തപ്പോഴാണ്‌ സ്പെക്ട്രമെന്ന അമൂല്ല്യമായ റിയൽ എസ്റ്റേറ്റ് ഇടപാടിനെക്കുറിച്ച് രാജ്യം അറിയുന്നതു തന്നെ.

ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ കുത്തകാവകാശം ലോകത്തെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും അതാത് രാജ്യങ്ങളിലെ സർക്കാരുകൾക്കാണെന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്‌. അതായത് ഏതൊക്കെ തരംഗങ്ങൾ എന്തൊക്കെ ആവശ്യത്തിന് ആർക്കൊക്കെ ഉപയോഗിക്കാം എന്ന് തീരുമാനമെടുക്കാനുള്ള അവകാശം പൂർണ്ണമായും അതാത് രാജ്യങ്ങളിലെ സർക്കാരുകളിൽ നിക്ഷിപ്തമായിരിക്കുന്നു. ഇത്തരത്തിൽ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളൂടെ ഉപയോഗത്തിൽ കേന്ദ്രീകൃതമായ നിബന്ധനകൾ വയ്ക്കാൻ ധാരാളം കാരണങ്ങളുണ്ട്. യാതൊരു വ്യവസ്ഥയും ഇല്ലാതെ ഓരോരുത്തരും റേഡിയോ സിഗ്നലുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ ആരുടേയും ഉപയോഗം നടക്കാൻ പറ്റാത്ത ഒരു സ്ഥിതിവിശേഷം സംജാതമാകും. അതിനുമപ്പുറം ചില പ്രത്യേക ആവശ്യങ്ങൾക്കായി ചില പ്രത്യേക തരം തരംഗങ്ങൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ ആ വഴിക്കും നിയന്ത്രണങ്ങൾ ആവശ്യമാണ്‌. തരംഗങ്ങളെ വർഗ്ഗീകരിക്കുന്നതിനായി അന്താരാഷ്ട്ര ടെലി കമ്യൂണിക്കേഷൻ യൂണിയൻ ചില പൊതു സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ VLF, LF, HF, VHF, UHF, മൈക്രോ വേവ് എന്നൊക്കെ പല വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇതിനകത്തും ഓരോ ഉപ വിഭാഗങ്ങൾ വേറെയും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഭൂമിയുടെ കാര്യം പറയുന്നതുപോലെത്തന്നെയാണ്‌ ഈ സ്പെക്ട്രത്തിന്റെ കാര്യവും. സപ്ലെ ഡിമാൻഡ് റേഷ്യോ ആണല്ലോ ഭൂമിയുടെ മൂല്ല്യം പ്രധാനമായും നിർണ്ണയിക്കുന്നത്. ഭൂമിയുടെ വിസ്ത്രുതി ഒരിക്കലും കൂടാൻ പോകുന്നില്ല. പക്ഷേ ചില ഇടങ്ങളിൽ ഭൂമിയ്ക്കുള്ള ആവശ്യം ചില പ്രത്യേക കാരണങ്ങളാൽ കൂടുമ്പോൾ സ്വാഭാവികമായും വില വർദ്ധിക്കുന്നു. സ്പെക്ട്രവും അതുപോലെത്തന്നെ. ഭൂമിയെപ്പോലെത്തന്നെ പുതിയതായി സ്പെക്ട്രം ഉണ്ടാക്കി എടുക്കാൻ കഴിയില്ലല്ലോ. ഉള്ളതിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ മാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ വൻ നഗരങ്ങളിൽ ഇപ്പോൾ വികസനം ബഹുനില മന്ദിരങ്ങളുടെ രൂപത്തിൽ മുകളിലേക്ക് ആണല്ലോ. അതുപോലെത്തന്നെ റോഡുകൾ വികസിപ്പിക്കാൻ കഴിയാത്തതിനാൽ എലിവേറ്റഡ് റോഡുകൾ നിലവിൽ വന്നു. എല്ലാ സ്ഥലങ്ങളും വാസയോഗ്യമല്ലാത്തതിനാൽ വാസയോഗ്യമായ ഇടങ്ങളിൽ സ്ഥല വില ഡിമാന്റ് അനുസരിച്ച് ക്രമാതീതമായി വർദ്ധിക്കുന്നു.

സ്പെക്ട്രത്തിന്റെ കാര്യത്തിൽ എല്ലാ ഫ്രീക്വൻസികളും എല്ലാ ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ല. ഉള്ള ഫ്രീക്വൻസികൾ തന്നെ ഫലപ്രദമായി വിനിയോഗിക്കാൻ മാത്രമേ കഴിയൂ. എന്തുകൊണ്ടാണ്‌ എല്ലാ ഫ്രീക്വൻസികളും എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമല്ലാത്തത് ? ഡാറ്റാ സ്പീഡ് കൂട്ടണമെങ്കിൽ കൂടുതൽ ബാൻഡ് വിഡ്ത്ത് ആവശ്യമാണ്‌. ഇതേ ഡാറ്റ ഒരേ സമയം കൂടുതൽ പേർക്ക് ആവശ്യവുമായ സാഹചര്യത്തിൽ വലിയ ഫ്രീക്വൻസി ഉള്ള തരംഗങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു. പക്ഷേ‌ ഇവിടെ ഒരു പ്രശ്നമുണ്ട്. ഫ്രീക്വൻസി കൂടുന്നതോടെ ബാൻഡ് വിഡ്ത്തും ഡാറ്റാ റേറ്റും കൂടുതൽ പേർക്ക് സേവനങ്ങൾ നൽകാനുമൊക്കെ കഴിയുമെങ്കിലും വലിയ ഒരു പ്രശ്നം ഉടലെടുക്കുന്നു. ഫ്രീക്വൻസി കൂടുതലുള്ള തരംഗങ്ങൾ നേർ രേഖയിലേ സഞ്ചരിക്കൂ. അതോടൊപ്പം തന്നെ തടസ്സങ്ങൾ ഇത്തരം തരംഗങ്ങളെ വലിയ തോതിൽ ആഗിരണം ചെയ്ത് ശക്തി കുറയ്ക്കുന്നു. ഫലമോ കമ്യൂണിക്കേഷൻ റേഞ്ച് കുറയുന്നു. ഇതിനെ മറികടക്കാനായി കൂടുതൽ ട്രാൻസ്മിറ്ററുകളും റിസീവറുകളും ആവശ്യമായി വരുന്നു.

എന്റെ ഫോണിൽ 100 എം ബി പി എസ് ഡൗൺ ലോഡ് സ്പീഡ് കിട്ടുന്നു 200 എം ബി പി എസ് സ്പീഡ് കിട്ടുന്നു എന്നൊക്കെ അഭിമാനത്തോടെ പറയുമ്പോൾ എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ ഏതാനും വർഷങ്ങൾക്ക് മുൻപ് 100 കെ ബി പി എസ് പോലും കിട്ടാതിരുന്ന ഒരു കാലം? സാങ്കേതിക വിദ്യയിൽ എന്ത് കുതിച്ച് ചാട്ടത്തിന്റെ ഫലമായാണ്‌ ഈ ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത്? നിങ്ങളുടെ മൊബൈൽ ടവർ വരെ എത്രയോ വർഷങ്ങൾക്ക് മുൻപേ തന്നെ ഇപ്പറഞ്ഞ എംബിപിസ്, ജി ബി പി എസ് സ്പീഡ് ഒക്കെ ഉണ്ടായിരുന്നു. പക്ഷേ പ്രധാന പ്രശ്നം മൊബൈൽ ടവറിൽ നിന്നും അതിനെ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് വയർ ഇല്ലാതെ എത്തിക്കുന്നതിലുണ്ടായിരുന്ന കുപ്പിക്കഴുത്തുകൾ ആയിരുന്നു. വയർ ഇല്ലാതെയുള്ള ഡിജിറ്റൽ ഡാറ്റാ കൈമാറ്റം ചെറിയ കളി അല്ല. ഒന്നിന്റെയും പൂജ്യത്തിന്റെയും കളിയാണ്‌. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പൂജ്യം ഒന്നാകും ഒന്ന് പൂജ്യമാകും. അതായത് എടൻ എടിയാകും എടി എടനുമാകുമെന്ന് സാരം. ഡിജിറ്റൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയ കാലത്തു തന്നെ ഈ എടൻ എടനാകുന്ന പ്രശ്നം പരിഹരിക്കാനും കൂടുതൽ എടന്മാരെയും എടിമാരെയും ഒരിടത്തു നിന്ന് ഒരേ സമയം മറ്റൊരിടത്ത് എത്തിക്കാനുമായി ധാരാളം സൂത്ര വിദ്യകൾ പല തരത്തിലായി പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും മറ്റും ആവിഷ്കരിച്ചിരുന്നു. നമുക്കെല്ലാം പരിചയമുള്ള ചെറിയ ഒരു ഉദാഹരണം പറയാം. ഇപ്പോഴും മൊബൈൽ ഫോണുകളിൽ ഡാറ്റ ഉപയോഗിക്കുമ്പോൾ 4ജിയും 3ജിയും ഒന്നും കിട്ടാത്ത സമയത്ത് E എന്ന് കാണിക്കാറില്ലേ. അത് EDGE എന്ന സാങ്കേതിക വിദ്യയെ സൂചിപ്പിക്കാനാണ്‌.

രണ്ടാം തലമുറ സെല്ലുലാർ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയിൽ കൂടുതൽ വേഗതയുള്ള ഡാറ്റ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കാൻ ചെയ്ത ഒരു പൊടിക്കൈ ആണ്‌ ഈ സാങ്കേതിക വിദ്യ. സാധാരണ GPRS ന്റെ മൂന്നു മടങ്ങ് കൂടുതൽ വേഗതയിൽ നെറ്റ് വർക്കിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണിത് സാദ്ധ്യമാക്കിയത്. അതായത് പണ്ട് ഉപയോഗിച്ചിരുന്ന മോഡുലേഷൻ രീതി ഒന്ന് മാറ്റി (GMSK എന്ന മോഡുലേഷൻ ആയിരുന്നു GPRS നെറ്റ് വർക്കുകളിൽ ഉപയോഗിച്ചിരുന്നത്) അത് മാറ്റി 8PSK എന്ന ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ചു. ആദ്യത്തേതിൽ ഒരേ സമയം ഒരു ബിറ്റ് ആണ്‌ മോഡുലേറ്റ് ചെയ്തിരുന്നത് എങ്കിൽ 8 പി എസ് കെ യിൽ 3 ബിറ്റുകൾ മോഡുലേറ്റ് ചെയ്തു. അതോടെ വേഗത മൂന്നിരട്ടി ആയി വർദ്ധിച്ചു. ഇതോടൊപ്പം നേരത്തേ എടൻ എടി ആയി മാറുന്ന പ്രശ്നം ഒഴിവാക്കാനായുള്ള ചില കൈപ്പണികൾ കൂടി ആയപ്പോൾ ഈ സംവിധാനത്തെ Enhanced Data rate for GSM Evolution എന്ന പേരു നൽകി. നെറ്റ് വർക്കിൽ ചെറിയ ഹാർഡ് വേർ ചേഞ്ചും സോഫ്റ്റ് വെയർ അപ്ഗ്രഡേഷനും മാത്രം മതിയാകുമായിരുന്നതുകൊണ്ട് വളരെ പെട്ടന്ന് തന്നെ എല്ലാ സർവീസ് പ്രൊവൈഡർമ്മാരും ഇതിലേക്ക് അപ്ഗ്രേഡ് ചെയ്തു. നമ്മൂടെ ഐഡിയാ നെറ്റ് സെറ്റർ ഒക്കെ ഈ സാങ്കേതിക വിദ്യയിൽ പ്രവർത്തിച്ചിരുന്ന ഒരു ഡാറ്റാ സ്റ്റിക് ആയിരുന്നു. ഇപ്പോൾ ഇതൊരു പഴങ്കഥ ആയെങ്കിലും ഡാറ്റാ റേറ്റ് വർദ്ധിപ്പിക്കാൻ എഞ്ചിനീയർമ്മാർ എന്തെല്ലാം ചെയ്തു തുടങ്ങി എന്നതിനൊരു ഉദാഹരണം പറഞ്ഞതാണ്‌. മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം കൂടുകയും കൂടുതൽ ഡാറ്റ ആവശ്യമായി വരികയും ചെയ്തപ്പോൾ ഇപ്പറഞ്ഞ പഴയ ഫ്രീക്വൻസിയും സാങ്കേതിക വിദ്യയും ഒന്നും തികയാതെ വന്നു. അതായത് മുൻപ് ഉപയോഗിച്ചിരുന്ന 900 മെഗാ ഹെട്സ് 1800 മെഗാ ഹെട്സ് തികയാതെ വന്നപ്പോൾ – ഇതൊരു അന്താരാഷ്ട്ര് പ്രശ്നം ആയപ്പോൾ ആണ്‌ ഇന്റർനാഷണൽ ടെലി കമ്യൂണിക്കേഷൻ യൂണിയൻ രംഗത്തു വരുന്നത്. കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാകില്ല..

എല്ലാതിനും ഒരു അടുക്കും ചിട്ടയുമൊക്കെ വേണം അതിനാൽ മൂന്നാം തലമുറ മൊബൈൽ സാങ്കേതിക വിദ്യകൾ ആഗോള തലത്തിൽ തന്നെ ചില പൊതു മാനദണ്ഡങ്ങൾ ഉണ്ടാകുന്നത് നല്ലതാണെന്ന തീരുമാന പ്രകാരം IMT 2000 എന്ന പേരിൽ മൂന്നാം തലമുറ മൊബൈൽ നെറ്റ് വർക്കുകൾക്കായി നിർദ്ദേശങ്ങൾ വച്ചു. ഇതിൽ പ്രധാനമായിരുന്നു 2000 മെഗാ ഹെട്സ് എന്ന ഫ്രീക്വൻസിയെ ചുറ്റിപ്പറ്റി ആയിരിക്കണം കമ്യൂണിക്കേഷൻ എന്നത്. അന്നത്തെ ഒരു കണക്ക് വച്ച് അത്യാവശ്യം വേഗതയേറിയ ഡാറ്റാ കമ്യൂണിക്കേഷന് ഇത് മതിയാകുമായിരുന്നു. ആ സമയത്തും ലോകത്ത് പല ഭാഗത്തും പല സാങ്കേതിക വിദ്യകൾ ആയിരുന്നു നിലനിന്നിരുന്നത്. യൂറോപ്പിലും യൂറോപ്യൻ കോളനികളായിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ജി എസ് എം സാങ്കേതിക വിദ്യക്ക് പ്രാമുഖ്യമുണ്ടായിരുന്നപ്പൊൾ അമേരിക്കയിലും ദക്ഷിണ കൊറിയയിലുമൊക്കെ CDMA 1x എന്ന സാങ്കേതിക വിദ്യയ്ക്കായിരുന്നു പ്രാമുഖ്യം. അതിനാൽ IMT 2000 ന്റിന്റെ ലക്ഷ്യങ്ങൾ അവരവരുടേതായ രീതിയിൽ നടപ്പിലാക്കാൻ രണ്ട് വർക്ക് ഗ്രൂപ്പുകൾ നിലവിൽ വന്നു. 3GPP, 3GPP2. ഇതിൽ GPP ജി എസ് എം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെറ്റ് വർക്കുകളെ 3ജിയിലേക്ക് പൊക്കിക്കുണ്ടുവരാൻ ശ്രമങ്ങൾ ആരംഭിപ്പോൾ GPP2 സിഡിഎം എ 1x നെറ്റ് വർക്കുകളെ മൂന്നാം തലമുറയിലേക്ക് മാറ്റുക എന്ന ലക്ഷ്യവുമായി പ്രവർത്തനം തുടങ്ങി. ഇതിൽ CDMA എന്ന സാങ്കേതിക വിദ്യ സെല്ലുലാർ രംഗത്ത് ആവിഷ്കരിച്ചത് പ്രമുഖ ചിപ്പ് നിർമ്മാതാക്കൾ ആയ ക്വാൾകോം ആയിരുന്നു. ഇതിന്റെ തന്നെ ചുവടു പിടിച്ച് ജപ്പാനിലെ NTT ഡോക്കമോ എന്ന കമ്പനി സി ഡി എം എ യിൽ ചില മാറ്റങ്ങളൊക്കെ വരുത്തി WCDMA എന്ന സാങ്കേതിക വിദ്യ കൊണ്ടു വന്നു. ജി എസ് എം നെറ്റ് വർക്കുകൾ എല്ലാം അതൊടെ മൂന്നാം തലമുറയ്ക്കായി WCDMA എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന ധാരണയിൽ എത്തി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അതുകൊണ്ട് തന്നെ മൂന്നാം തലമുറയായി പ്രചാരത്തിൽ എത്തിയത് WCDMA ആയിരുന്നു. ഇതേ സമയം അമേരിക്കയിലും ദക്ഷിണ കൊറിയയിലും CDMA 2000 എന്ന സാങ്കേതിക വിദ്യയാണ്‌ ഉപയോഗപ്പെടുത്തിയത് . UMTS എന്ന പേരിൽ നിലവിൽ വന്ന മൂന്നാം തലമുറ ജി എസ് എം നെറ്റ് വർക്കുകളിൽ തുടർന്ന് ഡാറ്റാ റേറ്റ് കൂട്ടുന്നതിനായി HSPA, HSDPA, HSUPA തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകൾ നിലവിൽ വന്നപ്പൊൾ CDMA 2000 കൂടുതൽ ഡാറ്റാ റേറ്റിനായി EVDO, EVDV തുടങ്ങിയ സാങ്കേതിക വിദ്യകളാൽ പുതുക്കപ്പെട്ടു.

ഈ സമയത്ത് നമ്മുടെ നാട്ടിൽ എന്താണു നടന്നതെന്ന് ഒന്ന് തിരിഞ്ഞ് നോക്കാം. നേരത്തേ സൂചിപ്പിച്ചതുപോലെ 3 ജി യ്ക്കായി 2000 മെഗാഹെടെ സ്പെക്ട്രം ആവശ്യമായി വന്നു. മറ്റ് പല രാജ്യങ്ങളിലേതും പോലെ ഇന്ത്യയിലും ഈ 2000 മെഗാഹെട്സ് സ്പെക്ട്രം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായതിനാൽ ഇന്ത്യയെപ്പോലെ ഉള്ള ഒരു രാജ്യത്ത് 3 ജി നിലവിൽ വരുന്നതിനു വലിയ കടമ്പകൾ ആയിരുന്നു കടക്കാനുണ്ടായിരുന്നത്. സൈന്യത്തിന്റെ കയ്യിൽ നിന്നും ഒരു സുപ്രഭാതത്തിൽ സർക്കാരിന് അങ്ങനെ ഈ സ്പ്കെട്രം തിരിച്ചെടുക്കാൻ സാധിക്കുമായിരുന്നില്ല. കാരണം സൈന്യത്തിന്റെ കമ്യൂണിക്കേഷൻ നെറ്റ്‌‌വർക്ക് ഈ ഫ്രീക്വൻസിയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതിനാൽ അതിനൊരു ബദൽ ഇല്ലാതെ സ്പെക്ട്രം മറ്റ് ആവശ്യങ്ങൾക്ക് അനുവദിക്കാനാകുമായിരുന്നില്ല. ഇതിനൊരു പ്രതിവിധിയായി സൈനികാവശ്യങ്ങൾക്കായി ഇന്ത്യ ഉടനീളം ഒരു ഒറ്റ്പിക്കൽ ഫൈബർ നെറ്റ് വർക്ക് ഉണ്ടാക്കി നൽകുക എന്ന പദ്ധതി ആവിഷ്കരിക്കപ്പെട്ടു. Network For Spectrum (NFS) എന്ന പേരിൽ അറിയപ്പെട്ട ഈ പ്രൊജക്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെട്ടു. ഇപ്പോഴും പാതയോരങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കുകളെ സൂചിപ്പിച്ചുകൊണ്ട് NFS എന്ന പേരു സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ കണ്ടാൽ അതിനർത്ഥം അത് നമ്മൾ ഉപയോഗിക്കുന്ന ഹൈ സ്പീഡ്‌ മൊബൈൽ നെറ്റ് വർക്കിനു നൽകിയ പ്രതിഫലമാണെന്ന് മനസ്സിലാക്കണം. ഇപ്പോഴും ഈ പ്രൊജക്റ്റ് അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടിട്ടീല്ലെങ്കിലും സ്പെക്ട്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഉപയോഗിച്ചിരുന്ന ഇന്ത്യൻ എയർഫോഴ്സിനു വേണ്ടി എയർ ഫോഴ്സ് നെറ്റ് എന്ന ഒരു ഒപ്റ്റിക്കള്‌ഫൈബർ ശ്രുംഖല നിലവിൽ വന്നതോടെ 3ജിയിലേക്കുള്ള മാറ്റം പെട്ടന്ന് തന്നെ പൂർത്തിയാക്കാനായി. ഇതേ സമയത്ത് ഡാറ്റയ്ക്കായി മാത്രം പല സേവന ദാതാക്കളും ഇന്ത്യക്കാരുടെ ഡാറ്റാ ദാഹം തീർക്കാൻ വിദേശ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന പല സാങ്കേതിക വിദ്യകളും ഇങ്ങൊട്ട് പറിച്ച് നടാൻ തുടങ്ങി. നമ്മുടെ ബി എസ് എൻ എൽ EVDO ഒക്കെ അതിന്റെ ഭാഗമായിരുന്നു.

ലോകത്തെമ്പാടും കൂടുതൽ കൂടുതൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങുകയും ഫോൺ വിളിക്ക് അപ്പുറമായി മൊബൈൽ ഫോൺ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കുള്ള ഒരു ഡാറ്റാ ഉപകരണം ആയി മാറുകയും ചെയ്തതോടെ ഇതുവരെ ഉണ്ടായിരുന്ന സാങ്കേതിക വിദ്യകളൊന്നും മതിയാകാതെ വന്നു. അതുവരെ ഉപയോഗിക്കാതിരുന്ന സാങ്കേതിക വിദ്യകൾ പ്രാബല്യത്തിലുള്ള- അതിവേഗ ഡാറ്റാ കമ്യൂണിക്കേഷനു മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു നാലാം തലമുറ മൊബൈൽ കമ്യൂണിക്കേഷൻ സംവിധാനം നിലവിൽ വരേണ്ട ആവശ്യകതയെക്കുറിച്ച് അപ്പോഴാണ്‌ ചർച്ചകൾ ആരംഭിച്ചത് (ഇന്ത്യയിൽ കടമ്പകളൊക്കെ കടന്ന് 3ജി വന്നതിനു എത്രയോ മുൻപേ തന്നെ ഈ നാലാം തലമുറയുടെ ചട്ടക്കൂട് ആയിരുന്നു എന്നു കൂടി അറിയുക). ഇതനുസരിച്ച് നിലവിൽ വന്നതാണ്‌ ഇപ്പോൾ നമ്മൾ നാലാം തലമുറ എന്ന് വിളിക്കപ്പെടുന്ന LTE (ലോംഗ് ടേം എവലൂഷൻ) മൊബൈൽ നെറ്റ് വർക്കുകളും 4.5 ജി, 4.75 ജി എന്നപേരിലൊക്കെ വിളിക്കപ്പെടുന്ന LTE A/LTE +, LTE A Pro, നെറ്റ് വർക്കുകളും.