വീട്ടിലേയ്ക്കുള്ള വഴി 1190 കി. മീ.
Society

വീട്ടിലേയ്ക്കുള്ള വഴി 1190 കി. മീ.

Lekshmi Dinachandran

Lekshmi Dinachandran

പ്രയാസങ്ങൾ വരുമ്പോൾ ഏതൊരു മനുഷ്യനും സ്വന്തം വീടിന്റെ സുരക്ഷിതത്വം ആഗ്രഹിക്കും. ഡെൽഹിയിലെ സദർ ബസാറിൽ നിന്നും ബിഹാറിലെ മധുബനി ജില്ലയിലെ ഉംഗാവ് ഗ്രാമത്തിലെ സ്വന്തം വീട്ടിലേയ്ക്കുള്ള 1180 കിലോമീറ്റർ ദൂരം സൈക്കിൾവണ്ടി ചവിട്ടി വീടെത്താനാണ് മുഹമ്മദ് സമീറുലിനെ ഈ ആഗ്രഹം പ്രേരിപ്പിച്ചത്. "പ്രയാസങ്ങൾ വരുമ്പോൾ നമ്മൾ സ്വന്തം വീട്ടിലേയ്ക്ക് ആണ് മടങ്ങുക. അതിലിത്ര അതിശയിക്കാൻ എന്തിരിക്കുന്നു?” എന്നദ്ദേഹം നിഷ്കളങ്കമായി ചോദിക്കുമ്പോൾ ഈ സാഹചര്യത്തിന്റെ അനിശ്ചിതത്വത്തിൽ എന്തൊക്കെ സാഹസങ്ങൾ ചെയ്യേണ്ടി വരുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് നാം കാണുന്നത്.

മാർച്ച് 23 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദില്ലിയിൽ ലോക്ക്ഡൗൺ നടപ്പാക്കിയപ്പോൾ സദർ ബസാർ, ആസാദ് മാർക്കറ്റ്, ഭഗീരഥ് പാലസ് എന്നിവിടങ്ങളിൽ നിന്നുള്ള അൻപതോളം പോർട്ടർമാർ ബീഹാറിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് സൈക്കിൾ ചവിട്ടാൻ തീരുമാനിച്ചു. അവരിൽ ഒരാളായിരുന്നു സമീറുൾ. മാർച്ച് 25 നു രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആരംഭിച്ചതൊന്നും അറിയാതെ സംഘം തങ്ങളുടെ സൈക്കിൾവണ്ടികൾ ചവിട്ടി പട്ടണം കടക്കുകയായിരുന്നു.

മാർച്ച് 22 നു ഏകദിന ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ അവർ പരിഭ്രമിച്ചില്ല. സമീറുൽ മാധ്യമങ്ങളോട് പറഞ്ഞു, "പക്ഷേ അവർ അത് നീട്ടിയപ്പോൾ, ഞാൻ അതിജീവിക്കില്ലെന്ന് മനസ്സിലായി. ഞങ്ങൾ സമ്പാദിച്ചില്ലെങ്കിൽ എങ്ങനെ വല്ലതും കഴിക്കും? മാർച്ച് 26 ന്, ലോക്ക്ഡൌൺ രാജ്യം മുഴുവൻ രാജ്യത്തും നടപ്പാക്കിയിട്ടുണ്ടെന്നും നാട്ടിലേക്ക് മടങ്ങിച്ചെന്നാൽ പോലും ഒരു ജോലിയും ഉണ്ടാകില്ലെന്നും അറിഞ്ഞപ്പോൾ വിഷമിച്ചു. പക്ഷേ, ഈ രോഗം തടയേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾക്കറിയാം.” ആ വൈകുന്നേരം ആയിരത്തിലേറെ കിലോമീറ്റർ സൈക്കിളിൽ താണ്ടാൻ സമീറുൽ പാക്ക് ചെയ്തത് ഇത്രമാത്രം - രണ്ട് പുതപ്പുകൾ, തന്റെ നോക്കിയ ഫോണും ചാർജറും, വെള്ളം നിറയ്ക്കാൻ ഒരു ജഗ്ഗും 700 രൂപയും.

ഒൻപതു ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ മാർച്ച് 30 ന് മധുബനി ജില്ലയിലെ തന്റെ ഗ്രാമമായ ഉംഗാവിലെത്തിയ അദ്ദേഹത്തെ അടുത്തുള്ള ഒരു മെഡിക്കൽ കോളേജിൽ 14 ദിവസം ക്വാറന്റൈൻ ചെയ്തു. “കുട്ടികൾ ദിവസവും എനിക്ക് ചായയും പ്രഭാതഭക്ഷണവുമായി എന്നെ കാണാൻ വരുമായിരുന്നു. ഒടുവിൽ ഏപ്രിൽ 13 ന് ഞാൻ വീട്ടിലെത്തി,” അദ്ദേഹം പറയുന്നു.

പത്തൊൻപത് വർഷം മുമ്പാണ് ജോലി തേടി സമീറുൽ ദില്ലിയിലേക്ക് പോയത്. ഒരിക്കലും സ്കൂളിൽ പോയിട്ടില്ലാത്തതിനാൽ, കൂലിത്തൊഴിലാളിയാകുക എന്നതാണ് തന്റെ മുന്നിലുള്ള ഏക വഴി എന്നദ്ദേഹത്തിന് തോന്നി. തലസ്ഥാനത്തെ വലിയ വിപണികളിൽ അദ്ദേഹത്തെപ്പോലുള്ള ചെറുപ്പക്കാർക്ക് ജോലിസാധ്യത ഉണ്ടായിരുന്നു. 2002 ആയപ്പോഴേക്കും സമീറുൽ ആസാദ് മാർക്കെറ്റിൽ ഒരു പോർട്ടറായി ജോലിയിൽ കേറി. തന്റെ ചവിട്ടുവണ്ടി നിറയെ ജ്യോമെട്രി ബോക്സുകളുമായി ഗോഡൗണുകളിൽ നിന്നും സദർ മാർക്കറ്റിലെയും ആസാദ് മാർക്കെറ്റിലെയും കടകളിൽ നിന്ന് കടകളിലേയ്ക്ക് യാത്ര. ചില ദിവസം 200 രൂപ, ചിലപ്പോൾ 500, ചിലപ്പോൾ ഒന്നുമില്ല. ഇങ്ങനെ അസ്ഥിരമായ വരുമാനം. ആഴ്ചകൾ നീളുന്ന ലോക്ക്ഡൌൺ എങ്ങനെ താണ്ടാനാകും?

മാർച്ച് 23 ന് സമീറുൽ സർദാർ ബസാറിലെ മറ്റു ഥേലാവാലകളുമായി പുറപ്പെട്ട് കശ്മീർ ഗേറ്റ് ഐ.എസ്.ബി.ടി. വരെ എത്തി. അവിടെ നിന്ന് കുറേപ്പേർ യു.പി. യിലെ ഗാസിയാബാദ്, പിന്നെ ഇറ്റാവ, കാൺപൂർ, ലഖ്‌നൗ, ഗോരഖ്പൂർ എന്നിവിടങ്ങളിലേക്ക് സൈക്കിൾ ചവിട്ടി. അവിടെ നിന്ന് ബിഹാറിലെ ഗോപാൽഗഞ്ച്, പിന്നെ മുസാഫർപൂർ, ദർഭംഗ എന്നീ സ്ഥലങ്ങളിലേക്ക് യാത്ര തുടർന്നു.

മൂന്ന് മാസം മുമ്പാണ് സമീരുൾ 4,500 രൂപയ്ക്ക് ഒരു ഥേല (വണ്ടി) വാങ്ങിയത്. ജോലി മാത്രമല്ല, കിടപ്പും വണ്ടിയിൽത്തന്നെ. തലചായ്ക്കാൻ ഇടമില്ലാത്തതുകൊണ്ട് സദർ ബസാറിലെയും ആസാദ് മാർക്കറ്റിലെയും കടകൾക്ക് പുറത്ത് ഫുട്പാത്തിലോ വണ്ടികളിലോ ഉറങ്ങുന്ന നൂറുകണക്കിന് ആളുകളിൽ ഒരാളാണ് അദ്ദേഹം. ഉറങ്ങുന്നതും സ്വന്തം സാധനങ്ങൾ സൂക്ഷിക്കുന്നതും വണ്ടിയിൽ തന്നെ. പാചകമെല്ലാം ഫുട്പാത്തിൽ. "അല്ലെങ്കിൽ തന്നെ രോഗം കാരണം വളരെ കുറച്ച് ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണവും പണവും തീരാറായി. ആര് സഹായിക്കും എന്നൊരു രൂപവും ഇല്ലായിരുന്നു, ”അദ്ദേഹം പറയുന്നു.

സമീറുലും മറ്റുള്ളവരും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആളൊഴിഞ്ഞ ഹൈവേകളിലും റോഡുകളിലും സഞ്ചരിക്കുമ്പോൾ പലയിടത്തും പനിയുണ്ടോ എന്ന് പരിശോധിക്കാനായി പോലീസ് തടഞ്ഞു; ചിലപ്പോൾ ഭക്ഷണം പോലും വാഗ്ദാനം ചെയ്തു. “ഞങ്ങളെ ആരും തടഞ്ഞില്ല, കാരണം ഞങ്ങൾക്ക് വീട്ടിലല്ലാതെ മറ്റൊരിടത്തും പോകാനില്ലെന്ന് അവർക്ക് അറിയാമായിരുന്നു. പോലീസുകാർക്കും വീടുകളും കുടുംബങ്ങളും ഉള്ളവരല്ലേ? ചിലർ പനി പരിശോധിക്കാൻ ഒരു യന്ത്രം ഉപയോഗിക്കും, മറ്റുള്ളവർ ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് ഞങ്ങളോട് പറയും. അകലെ അകലെ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറയും. ഞങ്ങൾ നേരെ വീട്ടിലേക്ക് പോകരുതെന്ന് പോലീസ് പറഞ്ഞു. ഗ്രാമപ്രധാനെ വിളിച്ച് ഞങ്ങൾ യാത്രയിലാണെന്ന് അറിയിക്കാൻ പറഞ്ഞു. അപ്പോൾ പതിന്നാലുദിവസം ഞങ്ങളെ മാറ്റി നിറുത്താൻ എളുപ്പമാകും. പിന്നെ നീണ്ടയാത്രയിൽ ഞങ്ങളൊക്കെ പരസ്പരം കൂട്ടായിരുന്നു. സങ്കടമോ മടുപ്പോ ഒന്നും ഉണ്ടായിരുന്നില്ല. പാട്ടൊക്കെ പാടി പോന്നു,”സമീറുൽ പറയുന്നു. മൂന്ന്-നാല് മണിക്കൂർ വണ്ടി ഓടിക്കും, തുടർന്ന് വെള്ളത്തിനും ഭക്ഷണത്തിനുമായി അല്ലെങ്കിൽ വിശ്രമിക്കാൻ നിറുത്തും. ഇങ്ങനെ ആയിരുന്നു യാത്ര.

ദർബംഗയ്ക്ക് ശേഷം അവരിൽ പലരും സമസ്തിപൂരിലേക്ക് പോയി, സമീറുൽ തന്റെ ഗ്രാമം വരെ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി. “ദില്ലിയിൽ ജോലി ചെയ്ത എനിക്ക് സൂര്യന്റെ ചൂട് ഒന്നുമല്ല, വിയർപ്പ് ഒരു പ്രശ്നമല്ല, എളുപ്പം ക്ഷീണിക്കുകയുമില്ല. ഞങ്ങൾ സർദാർ ബസാറിന്റെ ഥേലാവാലകളാണ്; ഞങ്ങൾ വളരെ കഠിനമായ വെല്ലുവിളികൾ സഹിക്കുന്നവരല്ലേ?അത് വച്ച് നോക്കുമ്പോൾ ഇത് വളരെ എളുപ്പമായിരുന്നു,” അദ്ദേഹം പറയുന്നു.

ഈ രോഗകാലം കഴിയുമ്പോൾ സമീറുൽ ദില്ലിയിലെ ഗലികളിലെയ്ക്ക് മടങ്ങും. കാരണം, സമീറുലിനു നാട്ടിൽ കൃഷിചെയ്യാൻ ഭൂമിയില്ല. നാലുകുഞ്ഞുങ്ങളുള്ള ഈ മുപ്പത്തെട്ടുകാരന്, ഈ ജോലികൊണ്ടു മാത്രമേ തന്റെ കുടുംബത്തെ പോറ്റാൻ സാധിക്കൂ.

ഇതുപോലെ എത്രയെത്ര പ്രവാസികളുടേതും കൂടിയാണ് നമ്മുടെ ലോകം?!

Upfront Stories
www.upfrontstories.com