മാതൃഭൂമി പത്രാധിപർക്ക് അജിത കെ. എഴുതുന്ന തുറന്ന കത്ത്
Society

മാതൃഭൂമി പത്രാധിപർക്ക് അജിത കെ. എഴുതുന്ന തുറന്ന കത്ത്

മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപർക്കുവേണ്ടി പ്രശസ്ത സാമൂഹ്യപ്രവർത്തക അജിത കെ. തന്റെ ഫേസ്ബുക് വാളിൽ എഴുതിയ തുറന്ന കത്ത്

Lekshmi Dinachandran

Lekshmi Dinachandran

പ്രിയ മാതൃഭൂമി പത്രാധിപർക്ക്,

കേരളത്തിലെ അസംഖ്യം മാതൃഭൂമി വായനക്കാരിലൊരാൾ എന്ന നിലയിലാണ് ഈ കത്ത്. ഞാൻ കോഴിക്കോട് ജനിച്ചുവളർന്ന ഒരു വ്യക്തിയാണ്. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതൽ വായിച്ചും വസ്തുനിഷ്ഠമായ വാർത്തകൾക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗമാണ് മാതൃഭൂമി ദിനപത്രം. പല സമരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. ഞാൻ പങ്കെടുത്തിട്ടുമുണ്ട്. എന്നാലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം പൂർണമായും ഞാൻ വിച്ഛേദിച്ചിരുന്നില്ല. ഈ അടുത്ത് മാതൃഭുമി പത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള പ്രസ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്റെ ജീവിത പങ്കാളി ടി.പി.യാക്കൂബ് എത്ര തവണയാണ് മാതൃഭൂമിയുടെ സംഘപരിവാർ ചായ്‌വുള്ള വാർത്തകൾ വായിച്ച് ഈ പത്രം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ അന്നും എനിക്ക് അത് തോന്നിയിട്ടില്ലായിരുന്നു. ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം പോലും തുടരേണ്ടെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോൾ നരേന്ദ്രമോഡിയാണ്. എങ്കിൽ സവർക്കറും ഗോദ്‌സേയും ആ പത്രത്തിന് ഇനി മുതൽ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ജനിച്ച പത്രവും അതിന്റെ ചുക്കാൻ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീർണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാൾ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ.ഇന്ത്യയെ ഒരു സവർണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള പദ്ധതികൾ ഓരോ ദിവസവും നമ്മുടെ മേൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന, ഗുജറാത്തിലെ വംശഹത്യ മുതൽ ആരംഭിച്ച ആ തേരോട്ടത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യ മതേതര ബഹുസ്വര മൂല്യങ്ങൾ തിരികെ കൊണ്ടുവരാൻ ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന് ഉറപ്പായ ഈ നിമിഷം ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂർത്തം തന്നെ.ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാൻ ഞാനുദ്ദേശിക്കുന്നില്ല.

എന്ന്

അജിത കെ.

കോഴിക്കോട്.

പ്രിയ മാതൃഭൂമി പത്രാധിപർക്ക്, കേരളത്തിലെ അസംഖ്യം മാതൃഭൂമി വായനക്കാരിലൊരാൾ എന്ന നിലയിലാണ് ഈ കത്ത്. ഞാൻ കോഴിക്കോട്...

Posted by Ajitha Kunnikkal on Friday, September 18, 2020
Upfront Stories
www.upfrontstories.com