ചരിത്രത്തിൽ ഇന്ന് | ഡിസംബർ 27
Society

ചരിത്രത്തിൽ ഇന്ന് | ഡിസംബർ 27

ജനഗണമന ആദ്യമായി ആലപിച്ചു

Lekshmi Dinachandran

Lekshmi Dinachandran

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 26ാ മത് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 27ന് ആദ്യമായി നോബല്‍ ജേതാവ് രബീന്ദ്ര നാഥ് ടാഗോര്‍ ബംഗാളിയിയില്‍ എഴുതിയ ഗാനം 'ജനഗണമന' ആദ്യമായി പാടി. സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ അതേറ്റ് ചൊല്ലി. പിന്നീട് 1950 ജനുവരി 24 നാണ് 'ജനഗണമന' ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗാനവും വന്ദേമാതരം ദേശീയഗീതവുമായിത്തീര്‍ന്നത്.

ബംഗാളിയിലെ ഏറ്റവും ലളിതരൂപമായ 'സാധുഭാഷ'യിലാണ് ജനഗണമന എഴുതപ്പെട്ടിരിക്കുന്നത്. ആ ഗാനത്തിന്റെ വരികളും വ്യാകരണവും മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് അതിന്റെ അന്ത:സത്ത ചോർന്നുപോകാത്ത രീതിയിൽ തർജമ ചെയ്യാൻ സാധിക്കുത് പോലെയാണ് കവി ക്രമപ്പെടുത്തിയിരിക്കുന്നത്.

ദേശീയഗാനത്തെ സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനു് സ്വീകരണം നൽകിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തിൽ ദൈവമെന്നു് വിവക്ഷിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു് കരുതിപ്പോന്നിരുന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത്തിനെ തന്നെയാണെന്നു് വ്യക്ത്യമാക്കുകയുണ്ടായി. അല്ലെങ്കിൽ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോർ എന്ന ദേശീയവാദിയിൽ നിന്നു് ജോർജ്ജ് അഞ്ചാമനെ പ്രകീർത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്നു് ഭൂരിപക്ഷവും വിശ്വസിച്ചുപോന്നിരുന്നു.

2005-ൽ ദേശീയഗാനത്തിൽ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൌചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 1947-ൽ തന്നെ ഭാരതത്തിൽ നിന്നു് വേർപ്പെട്ടുപോയ പാകിസ്താൻ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദത്തിനു പകരം കാശ്മീർ എന്നോ മറ്റൊരു പദമോ ഉപയോഗിക്കണമെന്ന് ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യൻ സുപ്രീം കോടതി തന്നെ ദേശീയഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സിന്ധ് എന്നതു സൂചിപ്പിക്കുന്നത് ഒരു സംസ്കാരത്തേയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.

1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി.

Upfront Stories
www.upfrontstories.com