ഇപ്പോൾ നമുക്ക് സുപരിചിതമായ മൊബൈൽ ഫോണുകൾ, ഇപ്പോൾ ഫോൺ വിളി എന്നതിനുപരിയായി മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ഉപകരണമാണെങ്കിൽ മൊബൈൽ ഫോണുകൾ ആദ്യമായി വിഭാവനം ചെയ്ത കാലത്ത് ഇത്തരം യാതൊരു വിധ മുൻവിധികളും ഉണ്ടായിരുന്നില്ല. സാധാരണ ലാൻഡ് ഫോണുകളിൽ നടന്നിരുന്ന ഫോൺ വിളി വയറില്ലാത്ത സംവിധാനത്തിലേക്ക് മാറ്റിയ കോഡ് ലെസ് ഫോണുകൾ ആണ്‌ ആദ്യം നിലവിൽ വന്നത്. പക്ഷേ കോഡ് ലെസ് ഫോണുകൾ യഥാർത്ഥത്തിൽ ഫോണിന്റെ ബേസ് സ്റ്റേഷനും ഹാൻഡ് സെറ്റും തമ്മിലുള്ള വയർ ഒഴിവാക്കാൻ മാത്രം പര്യാപ്തമായിരുന്നതിനാൽ അല്പം കൂടി കൂടുതൽ റേഞ്ച് കിട്ടുന്നതും ഫോണിന്റെ ബേസ് സ്റ്റേഷൻ കേന്ദ്രീകൃതമായ ഒരു ടെലിഫോൺ എക്സ്ചേഞ്ചിൽ തന്നെ സ്ഥാപിക്കപ്പെട്ടതുമായ ഒരു സംവിധാനം വിഭാവനം ചെയ്യപ്പെട്ടു. അതിന്റെ ചുവടു പിടിച്ച് ആണ്‌ മൊബൈൽ ഫോൺ സേവനങ്ങൾ നിലവിൽ വന്നത്. അതായത് വോയ്സ് കാളുകൾ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഉണ്ടായ സംവിധാനം.

യൂറോപ്പിലും അമേരിക്കയിലുമൊക്കെ സമാന സാങ്കേതിക വിദ്യകൾ വികസിക്കപ്പെടുകയും ആദ്യ തലമുറ മൊബൈൽ കമ്യൂണിക്കേഷൻ സേവനങ്ങൾ അതായത് 1 ജി എന്ന പേരിൽ ഇവ അറിയപ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും ഇന്റർനെറ്റ് സേവനങ്ങൾ ലോകമെമ്പാടും പരക്കെ ഉപയോഗപ്പെടൂത്താൻ തുടങ്ങിയിരുന്നു. അന്നും ലാൻഡ് ഫോൺ കണക്ഷനുകളിലൂടെ ലഭ്യമാക്കിയിരുന്ന ഇന്റർനെറ്റ് സേവനങ്ങൾ മൊബൈൽ ഫോണുകൾ വഴിയും നൽകാനുള്ള ശ്രമങ്ങളുടെ ഫലമായി അതിനനുസരിച്ചുള്ള സാങ്കേതിക വിദ്യകൾ വികസിച്ചു. അതായത് മൊബൈൽ ഫോണുകളിൽ വോയ്സ് കാളുകളോടൊപ്പം പരിമിതമായ രീതിയിൽ ഡാറ്റയും നൽകുന്ന രണ്ടാം തലമുറ മൊബൈൽ നെറ്റ് വർക്കുകൾ നിലവിൽ വന്നു. ഇവിടെയും മൊബൈൽ ഫോണുകളുടെ പ്രധാന ലക്ഷ്യം വോയ്സ് കോളുകൾ നൽകുക എന്നതു തന്നെയായിരുന്നു. എല്ലായ്പ്പോഴും മൊബൈൽ ഫോണുകൾ വോയ്സ് കാളുകൾക്കായി ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ ആ അവസരത്തിൽ മൊബൈൽ സിഗ്നലുകൾ ഡാറ്റ കൂടി നൽകുന്ന രീതിയിൽ പരിഷ്കരിക്കപ്പെട്ടു. ഇത്തരത്തിൽ വോയ്സ് കാളുകളോടൊപ്പം ഡാറ്റയും നൽകുമ്പോഴും മുൻഗണന വോയ്സ് കാളുകൾക്ക് ആയതിനാൽ ഫോൺ വിളി വരുമ്പോഴും വിളിക്കാൻ ശ്രമിക്കുമ്പോഴും സ്വാഭാവികമായും ഡാറ്റാ കണക്ഷൻ വഴിമാറിക്കൊടുക്കുമായിരുന്നു. എന്താണിതിനു കാരണം?

മൊബൈൽ ഫോണുകൾ ‘സർക്യൂട്ട്‌ സ്വിച്ചിംഗ്’ എന്ന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ്‌ പ്രവർത്തിക്കുന്നത്. അല്പം സാങ്കേതികത്വം ഈ വാക്കിനുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ വിശദമാക്കാം. എന്താണ്‌ സർക്യൂട്ട് സ്വിച്ചിംഗ് ? പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ വിവിധ സർക്യൂട്ടുകളുടെ സ്വിച്ചിംഗ് തന്നെ. ആദ്യ കാലങ്ങളിൽ നമ്മൾ ഫോൺ വിളിക്കുമ്പോൾ എന്തായിരുന്നു സംഭവിച്ചിരുന്നത്? വീട്ടിലെ ഫോൺ എടുക്കുന്നു ഡയൽ ചെയ്യുന്നു. എസ് ടി ഡി കോഡ് ഇല്ലാതെ ഡയൽ ചെയ്യുകയാണെങ്കിൽ അത് തിരിച്ചറിഞ്ഞ് ലോക്കൽ എക്സ്ചേഞ്ച് (ഇതിനെ സ്വിച്ചിംഗ് സെന്റർ എന്നു വിളിക്കാം) നേരിട്ട് അതേ എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള ഫോണുമായി നിങ്ങളുടെ ഫോണിനെ ബന്ധിപ്പിക്കുന്നു. അതായത് നിങ്ങളുടെ ഫോണും വിളിക്കേണ്ട ഫോണും തമ്മിൽ ഒരു സ്വിച്ച് വഴി ബന്ധിപ്പിക്കുന്നു. എസ് ടി ഡി കോഡ് ചേർത്താണു വിളിക്കുന്നതെങ്കിൽ കോഡ് അനുസരിച്ചുള്ള എക്സ്ചേഞ്ചും നിങ്ങളുടെ എക്സ്ചേഞ്ചും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെടുന്നു അതിനു ശേഷം പ്രസ്തുത എക്സ്ചേഞ്ചിന്റെ കീഴിൽ ഉള്ള സുഹൃത്തിന്റെ ഫോണുമായി ബന്ധം സ്ഥാപിച്ചു നൽകുന്നു. അതിനു ശേഷം സംസാരം സാദ്ധ്യമാകുന്നു. ഇവിടെ നിങ്ങളുടെ വീട്ടിലെ ഫോൺ മുതൽ ടെലിഫോൺ എക്സ്ചേഞ്ചുകളിലെ സ്വിച്ചുകൾ വഴി സുഹൃത്തിന്റെ ഫോണിലേക്ക് ആദ്യം ഒരു വഴി വെട്ടുകയാണ്‌ ചെയ്യുന്നത്. ഇതിനു പറയുന്ന പേരാണ്‌ സർക്യൂട്ട്‌ സ്വിച്ചിംഗ്. ഇവിടെ ഈ വഴി ഒരു പ്രത്യേക സമയത്ത് നിങ്ങൾക്ക് മാത്രമായി ഉപയോഗിക്കാനായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ തന്നെ മറ്റൊരു രൂപം ആണ്‌ മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്നത് അവിടെ വയർ വഴി ഉള്ള സ്വിച്ചിംഗ് ആണെങ്കിൽ ഇവിടെ വയർ ലെസ് സ്വിച്ചിംഗ് ഉപയോഗിക്കുന്നു എന്നുമാത്രം. ഇത്തരത്തിൽ വിളി തുടങ്ങുന്നതിനു മുൻപ് തന്നെ അതിനുള്ള പാത സ്വിച്ചിംഗിലൂടെ ഒരുക്കി പ്രത്യേകമായി നീക്കി വയ്ക്കുന്നതിനു പറയുന്ന പേരാണ്‌ സർക്കീട്ട് സ്വിച്ചിംഗ്. മൊബൈൽ ഫോണുകളിലെ ഇതുവരെ ഉള്ള സാങ്കേതിക വിദ്യകളെല്ലാം ഇതനുസരിച്ചാണ്‌ പ്രവർത്തിച്ചു വന്നത്. സാങ്കേതിക വളർച്ച മൊബൈൽ ഫോണുകളിലൂടെയുള്ള ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത വർദ്ധിപ്പിച്ചു. മൊബൈൽ ഫോണുകൾ തന്നെ കമ്പ്യൂട്ടറുകൾക്ക് സമാനമായ രീതിയിലോ അതിനപ്പുറമായോ വികസിച്ചു. കമ്പ്യൂട്ടറുകളിൽ സാദ്ധ്യമായ എന്തും സ്മാർട്ട് ഫോണുകളിലും സാദ്ധ്യമായ സാഹചര്യം നിലവിൽ വന്നു.

ഇന്റർനെറ്റ് എന്നത് വികേന്ദ്രീകൃതമായ രീതിയിൽ കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ കോർത്തിണക്കിയ ഒരു ശ്രുംഖല മാത്രമാണെന്ന് അറിയാമല്ലോ. അതായത് കമ്പ്യൂട്ടറുകൾ മുതൽ സ്മാർട്ട് ഫോണുകളിലൂടെ ഇപ്പോൾ IoT യിലൂടെ എന്തും ഇന്റർനെറ്റിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെടാമെന്നായി. നല്ല രീതിയിൽ ഇടതടവില്ലാതെ ഡേറ്റയുടെ ഒഴുക്ക് സാദ്ധ്യമാകുന്ന ഉയർന്ന ബാൻഡ് വിഡ്ത് ഉറപ്പ് വരുത്തുന്ന സാങ്കേതിക വിദ്യകൾ കൂടി വളർന്നതോടെ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ആയ ഇ മെയിൽ , വേൾഡ്‌ വൈഡ്‌ വെബ്, വോയ്സ് ഓവർ ഇന്റർനെറ്റ് സേവനങ്ങൾ, വീഡിയോ ഓവർ ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്ക് പുതിയ മാനങ്ങൾ കൈവന്നു. നേരത്തേ സൂചിപ്പിച്ച സർക്കീട്ട് സ്വിച്ചിംഗ് പോലെ അല്ല ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടൂന്നത്. അതെങ്ങിനെയാണെന്ന് നോക്കാം. ഇന്റർനെറ്റിലൂടെ വിവരങ്ങൾ പാക്കറ്റുകളുടെ രൂപത്തിലാണ്‌ സഞ്ചരിക്കുന്നത്. ഇതിൽ ഓരോ പാക്കറ്റിനും അറിയാം അത് എവിടെനിന്നും വന്നു എവിടേയ്ക്ക് പോകുന്നു എന്ന്. ഇതിനെ നമുക്ക് നമ്മുടെ പോസ്റ്റൽ സംവിധാനവുമായി താരതമ്യപ്പെടുത്തി നോക്കാം. നിങ്ങൾ ഒരാൾക്ക് കത്ത് എഴുതി പോസ്റ്റ് ചെയ്യുന്നു. അയക്കുന്ന ആളുടെ വിലാസവും ലഭിക്കേണ്ട ആളുടെ വിലാസവും മാത്രം ചേർത്ത് അയക്കുന്ന കത്തുകൾ ഏതെല്ലാം വഴിയിലൂടെ സഞ്ചരിച്ചാണ്‌ സ്വീകർത്താവിലേക്ക് എത്തുന്നത് എന്ന കാര്യം നിങ്ങളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്‌. ഇവിടെ അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും ഇടയിൽ പ്രത്യേകമായി നീക്കിയിരിക്കപ്പെട്ട ഒരു മാദ്ധ്യമവുമില്ല. പല പല പോസ്റ്റോഫീസുകളിലൂടെ പല പല വഴികളിലൂടെ കറങ്ങിത്തിരിഞ്ഞ് അവസാനം കത്തുകൾ ലക്ഷ്യസ്ഥാനത്തിലേക്ക് എത്തുന്നു. ഇന്റർനെറ്റിലും ഇതുപോലെത്തന്നെ.

ഈ തപാൽ സംവിധാനത്തെ നമുക്ക് ഒന്ന് കാര്യക്ഷമമാക്കി നോക്കാം. കാര്യക്ഷമം എന്നു പറഞ്ഞാൽ കത്തയച്ച് മൂന്നാം ദിവസം കിട്ടുന്ന രീതിയിൽ നിന്നും കത്ത് പോസ്റ്റ് ചെയ്ത് സെക്കന്റുകൾക്കകം മേൽവിലാസക്കാരനു കിട്ടുന്ന ഒരു സംവിധാനം വന്നാൽ എങ്ങനെ ഇരിക്കും? കത്തിനു പകരം എന്തും അയക്കാൻ പറ്റുമെന്ന സംവിധാനം വന്നാൽ എങ്ങിനെ ഇരിക്കും? അതുപോലെ എഴുത്തിനോടൊപ്പം ശബ്ദവും വീഡിയോയുമൊക്കെ ഇതുപോലെ പാഴ്സലാക്കി അയക്കാൻ കഴിഞ്ഞാലോ? അതായത് കിലോമീറ്ററുകൾ അകലെ ഇരിക്കുന്ന സുഹൃത്തിനോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു പെൻഡ്രൈവിലേക്ക് കോപ്പി ചെയ്യുന്നു പാഴ്സലാക്കി അയക്കുന്നു, സെക്കന്റുകൾക്കകം അത് സുഹൃത്തിനു കിട്ടുന്നു. സുഹൃത്തും ഇതുപോലെ മറുപടി അയക്കുന്നു. ഇത്തരം ഒരു തപാൽ സംവിധാനം നിലവിൽ വന്നാൽ എങ്ങനെ ഇരിക്കും? ആ തപാൽ സംവിധാനം തന്നെയാണ്‌ നമ്മുടെ ഇന്റർനെറ്റ്. അതായത് ക്ഷണ നേരം കൊണ്ട് വിവരങ്ങൾ (അതിനി ചിത്രമായാലും ശബ്ദമായാലും വീഡീയോ ആയാലും ടെക്സ്റ്റ് ആയാലും) ഒരിടത്തു നിനും മഒരിടത്തേക്ക് പാക്കറ്റുകളുടെ രൂപത്തിൽ എത്തിക്കുന്ന ഒരു തരം തപാൽ സംവിധാനമാണ്‌ ഇന്റർനെറ്റ്. അതിനാൽ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളെ പാക്കറ്റ് സ്വിച്ചിംഗ് എന്ന് വിളിക്കാം. ഇവിടെ വിവരങ്ങൾ അടങ്ങിയ പാക്കറ്റുകൾ ഏതെല്ലാം വഴിയിലൂടെ പോകുന്നു എന്നതല്ല പ്രധാനം അതിന്റെ ലക്ഷ്യം മാത്രമാണ്‌ പ്രധാനം. പാക്കറ്റ് സ്വിച്ചിംഗിൽ നമ്മുടെ തപാൽ വിതരണ സംവിധാനത്തെപ്പോലെത്തന്നെ പ്രേക്ഷിതനും സ്വീകർത്താവിനും മാത്രമായി പ്രത്യേകം സംവരണം ചെയ്ത പാതകളൊന്നുമുണ്ടാകില്ല. പോസ്റ്റ് മാൻ മേൽവിലാസമനുസരിച്ച് ഒന്നിലധികം ആളുകൾക്ക് കത്തുകൾ വിതരണം ചെയ്യാറില്ലേ അതുപോലെ ഇന്റർനെറ്റിലൂടെ വിവിധ തരത്തിലുള്ള വിവരങ്ങൾ അടങ്ങിയ വിവിധ മേൽവിലാസക്കാർക്കുള്ള വിവരങ്ങൾ പല വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നു.

കൂടുതൽ ബാൻഡ് വിഡ്ത്ത് ലഭ്യമായതോടെ റിയൽ ടൈം അപ്ലിക്കേഷൻസ് എന്ന ഗണത്തിൽ പെട്ട ശബ്ദം, വീഡീയോ തുടങ്ങിയവയിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ അപ്ലിക്കേഷനുകൾ നിലവിൽ വന്നു. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകളിലൂടെ പരസ്പരം സംസാരിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വന്നപ്പോൾ ആദ്യ കാല ഉപഭോക്താക്കൾക്ക് ഒരു പക്ഷേ പരിചയമുണ്ടാകും അന്ന് അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ. നല്ല വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനുകളിൽ മാത്രമേ ഇത്തരം വോയ്സ് കാളുകളും വീഡിയോ കോളുകളുമൊക്കെ അന്ന് സാദ്ധ്യമായിരുന്നുള്ളൂ. സ്കൈപ്പ്, യാഹൂ മെസഞ്ചർ തുങ്ങിയവയൊക്കെ ഇതിനുദാഹരണങ്ങളാണ്‌. മൂന്നാം തലമുറ ഇന്റർനെറ്റ് സേവനങ്ങളുടെ വരവോടു കൂടി മൊബൈൽ ഫോണുകളിലും നല്ല രീതിയിൽ ബ്രോഡ് ബാൻഡ് കണക്ഷനുകളോട് കിടപിടിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാൻ തുടങ്ങി. അതോടെ വോയ്സ് കാളിംഗ് വീഡിയോ കാളിംഗ് സോഫ്റ്റ് വെയറുകൾ ആപ്പുകളായി സ്മാർട്ട് ഫോണുകളിലും വന്നു തുടങ്ങി. മൊബൈൽ ഫോണിലെ ഇന്റർനെറ്റ് കണൿഷൻ ഉപയോഗിച്ചുകൊണ്ട് ഇത്തരം ആപ്പുകളിലൂടെ ഇതേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ഉപഭോക്താക്കളുമായി വിളിക്കാൻ കഴിയുന്ന സംവിധാനം ലോകമെമ്പാടും പരക്കെ ഉപയോഗിക്കപ്പെട്ടു. ഐ എസ് ഡി കാളുകളുടെ നിരക്ക് താങ്ങാനാകാൻ കഴിയാത്ത സാഹചര്യത്തിൽ വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും മറ്റും ഇത് വലിയ സൗകര്യമായി. സ്മാർട്ട് ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും ഇത്തരം വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് നടത്തുന്ന വിളികൾ ഇത്തരം ആപ്പുകൾ ഇല്ലാത്ത ഫോണുകളിലേക്കും ലാൻഡ് ഫോണുകളിലേക്കുമെല്ലാം സ്വിച്ച് ചെയ്യാൻ കഴിയുന്ന ഗേറ്റ് വേ സർവീസുകൾകൂടി നിലവിൽ വന്നതോടെ മൊബൈൽ കമ്പനികൾക്ക് വലിയ നഷ്ടം വരുത്തുന്നതിനാൽ അവർക്ക് ഇതിനോട് ഒട്ടും താല്പര്യമില്ലായിരുന്നു. അതിനാൽ പല രാജ്യങ്ങളിലും സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം വോയ്സ് ഓവർ ഇന്റർനെറ്റ് അപ്പ്ലിക്കേഷനുകൾക്ക് നിയന്ത്രണങ്ങൾ നിലവിൽ വന്നു. പക്ഷേ സാങ്കേതിക വിദ്യയുടെ വികാസം ഈ നിയന്ത്രണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു. ഒരു കാലത്ത് നിയന്ത്രണമേർപ്പെടുത്തിയിരുന്ന ഈ സാങ്കേതിക വിദ്യയിലേക്ക് തന്നെ മുഴുവനായും തങ്ങളുടെ മൊബൈൽ നെറ്റ് വർക്ക് ശ്രുംഖലകൾ മാറ്റാൻ മൊബൈൽ കമ്പനികൾ നിർബന്ധിതരാവുകയാണ്‌.

വോയ്സ് കാളുകൾക്ക് മാത്രമായി വിഭാവനം ചെയ്യപ്പെട്ട മൊബൈൽ നെറ്റ്‌‌വർക്കുകളിൽ ഡാറ്റാ അധിഷ്ഠിതമായ സേവനങ്ങൾക്ക് ആവശ്യമേറിയതോടെ ക്രമേണ വോയ്സ് കാളുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. വോയ്സ് നെറ്റ്‌‌വർക്കുകൾക്കായുള്ള ഉപകരണങ്ങളും സംവിധാനങ്ങളും പരിപാലിക്കുന്നത് വലിയ നഷ്ടക്കച്ചവടമായി മാറി. 4G എന്നറിയപ്പെടുന്ന Long Term Evolution (LTE)സാങ്കേതിക വിദ്യ മൊബൈൽ നെറ്റ്‌‌വർക്കുകളിൽ ഇടതടവില്ലാത ഉയർന്ന ബാൻഡ്‌‌വിഡ്ത്തിൽ ഉള്ള ഡാറ്റാ സേവനങ്ങൾ നൽകാൻ വിഭാവനം ചെയ്യപ്പെട്ടതാണ്‌. അതായത് 4ജി നെറ്റ്‌‌വർക്കിൽ വോയ്സ് കാളിംഗിനായുള്ള പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. 4ജി നെറ്റ്‌‌വർക്കിൽ നിങ്ങളുടെ മൊബൈൽ ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ പോലെയുള്ള ഒരു ഡാറ്റാ ഉപകരണം മാത്രമാണ്‌. അതിൽ നിങ്ങൾ ഏത് തരത്തിലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നു എന്നത് നെറ്റ്‌‌വർക്കിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്‌. അതായത് വോയ്സ് , വീഡിയോ , ഇമേജ്, ടെക്സ്റ്റ് അങ്ങനെ എന്തു വേണമെങ്കിൽ കമ്പ്യൂട്ടറുകൾക്ക് സമാനമായി ഉപയോഗിക്കാം. പക്ഷേ ഫോണിനു പുറത്ത് കടന്നാൽ അവയെ നെറ്റ്‌‌വർക്ക് ‌ഡാറ്റാ പാക്കറ്റുകൾ മാത്രമായി കാണുന്നു. ഈ ഡാറ്റാ പാക്കറ്റുകൾ നേരത്തേ സൂചിപ്പിച്ചതുപോലെ തപാൽ വിതരണ സംവിധാനത്തിൽ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യപ്പെടുന്നതിനു സമാനമായ പാക്കറ്റ് സ്വിച്ചിംഗിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നു. ഈ സാഹചര്യത്തിൽ 4 ജി നെറ്റ് വർക്കിൽ നിങ്ങളൂടെ ഫോൺ നമ്പറിന്റെ പ്രസക്തി എന്താണ്? ലളിതമായിപ്പറഞ്ഞാൽ ഒരു 4ജി നെറ്റ്‌‌വർക്കിനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഫോൺ നമ്പരിന് ഒരു ഈ മെയിൽ ഐഡിയുടേയോ സ്കൈപ്പ് ഐഡിയുടേയോ ഫേസ്‌‌ബുക്ക് ഐഡിയുടേയോ സമാനമായ സ്ഥാനമേ ഉള്ളൂ. സ്കൈപ്പ് പോലെയുള്ള അപ്ലിക്കേഷനുകളിൽ നിങ്ങളുടെ ഫോണിലെയും കമ്പ്യൂട്ടറിലേയും സോഫ്റ്റ്‌‌വെയറുകളിലേക്ക് വിളികൾ എത്തിക്കുന്നത് പ്രസ്തുത കമ്പനികളുടെ സെർവ്വറുകൾ ആണെങ്കിൽ ഇവിടെ ഈ ജോലി ചെയ്യുന്നത് നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡർ ആണെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ.

ഇനി മൊബൈൽ ഫോണിൽ ഫോൺ വിളിക്കുന്ന സമയത്ത് 4ജി യിൽ നിന്നും 3ജിയിലേക്ക് മാറുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിലേക്ക് മടങ്ങി വരാം. 4ജി നെറ്റ്‌‌വർക്ക് പാക്കറ്റ് സ്വിച്ചിംഗ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ഡാറ്റാ നെറ്റ്‌‌വർക്ക് മാത്രമാണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. ഈ ഡാറ്റാ നെറ്റ്‌‌വർക്കിൽ സാധാരണ വോയ്സ് കാളുകൾ സാദ്ധ്യമല്ല. അതിനായി ഒന്നുകിൽ ഫോൺ നേരിട്ട് തന്നെ വോയ്സ് ഓവർ ഇന്റർനെറ്റ്‌‌പ്രോട്ടോക്കോൾ സപ്പോർട്ട് ചെയ്യുന്നതും നെറ്റ് വർക്ക് വോയ്സ് ഓവർ എൽ ടി ഇ (VOLTE) ൽ പ്രവർത്തിക്കുന്നതുമാകണം. VOLTE സംവിധാനമുള്ള സ്മാർട്ട് ഫോണുകൾ എല്ലാ ഉപഭോക്താക്കളിലേക്ക് എത്താത്തതും 4ജി സാങ്കേതിക വിദ്യകൾ മുഴുവൻ നെറ്റ്‌‌വർക്കുകളിൽ എത്താത്തതും ഇത്തരത്തിൽ വോയ്സ് കോളുകൾക്കായി ഡാറ്റാ നെറ്റ് വർക്കുകൾ മാത്രം ഉപയോഗിക്കുന്നതിനു തടസ്സമാകുന്നു. അതിനാൽ വോയ്സ് കാളുകൾക്കായി താൽക്കാലികമായി ഫോൺ വിളിക്കുന്ന അവസരത്തിൽ ഇത്തരം നെറ്റ് വർക്കുകൾ VOLTE സൗകര്യമില്ലാത്തതും എനേബിൾ ചെയ്യാത്തതുമായ ഫോണുകളിലും ആവശ്യമായ ബാൻഡ് വിഡ്ത്ത് ലഭ്യമല്ലാതിരിക്കുമ്പോഴും സിഗ്നൽ സ്ട്രംഗ്ത്ത് കുറവുണ്ടാകുമ്പോഴുമെല്ലാം നിലവിലുള്ള 3ജി യിലേക്കോ 2 ജിയിലേക്കോ സ്വിച്ച് ചെയ്യുന്നു. ഇവിടെ 3ജിയിലേക്ക് ആണ്‌ സ്വിച്ച് ചെയ്യപ്പെട്ടത് എങ്കിൽ ഡാറ്റാ ഉപയോഗം തടസ്സപ്പെടുന്നില്ല. പക്ഷേ 2ജിയിലേക്കാണെങ്കിൽ ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല. എറ്റവും പുതിയ മൊബൈൽ ‌‌നെറ്റ് വർക്ക് ആയ റിലയൻസ് ജിയോ പൂർണ്ണമായും 4ജി നെറ്റ്‌‌വർക്ക് ആയതിനാൽ അവർ വോയ്സ് കാളുകൾക്കായി VOLTE സാങ്കേതിക വിദ്യയിലൂടെ മാത്രമാണ്‌ ഉപയോഗപ്പെടുത്തുന്നത്. കാരണം അവരുടെ ഉപഭോക്താക്കൾക്കെല്ലാം VOLTE പിൻതുണയ്ക്കുന്ന 4ജി ഹാൻഡ് സെറ്റുകൾ ഉണ്ട് എന്നതു തന്നെ. അതുകൊണ്ട് അവർക്ക് ഇത്തരത്തിൽ നെറ്റ്‌‌വർക്ക് സ്വിച്ച് ചെയ്യേണ്ട ആവശ്യം വരുന്നില്ല. എല്ലാ ഉപഭോക്താക്കളും VOLTE സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങുന്ന കാലത്ത് മൊബൈൽ സേവന ദാതാക്കൾ എല്ലാം സ്വാഭാവികമായും രണ്ടാം തലമുറ മൂന്നാം തലമുറ സർക്കീട്ട്‌ സ്വിച്ചിംഗ് വോയ്സ് കാളിംഗ് ‌‌സാങ്കേതിക വിദ്യകളെ ഉപേക്ഷിച്ച് പൂർണ്ണമായും തങ്ങളുടെ നെറ്റ്‌‌വർക്കുകൾ പാക്കറ്റ് സ്വിച്ചിംഗിൽ അധിഷ്ഠിതമായ ഡാറ്റാ ‌‌നെറ്റ് വർക്കിലേക്ക് മാറും. നിലവിൽ VOLTE മാത്രമുപയോഗിക്കുന്ന പാക്കറ്റ് സ്വിച്ചിംഗ് നെറ്റ്‌‌വർക്കുകളിൽ നിന്നും പരമ്പരാഗതമായ പഴയ സർക്കീട്ട് സ്വിച്ചിംഗ് നെറ്റ്‌‌വർക്കുകളിലേക്ക് വിളികളെ മാറ്റുന്ന ഗേറ്റ് വേകളുടേയും ആവശ്യം ഉണ്ടാകില്ല (ഇതിന്റെ പേരിൽ ജിയോയും മറ്റ് കമ്പനികളുമായുണ്ടായ ഉടക്ക് ഓർക്കുമല്ലോ) . വലിയ നഷ്ടക്കച്ചവടമായ പഴയ 2ജി, 3ജി നെറ്റ്‌‌വർക്കുകൾക്ക് ഇനി അധിക കാലം ആയുസ്സുണ്ടാകില്ല എന്നർത്ഥം. ഏതാനും വാചകങ്ങളിൽ ഒതുക്കാമായിരുന്ന ഒരു ഉത്തരത്തെ പരത്തിപ്പറഞ്ഞ് ഇത്രയുമാക്കിയപ്പോൾ ഒരാശ്വാസം