വൈറസ് പിറന്നത് ലാബുകളിലല്ല; പിന്നെ എവിടെയാണ്?
Science and Technology

വൈറസ് പിറന്നത് ലാബുകളിലല്ല; പിന്നെ എവിടെയാണ്?

Upfront Stories

Upfront Stories

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു അമ്പത്തഞ്ചുവയസ്സുള്ള മൽസ്യവില്പനക്കാരിയിൽ തുടങ്ങി, ഏതാണ്ട് ഇരുന്നൂറു ലോകരാജ്യങ്ങളിൽ എട്ടുലക്ഷത്തിലേറെപ്പേരെ ബാധിച്ച വൈറസ്. മരണസംഖ്യ മുപ്പത്തയ്യായിരത്തിനും മുകളിൽ. സത്യത്തിൽ എന്താണ് കോവിഡ്- 19? ഇതെവിടെ നിന്ന് വന്നു? ഇന്ന് അപ് ഫ്രണ്ട് സ്റ്റോറീസ് നിങ്ങളുടെ മുന്നിലെത്തിക്കുന്നത് ഒരൽപം ശാസ്ത്രമാണ്.

വൈറസ് എന്നാൽ അറിയാതെ മനസ്സിൽ വരുന്നത് ടൂത്ത്പേസ്റ്റ് പരസ്യങ്ങളിലെ കീടാണുവിനെ പോലെ കണ്ണും മൂക്കും വായും ദംഷ്ട്രയുമുള്ള നിയോൺ നിറമുള്ള ഗോളമാണ്. ഒരു ജീവി എന്നാണു നാം ആലോചിക്കുന്നത്. സത്യത്തിൽ വൈറസ് എന്നത് ജീവനുള്ള ഒന്നാണോ എന്നത് തന്നെ തർക്കവിഷയമാണ്. ചേക്കേറാൻ ഒരു ശരീരം കിട്ടും വരെ വെറുമൊരു രാസവസ്തുച്ചെപ്പാണത്.അല്പം കൊഴുപ്പും പ്രോടീനുകളും കൊണ്ടുള്ള കവചത്തിലെ കുറച്ച് RNA - റിബോ ന്യൂക്ലിക് ആസിഡ് തന്മാത്രകൾ. ഒരു ജീവിയുടെ ശരീരത്തിലെ സെല്ലുകളിൽ - കോശങ്ങളിൽ - എത്തുംവരെ വെറുമൊരു പൊട്ടോ പൊടിയോ ആയി ഒതുങ്ങുന്ന ജന്മം. ഇനി ഏതെങ്കിലുമൊരു ജീവിയുടെ ശരീരത്തിൽ എത്തിപ്പെടുന്നു എന്നിരിക്കട്ടെ. എല്ലാ കോശങ്ങളിലും കയറിപ്പറ്റാൻ വൈറസിന് സാധിക്കില്ല. ഓരോ വൈറസിനും അതാതിന്റെ പ്രത്യേക തരം കോശങ്ങളെ മാത്രമേ ആക്രമിക്കാനാവൂ. നമ്മുടെ സെല്ലുകളുടെ പുറംഭാഗത്ത് ചില പ്രത്യേക രാസവസ്തുക്കൽ ഉണ്ട് - അവയെ നമ്മൾ റിസെപ്റ്റർ എന്ന് വിളിക്കുന്നു. അവ, പൂട്ടുകൾ പോലെയാണ്. ഈ പൂട്ടുകൾക്ക് യോജിക്കുന്ന താക്കോലുമായി വരുന്ന അതിഥികൾക്ക് മാത്രമേ ആ സെല്ലുകളിൽ പ്രവേശിക്കാൻ സാധിക്കൂ. വന്നു കയറുന്ന വൈറസിന്റെ പുറംതോടിലുമുണ്ട് ഇതുപോലെ ചില സംഗതികൾ. ഇപ്പറഞ്ഞ അതാത് റിസെപ്റ്ററുകൾക്ക് മാത്രം പ്രത്യേകമായി തിരിച്ചറിയാൻ പറ്റുന്ന ചില പ്രോട്ടീനുകൾ. ഇവയാണ് സെല്ലിന്റെ പൂട്ടു തുറക്കാനുള്ള താക്കോൽ.

താക്കോലുമായി വരുന്ന വൈറസിനെ, അതിഥിയെ, ആതിഥേയനായ ശരീരകോശം റിസെപ്റ്റർ ഉപയോഗിച്ച് തുറന്നുകൊടുക്കും. സെൽ തുറന്നു കിട്ടിയ ഉടൻതന്നെ, അതിഥിയായ വൈറസ് - അതുവരെ വെറും ജീവനറ്റ കണികയായിരുന്ന കക്ഷി - സെല്ലിനോട് ചേർന്ന് നിന്ന് താൻ വഹിച്ചുകൊണ്ട് വന്ന RNA യെ അകത്തേക്കു കടത്തിവിടുന്നു. ആ രാസവസ്തുക്കളാണ്, ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെ പിന്നീട് ആ കോശത്തെ നിയന്ത്രിക്കുന്നത്. ആദ്യം അത് ചെയ്യുന്നത്, പെറ്റുപെരുകുന്നത് പോലെ തന്നെപ്പോലെ അസംഖ്യം തന്മാത്രകൾ ഉണ്ടാക്കാൻ ആ സെല്ലിനോട് പറയുകയാണ്. വൈറസിന്റെ അടിമയായിക്കഴിഞ്ഞ കോശത്തിനു വേറെ വഴിയേ ഇല്ല. ഒടുവിൽ ഒരു നിശ്ചിത സമയം കഴിയുമ്പോൾ, ഈ വൈറസ് കൂടുവച്ച കോശം സ്വയം നശിക്കുന്നു - ഉള്ളിൽ വളർന്ന പുതിയ വൈറസുകളാകട്ടെ, ശരീരത്തിന്റെ പലഭാഗത്തേയ്ക്കും പോയി പുതിയ കോശങ്ങൾ കണ്ടുപിടിക്കും. അങ്ങനെ രോഗം വളരും, പടരും.

ഇതുപോലെ ഒരു വൈറസ് ആണ് സാർസ് - CoV - 2 എന്ന കൊറോണവൈറസ്. മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്ന അനേകം കോറോണവൈറസുകളിൽ ഏറ്റവും പുതിയത്. മനുഷ്യ ജീവനും സ്വത്തിനും സമാധാനത്തിനും ഇതുണ്ടാക്കിയ ഉപദ്രവം ചില്ലറയല്ല. എവിടുന്നു വന്നു, ഈ വൈറസ്? ചൈനയിറക്കിയ ജൈവായുധമാണ് എന്ന് അമേരിക്ക. അതല്ല, അമേരിക്കയിലെ പരീക്ഷണശാലകളിൽ നിന്നും പുറത്തുപോയതാനെന്നു ചൈന. ഇതൊന്നുമല്ല, നിപ പോലെ വവ്വാലുകളിൽ നിന്നാണെന്നു ഇനി ചിലർ. ജൈവായുധങ്ങളും തലതിരിഞ്ഞുപോയ പരീക്ഷണങ്ങളുമൊക്കെചരിത്രത്തിൽ ഉണ്ടായിട്ടുള്ളത് കാരണം എല്ലാ ഊഹാപോഹങ്ങൾക്കും ആരോപണങ്ങൾക്കും കേൾവിക്കാർ ഉണ്ടായി. പ്രസിഡന്റ് മാരും പ്രധാനമന്ത്രിമാരും ഏറ്റെടുത്ത പഴിചാരലിനും ചെളിവാരിഎറിയലിനും ഒടുവിൽ ശാസ്ത്രം മറുപടി നൽകിയിരിക്കുന്നു. ജീവശാസ്ത്രഗവേഷണത്തിലെ ആധികാരികമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ 'നേച്ചർ' മാർച്ച് 17 ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ അമേരിക്കയിലെ സ്ക്രിപ്സ് റിസർച്ച് ട്രാൻസ്‌ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ക്രിസ്ത്യൻ ആൻഡേഴ്സൺന്റെ നേതൃത്വത്തിലുള്ള സംഘം ഈ അപസർപ്പക കഥയുടെ ചുരുൾ ശാസ്ത്രീയമായിത്തന്നെ അഴിച്ചിരിക്കുന്നു.

തികച്ചും പ്രകൃതിദത്തമായി ഉണ്ടായ ഒരു ജന്തുജന്യരോഗബാധ - സൂനോട്ടിക് ഡിസീസ് - എന്നാണു ഡോക്ടർ ആൻഡേഴ്സൺ ഇതിനെ വിലയിരുത്തുന്നത്. അതിനു നിരത്തുന്ന കാരണങ്ങൾ രണ്ടാണ് - ഒന്ന് - ഈ വൈറസിന്റെ ഘടനാപരമായ സവിശേഷതകൾ. സാധാരണ മനുഷ്യനിർമ്മിത വൈറസുകളെ തിരിച്ചറിയാൻ എളുപ്പമാണ്. നിലവിലുള്ള പലതരം വൈറസ്കളുടെ ജനിതകകോഡിന്റെ ഭാഗങ്ങൾ നിലവിലുള്ള ഒരു അടിസ്ഥാനഘടനയോട് ചേർത്തുവച്ച് തുന്നിക്കൂട്ടിയാവും ഇവ നിർമിക്കുന്നത്. എന്നാൽ ഈ പുതിയ വൈറസ് ഇങ്ങനെ പഴയവൈറസുകളുടെ ഒരു സംയുക്തമല്ല - തികച്ചും പുതിയ, അതല്ലെങ്കിൽ പ്രകൃതിയിൽനിന്നുള്ള ഒന്നു തന്നെയാണത്രെ. പുതുമയുള്ള ഈ ഘടന ഒരു കാരണവശാലും ലാബിൽ നിർമ്മിക്കാനാകില്ല എന്ന് അവർ ഉറപ്പിക്കുന്നു. രണ്ടാമത്തത്, ഈ വൈറസ് ശരീരകോശങ്ങളിലെത്തുമ്പോഴുള്ള പെരുമാറ്റമാണ്. മറ്റു വൈറസ്കളേക്കാൾ പെട്ടെന്ന് കോശങ്ങളിൽ പ്രവേശിക്കാനും ജീവിയുടെ രോഗപ്രതിരോധസംവിധാനത്തിന്റെ ആക്രമണം നേരിടാനുള്ള ഒരു കവചം തനിക്കുചുറ്റും ഉടനെ നിർമിക്കാനും ഇതിനു കഴിയുന്നു. പരീക്ഷണശാലയിൽ പിറക്കുന്ന വൈറസിന് ഇതു സാധ്യമല്ല. മറിച്ച് വര്ഷങ്ങളോളം വിവിധ ജന്തുശരീരങ്ങളിൽ കടന്നുകൂടി, അവിടെവച്ച് സ്വയമേ ഉണ്ടാകുന്ന മാറ്റങ്ങളായ മ്യൂട്ടേഷനുകളിൽ നിന്ന് മാത്രം ആർജ്ജിക്കുന്ന കഴിവാണിത്. അതുണ്ടാകുവാൻ അവർ പറയുന്ന വഴി ഇപ്രകാരവും - വവ്വാലുകളിൽ നിന്നും മറ്റേതോ ജീവി വഴി മനുഷ്യനിലെത്തി. ഇതിനിടയ്ക്കെപ്പൊഴോ മനുഷ്യകോശങ്ങളിലെ ACE2 എന്ന റിസെപ്റ്റർ പൂട്ട് തുറക്കാനുള്ള കഴിവുനേടുന്ന രീതിയിൽ ജനിതകമാറ്റം സംഭവിച്ചു. വവ്വാലിൽനിന്നും ചൈനക്കാർ രുചിയോടെ ഭക്ഷിക്കുന്ന ഒരു വന്യജീവിയായ പാങ്കോലിൻ വഴി മനുഷ്യരിലേക്ക് എത്തിയപ്പോൾ സംഭവിച്ച മാറ്റം. ആരാണീ പാങ്കോലിൻ എന്നാണോ? ഈയവസ്ഥയിൽപ്പോലും മലയാളി ചിലപ്പോൾ ഒന്ന് ചിരിച്ചുപോകും ഉത്തരം കേട്ടാൽ. ഈനാംപേച്ചി.

പല രോഗങ്ങളും ചൈനയിൽ നിന്നും ഉത്ഭവിക്കുന്നതിന്റെ പ്രധാനകാരണം അവരുടെ ഭക്ഷണശീലങ്ങളാണ്. എന്ത് തരം ഇറച്ചിയും ശാപ്പിടുന്ന ചൈനക്കാരന്റെ ശീലവും, ഉടനുടൻ കശാപ്പുചെയ്ത കിട്ടുന്ന മൽസ്യമാംസാദികൾക്കാണ് സ്വാദെന്ന വിശ്വാസവുമൊക്കെകൊണ്ടു തന്നെ, മദ്ധ്യചൈനയിലെ ചന്തകളിൽ വന്നെത്താത്ത, അവിടെ കശാപ്പുചെയ്യപ്പെടാത്ത ഇനം ജീവികൾ കുറവാണ്. വവ്വാലും മരപ്പട്ടിയും മുതലയും പന്നിയും പഴുതാരയും കോഴിയും പാമ്പും എന്നുവേണ്ട, സാധാരണ മലയാളിക്ക് ഭക്ഷണം എന്ന് സങ്കൽപ്പിക്കാൻ കഴിയാത്ത ജീവികൾ. മിക്കവാറും എല്ലാ കൊറോണ വൈറസുകളും സാധാരണ കാണുക വന്യജീവികളിലാണ്. അവയിൽ നിന്നും വളർത്തുമൃഗങ്ങൾവഴിയോ നേരിട്ടോ മനുഷ്യരിലേക്ക് എത്തുന്നു. ഇതിനു സകല സാഹചര്യങ്ങളും അവിടത്തെ ഇറച്ചിമാർക്കറ്റുകളിൽ സുലഭമാണ്. വലിയജനസംഖ്യ, ജനങ്ങൾ ഇടതിങ്ങിപ്പാർക്കുന്ന അവസ്ഥ, ഇതൊക്കെക്കൂടെയാകുമ്പോൾ രോഗവ്യാപനം എളുപ്പവും. എത്തുന്നയുടൻ രോഗം വരുത്തണമെന്നുമില്ല. ചിലപ്പോൾ വർഷങ്ങൾ നിശബ്ദം വസിച്ച് ജനിതകമാറ്റം സ്വയം വരുമ്പോൾ ആക്രമകാരിയായി മാറും. ഈ രോഗത്തിന്റെ കാര്യത്തിലും ഇതുതന്നെയാണത്രെ സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇത് ചൈനയിൽ മാത്രം നടക്കുന്നതാണ്. പലകാരണങ്ങൾകൊണ്ട് വന്യജീവികളുടെ വാസസ്ഥലം മനുഷ്യരും വളർത്തുമൃഗങ്ങളും കയ്യേറുമ്പോൾ ഇത്തരം രോഗാണുക്കളും മനുഷ്യരിലെത്താൻ സാധ്യത കൂടുന്നു.

രോഗം നിർണയിച്ചപ്പോൾത്തന്നെ കടുത്ത നടപടികളിലേക്ക് നീങ്ങിയതുകൊണ്ടുമാത്രമാണ് ഒരളവുവരെ ചൈനയ്ക്ക് വുഹാനിൽ അതിനെ തടുത്തു നിർത്താനായത്. വ്യാപക ടെസ്റ്റിംഗും കർശനനിയന്ത്രണങ്ങളും. ഇതേ ജാഗ്രത മറ്റുരാജ്യങ്ങൾ കാട്ടിയിരുനെങ്കിൽ ചിലപ്പോൾ സ്ഥിതി മോശമാവില്ലായിരുന്നു. എന്നാൽ കാര്യങ്ങളുടെ തീവ്രത കൂട്ടിയ മറ്റൊരുഘടകം, ആദ്യം രോഗം വന്നപ്പോൾ ചൈനയിൽ പലരും നാട്ടുവൈദ്യം പരീക്ഷിക്കാൻ നിന്നു എന്നതാണ്. കരടി നെയ്യും, കഷായവും ഗുണം ചെയ്യുമെന്ന വിശ്വാസം അനേകം പേരെ കുഴപ്പത്തിലാക്കി. ഒടുവിൽ രോഗം തീവ്രമായപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ രോഗലക്ഷണങ്ങളെ സഹായിക്കുന്ന മരുന്നുകളാണ് ചൈന അധികം ഉപയോഗിച്ചതും.

മിക്കവാറും എല്ലാ ഗവേഷണശാലകളും - ചൈനയിലേത് ഉൾപ്പെടെ - തങ്ങളുടെ ഗവേഷണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കികൊണ്ടിരിക്കുകയാണ്. ഈ വിഡിയോയ്ക്കുവേണ്ടി ഞങ്ങൾ അവലംബിച്ച ഗവേഷണഫലങ്ങളുടെയും ലേഖനങ്ങളുടെയും ലിങ്കുകൾ എല്ലാം തന്നെ താഴെ ലഭ്യമാക്കിയിട്ടുണ്ട്.

ഈ പ്രശ്നത്തെ മറികടക്കാൻ നാം കൂട്ടുപിടിക്കേണ്ടത് ശാസ്ത്രബോധത്തെയാണ്, അല്ലാതെ ആരൊക്കെയോ പടച്ചു വിടുന്ന നിറംപിടിപ്പിച്ച നുണകളെയല്ല.

റെഫെറെൻസുകൾ

-------------------------------------

https://www.nature.com/articles/s41591-020-0820-൯

https://www.ncbi.nlm.nih.gov/research/coronavirus/

https://www.ncbi.nlm.nih.gov/pmc/articles/PMC1326439/

https://www.smithsonianmag.com/science-nature/china-ground-zero-future-pandemic-180965213/

https://factcheck.afp.com/medical-doctors-challenge-claim-chinese-herbal-remedy-inhibits-novel-coronavirus-after-chinese-media

https://nextstrain.org/

https://www.ncbi.nlm.nih.gov/research/coronavirus/

Upfront Stories
www.upfrontstories.com