ഇന്ത്യന്‍ സയന്‍സിന്‍റെ കഥ പൊതുവില്‍ നെഹ്രുവിലും ഇന്ത്യയെ വ്യവസായവല്‍ക്കരിക്കുന്നതിന് സഹായിക്കുന്നതിനായി കെട്ടിപ്പടുത്ത ശാസ്ത്ര സ്ഥാപനങ്ങളിലുമാണ് കേന്ദ്രീകരിക്കുന്നത്. ഈ ചരിത്രം അപൂര്‍ണമാണ്; ഇത് മേഘനാഥ് സാഹ, സാഹിബ് സിങ് സോഖെ, സെയ്ദ് ഹുസൈന്‍ സാഹീര്‍ എന്നിങ്ങനെയുള്ള ഇന്ത്യയിലെ ഇടതുപക്ഷ ശാസ്ത്രജ്ഞരുടെയും ജെ ഡി ബെര്‍ണാള്‍, ജെ ബി എസ് ഹാല്‍ഡേന്‍ എന്നിവരെപ്പോലെയുള്ള അന്താരാഷ്ട്രവാദികളായ ഇടതുപക്ഷ ശാസ്ത്രജ്ഞരുടെയും സംഭാവനകള്‍ കണക്കിലെടുക്കുന്നില്ല; ഇവരെല്ലാമാണ് യഥാര്‍ഥത്തില്‍ ഈ ചരിത്രത്തിന്‍റെ ശരിക്കുമുള്ള താക്കോല്‍ സ്ഥാനത്ത് നില്‍ക്കുന്നത്.

ശാസ്ത്രീയമായ ലോകവീക്ഷണത്തെ – ‘ശാസ്ത്രീയമനോഭാവം’ എന്നാണ് നെഹ്രു ഇതിനെ വിളിച്ചത് – ശാസ്ത്രം, സാങ്കേതികവിദ്യ, സമ്പദ്ഘടന എന്നിവയുടെ ആസൂത്രണവുമായും ഭരണകൂടത്തിന് അതിലുള്ള ശ്രദ്ധേയമായ പങ്കുമായും സംയോജിപ്പിച്ചുകൊണ്ടുമാത്രമേ ആധുനികരാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയൂവെന്ന സയന്‍സിനെ സംബന്ധിച്ച കാഴ്ചപ്പാടില്‍ അടിത്തറയിട്ടതാണ് ഇന്ത്യയിലെ സയന്‍സ്. ഇന്ന് ഇത് ഒരു പൊതുസമീപനമാണ്. എന്നാല്‍ രണ്ടാം ലോകയുദ്ധത്തിനു മുന്‍പത്തെ ശാസ്ത്ര സമൂഹത്തില്‍ പൂര്‍ണമായും മതവിരുദ്ധമായ (നിരീശ്വരവാദപരമായ) വിധമായിരുന്നു ശാസ്ത്രം തന്നെ ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. 1917ലെ വിപ്ലവവും ശാസ്ത്രത്തെ കവചമാക്കിയുള്ള വിപ്ലവാനന്തര ആസൂത്രിത വ്യാവസായിക വികസനവും ആധുനികരാഷ്ട്രം കെട്ടിപ്പടുക്കലും ശാസ്ത്രസമൂഹത്തില്‍ നിലനിന്നിരുന്ന ക്രമത്തിന് അന്യമായിരുന്നു. ലണ്ടനില്‍ നടന്ന 1931ലെ അന്താരാഷ്ട്ര ശാസ്ത്ര ചരിത്ര സമ്മേളനത്തിനെത്തിയ ബുഖാറിന്‍റെ നേതൃത്വത്തിലുള്ള സോവിയറ്റ് പ്രതിനിധിസംഘം സമൂഹത്തില്‍ ശാസ്ത്രത്തെ സംബന്ധിച്ച കാഴ്ചപ്പാട് എന്തായിരിക്കണമെന്നതിന്‍റെ ഒരു രൂപരേഖ അവതരിപ്പിച്ചു. ഒരു കൂട്ടം സമര്‍ഥരായ യുവ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ – ജെ ഡി ബെര്‍ണാള്‍, ജെ ബി എസ് ഹാല്‍ഡേന്‍, ജോസഫ് നിഥാം, ലാന്‍സ്ലോട്ട് ഹോഗ്ബെന്‍ – ഈ സോവിയറ്റ് പ്രബന്ധങ്ങളില്‍ ആകൃഷ്ടരായി. ഇതാണ് ബെര്‍ണാളിന്‍റെ പ്രശസ്തമായ ശാസ്ത്രത്തിന്‍റെ സാമൂഹിക ധര്‍മം എന്ന കൃതിയുടെ രചനയ്ക്ക് ഇടയാക്കിയത്; ശാസ്ത്ര – സമൂഹ പ്രസ്ഥാനത്തിന്‍റെ രൂപീകരണത്തിനും സയന്‍റിഫിക് തൊഴിലാളികള്‍ എന്ന നിലയില്‍ ശാസ്ത്രജ്ഞരുടെ യൂണിയന്‍ രൂപീകരണത്തിനും വഴിയൊരുക്കിയത് ഇതാണ്.

രണ്ടാം ലോകയുദ്ധാനന്തരം ശാസ്ത്ര പ്രസ്ഥാനം ശാസ്ത്രസംബന്ധിയായ തൊഴിലാളികളുടെ (സയന്‍റിഫിക് വര്‍ക്കര്‍) ലോക ഫെഡറേഷന് രൂപം നല്‍കി; ആഗോള സമാധാന പ്രസ്ഥാനത്തിലെ – ലോക സമാധാന കൗണ്‍സില്‍ – പ്രധാനപ്പെട്ട ഒരു ഘടകമായി അതു മാറുകയും ചെയ്തു. പിന്നീട് ബെര്‍ണാളും ഹാല്‍ഡേനും ഇന്ത്യന്‍ സയന്‍സുമായി അടുത്ത് ബന്ധപ്പെടുകയുണ്ടായി; അതേസമയം നീഥാം തന്‍റെ ചൈനീസ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് 16 വോള്യങ്ങളുള്ള ചൈനയിലെ സയന്‍സിന്‍റെയും സംസ്കാരത്തിന്‍റെയും ചരിത്രം എന്ന ബൃഹത്തും ശാശ്വതസ്വഭാവമുള്ളതുമായ കൃതിയുടെ രചനയിലേര്‍പ്പെട്ടു. ഇവര്‍ മൂന്നുപേരും ഗ്രേറ്റ് ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ടിയിലെ അംഗങ്ങളായിരുന്നു.

കല്‍ക്കത്തയില്‍ 1930 കളില്‍ തന്നെ മേഘനാഥ് സാഹയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവശാസ്ത്രജ്ഞര്‍ സമാനമായവിധം സോവിയറ്റ് യൂണിയനിലെ സയന്‍സിനെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും സോഷ്യലിസ്റ്റ് അനുഭവത്തെക്കുറിച്ചും പഠിക്കുകയുണ്ടായി. സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായപ്പോള്‍ ഒരു ആസൂത്രണ സമിതിക്ക് രൂപം നല്‍കാന്‍ അദ്ദേഹത്തെ സ്വാധീനിച്ചത് മേഘനാഥ് സാഹ ആയിരുന്നു. നെഹ്രുവിന്‍റെ നേതൃത്വത്തിലാണ് ബോസ് ആസൂത്രണ സമിതിരൂപീകരിച്ചത്; ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിനും ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും വേണ്ട പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് ഈ സമിതിയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ഇത് പ്ലാനിങ് കമ്മിഷനായി മാറി; ഇന്ത്യന്‍ സയന്‍സിന്‍റെയും ടെക്നോളജിയുടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അടിത്തറ പാകിയതും ഇതാണ്. സിഎസ്ഐആര്‍ ലബോറട്ടറികളുടെയും, ആണവോര്‍ജത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഐഐടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപനം ആസൂത്രണം സംബന്ധിച്ചും സ്വയം പര്യാപ്ത ഇന്ത്യക്ക് സയന്‍സിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ചുമുള്ള ഈ കാഴ്ചപ്പാടിന്‍റെ അനന്തരഫലമാണ്.

ഇന്ത്യയെ വ്യവസായവല്‍ക്കരിക്കണമെന്നുണ്ടെങ്കില്‍ ഗവണ്‍മെന്‍റ് സമ്പദ്ഘടനയില്‍ സജീവമായ പങ്കു വഹിച്ചാല്‍ മാത്രം പോരയെന്നും അത്തരമൊരു പാതയ്ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്ന ശാസ്ത്ര സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കണമെന്നും നെഹ്രുവിന് ബോധ്യമുണ്ടായിരുന്നു. ശാസ്ത്ര സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി അദ്ദേഹം ബെര്‍ണാളിനെ നിരവധി തവണ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജനിതകശാസ്ത്രജ്ഞനായ ജെ ബി എസ് ഹാല്‍ഡേന്‍ ഇന്ത്യയില്‍ പാര്‍പ്പുറപ്പിക്കുക മാത്രമല്ല ഇന്ത്യന്‍ പൗരത്വമെടുക്കുക പോലും ചെയ്തു. ഇന്ത്യയിലെ ഉദ്യോഗസ്ഥ മേധാവിത്വപരമായ സയന്‍സ് എസ്റ്റാബ്ലിഷ്മെന്‍റിനോട് പൊരുത്തപ്പെടാന്‍ ഹാള്‍ഡേനു കഴിഞ്ഞില്ല. അദ്ദേഹം നെഹ്രുവിനോട് പറഞ്ഞത് സെന്‍ട്രല്‍ സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനെ സ്വതന്ത്ര ഗവേഷണത്തെ നിഗ്രഹിക്കാനുള്ള കേന്ദ്രം എന്നു പുനര്‍നാമകരണം ചെയ്യണമെന്നാണ്. (എസ് ഇര്‍ഫാന്‍ ഹബീബ്. സോഷ്യല്‍ സയന്‍റിസ്റ്റ്. മാര്‍ച്ച് – ഏപ്രില്‍ 2016).
മേഘനാഥ് സാഹ, ഹുസൈന്‍ സാഹീര്‍, സാഹെബ് സിങ് സോഖെ എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടേറെ ശാസ്ത്രജ്ഞര്‍ ഇന്ത്യന്‍ സയന്‍സിന്‍റെ സ്ഥാപകര്‍ മാത്രമായിരുന്നില്ല, മറിച്ച് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുമായി ഉറ്റബന്ധമുണ്ടായിരുന്നവരുമാണ്. അവര്‍ അമേരിക്കയുടെ “സഹയാത്രികര്‍” (കുപ്രസിദ്ധമായ മക്കാര്‍ത്തി കാലഘട്ടത്തിലെ “ജനകീയ”മായ പദപ്രയോഗമാണിത്) എന്ന നിലയില്‍ അമേരിക്കന്‍ പണ്ഡിതര്‍ക്കുള്ള ആദരവിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുകയുണ്ടായി. ഹോമി ഭാഭയുമായി ചേര്‍ന്ന് മേഘനാഥ് സാഹ രാജ്യത്ത് ന്യൂക്ലിയര്‍ ഫിസിക്സിന്‍റെ അടിത്തറ പാകി; സിഎസ്ഐആറിന്‍റെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഹുസൈന്‍ സാഹീര്‍ അതിനെ ശ്രദ്ധേയമായ വിധം വിപുലീകരിച്ചു.

1932ല്‍ ഹാഫ്ക്കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യത്തെ ഇന്ത്യക്കാരനായ ഡയറക്ടറായി സോഖെ നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യന്‍ സേനയിലെ ഒരു കേണലായിരുന്നുവെങ്കിലും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആസൂത്രണ സമിതിയുടെ ആരോഗ്യവിഭാഗം മേധാവിയുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ സ്വാശ്രയത്വത്തിലേക്കുള്ള പ്രയാണത്തിന്‍റെ പാതയൊരുക്കിയ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ അടിത്തറ പാകിയത് സോഖെ ആയിരുന്നു – ഇന്ത്യന്‍ ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും (കഉജഘ) ഹിന്ദുസ്ഥാന്‍ ആന്‍റിബയോട്ടിക്സ് ലിമിറ്റഡും (ഒഅഘ). ലോക സമാധാന കൗണ്‍സിലിന്‍റെ ഭാഗമായ അഖിലേന്ത്യാ സമാധാന കൗണ്‍സിലിന്‍റെ പ്രസിഡന്‍റുമായി അദ്ദേഹം; പിന്നീടദ്ദേഹം വേള്‍ഡ് ഫെഡറേഷന്‍ ഓഫ് സയന്‍റിഫിക് വര്‍ക്കേഴ്സിന്‍റെ ഇന്ത്യന്‍ ഘടകമായ അസോസിയേഷന്‍ ഓഫ് സയന്‍റിഫിക് വര്‍ക്കേഴ്സ് ഓഫ് ഇന്ത്യ (അടണക) യുടെയും പ്രസിഡന്‍റായി. 1947ല്‍ അടണകയുടെ ആദ്യ പ്രസിഡന്‍റായത് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു.

ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് കമ്മിഷന്‍ ഫോര്‍ ദ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ദ ബാക്ടീരിയല്‍ വാര്‍ഫെയര്‍ ഇന്‍ കൊറിയ ആന്‍റ് ചൈനയുടെ അധ്യക്ഷനായിരുന്നു ജോസഫ് നീയാം; അതിന്‍റെ 1952ലെ റിപ്പോര്‍ട്ടില്‍ അമേരിക്ക യുദ്ധകുറ്റങ്ങള്‍ ചെയ്തതായി അത് കുറ്റപ്പെടുത്തി. ആ കമ്മിഷനില്‍ ചേരാന്‍ സോഖെ സമ്മതിച്ചതാണ്; പക്ഷേ ഇന്ത്യാ ഗവണ്‍മെന്‍റ് അതില്‍നിന്ന് അദ്ദേഹത്തെ വിലക്കി. വളരെക്കാലം അമേരിക്ക കൊറിയക്കാര്‍ക്കും ചൈനക്കാര്‍ക്കുമെതിരെ തങ്ങള്‍ ജൈവായുധങ്ങള്‍കൊണ്ട് ആക്രമണം നടത്തിയെന്ന കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍, നീഥാം കമ്മിഷന്‍ വിശദീകരിച്ച പല സംഭവങ്ങളും ശരിയായിരുന്നുവെന്ന് ഇപ്പോള്‍ അമേരിക്കയുടെ ആര്‍ക്കൈവ്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പൊതുമണ്ഡലത്തിലുള്ള അമേരിക്കന്‍ പുരാരേഖാവിവരങ്ങള്‍ ഇതിനേക്കാള്‍ കൂടുതല്‍ കുറ്റകരമായ ചില കാര്യങ്ങളും പുറത്തുകൊണ്ടു വന്നിട്ടുണ്ട്; ജപ്പാന്‍ സൈന്യത്തിന്‍റെ 73-ാം നമ്പര്‍ യൂണിറ്റ് ചൈനയുടെയും മറ്റു സഖ്യശക്തികളുടെയും യുദ്ധതടവുകാര്‍ക്കുമേല്‍ ജൈവയുദ്ധമുറ പരീക്ഷണം നടത്തുകയും മൂവായിരംപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നതാണ് ആ വിവരം. തങ്ങളുടെ “ഗവേഷണം” ആകെ അമേരിക്കയ്ക്ക് മറിച്ചു നല്‍കുന്നതിനുപകരമായി ആ സൈനിക യൂണിറ്റിന്‍റെ നേതാക്കള്‍ക്ക് യുദ്ധ കുറ്റകൃത്യങ്ങളില്‍നിന്ന് പൂര്‍ണസംരക്ഷണം അമേരിക്ക ഉറപ്പാക്കി. ജപ്പാന്‍കാരുടെ ആ “ഗവേഷണ”മാണ് ഫോര്‍ട്ട് സെട്രിക്കിലെ കുപ്രസിദ്ധമായ ജൈവായുധ ഗവേഷണ കേന്ദ്രത്തിന് പ്രചോദനമായത്.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ സയന്‍സിന്‍റെ അടിസ്ഥാനസൗകര്യങ്ങളില്‍ ഇടതുപക്ഷത്തിന്‍റെ സംഭാവന ശാസ്ത്ര സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വിപുലീകരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് സ്വയം പര്യാപ്തതയ്ക്കായുള്ള പോരാട്ടം കൂടി ആയിരുന്നു നടത്തിയിരുന്നത്. ബഹുരാഷ്ട്ര കുത്തകകളുടെ ആഴത്തില്‍ പതിഞ്ഞിട്ടുള്ള താല്‍പര്യങ്ങള്‍ക്കെതിരെയും ഒട്ടേറെ ശാസ്ത്രജ്ഞരുടെയും രാഷ്ട്രീയ നേതാക്കളുടെയും കോളനിവല്‍കൃത മാനസികാവസ്ഥയ്ക്കെതിരെയും കടുത്ത പോരാട്ടം നടത്താതെ അത് സംഭവിക്കില്ല; ആ പോരാട്ടം ഇപ്പോഴും തുടരുകയാണ്.
ഇടതുപക്ഷത്തിന്‍റെയും ഇന്ത്യന്‍ സയന്‍സിനും സാങ്കേതികവിദ്യയ്ക്കും അത് നല്‍കിയ സംഭാവനകളുടെയും ഈ വലിയ കഥ ഒരു ലേഖനത്തിനുള്ളില്‍ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല. ഞാന്‍ ഒരു പ്രത്യേക മേഖലയെക്കുറിച്ചു മാത്രം പറയാം – ഔഷധ നിര്‍മാണ വ്യവസായം. അതിലൂടെ ഈ കഥയുടെ ചില വശങ്ങള്‍ അവതരിപ്പിക്കാം. ശാസ്ത്ര സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും സ്വയം പര്യാപ്തതയ്ക്കായുള്ള വലിയ പോരാട്ടം നടത്തുകയും ശാസ്ത്രീയമായ കാഴ്ചപ്പാട് പടുത്തുയര്‍ത്തുകയും ചെയ്യുന്നതിന് അവയെ സംയോജിപ്പിക്കുന്നതിലും ഇടതുപക്ഷം വഹിച്ച പങ്കാണ് ഒരു കാര്യം. മറ്റൊന്ന് സയന്‍സിന്‍റെ തന്നെ പുരോഗതിയില്‍ ഇടതുപക്ഷത്തിന്‍റെ സംഭാവനയാണ്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഔഷധനിര്‍മാണ വ്യവസായം പൂര്‍ണമായും ബ്രിട്ടീഷ് മൂലധനത്തിന്‍റെ കൈയിലായിരുന്നു; അവര്‍ സജീവ ഔഷധഘടകങ്ങള്‍ (മരശ്ലേ ുവമൃാമരലൗശേരമഹ ശിഴൃലറശലിേെ അജക) ബ്രിട്ടനിലാണ് ഉല്‍പാദിപ്പിച്ചത്; ഇവിടെ അവ വില്‍പനയ്ക്കായി പായ്ക്ക് ചെയ്യല്‍ മാത്രമാണ് നടത്തിയത്. ഇന്ത്യയില്‍ ചെറുകിട ഇന്ത്യന്‍ ഔഷധനിര്‍മാണ കമ്പനികള്‍ ഉണ്ടായിരുന്നു; അവ ശാസ്ത്രീയ ഗവേഷണത്തിന്‍റെ അഭാവം നേരിട്ടിരുന്നു; ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യന്‍ പാറ്റന്‍റ് നിയമം ബഹുരാഷ്ട്രകുത്തകകള്‍ക്ക് നല്‍കിയിരുന്ന നിയമപരമായ കുത്തകാവകാശത്തോട് പൊരുതേണ്ടതെങ്ങനെയെന്ന് അവയ്ക്ക് അറിവുമില്ലായിരുന്നു.

ഇത് ഒരു ദ്വിമുഖ പോരാട്ടമായിരുന്നു; ഇന്ത്യന്‍ ജനതയുടെ താല്‍പര്യസംരക്ഷണത്തിനായി പാറ്റന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള പോരാട്ടമായിരുന്നു ഒന്ന്; മറ്റൊന്ന്, ശാസ്ത്രീയമായ അടിസ്ഥാന സൗകര്യങ്ങളും തദ്ദേശീയ ഔഷധ വ്യവസായത്തിനാവശ്യമായ സാങ്കേതിക ജ്ഞാനവും നിര്‍മിക്കല്‍.

ഹാഫ്ക്കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇന്ത്യക്കാരനായ ആദ്യത്തെ ഡയറക്ടര്‍ എന്ന നിലയില്‍ സാഹിബ് സിങ് സോഖെ അതിനെ വാക്സിനുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള കുടില്‍ വ്യവസായത്തില്‍നിന്ന് പൂര്‍ണമായ ആധുനിക സൗകര്യങ്ങളുള്ള ഒന്നാക്കി മാറ്റിയെടുത്തു. അകക്കാമ്പുള്ള ഈ സംഘമാണ് പിന്നീട് സോവിയറ്റ് യൂണിയന്‍റെയും ലോകാരോഗ്യ സംഘടനയുടെയും സഹായത്തോടെ ഇന്ത്യയുടെ നവജാത പൊതുമേഖലാ യൂണിറ്റുകള്‍ക്ക് കരുത്തുപകര്‍ന്നത് – എച്ച്എഎല്ലിനും ഐഡിപിഎല്ലിനും. ഹുസൈന്‍ സാഹിറിന്‍റെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട സിഎസ്ഐആര്‍ അടിസ്ഥാന സൗകര്യങ്ങളുടെയും ലഖ്നൗവിലെ കേന്ദ്ര ഔഷധ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ നിത്യാനന്ദയുടെയും പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയുടെയും നേതൃത്വമാണ് ഇന്ത്യന്‍ വിപണിയിലെ ആഗോള ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ കടുംപിടുത്തം വിടുവിക്കാന്‍ ഇന്ത്യന്‍ ഔഷധനിര്‍മാണ വ്യവസായത്തിനു കെല്‍പ്പുണ്ടാക്കിയത്. അവസാനമായി പി എം ഭാര്‍ഗവയുടെ പ്രധാന സംഭാവനകളും ഹൈദരാബാദിലെ സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യൂളാര്‍ ബയോളജിക്ക് അദ്ദേഹം നല്‍കിയ നേതൃത്വവുമാണ് ഔഷധരംഗത്തെ ഇന്ത്യയുടെ ജീവശാസ്ത്ര വിപ്ലവത്തിന് ഉറച്ച അടിത്തറയിട്ടത്. ഇന്ന് ഇന്ത്യ ജെനറിക് മരുന്നുകളുടെയും വാക്സിനുകളുടെയും ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരാണ്. ഈ ആദ്യകാല ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച അസ്ഥിവാരത്തിനു നമുക്ക് അവരോട് നന്ദി പറയാം.

നിലവിലുള്ള വ്യവസ്ഥയോടും മതഗ്രന്ഥങ്ങളോടും പൂര്‍ണമായ വിധേയത്വവും പഴയതിനെയെല്ലാം ചോദ്യം ചെയ്യാതെ അനുസരിക്കലുമെന്ന പൗരോഹിത്യത്തിന്‍റെയും ജാതി അധിഷ്ഠിത ബ്രാഹ്മണിക്കല്‍ വ്യവസ്ഥയുടെയും അധീശത്വത്തെയാണ് നാം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. പഴയ കൊളോണിയല്‍ വാഴ്ചക്കാലത്തായാലും ഇപ്പോള്‍ അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ടിയുടെ കാര്യത്തിലായാലും വിമര്‍ശനാത്മകമായി ചിന്തിക്കുന്നതും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും രാജ്യദ്രോഹമാണ്. സയന്‍സിനെയും യുക്തിചിന്തയെയും ജനകീയ പ്രസ്ഥാനങ്ങളുമായി കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്; ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍റെ ചരിത്രം ഇതാണ്. അയുക്തിയുടെയും വിദ്വേഷത്തിന്‍റെയും വിഭാഗീയ സാമൂഹ്യശക്തികളുടെയും ഇപ്പോഴത്തെ പശ്ചാത്തലത്തില്‍, സയന്‍സും യുക്തിചിന്തയും പോരാട്ടത്തിനുള്ള ആയുധങ്ങളാണ്.