കോവിഡ്- 19 ഉം ഇന്ത്യയിലെ ഗ്രാമങ്ങളും 
അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ വിജൂ കൃഷ്‌ണൻ സംസാരിക്കുന്നു
Politics

കോവിഡ്- 19 ഉം ഇന്ത്യയിലെ ഗ്രാമങ്ങളും അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ വിജൂ കൃഷ്‌ണൻ സംസാരിക്കുന്നു

Upfront Stories

Upfront Stories

Q

കോവിഡ്‌ -19 ന്റെ ആദ്യ കേസ് ജനുവരി അവസാനത്തോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു പ്രതിരോധം വിഭാവനം ചെയ്യുന്നതിന് നമ്മൾ വൈകിയില്ല? ലോക്ക്ഡൗണിന് രാജ്യം സജ്ജമായിരുന്നോ?

A

ലോകമെമ്പാടും സ്ഥിതി ഗുരുതരമാകാൻ തുടങ്ങിയപ്പോൾ മുതൽ രണ്ടു മാസമെങ്കിലും സമയമുണ്ടായിരുന്നു. എന്നിട്ടും സർക്കാർ ഒരുക്കങ്ങളൊന്നും നടത്തിയില്ല. പൊതുജനാവബോധം സൃഷ്ടിക്കാൻ ആ സമയം ഉപയോഗിക്കണമായിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാൻ എല്ലാ സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ഒരു പദ്ധതി തയ്യാറാക്കണമായിരുന്നു. പ്രതിസന്ധിയെ കുറച്ചുകണ്ട സർക്കാർ തയ്യാറെടുപ്പൊന്നുമില്ലാതെ രാജ്യത്തിനു പൂട്ടിടുകയും ചെയ്‌തു.

Q

രാജ്യത്തെ തൊഴിലാളികൾക്കും കൃഷിക്കാർക്കും ദുർബലവിഭാഗങ്ങൾക്കും ഇത് കേവലം ആരോഗ്യ പ്രതിസന്ധി മാത്രമാണോ?

A

ഒരിക്കലുമല്ല. ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി കൂടിയാണ് - കാരണം, ദിവസവേതനക്കാർക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കുമുള്ളത്‌ രോഗഭീതി മാത്രമല്ല. ഉപജീവനമാർഗം ഇല്ലാതാകൽ, വായ്‌പ തിരച്ചടവ്‌ മുടങ്ങൽ, കൊയ്‌ത്തിന്‌ പാകമായ വിളകൾ നശിച്ചുപോകുമോ എന്ന ആശങ്ക - ഇവയെല്ലാം ഒരുപോലെ ഗുരുതരമാണ്.

Q

സത്യത്തിൽ, ഒരു ഗ്രാമീണ സമ്പദ്‌ഘടനയിൽ ലോക്ക്ഡൗണുകൾ, ഹോം ക്വാറൻറൈൻ, വർക്ക് ഫ്രം ഹോം രീതികൾ ഇവയൊക്കെ എത്രത്തോളം പ്രയോഗികമാണ്?

A

ഒരു കൃഷിക്കാരനോ കർഷികത്തൊഴിലാളിക്കോ ഗ്രാമീണകരകൗശല നിർമാതാവിനോ മറ്റു തൊഴിലാളിക്കോ ‘വർക്ക് ഫ്രം ഹോം' അസാധ്യമാണ്. ലോക്‌ഡൗൺ അവരുടെ ഉപജീവനമാർഗം ഇല്ലാതാക്കും. വർഷം മുഴുവൻ നടത്തിയ അധ്വാനവും നിക്ഷേപവും, വിളകൾ, തൊഴിൽ, എന്നിവയെല്ലാം നഷ്ടപ്പെടുത്തി ധാരാളം ആളുകളെ ലോക്‌ഡൗൺ പട്ടിണിയിലാക്കും. ദശലക്ഷക്കണക്കിന് മനുഷ്യരാണ് ചെറിയകുടിലുകളിലും വീടുകളിലും അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുതിയോ വെള്ളമോ ഇല്ലാതെ തിങ്ങിപ്പാർക്കുന്നത്; ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമീണർക്കും പ്രത്യേക മുറികൾ എന്ന ആശയം തന്നെ പരിചിതമല്ല. അതുകൊണ്ടുതന്നെ അകലം പാലിക്കൽ അല്ലെങ്കിൽ ഹോം ക്വാറന്റൈൻ സങ്കൽപ്പത്തിന്‌ അതീതമാണ്‌. രോഗലക്ഷണങ്ങളുള്ള ഒരു കുടുംബാംഗത്തിനായി ഒരു ഒറ്റപ്പെട്ട ക്വാറന്റൈൻ സൗകര്യമുണ്ടാക്കാൻ അവരോട്‌ എങ്ങനെ നിർദ്ദേശിക്കാനാകും.

Q

സമൂഹവ്യാപനം നടന്നാൽ ഗ്രാമീണ ഇന്ത്യക്കത് വിനാശകരമാകുമെന്നാണോ?

A

നിർഭാഗ്യവശാൽ, അതെ. ഒരു വ്യക്തിയെ ബാധിച്ചാൽ, അവരുടെ മുഴുവൻ കുടുംബവുമായും അകലം പാലിക്കേണ്ടി വരും. മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും അടിസ്ഥാന ആരോഗ്യ സൗകര്യം ദുർബലമാണ്‌. ഗ്രാമീണ മേഖലയിലെ സ്ഥിതി ദയനീയം. സമൂഹവ്യാപനമുണ്ടായാൽ, നമുക്ക് അവശ്യസൗകര്യങ്ങളില്ലാത്തതിനാലും താൽക്കാലിക ഇൻസുലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കാത്തതുകൊണ്ടും ദുരന്തമാവും ഉണ്ടാകുക. ദേശീയ തലത്തിൽ 1000 പേർക്ക് 0.55 ആശുപത്രിക്കിടക്കകൾ ആണുള്ളത്. ബിഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, അസം, മണിപ്പൂർ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ താഴെയാണ്. എന്നാൽ ഈ സംസ്ഥാനങ്ങൾ ചേർന്നാൽ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 70% വരും. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതമൂലം, സമൂഹവ്യാപനം അതിരുവിടുമ്പോൾ ആരാകും ഒഴിവാക്കപ്പെടുക? സംശയമില്ല, ദുർബലവർഗങ്ങളാകും. സ്വകാര്യ ആശുപത്രികളിലെത്തുന്ന പണക്കാർക്ക് മാത്രമേ ചികിത്സ കിട്ടൂ.

Q

ടെസ്‌റ്റിങ്‌ നിരക്ക്‌ ദശലക്ഷത്തിന് പത്ത് എന്നാണ്‌ മാർച്ച് 23 ന്റെ റിപ്പോർട്ടിൽ ഐസിഎംആർ പറഞ്ഞത്‌. ഇപ്പോഴത് മുപ്പതായി. കുറഞ്ഞ ടെസ്റ്റിങ്‌ നിരക്ക് രോഗപ്പടർച്ചയുടെ തീവ്രതയെക്കുറിച്ചുള്ള ശരിയായ വിലയിരുത്തൽ തടസ്സപ്പെടുത്തുന്നില്ലേ?

A

ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിലെ ഒരു ഡോക്ടർ പറഞ്ഞിരുന്നു, “ബുറുണ്ടിയിൽ പൂജ്യം കേസുകളെ ഉള്ളു, കാരണം പരിശോധനകൾ പൂജ്യമാണ്.” ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. അത്തരമൊരു സാഹചര്യത്തിൽ, പല സ്ഥലങ്ങളിലും സാമൂഹ്യവ്യാപനം നടക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ പോലും നമുക്കാവില്ല. മരണസംഖ്യയും സ്ഥിരീകരിച്ച കേസുകളും തമ്മിലുള്ള അനുപാതം പല സംസ്ഥാനങ്ങളിലും പൊരുത്തപ്പെടാത്തതിന്റെ കാരണം അതാണ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവരെ നിരീക്ഷണത്തിൽ ആക്കണം. വ്യാപകമായ റാപിഡ് ടെസ്റ്റിംഗ് ഇല്ലെങ്കിൽ അത് മിക്കവാറും അസാധ്യമാണ്. രണ്ടാഴ്ച മുമ്പ്, ടെസ്റ്റിന്റെ വിലയായി സർക്കാർ നിശ്ചയിച്ച പരമാവധി തുക 4500 രൂപയാണ്. വാസ്‌തവത്തിൽ, മിക്ക സ്ഥലങ്ങളിലും ഈ തുകയിൽ പോലും പരിശോധനകൾ നടക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെങ്കിൽ ഗ്രാമീണർ പരിശോധനയ്‌ക്ക്‌ വിധേയരാകാൻ സാധ്യതയില്ല. ഇത് പരിശോധനാ നിരക്കിനെ ബാധിക്കും. കൂടുതൽ പേരെ സൗജന്യമായി പരിശോധിക്കണം.

Q

വൈദ്യസഹായത്തിന്റെ ലഭ്യതക്കുറവിനൊപ്പം, ഈ ഘട്ടത്തിൽ പരിഹരിക്കപ്പെടേണ്ട മറ്റൊരു പ്രതിസന്ധിയായി വിശപ്പ് ഉയർന്നുവരുന്നുണ്ടോ?

A

ഭക്ഷ്യധാന്യങ്ങൾ എല്ലാവർക്കും എത്തിക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ, പോഷകാഹാരക്കുറവിനും പട്ടിണിമരണങ്ങൾക്കും ഇന്ത്യ സാക്ഷ്യം വഹിക്കും. ആഗോള ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയും മറ്റ് ഏജൻസികളും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപജീവനവും വരുമാനവും നഷ്ടപ്പെടുന്നതിലൂടെ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും ജനങ്ങൾക്ക് വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഗോതമ്പും നെല്ലും നഷ്ടപ്പെടുമെന്ന ഭീഷണിയുണ്ട്. ആവശ്യമായ ബഫർ സ്റ്റോക്കിനെക്കാൾ കൂടുതൽ ഇന്ത്യയിലുണ്ടെങ്കിലും, വിളവെടുപ്പിനും സംഭരണത്തിനും സർക്കാർ സൗകര്യമൊരുക്കുന്നില്ലെങ്കിൽ ഭക്ഷ്യക്ഷാമം വന്നേയ്‌ക്കാം. നേരത്തെ സ്‌പാനിഷ് ഫ്ലൂ, എബോള എന്നിവ പൊട്ടിപ്പുറപ്പെട്ട സമയത്ത് പലരാജ്യങ്ങളിലും പട്ടിണിമരണം നടന്നു. വിരോധാഭാസമെന്നു പറയട്ടെ, ആവശ്യത്തിലധികം ധാന്യമുണ്ടായിട്ടും പട്ടിണിയുടെ അവസ്ഥയ്‌ക്ക്‌ നാം സാക്ഷ്യം വഹിക്കുകയാണ്. ആവശ്യമായ അളവിൽ ഭക്ഷണവും അവശ്യവസ്തുക്കളും വാതിൽപ്പടിയിലെത്തുന്നത് പോലുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കണം. മാന്ദ്യത്തിന്റെയും നിരന്തരമായ കാർഷിക പ്രതിസന്ധിയുടെയും കാലഘട്ടത്തിൽ, നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.

Q

വിളവെടുപ്പ് കാലം അടുത്തുവരിക കൂടെ ചെയുന്ന ഇക്കാലത്ത് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

A

ഗോതമ്പ്, ചില പ്രദേശങ്ങളിലെ നെല്ല്, മുളക്, പയർവർഗ്ഗങ്ങൾ തുടങ്ങി നിരവധി വിളകളുടെ വിളവെടുപ്പ് കാലമാണിത്. കാലം തെറ്റിയ മഴ വിളവെടുപ്പിനെ ബാധിച്ചു. തൊഴിലാളികളെ കണ്ടെത്തുന്നതും ഗതാഗതവും പ്രയാസമാണ്. ഇപ്പോൾ വിളവെടുക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ധ്വാനവും പണവും നഷ്ടമാകും. അലഞ്ഞുനടക്കുന്ന കന്നുകാലികളും വന്യമൃഗങ്ങളും വിളകൾ നശിപ്പിക്കും. പാൽ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ തുടങ്ങിയ വേഗം നശിക്കുന്ന വസ്തുക്കളുടെ വിപണനവും നിയന്ത്രിച്ചിരിക്കുന്നു. കന്നുകാലികളുടെ തീറ്റയും കോഴി തീറ്റയും കർഷകരിലെത്തുന്നില്ല. കോഴിക്കർഷകർക്ക് വൻനഷ്ടം സംഭവിച്ചു. ലോക്ക് ഡൗണിന്റെ പ്രാരംഭദശ അവസാനിക്കുമ്പോൾ കയ്യിൽ ബാക്കിനിൽക്കുന്നത് എല്ലാം വിൽക്കേണ്ടിവരുന്ന അവസ്ഥ ഉറപ്പ്. വിളവെടുപ്പ് കാര്യക്ഷമമായി നടത്താനുള്ള സഹായങ്ങൾ സർക്കാരുകൾ ചെയ്‌തുകൊടുക്കണം. കേരള സർക്കാർ നെല്ല് വിളവെടുപ്പ് അത്യാവശ്യ സേവനമായി കണക്കാക്കുകയും സർക്കാർ വിളവെടുപ്പിന് സഹായിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Q

ആദിവാസി കർഷകർക്കിടയിലെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?

A

ആദിവാസി മേഖലകളിൽ പോഷകാഹാരക്കുറവ്, പട്ടിണി, ആരോഗ്യ സൗകര്യങ്ങളുടെ അഭാവം എന്നിവയ്‌ക്ക് പുറമേ, തേൻ, മഹുവ, ടെൻഡു ഇല മുതലായ മൈനർ ഫോറസ്റ്റ് പ്രൊഡ്യൂസുകൾ (എം‌എഫ്‌പി) ശേഖരിക്കാൻ കഴിയാത്തതിന്റെ പ്രശ്നവുമുണ്ട്. അവരുടെ വിപണനസംവിധാനവും അപര്യാപ്തമാണ്. ഇപ്പോൾ തന്നെ വല്ലാതെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം കൂടുതൽ കടുത്ത ദുരിതത്തിലേക്ക് തള്ളപ്പെടും.

Q

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് പര്യാപ്തമാണോ? കിസാൻ സഭയുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്?

A

പ്രധാനമന്ത്രി കിസാൻ സമൻ നിധിയിൽ നിന്ന് 14.5 കോടി കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇത് ലഭിച്ചത് 8.7 കോടി പേർക്ക് മാത്രം. ആറു കോടി കർഷകർ എവിടെയാണ് അപ്രത്യക്ഷമായത്? ഈ പട്ടികയിൽ പെടാത്ത ഭൂരഹിത കൃഷിക്കാർ, കുടിയാന്മാർ, ഷെയർ ക്രോപ്പർമാർ എന്നിവരുടെ കാര്യമോ? ഇപ്പോൾ പ്രഖ്യാപിച്ച 2000 രൂപ അല്ലെങ്കിലും കർഷകർക്ക് നൽകേണ്ട തുകയാണ്. PM-KISAN ന് കീഴിലുള്ള 6000 രൂപ മുഴുവനും കർഷകർക്ക് കൈമാറണം. വിളവെടുപ്പും വിപണനവും കേരളം ചെയ്തതുപോലെ അത്യാവശ്യ സേവനമായി പ്രഖ്യാപിക്കണം. തൊഴിലുറപ്പുകൂലിയിലെ ഇരുപതു രൂപയുടെ വർധന തീരെ കുറവാണ്. ലോക്ക്ഡൗൺ കാരണം ജോലിയുമില്ല. തൊഴിലുറപ്പിലെ തൊഴിലില്ലായ്മ വ്യവസ്‌ഥ പ്രകാരം പ്രതിദിനം 300 രൂപ അല്ലെങ്കിൽ ഒരു സംസ്ഥാനത്തെ മിനിമം വേതനം - ഏതാണോ ഉയർന്നത് - തൊഴിലാളികൾക്ക് നൽകണം എന്നാണു ഞങ്ങൾ ആവശ്യപ്പെട്ടത്. ഈ പ്രതിസന്ധി പരിഹരിക്കാൻ നിലവിലെ പാക്കേജ് മാത്രം അപര്യാപ്തമായിരിക്കും. ഗുണഭോക്താക്കൾക്ക് 5000 രൂപയും റേഷനും നൽകണം എന്ന ഞങ്ങളുടെ ആവശ്യം ആവർത്തിക്കുന്നു. ഇതിന് ഒരു മാസത്തേക്ക് ഏകദേശം 4 ലക്ഷം കോടി വകയിരുത്തേണ്ടിവരും. അസാധാരണമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനങ്ങളിലേക്കുള്ള ഒരു സാമ്പത്തിക പാക്കേജും ഉടൻ തന്നെ പ്രഖ്യാപിക്കണം. ചെറുകിട, ഇടത്തരം, കുടിയാൻ, ഭൂരഹിത കർഷകരുടെ വായ്പകൾ എഴുതിത്തള്ളണം. കർഷകർക്ക് വിത്തുകളും സബ്സിഡി ഇൻപുട്ടുകളും നൽകണം. ലോക്ക്ഡൗൺ മൂലമുള്ള വിളയും വരുമാനനഷ്ടവും പരിഹരിക്കേണ്ടതാണ്. ഒരു കിലോ വീതം പയറുവർഗങ്ങൾ റേഷനായി നൽകുന്നതും പര്യാപ്തമല്ല; ഇത് 5 കിലോയായി ഉയർത്തണം.

Q

ഈ പകർച്ചവ്യാധി ബാധിച്ച ഏറ്റവും ദുർബലമായ വിഭാഗങ്ങളിൽ ഒന്നാണ് കുടിയേറ്റ തൊഴിലാളികൾ. ദില്ലിയിൽ നിന്നുള്ള കാഴ്‌ചകൾ, കാൽനടയായി ആയിരക്കണക്കിന് തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നു?

A

അസംഘടിതമേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയും സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളുമാണ്. അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനും നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റ് നിരവധി ജോലികൾ ചെയ്യുന്നതിനും വലിയ സംഭാവനകൾ നൽകുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ച് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും അറിയാത്തതുപോലെയാണ് പെരുമാറ്റം.

Q

പ്രതിസന്ധി ഉണ്ടാകുമ്പോൾ എല്ലാവരും സോഷ്യലിസ്റ്റായി മാറുമെന്ന് പലപ്പോഴും പറയാറുണ്ട്. സ്വതന്ത്ര കമ്പോള മോഡൽ അതിന്റെ കഴിവില്ലായ്മ വീണ്ടും തെളിയിക്കുകയാണോ?

A

ആഗോള മുതലാളിത്ത പ്രതിസന്ധി തുടരുകയാണ്. മിക്ക രാജ്യങ്ങളും വർദ്ധിച്ചുവരുന്ന അസമത്വങ്ങളും തൊഴിലില്ലായ്മയും കാരണം സാമ്പത്തിക മാന്ദ്യത്തിലാണ്. COVID-19 വ്യാപനം മുമ്പൊരിക്കലുമില്ലാത്തവിധം നവലിബറൽമോഡലിന്റെ ദൗർബല്യം തുറന്നുകാട്ടി. നവലിബറൽ മാതൃക കോർപ്പറേറ്റ് ലാഭത്തിനായി ആരോഗ്യവും വിദ്യാഭ്യാസവും തുറന്നുകൊടുത്തു. പൊതുജനാരോഗ്യസൗകര്യങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും നിലവിലുള്ള സ്ഥാപനങ്ങൾ ആസൂത്രിതമായി നശിപ്പിക്കുകയും ചെയ്തു. അന്ന് സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ വോട്ടർമാരായിരുന്നവർ ഇപ്പോൾ ആരോഗ്യമേഖലയുടെ ദേശസാൽക്കരണത്തെക്കുറിച്ച് സംസാരിക്കുന്നു. പകർച്ചവ്യാധിയോട് ക്യൂബ പ്രതികരിച്ചത് കാണാം. സാമ്പത്തിക ഉപരോധം ദുർബലപ്പെടുത്തിയ രാജ്യമായിട്ടും അവർ ബ്രിട്ടീഷ് പൗരന്മാരെ യാതൊരു മടിയും കൂടാതെ സഹായിച്ചു. അവരുടെ ഡോക്ടർമാരെ ഇറ്റലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയച്ചിട്ടുണ്ട്. COVID-19 ഏറ്റവും കൂടുതൽ ബാധിച്ച സ്പെയിനിൽ ആശുപത്രികളെ സർക്കാർ നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവയുടെ ദേശസാൽക്കരണത്തിന്റെ അജണ്ടയെ മുമ്പത്തേക്കാൾ കൂടുതൽ നാം മുന്നോട്ടുവയ്‌ക്കേണ്ടതുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്തമാക്കുക എന്നതാവണം പ്രഥമലക്ഷ്യം.

Q

ഈ മഹാമാരിക്കെതിരെ പോരാടുന്നതിന് സാമൂഹിക പിന്തുണ ആവശ്യമല്ലേ?

A

കൃത്യമായി ഒരു നൂറ്റാണ്ട് മുമ്പ് സ്പാനിഷ് ഫ്ലൂ 5 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി. ഭക്ഷണം ലഭിക്കാതെ പലരും പട്ടിണി കിടന്നു. സമൂഹത്തിൽ അവിശ്വാസവും വിദ്വേഷവും വിതയ്ക്കാൻ വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും ഉപയോഗപ്പെടുത്തുന്നു .ചൈന വിരുദ്ധ പ്രചാരണവും COVID-19 ബാധിച്ച പലരും പങ്കെടുത്തതായി കണ്ടെത്തിയ തബ്ലീഗി ജമാഅത്ത് മീറ്റിംഗിനെത്തുടർന്ന് ഇസ്ലാമോഫോബിയയും പടർത്തുന്നത് എങ്ങനെയെന്ന് നമ്മൾ കാണുന്നുണ്ട്. സമൂഹത്തിൽ സംശയം, അവിശ്വാസം എന്നിവ സൃഷ്ടിക്കുന്ന ഇത്തരം പ്രചാരണം മനുഷ്യബന്ധങ്ങളുടെ ചങ്ങലയിലെ മുഴുവൻ കണ്ണികളെയും ബാധിക്കും. വിദേശികളോടുള്ള ഭയവും, നമുക്ക് വലിയതോതിൽ ആവശ്യം വരുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യുഎസ്) കൊടുത്തില്ലെങ്കിൽ തിരിച്ചടിക്കുമെന്നുള്ള യുഎസ്എയുടെ സാമ്രാജ്യത്വ സമ്മർദ്ദ തന്ത്രങ്ങളുമൊക്കെ നേരിടേണ്ടി വരും. ഭയത്തെക്കാൾ ഐക്യദാർഢ്യവും പരസ്പരസഹായവുമാണ് സമൂഹത്തിൽ വേണ്ടത്. തീർച്ചയായും സർക്കാരിന് ഒറ്റയ്ക്ക് ഈ യുദ്ധം ജയിക്കാനാകില്ല. എന്നാൽ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിലും സാമൂഹിക ഐക്യദാർഢ്യം വളർത്തിയെടുക്കുന്നതിലും സർക്കാരിന് ഒരു പ്രധാന പങ്കുണ്ട്. രോഗബാധിതരോട് സഹാനുഭൂതിയുള്ള, ശാസ്ത്രബോധമുള്ള ഒരു സമൂഹം ഇന്ത്യയ്ക്കുള്ളിലും പുറത്തുമായി വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.

Upfront Stories
www.upfrontstories.com