ദേശസ്‌നേഹം, മതം, ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രം
Politics

ദേശസ്‌നേഹം, മതം, ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രം

ഡോ. രാം പുനിയാനി

Sajith Subramanian

‘ദേശദ്രോഹി’ എന്ന വാക്ക്‌ കുറച്ചു വർഷങ്ങളായി വളരെയധികം പ്രചാരത്തിലുണ്ട്‌. ആർഎസ്‌എസ്സിനെയും അതിന്റെ പരിവാരങ്ങളെയും വിമർശിക്കുന്നവരെയൊക്കെ ‘ദേശദ്രോഹി’കളായി വെറുതെയങ്ങ്‌ ചാപ്പകുത്തും. ഹിന്ദു ദേശീയതയെ ആയുധമാക്കി ശക്തിപ്രാപിക്കുന്ന ആർഎസ്‌എസ്‌ ദേശസ്‌നേഹത്തെ മതവുമായി ബന്ധിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഹിന്ദുക്കൾക്ക് ഈ രാജ്യത്തോടുള്ള കൂറ് വാഴ്ത്തപ്പെടുമ്പോൾ മുസ്‌ലിങ്ങൾക്ക്‌ കൂറ്‌ പാകിസ്‌ഥാനോടാണെന്ന്‌ തന്ത്രപൂർവം സ്ഥാപിക്കാൻ ശ്രമിക്കും. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവത്‌ 2020 ജനുവരി രണ്ടിന്‌ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ കൗശലത്തോടെ പറയുന്നത്‌ ഹിന്ദുക്കൾ ദേശഭക്‌തരായത്‌ അവർ ഹിന്ദുമത വിശ്വാസികൾ ആയതുകൊണ്ടാണ്‌ എന്നാണ്‌. ഗാന്ധിജിയുടെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട്‌ ഭാഗവത്‌ പറയുന്നത്‌ ഗാന്ധിജിയുടെ ദേശസ്‌നേഹത്തിന്റെ ഉറവിടം ഹിന്ദുമതം ആണെന്നാണ്‌. ‘‘എല്ലാ ഇന്ത്യക്കാരും മാതൃഭൂമിയെ ആരാധിക്കുന്നു. പക്ഷെ, ഗാന്ധി പറഞ്ഞത്‌ എന്റെ ദേശസ്‌നേഹം രൂപംകൊള്ളുന്നത്‌ എന്റെ മതത്തിൽനിന്നാണ്‌ എന്നാണ്. അതുകൊണ്ട്‌ നിങ്ങളൊരു ഹിന്ദു ആണെങ്കിൽ സ്വാഭാവികമായും നിങ്ങളൊരു ദേശസ്‌നേഹിയാകും. നിങ്ങളിലെ ഹിന്ദു ഉറങ്ങിക്കിടക്കുകയാണെങ്കിൽ ഉണർത്തേണ്ടിയിരിക്കുന്നു. ഒരു ഹിന്ദു ഒരിക്കലും ഇന്ത്യാവിരുദ്ധനാകുകയില്ല.’’

ഈ ആശയനിർമിതിയിൽ ഒളിഞ്ഞിരിക്കുന്ന കുത്സിതമായ സൂചനകൾ അവലോകനം ചെയ്യുംമുമ്പ്‌ ആർഎസ്‌എസ്‌ സൈദ്ധാന്തികൻ എം എസ്‌ ഗോൾവൾക്കർ നാസികളെ പ്രകീർത്തിച്ചതും നാസികൾ ജൂതരെ എങ്ങനെ കൈകാര്യം ചെയ്‌തോ ആ വിധമാണ് മുസ്‌ലിങ്ങളെയും ക്രിസ്‌ത്യാനികളെയും (ആർഎസ്‌എസ്സിന്‌ അവ വിദേശമതങ്ങൾ) കൈകാര്യം ചെയ്യേണ്ടതെന്ന്‌ ശുപാർശ ചെയ്‌ത കാര്യവും നാം മനസ്സിലാക്കണം. ബിജെപി, വിഎച്ച്‌പി, എബിവിപി, വനവാസി കല്യാൺ ആശ്രം എന്നീ സംഘടനകളിലൂടെയും സർക്കാരിന്റെയും മാധ്യമങ്ങളുടെയും വിദ്യാഭ്യാസ മേഖലയുടെയും വിവിധ ശാഖകളിൽ നുഴഞ്ഞു കയറിയും കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായിത്തന്നെ ആർഎസ്‌എസ്‌ ശക്തിപ്രാപിച്ചു വരികയാണ്‌. അതേ ഹിന്ദു ദേശീയതാ പ്രത്യയശാസ്‌ത്രത്തിന്റെ കുത്സിതമായ ഭാഷ ഉപയോഗിച്ചാണ്‌ അവർ ഈ സംഘടനകളിലൂടെ ആശയവിനിമയം നടത്തുന്നത്‌. ‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്‌തകത്തിൽ ഗോൾവൾക്കർ മുന്നോട്ടുവച്ച പദ്ധതിയുടെ അതേ അർഥവും ഉള്ളടക്കവും ആണെങ്കിൽ തന്നെയും അലങ്കാരങ്ങൾ ചമച്ചുകൊണ്ട്‌ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലാണ്‌ അവർ ഹിന്ദു ദേശീയതയുടെ ആശയങ്ങൾ വിനിമയം ചെയ്യുന്നത്‌.

ഗാന്ധിയെ സംബന്ധിച്ചിടത്തോളം മതം എന്നത്‌ തികച്ചും വൈയക്തികമായ കാര്യമാണ്‌. സനാതന ഹിന്ദുവെന്ന്‌ ഒരിക്കലും അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്‌ ഹിന്ദുമതം വളരെ സ്വതന്ത്ര‐സാകല്യ സ്വഭാവങ്ങൾ ഉള്ളവയായിരുന്നു. ധാർമിക മൂല്യങ്ങളിൽ അധിഷ്‌ഠിതമാണ്‌ അദ്ദേഹത്തിന്റെ ഹിന്ദുമതം. ഗാന്ധിജി എല്ലാ മതങ്ങളിൽനിന്നുമാണ്‌ അദ്ദേഹം ആത്മീയദാർഢ്യം കൈവരിച്ചത്‌. ‘‘ഒരു ഹിന്ദുവായിരുന്നിട്ടും ഒരു നല്ല മുസ്‌ലിമായിട്ടാണ്‌ ഞാനെന്നെ പരിഗണിക്കുന്നത്‌. അതേ അർഥത്തിൽ തന്നെ ഞാനൊരു നല്ല ക്രിസ്‌ത്യാനിയോ പാർസിയോ ആണ്‌. (ഹരിജൻ, മെയ്‌ 25, 1917, പേജ്‌ 197). അദ്ദേഹത്തിന്റെ ഹിന്ദുമതവിശ്വാസത്തിൽ മറ്റു മതങ്ങളിലെ മനുഷ്യരോടുള്ള ആദരവും സാകല്യബോധവും ഉണ്ടായിരുന്നു. മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യരെ നിരന്തരമായി ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും കാരണമാകുന്ന വിഷയങ്ങൾ എടുത്തുപയോഗിക്കുന്ന ആർഎസ്‌എസ്സിന്റെ സങ്കുചിതത്വത്തിലും ബഹിഷ്‌കരണ സ്വഭാവത്തിലും അധിഷ്‌ഠിതമായ ഹിന്ദുമതാചരണത്തിന്‌ കടകവിരുദ്ധമാണിത്‌. ഗാന്ധിജിയുടെ മതത്തിന്‌ സ്വതന്ത്ര‐സാകല്യ സ്വഭാവമുള്ളതിനാലാണ്‌ വ്യത്യസ്‌ത മതവിശ്വാസികളായ മനുഷ്യരെ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ അണിനിരത്താൻ അദ്ദേഹത്തിനായത്‌.

അദ്ദേഹം മതത്തെ ദേശീയതയെയും ദേശഭക്തിയുമായി ഒരിക്കലും ബന്ധപ്പെടുത്തിയില്ല. ദേശസ്‌നേഹമെന്ന ആശയം ഒരാൾക്ക്‌ അയാളുടെ രാജ്യത്തോടും ആ രാജ്യത്തെ ജനങ്ങളോടുമുള്ള സ്‌നേഹമാണ്‌, അതിന്റ വേരൂന്നിയത്‌ മതത്തിലല്ല. ദേശീയത എന്നത് എതർഥത്തിലും മതത്തിൽനിന്ന്‌ ഉരുവം കൊള്ളുന്നതുമല്ല. മതം എന്ന അദ്ദേഹത്തിന്റെ പ്രയോഗത്തിന്‌ രണ്ടു തലങ്ങളാണുള്ളത്. ആചാരം, സ്വത്വം, വിശ്വാസം എന്നിവുമായി ബന്ധപ്പെട്ട ജനസ്വീകാര്യമായ സങ്കൽപ്പമാണ്‌ ഒന്ന്. മറ്റൊന്ന്‌ മതബോധനത്തിൽ നിലീനമായ സന്മാർഗം. മതത്തിന്റെ കാതൽ ഈ ധർമനീതിയാണെന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ വ്യക്തതയുണ്ടായിരുന്നു. എന്നാൽ ആർഎസ്‌എസ്സും മുസ്‌ലിം ലീഗ്‌ അടക്കമുള്ള മുസ്‌ലിം വർഗീയവാദികൾക്കും മതത്തിന്റെ കാതൽ എന്നത്‌ കേവലും അനുഷ്‌ഠാനങ്ങളും വിശുദ്ധസ്ഥലങ്ങളുമാണ്.

ഹിന്ദു ദേശീയതാ കാഴ്‌ച്ചപ്പാടിന്റെ ഭാഗമായ, ആർഎസ്‌എസ്‌ ചിന്തയോട് ചേർന്നു നിൽക്കുന്ന സൈദ്ധാന്തികർ രാപ്പകൽ കഷ്‌ടപ്പെടുന്നത്‌ ഗാന്ധിജിയുടെയും മറ്റ്‌ ദേശീയ നായകരുടെയും വാചക ശകലങ്ങൾ തോണ്ടിയെടുത്ത് ഇന്ത്യയെന്ന രാജ്യത്തെ സൃഷ്‌ടിച്ച അവരുടെ മൂല്യങ്ങൾക്ക്‌ ആർഎസ്‌എസ്‌ ആശയങ്ങളുമായി സാമ്യമുണ്ടെന്ന്‌ വരുത്തിത്തീർക്കാനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളായ ഈ നായകരുടെ ആശയങ്ങൾക്ക്‌ തങ്ങളുടെ ആശയങ്ങളുമായി പൊരുത്തമുണ്ടാക്കാനുള്ള പ്രക്രിയിലാണവർ മുഴുകുന്നത്.

ഹിന്ദുക്കൾ സ്വാഭാവികമായും ദേശസ്‌നേഹികൾ ആണെന്നും അവർക്ക്‌ ദേശവിരുദ്ധരാകാൻ കഴിയില്ലെന്നതുമാണ്‌ ഇപ്പോഴത്തെ സൂത്രവാക്യം. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർ സംശയിക്കപ്പെടേണ്ടവരത്രെ. ദേശസ്‌നേഹവും ദേശീയവാദവും കുത്തകയാക്കി വച്ചവരും ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നവർ എന്നവകാശപ്പെടുന്നവരും സാക്ഷ്യപ്പെടുത്തലിന്‌ വിധേയവുമായിരിക്കും.

ആധുനിക ഇന്ത്യയുടെ നിർമിതിയിൽ മഹത്തായ സംഭാവനകൾ നൽകിയ മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും പൂർണമായും തമസ്‌ക്കരിക്കാനുള്ള നീക്കമാണിത്‌. ബ്രിട്ടീഷ്‌ ഭരണത്തിന്‌ എതിരായ മാത്രമല്ല, ഇന്ത്യാ വിഭജനത്തിനെതിരെയും നിലകൊണ്ട ഖാൻ അബ്‌ദുൾ ഗഫാർ ഖാനെയും മൗലാന അബുൾ കലാം ആസാദിനെയും നിങ്ങൾ ഏതു സ്ഥാനത്താണ്‌ നിർത്തുന്നത്? ശിബ്‌ലി നൊമാനിയെയും ഹസ്‌രത്‌ മൊഹാനിയെയും അഷ്‌ഫാഖുള്ള ഖാനെയും നിങ്ങളെ എവിടെയാണ്‌ പ്രതിഷ്‌ഠിക്കുന്നത്. മുഹമ്മദലി ജില്ലാ പ്രത്യേക പാകിസ്ഥാൻ ആവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെ എതിർക്കാൻ മുസ്‌ലിങ്ങളുടെ പ്രത്യേക സമ്മേളനം സംഘടിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച അല്ലാബക്‌ഷിന്റെ സംഭാവനകൾക്ക്‌ നിങ്ങൾ എങ്ങനെയാണ്‌ മൂല്യം കൽപ്പിക്കുന്നത്. സ്വാതന്ത്ര്യ പ്രസ്‌ഥാനത്തിൽ ഒപ്പം നിന്ന്‌ പൊരുതിയ അസംഖ്യം മുസ്‌ലിം സംഘടനകളുണ്ടെന്നത്‌ മറക്കരുത്.

സ്വാതന്ത്ര്യാനന്തരം ഒരു ആധുനിക ഇന്ത്യക്ക്‌ രൂപം നൽകാൻ വ്യവസായം, വിദ്യാഭ്യാസം, കായികം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ എല്ലാ മതങ്ങളിൽപ്പെട്ടവരും ഒരേ തീവ്രതയോടെയാണ്‌ പ്രവർത്തിച്ചത്. അവരൊന്നും ദേശസ്‌നേഹികളും ദേശീയവാദികളും അല്ലേ?

മോഹൻ ഭാഗവതിന്റെ സമവാക്യം വാസ്‌തവത്തിൽ ശാഖയിലെ കൈമുതലാക്കി ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ ന്യായീകരിക്കാനുള്ള തന്ത്രമാണ്‌. സുപ്രിംകോടതി തന്നെ ഒരു കുറ്റകൃത്യമായി വിശേഷിപ്പിച്ച ബാബ്‌രി മസ്‌ജിദ്‌ ധ്വംസനത്തിൽ പങ്കാളികളായവരെ നിങ്ങൾ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്‌? ഭാഗവതിന്റെ സിദ്ധാന്തം അനുസരിച്ച് ഗാന്ധിയുടെയും കൽബുർഗിയുടെയും ധാബോൾക്കറിന്റെയും ഗൗരി ലങ്കേഷിന്റെയും ഗോവിന്ദ്‌ പൻസാരെയുടെയും കൊലപാതകങ്ങൾ ദേശസ്‌നേഹ പ്രചോദിതമായ പ്രവർത്തനങ്ങളാണോ? ചാരപ്രവർത്തനങ്ങളിലും കള്ളക്കടത്തിലും കരിഞ്ചന്തയിലും മറ്റും ഉൾപ്പെട്ട ഹിന്ദുക്കളെ നിങ്ങൾ ഏതു ഗണത്തിലാണ്‌ പെടുത്തുന്നത്?

ആർഎസ്‌എസ്സുമായി ബന്ധപ്പെട്ട സംഘടനകളും ഭാഗവതിന്റെ അനുയായികളായ സൈദ്ധാന്തികരും പരസ്യമായി ഗോഡ്‌സെയെ പ്രകീർത്തിക്കുമ്പോൾതന്നെയാണ്‌ ഗാന്ധിയെ ആദരിക്കുക എന്ന നാട്യത്തിൽ ആർഎസ്‌എസ് ഏർപ്പെടുന്നത്‌ എന്നതാണ്‌ രസകരം. ഗാന്ധിയെ വാഴ്‌ത്തുന്ന ട്വീറ്റുകൾ ഹിന്ദുക്കളായ ചിലരിൽനിന്നാണ് ഈയിടെയായി പ്രവഹിക്കുന്നത്‌. ആയിരംതലയുള്ള സൈദ്ധാന്തിക ജലസർപ്പങ്ങളെ ഇറക്കിവിടാനുള്ള ആർഎസ്‌എസ്സിന്റെ ശേഷിയാണ്‌ ഇത്‌ കാണിക്കുന്നത്. ഗാന്ധിയെ വധിക്കാൻ പ്രേരണയായ ഒരു പ്രത്യയശാസ്‌ത്രത്തെ പിന്തുടരുന്നവർക്കു മാത്രമേ ഒരേ സമയം അദ്ദേഹത്തെ വധിക്കാനും ആദരമർപ്പിക്കാനും സാധിക്കൂ.

കടപ്പാട് : www.countercurrents.com

Upfront Stories
www.upfrontstories.com