ഇമാനുവേൽ വാലർസ്‌റ്റെയിൻ തന്റെ ഒരു ലേഖനം ആവേശപൂർവം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌: “ആഗോളവൽക്കരണം എന്നത്‌ 500 വർഷമായി വിശദീകരിക്കപ്പെടുന്നതാകയാൽ അത്‌ ഒരു വഴിതെറ്റിക്കുന്ന ആശയമാണ്‌.’’

2000ൽ എഴുതിയ ‘ആഗോളവൽക്കരണമോ പരിവർത്തനയുഗമോ?’ എന്ന ലേഖനത്തിൽ അദ്ദേഹം വിമർശനാത്മകമായ കാഴ്‌ച്ചപ്പാടിലൂടെ ഇങ്ങനെ പറയുന്നു: ‘‘രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്ക എന്നത്‌ വ്യവസായങ്ങൾക്ക്‌ പരിക്കേൽക്കാതിരുന്ന ഏകവും പ്രമുഖവുമായ വ്യവസായ ശക്തിയായിരുന്നു. യുദ്ധകാലത്തെ നാശങ്ങളിൽ ആ രാജ്യത്തിന്റെ പ്രദേശങ്ങൾക്ക്‌ നാശം സംഭവിച്ചിരുന്നുമില്ല.’’

ദീർഘകാലത്തെ സാമ്പത്തിക വികസനവും ലോക ഉൽപ്പാദനമേഖലകളിൽ മറ്റു രാജ്യങ്ങളിലെ സാമ്പത്തികഘടനകളുടെ തകർച്ചയും ഒരുമിച്ചുചേർന്നപ്പോൾ ഉൽപ്പാദനക്ഷമതയിൽ കുറച്ചുകാലത്തേക്കെങ്കിലും അമേരിക്കയ്‌ക്ക്‌ ഉണ്ടായ മെച്ചം അതിബൃഹത്തായിരുന്നു. അതുവഴി ലോകവിപണിയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്‌ അനായാസം ആധിപത്യം പുലർത്താൻ സാധിച്ചു.

ഈ വികസനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്‌ അദ്ദേഹം പിന്നീട്‌ അദ്ദേഹം വിവരിക്കുന്നത്‌: “ഇവ കൂടാതെ മൂല്യത്തിന്റെയും മുതലാളിത്ത ലോകസമ്പദ്‌ഘടനയുടെ ചരിത്രത്തിലെ ഉയർന്ന യഥാർഥ ഉൽപ്പാദനത്തിന്റെയും വിപുലീകരണത്തിലൂടെയും അവർക്ക്‌ സാധിച്ചത് വലിയ സമ്പത്തുണ്ടാക്കാനും ലോക സാമൂഹ്യ വ്യവസ്ഥയിൽ വൻതോതിലുള്ള അസ്വസ്‌ഥതയും അവർ സൃഷ്‌ടിച്ചു.’’

ആഗോളക്രമത്തെ രാഷ്‌ട്രീയമായും സാമ്പത്തികമായും ഏകോപിപ്പിക്കുവാൻ കഴിയുംവിധം ഒരുകൂട്ടം സംഘടനകൾക്ക്‌ രൂപം നൽകിയതാണ്‌ യുദ്ധാനന്തര കാലത്തെ അമേരിക്കൻ അധിനിവേശത്തിന്റെ സവിശേഷത. ഐക്യരാഷ്‌ട്ര സംഘടന, ലോക ബാങ്ക്‌, ഐഎംഎഫ്‌ തുടങ്ങിയവയാണ്‌ ഈ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത്‌. ‘സ്വതന്ത്ര ലോകം’ എന്നാണ്‌ അമേരിക്കൻെ ആഗോള സാമ്രാജ്യത്വത്തിന്റെ വിളിപ്പേര്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മിലുള്ള പിരിമുറുക്കത്തിന്റെ ഭാഗമായി രൂപപ്പെട്ടതായിരുന്നു ശീതയുദ്ധം. ആഗോള സാമ്പത്തിക മേഖലകളെ മരവിപ്പിക്കുകയും ഒരു മൂന്നാംലോക യുദ്ധത്തിന്‌ വരെ ഇടയാക്കിയേക്കാവുന്ന പ്രാദേശിക സൈനിക ഉരസലുകൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതായിരുന്നു അമേരിക്കയുടെ യുദ്ധാനന്തര നയം.

വാലർസ്‌റ്റെയ്‌ൻ ലളിതമായി കുറിക്കുന്നു: ‘‘…. യഥാർഥ ആധിപത്യത്തിന്റെ കാലം തികച്ചും ഹ്രസ്വമായിരുന്നു. 1945 മുതൽ 1970വരെയാണ്‌ ആധിപത്യകാലമെന്ന്‌ ഞാൻ കണക്കാക്കും.’’

അദ്ദേഹം ഈ കാലത്തെ മൂന്നു നിർണായക ഘടകങ്ങളായി വേർതിരിക്കുന്നു:

(i) “സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളെക്കാൾ മുന്നിലാണ്‌. അതുകൊണ്ട്‌ അമേരിക്ക കൂടുതൽ ‌ ജനാധിപത്യപരമാണ്‌.’’

(ii) “അമേരിക്ക കൂടുതൽ ആധുനികവും സാങ്കേതികമായി ഏറെ പുരോഗമിച്ചിട്ടുമുണ്ട്‌. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളെക്കാൾ സമ്പന്നവുമാണ്‌ അമേരിക്ക’’

(iii) അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്‌”

യുദ്ധാനന്തര കാലത്തെ സാമ്പത്തിക സമൃദ്ധിയുടെ യുഗമെന്ന അമേരിക്കൻ സ്വപ്‌നത്തെ‌ ഇങ്ങനെ അടയാളപ്പെടുത്തപ്പെടുത്തുന്നു:

(i) പ്രസിഡന്റ്‌ നിക്‌സന്റെ കാലത്തെ ഗോൾഡ്‌ സ്‌റ്റാന്റേഡ്‌ അവസാനിപ്പിക്കൽ

(ii) OPEC എണ്ണ വില വർധിപ്പിക്കുന്നു

(iii) 1972ൽ നിക്‌സൺ ചൈന സന്ദർശിക്കുന്നു

അമേരിക്കൻ സൈന്യത്തെ വിയറ്റ്‌നാം പരാജയപ്പെടുത്തുകയും വിയറ്റ്‌നാം യുദ്ധത്തിനെതിരെയും വംശീയപ്രശ്‌നങ്ങളും ലിംഗസമത്വവും ലൈംഗിക വ്യവഹാരങ്ങളും മുൻനിർത്തിയുള്ള സാമൂഹ്യപ്രക്ഷോഭങ്ങൾ അമേരിക്കയെ പിടിച്ചുലയ്‌ക്കുകയും ചെയ്‌തതോടെയാണ്‌ ഈ സംഭവവികാസങ്ങൾ ഉണ്ടായത്‌.

യുദ്ധാനന്തരകാലത്തിന്റെ അന്ത്യം സൃഷ്‌ടിച്ച ഒരു പ്രധാന പ്രത്യാഘാതം ഉൽപ്പന്നനിർമാണമേഖലയുടെ ഘട്ടംഘട്ടമായുള്ള തകർച്ചയും അതിനെ തുടർന്നുള്ള തൊഴിൽനഷ്‌ടവുമാണ്‌. 1997–-2005 കാലത്തെ ഉൽപ്പന്നനിർമാണ മേഖലയുണ്ടായ തകർച്ചയെ പോൾ ക്രുഗ്‌മാൻ വിലയിരുത്തുന്നത്‌ ഇങ്ങനെയാണ്‌: വ്യാപാരക്കമ്മി തൊഴിൽനഷ്‌ടം ഉണ്ടാക്കുമോ? തീർച്ചയായും, ഉണ്ടാക്കും ഒരു പരിധിവരെ. ചരക്കുകളുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ഗണ്യമായ പങ്ക്‌ ഉൾച്ചേർന്ന സേവനം കൂടി ആയതുകൊണ്ട്‌ വ്യാപാരക്കമ്മി ഉൽപ്പന്നനിർമാണത്തിന്റെ മുല്യവർധനയെ നേരിട്ട്‌ ബാധിക്കണമെന്നില്ല. എന്നാൽ വ്യാപാരക്കമ്മിയിൽ ഉണ്ടാകുന്ന മതിയായ വർധന ഉൽപ്പന്ന നിർമാണമേഖലയിലെ ജിഡിപിയുടെ പങ്ക്‌ 1.5 ശതമാനം മുതൽ 10 ശതമാനത്തിൽ അധികം വരെ കുറയുന്ന സ്ഥിതി ഉണ്ടായി എന്നതിനർഥം 1997 മുതൽ 2005 വരെയുള്ള കാലയളവിൽ ഈ മേഖലയിലെ തൊഴിലവസരങ്ങളിൽ 20 ശതമാനം കുറവുണ്ടായി എന്നാണ്‌.

ദ സെയ്ന്റ്‌ ലൂയിസ്‌ ഫെഡറൽ റിസർവ്‌ കണ്ടെത്തിയത്‌, ‘‘ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ ബഹുരൂപിയും ബൃഹത്തുമാണ്‌, പ്രത്യേകിച്ച്‌ കുറഞ്ഞ വിലയുടെയും കൂടിയ ലാഭത്തിന്റെയും ഉൽപ്പന്നത്തിന്റെ വൈവിധ്യത്തിന്റെയും കാര്യത്തിൽ.’’ അത്‌ പിന്നീട്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഉൽപ്പന്നനിർമാണമേഖലയിലെ തൊഴിൽനഷ്‌ടം സമൂഹത്തിൽ ഉടനീളം നിരന്തരമായ ആഘാതമാണ്‌ ഉണ്ടാക്കിയത്‌. തൊഴിലാളികളുടെ വിലപേശൽ ശേഷി കുറയുന്നതിലേക്കും കുറഞ്ഞ വേതന വർധനയിലേക്കും വർധിച്ച വേതന അസമത്വത്തിലേക്കുമാണ്‌ ഇത്‌ നയിച്ചത്‌. ’’

തുടർന്നുള്ള ഭാഗങ്ങളിൽ വേതനത്തിലെ കുറവ്‌ ‘വേതനം (യഥാർഥവും ആനുപാതികവും) കുറയാനും ആരോഗ്യരക്ഷയ്‌ക്കുള്ള ചെലവ്‌ വർധിക്കാനും നേരിട്ടുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനും ‌ ഇത്‌ നേരിട്ട്‌ പങ്ക്‌ വഹിച്ചു’ എന്ന്‌ പറയുന്നു.

ഉൽപ്പന്ന നിർമാണ മേഖലയിലെയും മണിക്കൂറിനും തൊഴിലെടുക്കുന്നവരുടെയും വേതനം കുറയാൻ കാരണമായ ആഗോളവൽക്കരണം എക്‌സിക്യൂട്ടീവുകളുടെ വേതനത്തിൽ വൻ വർധനവിനും കാരണമായി. കനത്തശമ്പളം വാങ്ങുന്നവരുടെ വേതനത്തിൽ വിവേചനരഹിതമായ വർധനവാണ്‌ ‌ സമീപകാല ആഗോളവൽക്കരണ പ്രവണതകൾ സൃഷ്‌ടിച്ചതെന്നാണ്‌‌ 1993 മുതൽ 2013 വരെയുള്ള കാലയളവിൽ ആയിരം അമേരിക്കൻ കമ്പനികളിലെ എക്‌സിക്യൂട്ടീവുകളുടെ വേതനം സംബന്ധിച്ച്‌ കൊളറാഡോ സർവകലാശാലയ്‌ക്കുകീഴിലെ മസാച്യുസെറ്റ്‌സിലെ ബൗൾഡർ ആൻഡ്‌ വില്യംസ്‌ കോളേജിലെ ‌ ഗവേഷകരുടെ ഒരു പഠനം പറയുന്നത്‌.

മറ്റു പല സമകാല പഠനങ്ങളുടെ കണ്ടെത്തലുകളെയും ദൃഢീകരിക്കുന്ന കണ്ടെത്തലുകളാണ്‌ ഈ പഠനത്തിലുള്ളത്‌. ഉദാഹരണത്തിന്‌ 1978നും 2014നും ഇടയ്‌ക്ക്‌ എക്‌സിക്യൂട്ടീവുകളുടെ ശമ്പളം 977 ശതമാനം വർധിച്ചുവെന്നാണ്‌ ഇക്കണോമിക്‌ പോളിസി ഇൻസ്‌റ്റിറ്റ്യൂട്ട്‌ 2015ൽ നടത്തിയ ഒരു പഠനം പറയുന്നത്‌. അതേസമയം ഈ കാലയളവിൽ സ്വകാര്യ പ്രൊഡക്‌ഷൻ യൂണിറ്റുകളിലെയും നോൺ സൂപ്പർവൈസർ തലത്തിലുള്ളവരുടെയും വേതനത്തിൽ ഉണ്ടായ വർധന വെറും 10.9 ശതമാനം മാത്രമാണ്‌. 2015ൽ പ്യൂ സെന്റർ കണ്ടെത്തിയത്‌ ഉയർന്നവരുമാനക്കാരുടെ വരുമാനം 1970 മുതൽ 2014 വരെ 47 ശതമാനം വർധിച്ചെന്നാണ്‌. ഇടത്തരക്കാരുടേത്‌ 34 ശതമാനം വർധിച്ചപ്പോൾ താണ വരുമാനക്കാരുടെ വേതനത്തിൽ 28 ശതമാനം മാത്രമാണ്‌ വർധനവുണ്ടായത്‌.