“ലോകപ്രസിദ്ധ ചരിത്രകാരി റോമില ഥാപ്പർ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തിൽ, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്. ഗാന്ധിജിക്ക് ജോർജ് വാഷിങ്ങ്ടന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. അവർ ഇംഗ്ലണ്ടിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത് . എന്നാൽ റോമിലാ ഥാപ്പർ ഈ വിവരം പബ്ലിഷ് ചെയ്യാൻ ശ്രമിച്ചെങ്കിലും മുഹമ്മദലി ജിന്ന നേരിട്ട് ഇടപെട്ട് തടയുകയായിരുന്നു എന്ന് പിന്നീട് രാമചന്ദ്രഗുഹ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.”

ഇത് വായിച്ചവരിൽ, മേൽപ്പറഞ്ഞ വാചകങ്ങൾ സത്യമാണെന്ന് വിശ്വസിച്ചവർ എത്രപേരുണ്ട്? ഇത് കേരളമാണ്, പക്ഷേ ഏറ്റവും കുറഞ്ഞത് 10 ശതമാനം ആളുകളെങ്കിലും ഇത് ശരിയാണെന്ന് വിശ്വസിച്ചിട്ടുണ്ടാകും.

എബ്രഹാം ലിങ്കൺ മരിച്ച ശേഷമാണ് ഗാന്ധിജിയും റോമിലാ ഥാപ്പറും ജനിക്കുന്നത്. എന്തിന് ജോർജ് വാഷിങ്ടൺ മരിച്ച ശേഷമാണ് ലിങ്കൺ പോലും ജനിക്കുന്നത്. പക്ഷേ എന്നെ പോലെയൊരു നിസ്സാരൻ പോലും ഇത് എഴുതുമ്പോൾ പലരും അത് സത്യമാണെന്ന് വിശ്വസിച്ചു പോകും.

അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ ഇരിക്കുന്ന ഒരു വ്യക്തിയോ അനേകം ഫോള്ളോവെർസ് ഉള്ള ഒരു ഫേസ്‌ബുക്ക് സെലിബ്രറ്റി പോലും, ഇപ്രകാരം ചില കാര്യങ്ങൾ ഒരു ചരിത്ര സത്യം പോലെ പറയുമ്പോൾ കേരളം ഒഴിച്ചുള്ള ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും,ആഘോഷിക്കും.

നാസി ജർമനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബൽസ് പറയുന്നതുപോലെ ഒരു നുണ കൂടുതൽ ആളുകൾ വിശ്വസിക്കണമെന്ന് ഉണ്ടെങ്കിൽ വളരെ വലിയൊരു നുണ പറയുകയും അത് ആവർത്തിച്ചു പറയുകയും ചെയ്യുക.

നല്ല വിദ്യാഭ്യാസമുള്ള ആളുകൾ എങ്ങനെയാണ് ഇത്രയധികം മണ്ടത്തരങ്ങൾ ആവർത്തിച്ച് പറയുന്നതെന്ന് നമ്മൾ അതിശയിച്ചു പോകാറുണ്ട് .

കണക്കുകൾ നിരത്തിയും, സംഭവങ്ങൾ എടുത്തു പറഞ്ഞും, ആളുകളുടെ പേര് പറഞ്ഞും പ്രസംഗിക്കുക എന്നത് ഒരു സമ്മോഹന തന്ത്രമാണ്. പറയുന്നത് എത്ര വലിയ നുണയാണെങ്കിൽ കൂടി ബഹുഭൂരിപക്ഷവും അത് വിശ്വസിക്കും. ഇതിൽ സത്യമെത്രെയുണ്ട് എന്നന്വേഷിക്കുമ്പോൾ ഉണ്ടാവുന്ന മാനസിക, ശാരീരിക ഊർജ്ജനഷ്ടം സംരക്ഷിക്കുവാനാണ് പരിണാമപരമായ മുൻഗണന എന്നതിനാൽ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുകയെന്ന എളുപ്പമുള്ള പ്രക്രിയായിരിക്കും നമ്മുടെ മസ്തിഷ്ക്കം സ്വീകരിക്കുന്നത്..

ഒരു കള്ളം നൂറുതവണ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമാകും. ഇങ്ങനെ കള്ളം പറയുന്നയാൾ പലപ്പോഴും തന്റെ അറിവില്ലായ്മയിൽനിന്നും അജ്ഞതയിൽനിന്നും താൻ കള്ളം പറയുകയാണ് എന്ന ബോധ്യമില്ലായ്മയിൽ നിന്നുമല്ല അപ്രകാരം ചെയ്യുന്നത്.

നമ്മൾ വളരെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥനം ചെയ്യുന്നവരാണെന്നും യുക്തിപൂർവം വിചിന്തനം ചെയ്തുമാത്രമേ ഒരു കാര്യം നമ്മൾ വിശ്വസിക്കൂ എന്നും നമ്മൾ ഒട്ടും പക്ഷപാതപരമായി അല്ല ചിന്തിക്കുന്നത് എന്നും നമുക്ക് തോന്നാം. വാസ്തവത്തിൽ നമ്മുടെ വിശ്വാസങ്ങളും,നമ്മൾ വിശ്വസിക്കുവാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ മാത്രമാണ് നമ്മൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്നത്. നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഏതൊരു കാര്യവും നമ്മൾ ബോധപൂർവ്വമോ അല്ലാതെയോ തള്ളിക്കളയുന്നു.

ഇത് confirmation bias എന്നൊരു മന:ശാസ്ത്ര പ്രതിഭാസമാണ്.

കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഇങ്ങനെ പറഞ്ഞിരുന്നു. ” മാർക്ക് സക്കർബർഗ്ഗ് ഇന്ത്യയിൽ വന്നു നീം കരോളി ബാബയുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തിന്റെ ആശീർവാദത്തോട് കൂടിയാണ് സക്കർബർഗ് ഫേസ്ബുക്ക് തുടങ്ങിയത്.” മന്ത്രി പറഞ്ഞത് വിശ്വസിച്ച കോടിക്കണക്കിന് ആൾക്കാർ ഇന്ത്യയിൽ ഉണ്ടാവും.

എന്നാൽ വാസ്തവം എന്താണെന്നു നോക്കാം.

നീം കരോളി ബാബ എന്ന സ്വാമി മരിക്കുന്നത് 1973 സെപ്റ്റംബർ 11 നാണ്. സക്കർബർഗ്ഗ് ജനിക്കുന്നതാകട്ടെ 1984 മെയ് 14 നും. ഫേസ്ബുക്ക് തുടങ്ങുന്നതാവട്ടെ വർഷങ്ങൾക്കു ശേഷം 2004 ഫെബ്രുവരിയിലും.

മന്ത്രി പറഞ്ഞതിൽ സത്യത്തിന്റെ ഒരംശം പോലും ഇല്ലാതിരുന്നിട്ടും ഇങ്ങനെ പറയുവാൻ ഉള്ള പ്രേരകം അദ്ദേഹത്തിന്റെ അറിവില്ലായ്മയായി കരുതാനാവില്ല. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മന്ത്രിയാണ് പീയുഷ് ഗോയൽ. ലോക പ്രശസ്തമായ ഹാർവാർഡ്, പ്രിൻസ്റ്റൺ, ഓക്സ്ഫോർഡ്, യെൽ തുടങ്ങിയ സർവകലാശാലകളിൽ പാർട്ണർഷിപ്പ് പ്രോഗ്രാമുകൾ ചെയ്ത ചാർട്ടേർട്ടഡ് അക്കൗണ്ടന്റാണ് അദ്ദേഹം. ഇപ്പോഴാവട്ടെ ഗ്രാവിറ്റിയെ കുറിച്ച് പറഞ്ഞു പുലിവാല് പിടിച്ചിരിക്കുന്നു.

വഴി തിരിച്ചു വിടുന്ന ചുവന്ന മത്സ്യം (Red herring )

ഒരു വാദത്തിൽനിന്ന് എതിരാളികളെയും മറ്റുള്ള ശ്രോതാക്കളുടെ ശ്രദ്ധ തിരിച്ചു പിടിക്കാനുള്ള ഒരു തന്ത്രമാണിത്. തന്റെ എതിർകക്ഷി ഉന്നയിച്ചതിന് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെ ഇരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ചിലർ തന്ത്രമാണിത്. ഇവിടെയും വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. പല ചലച്ചിത്രങ്ങളിലും പുസ്തകങ്ങളിലും ഈ തന്ത്രം അവസാനം വരെ ഉണ്ടാകും സിനിമയിൽ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ഒരു കഥാപാത്രം ആദ്യം മുതൽ ഉണ്ടാവും .

വില്ലൻ സ്വഭാവമുള്ള അയാളാണ് കുറ്റകൃത്യം ചെയ്തതെന്ന് ഏതാണ്ട് ഏറെക്കുറെ എല്ലാവരും വിശ്വസിക്കുകയും ചെയ്യും. അവസാനം കുറ്റവാളി മറ്റൊരു ശാന്തസ്വഭാവി ആണെന്ന് തെളിയുന്നു. റെഡ് ഹെറിങ് എന്ന ലോജിക്കൽ ഫാലസിയാണത്.