അമേഠിയുടേത് ഒരു വികസന കാഴ്ചപ്പാടിന്റെ പ്രതിസന്ധിയാണ്. ഈ വികസന കാഴ്ചപ്പാടിന് ഒരു മറു മാതൃകയുമുണ്ട്, ഇന്ത്യാ മഹാരാജ്യത്തുതന്നെ. അമേഠിയെ സിംഗപ്പൂരിനു തുല്യമാക്കുമെന്നു മോഹിപ്പിക്കുമ്പോൾ, നിർബന്ധമായും കേട്ടിരിക്കേണ്ട മാതൃകയാണത്. പൊളിറ്റിക്കൽ ഡെസ്ക്

4,07,000 ബിപിഎൽ കുടുംബങ്ങൾ.. 64% സാക്ഷരത.. 0 മെഡിക്കൽ കോളേജ്.. 0 എഞ്ചിനീയറിങ്ങ് കോളേജ്.. 82.6% വീടുകൾക്ക് കക്കൂസ് ഇല്ല.. 55.6% വീടുകൾക്ക് കുളിമുറിയില്ല.. 51.8% അകത്ത് അടുക്കളയില്ല..

(കടപ്പാട്: ഇന്ത്യ ടുഡേ, ബിസിനസ് സ്റ്റാൻഡേർഡ്)

നീണ്ട 15 വർഷമായി രാഹുൽ ഗാന്ധി എംപിയായ അമേഠി മണ്ഡലത്തിന്റെ സ്ഥിതിയാണ് ഇത്.രാഹുൽ മാത്രമല്ല, രാഹുലിന്റെ വലിയച്ഛനും അച്ഛനും അമ്മയുമാണ് അതിനുമുമ്പ് ഈ മണ്ഡലം വാണിരുന്നത്. കാലാകാലങ്ങളായി ഗാന്ധികുടുംബത്തിന്റെ കുടുംബസ്വത്ത്!

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഒരു ഇൻഡസ്ട്രിയൽ ആൻഡ് എഡ്യൂക്കേഷണൽ ഹബ്. എന്നാൽ, അത്തരം ക്രീം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശമോ ജോലിയോ കിട്ടാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസമോ സാഹചര്യമോ അമേഠിയിൽ എത്ര പേർക്കുണ്ടാവും!

ഇതൊരു വികസന കാഴ്ചപ്പാടിന്റെ പ്രതിസന്ധിയാണ്. ആ കാഴ്ചപ്പാടിന് അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനറിയില്ല; അവയെ പരിഗണിക്കാൻ പ്രാപ്തിയില്ല; പരിഹരിക്കാൻ താല്പര്യവുമില്ല!

ഈ വികസനകാഴ്ചപ്പാടിന് ഒരു മറു മാതൃകയുമുണ്ട്, ഇന്ത്യാ മഹാരാജ്യത്തുതന്നെ. പത്തു വർഷംകൊണ്ട് അമേത്തിയെ സിംഗപ്പൂരിനു തുല്യമാക്കുമെന്നു മോഹിപ്പിച്ച് അമേഠിക്കാരെ പറ്റിക്കുമ്പോൾ, നിർബന്ധമായും കേട്ടിരിക്കേണ്ട മാതൃകയാണത്.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ നടക്കുന്ന കാര്യമാണ്.

രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രം വായനാട്ടിലാണ്; അത് നൂല്പുഴ കുടുംബാരോഗ്യ കേന്ദ്രമാണ്.

ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യസൗഖ്യം ഏറ്റെടുക്കുന്നവയാണ് വയനാട്ടിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ മുഴുവനും.

ഒരു ഉദാഹരണം കൂടി: അത് കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയ ‘ആന്റിനാറ്റൽ ട്രൈബൽ ഹോം’ പദ്ധതിയാണ്.

പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെടുന്ന ആദിവാസി യുവതികൾക്ക് കുടുംബസമേതം താമസിക്കാൻ ഹോസ്പിറ്റലിനോട് ചേർന്ന് പ്രത്യേകം കെട്ടിടം. ബെഡ് റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, കോമൺ ഏരിയ ഒക്കെ ഉൾപ്പെടെയുള്ള താമസസ്ഥലം. അതാണ് ‘ആന്റിനാറ്റൽ ട്രൈബൽ ഹോം’ പദ്ധതി.

നിലവിൽ വയനാട്ടിൽ ഏഴു ‘ആന്റിനാറ്റൽ ട്രൈബൽ ഹോം’ ആണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ബത്തേരി, വൈത്തിരി താലൂക്ക് ഹോസ്പിറ്റലുകളിൽ രണ്ടു വീതം. നൂല്പുഴ, വാഴവറ്റ, അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഓരോന്നു വീതം. ആദ്യഘട്ടത്തിലാണിത്രയും. ഇതിൽ നൂൽപ്പുഴയും വാഴവറ്റയും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിക്കഴിഞ്ഞു.

53 ലക്ഷം രൂപയാണ് പദ്ധതിക്ക് ആദ്യഘട്ടത്തിൽ ചെലവിടുന്നത്.

അമേഠിക്കാർക്ക് ഇത് വിചിത്ര കഥയായി തോന്നാം. എന്തിന്, രാഹുൽ ഗാന്ധിയ്ക്കു പോലും. അതുകൊണ്ടാവുമല്ലോ, രാഹുൽ കേരളത്തിൽ സ്ക്കൂളുകളുണ്ടോ എന്നുവരെ ചോദിച്ചുകളഞ്ഞത്!

കേരളത്തിൽ വരുന്ന സ്ഥിതിക്ക് രാഹുൽ ഇനിയെങ്കിലും ഒരു കാര്യം ഓർക്കണം:

വികസനം വരണമെങ്കിൽ കോൺഗ്രസ് വരണം എന്ന കാഴ്ചപ്പാടിന്റെ പരാധീനത അറിയുന്നവരാണ് വയനാട്ടുകാർ.കോടീശ്വരന്മാർ ഒരു വശത്തു എണ്ണിയെണ്ണി കൂടുമ്പോൾ, അതിന്റെ അനേകായിരം മടങ്ങായി ദരിദ്രരുടെ എണ്ണം കൂടുന്ന താങ്കളുടെ പാർട്ടിയുടെ നയത്തെ വയനാട്ടുകാർക്ക് എടുക്കാൻ കുറച്ചു പ്രയാസമുണ്ട്! കോൺഗ്രസ്സ് തുടങ്ങിവെച്ച ആഗോളീകരണ നയത്തിന്റെ ആദ്യ ഇരകൾ വീണ നാടാണ് വയനാട്. പറയുന്നത് കർഷക ആത്മഹത്യയെക്കുറിച്ചുതന്നെ.

249304 കർഷകരാണ് കാർഷികവിലയിടിവും കടക്കെണിയുംകൊണ്ട് രാജ്യമാകെ 2000 മുതലുള്ള പതിനഞ്ച് കൊല്ലങ്ങളിൽ ജീവനൊടുക്കിയത്. വയനാട്ടിലും കർഷക ആത്മഹത്യകൾ തുടർക്കഥയായിരുന്നു.

അനൊരു നാട്ടിലാണ് ഇങ്ങനെയും ഒരു സമീപനമോ എന്ന് തോന്നിക്കുംവിധമുള്ള മറ്റൊരു വികസന കാഴ്ചപ്പാട്. കോർപ്പറേറ്റുകളുടെ വികസനമല്ല അതിന്റെ ലക്ഷ്യം. സാധാരണ മനുഷ്യരുടെ വികസനമാണ്. വികസനത്തിന്റെ മാനവിക നിലപാടാണിത്. അതിലാണ് വയനാട്ടുകാർക്ക് താല്പര്യം.

അതുകൊണ്ട്, അമേഠിയിൽ നിന്നും വയനാട്ടിൽ വരുമ്പോൾ രാഹുൽ നോക്കിക്കണ്ടുപഠിക്കേണ്ടത് ഈ ഇടപെടലുകളാണ്. അമേത്തിയിലെ പാവപ്പെട്ട മനുഷ്യർക്കെങ്കിലും അതുപകാരപ്പെടും.

(കടപ്പാട്)