രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച ചെലവാക്കാന്‍ അനുവദിക്കുന്ന പരമാവധി തുകയേക്കാളും വളരെ മുകളിലാണ് മിക്ക സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ്’. ഉദ്യോഗസ്ഥര്‍, പൊതുപ്രശ്നങ്ങൾ, നിയമം, നീതി എന്നിവ സംബന്ധിച്ച് പ്രവർത്തിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റി 2015 ഡിസംബര്‍ 17ന് രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കാര്യത്തില്‍ ഇന്നു നമുക്ക് ലഭ്യമായ ഏറ്റവും ആധികാരിക രേഖകള്‍, വിവിധ രാഷ്ട്രീയ കക്ഷികളും അവരുടെ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്ന കണക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം, 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 712.48 കോടി രൂപയും കോണ്‍ഗ്രസ് 486.21 കോടി രൂപയും സിപിഐ-എം 8.8 കോടി രൂപയുമാണ് രാജ്യമൊട്ടാകെ ചെലവഴിച്ചത്. ഇതില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കണക്കുകള്‍ വൈരുദ്ധ്യം നിറഞ്ഞതാണ് എന്ന് അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നല്‍കിയ ചെലവ് കണക്ക് പരിശോധിച്ചാല്‍ അനേകം വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും.

കണക്കുകള്‍ വിശകലനം ചെയ്യുമ്പോൾ

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റൈറ്റ്‌സ് എന്ന സംഘടന വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും അവതരിപ്പിച്ച കണക്കുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്തിട്ടുണ്ട്. ദേശീയ പാര്‍ട്ടികളുടെ 342 എംപിമാരില്‍ 263 പേര്‍ക്ക് പണം നല്‍കി എന്ന് പാര്‍ട്ടികള്‍ അവകാശപ്പെ ട്ടപ്പോള്‍, വെറും 175 എംപിമാര്‍ മാത്രമാണ് തങ്ങള്‍ക്ക് പാര്‍ട്ടികളില്‍ നിന്നു കാശ്‌ ലഭിച്ചു എന്ന് രേഖപ്പെടുത്തിയത്.
ഇതില്‍ തന്നെ 18 എംപിമാര്‍, പാര്‍ട്ടികള്‍ അവര്‍ക്കു നല്‍കി എന്നു രേഖപ്പെടുത്തിയതിനേക്കാളും പണം പാര്‍ട്ടികളില്‍ നിന്നു ലഭിച്ചു എന്ന് തെ രഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ ചെലവ് കണക്കില്‍ പറയുന്നു. 38 എംപിമാരുടെ കാര്യത്തിലാവട്ടെ, അവര്‍ക്ക് നൽകി എന്നു പാര്‍ട്ടികള്‍ രേഖപ്പെ ടുത്തിയതിനെക്കാളും കുറവാണ് എംപിമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും കൂടുതല്‍ വൈരുദ്ധ്യം കാണപ്പെടുന്നത് ബിജെപിയും അവരുടെ എംപിമാരും സമര്‍പ്പിച്ച കണക്കുകളിലാണ്. പാര്‍ട്ടിയില്‍ നിന്ന് തുക ലഭിച്ചു എന്ന് എഴുതിയ 70 ബിജെപി എംപിമാര്‍ക്ക് പണം നല്‍കിയിട്ടില്ല എന്നാണ് ബിജെപി രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥിയും പാര്‍ട്ടിയും സമര്‍പ്പിച്ച കണക്കുകളില്‍ വൈരുധ്യം കാണിക്കുന്ന എംപിമാരില്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയും എല്‍ കെ അദ്വാനിയുമുണ്ട്. ലോകസഭാ സ്പീക്കറായ സുമിത്ര മഹാജനിന് പണം നല്‍കി എന്നു ബിജെപി പറയുന്നുണ്ടെങ്കിലും, മഹാജന്‍ സമര്‍പ്പിച്ച കണക്കുകളില്‍ ഇതു കാണപ്പെടുന്നില്ല.

കോൺഗ്രസ് – കണക്കിൽ വൈരുദ്ധ്യം

കോണ്‍ഗ്രസിന്റെ 11 എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് പണം ലഭിച്ചു എന്നു രേഖപ്പെടുത്തിയെങ്കിലും, അതില്‍ ഏഴു പേര്‍ക്കു മാത്രമാണ് തുക നൽകിയതായി കോണ്‍ഗ്രസ് രേഖപെടുത്തിയിട്ടിള്ളത്. ബാക്കി നാല് എംപിമാരില്‍ മൂന്നും കേരളത്തില്‍ നിന്നുള്ള എംപിമാരാണ്. 31.05 ലക്ഷം രൂപ ലഭിച്ചു എന്നു പറഞ്ഞ മുല്ലപള്ളി രാമചന്ദ്രന്‍, 20 ലക്ഷം രൂപ ലഭിച്ചു എന്നു പ്രഖ്യാപ്പിച്ച കെ വി തോമസ്, പിന്നെ 15.67 ലക്ഷത്തിന്റെ കണക്കു പറഞ്ഞ ആന്റോ ആന്റണി എന്നിവര്‍ക്ക് കാശ് നല്‍കിയതായി കോണ്‍ഗ്രസിന്റെ രേഖകളില്‍ കാണുന്നില്ല.

സത്യമായ പാർട്ടി – സിപിഐഎം

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നു ലഭിച്ച കണക്കുകള്‍ പ്രകാരം പാര്‍ട്ടി പറയുന്ന കണക്കും സ്ഥാനാർഥികള്‍ പറയുന്ന കണക്കും ഒത്തുപോകുന്ന ഒരേ ഒരു പാര്‍ട്ടി സിപിഐ-എം മാത്രമാണ് എന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റൈറ്റ്‌സ് രേഖപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്താനുള്ള ചെറിയ ഒരു നടപടിയാണ് സ്ഥാനാർഥികളും അവരുടെ പാര്‍ട്ടിയും നല്‍കുന്ന കണക്കിലെ പൊരുത്തം. അതു പോലും ഉറപ്പ് വരുത്താന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിയുന്നില്ല എന്നത് ദുഃഖകരമാണ്.
തെരഞ്ഞെടുപ്പ് ഇന്ന് പണത്തിന്റെ കളി മാത്രമല്ല, പണം പൂഴ്ത്താനും വെളുപ്പിക്കാനുമുള്ള അവസരമായി മാറുന്നു എന്നത് ഒരു ദുഃഖസത്യമാണ്. സമഗ്ര തെരഞ്ഞെടുപ്പ് പരിഷ്കാരം ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ആവശ്യമാണ്. ഇതോടൊപ്പം തന്നെ കണക്കുകള്‍ പരിശോധിച്ചു വൈരുദ്ധ്യങ്ങള്‍ കാണുന്ന പക്ഷം അന്വേഷിച്ചു നടപടികള്‍ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ജ്ജവം കാണിക്കേണ്ടതുമാണ്. അതോടൊപ്പം പ്രസ്തുത നടപടികള്‍ എടുക്കുവാനായുള്ള നിയമ നിര്‍മ്മാണവും ആവശ്യം തന്നെ.