മുസോളിനിയുടെ ജീവന്‍ ഒരു പതിനഞ്ചു വയസുകാരന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നു പ്രചരിപ്പിച്ച്, ഇറ്റലിയില്‍ മുസോളിനി ഭരണകൂടം അടിച്ചമര്‍ത്തലിന്റെ ഒരു അടിയന്തരാവസ്ഥ നടപ്പിലാക്കി. 1926 നവംബര്‍ അഞ്ചിന് മന്ത്രിസഭ യോഗം ചേര്‍ന്ന് പൗരാവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള ഒരു കൂട്ടം നിയമങ്ങളുടെ കരട് തയ്യാറാക്കി. അത് നവംബര്‍ ഒമ്പതിനു തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. അന്ന് ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അന്റോണിയോ ഗ്രാംഷി. പാര്‍ലമെന്റ് അംഗവും.

വരാന്‍ പോകുന്ന നാളുകളെ മുന്‍കൂട്ടി നിരൂപിച്ചുകൊണ്ട് പാര്‍ടി, ഗ്രാംഷിയെ സ്വിറ്റ്സര്‍ലര്‍ണ്ടിലേക്ക് രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തി. എന്നാല്‍, അറസ്റ്റ് ഏറെക്കുറെ ഉറപ്പായപ്പോഴും ഗ്രാംഷി റോം വിടാന്‍ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു: തൊഴിലാളികള്‍ക്ക് അവരുടെ കാര്യം സ്വന്തം നിലയില്‍ നോക്കാനാകുമെന്നുറപ്പുവരുത്തിയിട്ടേ അത്തരമൊരു നീക്കം നടത്താന്‍ പാടുള്ളൂ. അത് തികച്ചും ന്യായവും അനിവാര്യവുമാണോ എന്നുറപ്പാക്കണം. നേതാക്കള്‍ സാധ്യമാവുന്നിടത്തോളം ഇറ്റലിയില്‍ തന്നെ തുടരണം.

പിന്നീട് ഇരുപതു വര്‍ഷങ്ങള്‍ തടവു ജീവിതത്തിനു ശിക്ഷിക്കപ്പെട്ടശേഷം, ജയിലില്‍ നിന്നെഴുതിയ ഒരു ആത്മകഥാ കുറിപ്പില്‍, ഗ്രാംഷി ഈ നിലപാടിനെ ഇങ്ങിനെ ന്യായീകരിച്ചു: കപ്പല്‍ച്ഛേദത്തില്‍ കപ്പിത്താന്‍ കപ്പല്‍ വിടേണ്ടത് അവസാനത്തെ ഊഴമാകണമെന്ന് നിയമമുണ്ട്. എല്ലാവരും മുകള്‍ത്തട്ടില്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയിട്ടു വേണം, കപ്പിത്താന്‍ തന്റെ ദേഹരക്ഷയെപ്പറ്റി ആലോചിക്കേണ്ടത്. കപ്പിത്താന്‍ തന്റെ കപ്പലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണം എന്നു ചിലര്‍ കടന്നു പറയാറുണ്ട്. അത് നാം വിചാരിക്കുന്ന പോലെ, യുക്തിരഹിതമായ ഒരു പ്രസ്താവമല്ല. തീര്‍ച്ചയായും കപ്പിത്താന് ആദ്യമേ രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുമ്പോള്‍, അങ്ങിനെ ചെയ്യാതിരിക്കുന്നതില്‍ ന്യായമില്ല. എന്നാല്‍ അത്തരം സവിശേഷ സാഹചര്യം, ഒരു പൊതുനിയമമാക്കിയാല്‍; കപ്പിത്താന്‍ തന്റെ കര്‍ത്തവ്യം പൂര്‍ണ്ണമായി നിറവേറ്റി എന്നു പറയാന്‍ എങ്ങിനെ കഴിയും? കപ്പലിനെ ഛേദത്തില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിയണം. കപ്പല്‍ച്ഛേദം സംഭവിച്ചു കഴിഞ്ഞാല്‍ കഴിയുന്നതും ആള്‍നഷ്ടം കുറയ്ക്കണം. കഴിയുന്നത്ര വസ്തുവകകള്‍ സംരക്ഷിക്കണം. അപ്പോള്‍, ആത്യന്തികമായ അര്‍ത്ഥത്തില്‍, കപ്പിത്താന്‍ അവസാനമാണ് കപ്പല്‍ വിടേണ്ടത് എന്നുവരുന്നു. തീര്‍ച്ചയായും അവളോടൊത്ത് അയാള്‍ മരിച്ചെന്നു വരാം. അപ്പോള്‍ മാത്രമാണ് നേതാവ് തന്റെ കടമ നിറവേറ്റി എന്ന് കരുതാനാകുക. നേതാവില്‍ നിന്ന് ഈ ഉറപ്പില്ലെങ്കില്‍, പിന്നെ കൂട്ടായ ജീവിതം എങ്ങിനെ സാധ്യമാകും? ആരും ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെങ്കില്‍ പിന്നെന്തു സാമൂഹ്യ ജീവിതം? സ്വന്തം ജീവിതം അന്യന്റെ കരങ്ങളില്‍ ഏല്പിക്കുന്ന വിശ്വാസത്തിന്റേയും സമര്‍പ്പണത്തിന്റെയും മനോഭാവത്തിലൂടെയല്ലാതെ ഈ ഉത്തരവാദിത്തം എങ്ങിനെ ഏറ്റെടുക്കാനാകും?

സാഗരം സാമൂഹ്യജീവിതം

കടലിലെ ജലത്തെപ്പറ്റി ശംഖുമുഖത്തെ തന്റെ പ്രസംഗത്തില്‍ പിണറായി പറഞ്ഞപോലെ, കടലായിരിക്കുമ്പോഴാണ് ജലത്തിന് തിരമാലകളായി ഉല്ലസിക്കാനും ആനന്ദിക്കുവാനും കഴിയുക. സാഗരത്തിന്റെ ശക്തിയുടെ പശ്ചാത്തലം ചോര്‍ന്നുപോയാല്‍, നേതാവ് വ്യക്തി എന്ന നിലയില്‍ കോപ്പയില്‍ കോരിയ ജലം മാത്രമാണ്. അയാള്‍ക്കു ജനതയെ ആവേശഭരിതരാക്കാനോ സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള പോരാട്ടത്തില്‍ അവരെ അണിനിരത്താനോ കഴിയില്ല. സാമൂഹ്യജീവിത സാഗരത്തിലെ ഒരു തിരയായി തന്നെ അറിയുന്നവനാണ് യഥാര്‍ത്ഥ നേതാവ്.

സാമൂഹ്യജീവിതത്തെ കടലിനോട് ഉപമിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് എന്താകണം? വിക്ഷുബ്ധമായ ഒരു കാലത്താണ് തന്റെ ഉത്തരാവാദിത്തം എന്ന ബോധ്യത്തില്‍ നിന്നായിരിക്കുമോ അത്? അടിയൊഴുക്കളും ചുഴികളൂം ക്ഷോഭവും നിറഞ്ഞ കടലിന്റെ അടിത്തട്ടില്‍ നമ്മുടെ സാമൂഹ്യജീവിതം മുങ്ങിമരിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാകുമോ ഈ ഉപമ?

ഒരു പ്രളയജലത്തില്‍ എന്നവണ്ണം സാമൂഹ്യജീവിതം ആടിയുലയുമ്പോള്‍, കൂടൊഴിച്ചുവെന്നു കരുതിയ ഭൂതപ്രേതപിശാചുക്കള്‍, കുടം പൊട്ടിച്ച് പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളില്‍ പുറത്തുവരുമ്പോള്‍, അത് ഒരു സര്‍റിയലിസ്റ്റ് കാലത്തെയാണ് കുറിയ്ക്കുന്നത്. അതീത യഥാര്‍ത്ഥ്യങ്ങളുടെ വര്‍ത്തമാനം. പ്രവചനങ്ങള്‍ക്കപ്പുറത്തെ ഭാവിയുടെ വക്കത്തിരുന്ന്, രാഷ്ട്രീയയുക്തിയുടെ രഥം നയിക്കും പോലെ ക്ലേശകരം. ഏതു സന്ദര്‍ഭത്തിലും ദൗര്‍ബല്യവും പരാജയവും പതിയിരിക്കുന്ന യുദ്ധമുഖത്ത്, അടിക്കടി തന്ത്രങ്ങള്‍ മാറ്റിപ്പരീക്ഷിച്ചു മുന്നേറേണ്ടുന്ന, ഒരു സൈന്യാധിപന്റെ കര്‍ത്തവ്യത്തിന്റെ ക്ലേശം പോലെ. രാഷ്ട്രീയജീവിതം അത്രമേല്‍ മാറിമറിഞ്ഞ സന്ദര്‍ഭം. സാമൂഹ്യജീവിതം ഉറവിടങ്ങളുടെ കുത്തൊഴുക്കില്‍ മുങ്ങി മരിക്കാനൊരുങ്ങുമ്പോള്‍, മാര്‍ഗദര്‍ശനമില്ലാതെ ജനത സ്തംഭിച്ചുനില്‍ക്കുമ്പോള്‍, ഇച്ഛയുടെ വിസ്മയമായി ഉയര്‍ന്നു വരുന്ന അശ്വത്ഥങ്ങള്‍.

രക്ഷകനെപ്പറ്റിയുള്ള ഈ ബിംബം എന്നും മനുഷ്യമനസ്സിന് അഭയം നല്‍കിയിട്ടുണ്ട്. വിഹ്വലതകള്‍ക്ക് തണലാകാറുണ്ട്. പ്രത്യേകിച്ചും പ്രതിസന്ധികളുടെ നാളുകളില്‍. വിമര്‍ശനത്തിന്റെയും ആക്ഷേപത്തിന്റെയൂം കീറിമുറിക്കലിന്റെയും വിചാരണചെയ്യലിന്റെയും കാറ്റും കോളും അക്ഷോഭ്യമായി നേരിട്ട്, പിണറായി വിജയന്‍ എന്ന രാഷ്ട്രീയധിഷണയുടെ ആല്‍മരച്ചോട് അചലമായി നിലകൊള്ളുന്നു. വരുംവരായ്കകളുടെ ചുഴലിയില്‍ അഭയത്തിന്റെ ആ കനത്ത വള്ളികളില്‍ തൂങ്ങി നാം അക്കരെ കടന്നു. ആ അഭയസ്ഥലം ഇപ്പോള്‍ രാഷ്ട്രീയ നിരപേക്ഷമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദേശീയമായി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു നേതാവ് ജനതയുടെ എല്ലാ വിഭാഗത്തിന്റെയും അഭിലാഷങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന നിലയില്‍ വളരുമ്പോള്‍, അയാള്‍ മഹത്വത്തിന്റെ ആദ്യ ചുവടു പിന്നിടുന്നുവെന്ന് ഇഎംഎസ് എഴുതുന്നുണ്ട്. കാലഘട്ടത്തിന്റെ നേതാക്കള്‍ എന്നു വിശേഷിപ്പിക്കാവുന്ന അത്തരം കര്‍മ്മപഥം, ചരിത്രത്തിന്റെ ഇടവേളകളില്‍ മാത്രം സംഭവിക്കുന്നതാണ്. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അതിമാനുഷികത എന്ന അപകടത്തെ, പിണറായി തന്റെ സാധാരണത്വം കൊണ്ട് എപ്പോഴും പ്രതിരോധിച്ചിട്ടുണ്ട്. കപ്പിത്താന്‍ എന്നും അടിത്തട്ടിലെ ഒരാളായി അറിയപ്പെടാനാണ് സ്വയം ഇഷ്ടപ്പെടുന്നത് എന്നു വരുമ്പോള്‍ അതങ്ങിനെ ആകാനേ വഴിയുള്ളൂ. അംഗീകാരത്തിന്റെ പൂച്ചെണ്ടുകള്‍ക്കൊപ്പം തന്നെ, മറ്റൊരു നിലപാടിന്റെ പേരില്‍, അതേ കാലത്തു തന്നെ, വിമര്‍ശനവും ഏറ്റു വാങ്ങുക. നിന്ദാ-സ്തുതികള്‍ ഒരു പോലെ സ്വീകരിക്കുക. ലഭ്യമായ ഒരു അംഗീകാരം നിലനിര്‍ത്താന്‍ മറ്റൊരു തലത്തില്‍ വിട്ടുവീഴ്ചക്കു വിധേയമാകാതെയിരിക്കുക. വന്ദിക്കപ്പെടുന്നുവെന്നോ നിന്ദിക്കപ്പെടുന്നുവെന്നോ ഉള്ള ഭാവിയെക്കുറിച്ച് നിസംഗമാകുക. ലക്ഷ്യത്തിന്റെ ഉണ്മയെ തേടാനുള്ള ആ കര്‍മ്മവീര്യമാണ് പലരും പിണറായിയുടെ ധാര്‍ഷ്യട്യമായും താന്‍പോരിമയായും ചിത്രീകരിച്ചത്. അത്തരമൊരു ധാര്‍ഷ്ട്യമില്ലായിരുന്നുവെങ്കില്‍, നടക്കുന്ന വഴിത്താരയെക്കുറിച്ച് ബോധമില്ലായിരുന്നുവെങ്കില്‍, സ്വന്തം നിലനില്‍പിനെക്കുറിച്ചുള്ള ആ ആത്മബോധം ആര്‍ജിച്ചിട്ടില്ലായിരുന്നുവെങ്കില്‍, പിണറായിയുടെ രാഷ്ട്രീയജീവിതം കടന്നുപോയ പ്രതിസന്ധികളെ സംബന്ധിച്ചിടത്തോളം, അതിജീവിക്കുക അസാധ്യമായേനെ. അതിവൈകാരികതയും അസഹിഷ്ണുതയും ദൈനംദിനഭാഷയാകുന്ന സൈബര്‍ കാലത്ത്, ഇച്ഛയും സ്ഥൈര്യവും കൈവിടാതെയിരിക്കുക എന്നത് അത്ര എളുപ്പമല്ല. സത്യാനന്തര യുഗത്തില്‍ നുണകളുടെ ആള്‍ദൈവങ്ങള്‍ ഉണ്ടാകും പോലെ സത്യത്തിന് ഷെയ്ഖുമാരും സാധ്യമാണല്ലോ. എല്ലാത്തിനെയും നൈമിഷികമാക്കുകയും, ഗൗരവമായതിനെയെല്ലാം അപ്രസക്തമാക്കുകയും ചെയ്യുന്ന പുതിയ മാധ്യമ സംസ്കാരത്തിന്റെ കാലത്താണ്, തൊങ്ങലുകളും അലങ്കാരവുമില്ലാത്ത ശുദ്ധസാരംഗിയായി മാറാന്‍ പിണറായി വിജയനു കഴിഞ്ഞത്. സ്നേഹവര്‍ഷങ്ങള്‍ ഹൃദയചിഹ്നമായി സൈബര്‍ സ്പേസില്‍ നിറയുന്നത്.

പ്രളയക്കപ്പലിലെ കപ്പിത്താന്‍

ചിലപ്പോള്‍ ഉയര്‍ന്നു പറക്കുന്നതുകണ്ട് സഖാവ് തങ്ങളെ കൈവിടുകയാണോ എന്നു ചിലര്‍ക്കെങ്കിലും തോന്നി. എന്നാല്‍ ഉയര്‍ന്നു പറക്കുന്ന പക്ഷി താന്‍ ഉയര്‍ന്നു പൊങ്ങിയ വയലേലകളും മരച്ചില്ലകളും ഒരിക്കലും മറന്നുപോയില്ല. പ്രളയത്തിന്റെ നാളുകളില്‍ തന്റെ മിശിഹാ ദൗത്യം അതിനു തെളിവായി പിണറായിയുടെ ജീവചരിത്രം തീര്‍ത്തു. പിണറായി വിജയനിലെ അതിസാധാരണത്വം തുളുമ്പുന്ന മനുഷ്യസ്നേഹിയെയും, സ്നേഹത്തിന്റെ അതിവര്‍ഷം നടക്കുന്ന മനസ്സിനെയും പ്രളയം കേരളീയര്‍ക്കു പരിചയപ്പെടുത്തി. ഒരു ജൈവ മനുഷ്യന്‍ സാമൂഹ്യജീവിതത്തില്‍ മുതൽക്കൂട്ടാകുന്നത് എങ്ങിനെയെന്ന് അനുഭവിച്ചറിഞ്ഞു. ഇപ്പോള്‍ ദത്തുപുത്രനായല്ല, രക്തപുത്രനായിത്തന്നെ. സിദ്ധാന്തം വലിച്ചുനീട്ടിയ പ്രയോഗമല്ല, പ്രയോഗത്തിലൂടെ സിദ്ധാന്തം അനിവാര്യമാക്കുന്ന കര്‍മ്മപഥം. വർഗ്ഗം അതിന്റെ സ്വത്വം കണ്ടെത്തുന്നതിന്റെ യഥാര്‍ത്ഥ ചരിത്രം, പിണറായിയുടെ ജീവചരിത്രം.

പ്രതിസന്ധികളില്‍ ദൗത്യം സ്വയമേറ്റെടുക്കാനും കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും സ്വയം ഉത്തരവാദിത്വം വഹിക്കാനുമുള്ള ആ ഉള്ളുറപ്പ്, പ്രളയനാളുകള്‍ സാക്ഷ്യം വഹിക്കുകതന്നെ ചെയ്തു. കപ്പൽച്ഛേദത്തിലെ കപ്പിത്താനെപ്പോലെ. സൂക്ഷ്മാര്‍ത്ഥത്തിലും സ്ഥൂലാര്‍ത്ഥത്തിലും അതു ശരിയായിരുന്നു. അശരീരിയായി ആ ശബ്ദത്തെക്കാത്തിരുന്ന കേരളീയര്‍, തങ്ങള്‍ക്ക് അല്‍പം അപരിചിതനായ ഒരു പിണറായിയെ കാണുകയായിരുന്നു. എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നാം നാളെ ഒരുമിച്ചിറങ്ങുകയല്ലേ എന്ന മറുപടി, മായാത്ത സ്നേഹലിപികളായി കേരളീയരുടെ മനസ്സില്‍ മഥിച്ചു. ദൗത്യം ജനത ഒറ്റക്കെട്ടായി ഏറ്റെടുക്കുകയും അര്‍ത്ഥപൂര്‍ണ്ണമായി നിറവേറ്റുകയും, മഹത്വത്തിന്റെ മാതൃകാഗ്രന്ഥത്തില്‍ സ്വയം രേഖയാവുകയും ചെയ്തു. വിജയനല്ലേ വിജയിക്കും എന്ന ആത്മവിശ്വാസം എല്ലാവരിലും പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

പാട്യം എന്ന വികാരം

അടിയന്തരാവസ്ഥയുടെ നാളുകളിലാണ് തന്റെ രാഷ്ട്രീയജീവിതം പിണറായി വിജയന്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബീജങ്ങള്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. ഭരണകൂടത്തെ ശരീരത്തില്‍ തന്നെ ഏറ്റുവാങ്ങിയിരുന്നു. ഇഎംഎസിന്റെയും എകെജിയുടെയും സ്നേഹ പരിലാളനകളും ഉപദേശങ്ങളും ഇല്ലായിരുന്നുവെങ്കില്‍ വർഗ്ഗീസിനൊപ്പം മാവോയിസത്തിന്റെ പാഠശാലയിലേക്ക് ആ യുവവിപ്ലവകാരി വഴുതിപ്പോയേനെ. ക്ഷമയൂടെ പാഠങ്ങള്‍ അങ്ങിനെയാവണം പഠിച്ചെടുത്തത്. സ്വയം സമര്‍പ്പിക്കാനും അച്ചടക്കം പുലര്‍ത്താനും വൈകാരിക തിരത്തള്ളലിനെ അടക്കിവെയ്ക്കാനുള്ള പരിശീലനം. എങ്കിലും പാട്യം ഗോപാലനെക്കുറിച്ചു പറഞ്ഞാല്‍ ആ ധാര്‍ഷ്ട്യക്കാരന്റെ മട്ടും ഭാവവും മാറും. പാട്യമാകണം പിണറായിയുടെ സൈദ്ധാന്തിക ഗുരുവായിരിക്കുക. വായനയുടെ പാതിരകള്‍ പാട്യത്തിന്റെ സവിശേഷ പാര്‍ടി ജീവിതമായിരുന്നുവല്ലോ. പാട്യം പിണറായിയുടെ വികാരമാണ്.

ചിലപ്പോള്‍ ഉയര്‍ന്നു പറക്കുന്നതുകണ്ട് സഖാവ് തങ്ങളെ കൈവിടുകയാണോ എന്നു ചിലര്‍ക്കെങ്കിലും തോന്നി. എന്നാല്‍ ഉയര്‍ന്നു പറക്കുന്ന പക്ഷി താന്‍ ഉയര്‍ന്നു പൊങ്ങിയ വയലേലകളും മരച്ചില്ലകളും ഒരിക്കലും മറന്നുപോയില്ല. പ്രളയത്തിന്റെ നാളുകളില്‍ തന്റെ മിശിഹാ ദൗത്യം അതിനു തെളിവായി പിണറായിയുടെ ജീവചരിത്രം തീര്‍ത്തു. പിണറായി വിജയനിലെ അതിസാധാരണത്വം തുളുമ്പുന്ന മനുഷ്യസ്നേഹിയെയും, സ്നേഹത്തിന്റെ അതിവര്‍ഷം നടക്കുന്ന മനസ്സിനെയും പ്രളയം കേരളീയര്‍ക്കു പരിചയപ്പെടുത്തി. ഒരു ജൈവ മനുഷ്യന്‍ സാമൂഹ്യജീവിതത്തില്‍ മുതൽക്കൂട്ടാകുന്നത് എങ്ങിനെയെന്ന് അനുഭവിച്ചറിഞ്ഞു. ഇപ്പോള്‍ ദത്തുപുത്രനായല്ല, രക്തപുത്രനായിത്തന്നെ. സിദ്ധാന്തം വലിച്ചുനീട്ടിയ പ്രയോഗമല്ല, പ്രയോഗത്തിലൂടെ സിദ്ധാന്തം അനിവാര്യമാക്കുന്ന കര്‍മ്മപഥം. വർഗ്ഗം അതിന്റെ സ്വത്വം കണ്ടെത്തുന്നതിന്റെ യഥാര്‍ത്ഥ ചരിത്രം, പിണറായിയുടെ ജീവചരിത്രം.

മാടപ്പുരയിലെ ഘാതകര്‍

കുപ്രസിദ്ധമാണ് പിണറായി വിജയന്റെ മുസ്ലിം സ്നേഹം. സഹജീവികളോടുള്ള പാരസ്പര്യത്തെയും അവരുമായുള്ള ഐക്യദാർഢ്യത്തെയും പ്രീണനം എന്നു പഴിച്ചു വലതുപക്ഷ മനസ്സ്. പതുക്കെ വലതുപക്ഷ ഹൈന്ദവത എന്ന സുഖപ്രദേശത്തേക്ക് കൂടുമാറാന്‍ തയ്യാറായ ബുദ്ധിജീവികളെ, വിജയന്റെ സെക്കുലറിസം വഴിനടത്തി. ദേശീയജീവിതത്തില്‍ സംഘപരിവാര പരാക്രമങ്ങള്‍ക്കു നടുവില്‍, മുസ്ലിം ജീവിതം വേട്ടയാടപ്പെട്ടപ്പോള്‍, പഴികളെയും ആക്ഷേപങ്ങളെയും അതിജീവിച്ച്, അവരുടെകൂടെ പരസ്യമായി നില്‍ക്കാനുള്ള ഉയര്‍ന്ന കമ്യൂണിസ്റ്റ് ബോധം വിജയനുണ്ടായിരുന്നു. മാടപ്പുരയില്‍ തന്നെ വെട്ടാന്‍ കാത്തിരുന്ന ഗുണ്ടകളെപ്പറ്റി, വിജയാ അങ്ങോട്ട് പോവേണ്ട.. അവിടെ മാടപ്പുരയില്‍ നിന്നെ കൊല്ലാന്‍ ആളു നില്‍ക്കുന്നുണ്ട്.. എന്നു പറഞ്ഞുകൊടുത്ത വല്ല്യുമ്മ, ആ അവബോധം വിജയനു യൗവനത്തിലേ പകര്‍ന്നു നല്‍കിയിരുന്നു. മതരനിരപേക്ഷതയെ ആഴത്തില്‍ അറിഞ്ഞ ആ ചുണ, തലശ്ശേരി കലാപകാലത്ത് പാർട്ടിയുടെ സമ്പത്തായി. സമാധാനത്തിന്റെ കാവല്‍ഭടന്മാരായി തലശ്ശേരിത്തെരുവുകളില്‍ പിണറായിയും സഖാക്കളും ജീപ്പില്‍ ചുറ്റിസ്സഞ്ചരിച്ച ചിത്രം, സൂഫി ചിന്തകനും എഴുത്തുകാരനുമായ ഇ എം ഹാഷിം പങ്കുവെയ്ക്കുകയുണ്ടായി.

തീവ്രവാദിയെന്നു മുദ്രകുത്തി ജയിലിലടച്ച അബ്ദുല്‍ നാസര്‍ മഅദനിയുടെ വേദി പങ്കിട്ട വിവാദം ഇന്നും തീര്‍ന്നിട്ടില്ല. മാറാട് കലാപത്തില്‍ പൊതുബോധം കുറ്റവാളികളായെണ്ണിയ മുസ്ലിങ്ങള്‍ക്ക്, എതിര്‍പ്പുകളെ അതിജീവിച്ചും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാന്‍ കാണിച്ച സ്ഥൈര്യം. ഏതു ദുര്‍ഘട സന്ധിയിലും താനും തന്റെ പാർട്ടിയും ഇരകളാക്കപ്പെട്ടവരുടെ കൂടെയുണ്ട് എന്ന പ്രഖ്യാപനമായി; അതെല്ലാം കേരളരാഷ്ട്രീയത്തിലെ തങ്കലിപികളായി. മലപ്പുറത്തിന്റെ മണ്ണില്‍ വെച്ചുതന്നെയാണല്ലോ ഉലഞ്ഞ ആ കപ്പലിന്റെ പായ ഉയര്‍ത്തിപ്പിടിക്കാന്‍ പിണറായിക്കായത്. പരമ്പരാഗത പാർട്ടിയില്‍ ശീലമുറച്ചവര്‍ അതിനെ മറ്റൊരു നിലയില്‍ കണ്ടുവെങ്കിലും, ഇഎംഎസ്സിന്റെ വിയോഗത്തിനു ശേഷം, ധൈഷണികമായ പിന്തുണ ഇല്ലാതായ ഒരു പാര്‍ടിയുടെ അന്തച്ഛിദ്രത്തിനു ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങളെ, പ്രതിരോധിക്കുകയായിരുന്നു പിണറായിയുടെ നേതൃത്വം ചെയ്തത്.

വരാനിരിക്കുന്നത് കമ്യൂണിസം ദുര്‍ബലമായേക്കാവുന്ന നാളുകളാണെന്ന ദീര്‍ഘവീക്ഷണം, കെട്ടുറപ്പുള്ള ഒരു പാർട്ടിയെ കേരളത്തില്‍ നിലനിര്‍ത്തുന്നതിലേക്കാണു നയിച്ചത്. ചെറിയ കലഹങ്ങള്‍ക്കുപോലും ശേഷിയില്ലാത്തവിധം ഒരു കൊച്ചുതുരുത്തിലാണ് നാം എന്ന് പിണറായി എപ്പോഴും ഓര്‍മ്മിപ്പിക്കും. അക്കാര്യത്തില്‍ കണിശക്കാരനും. പശ്ചിമ ബംഗാളിലെ പാര്‍ടിയുടെ കെട്ടുറപ്പിനു വിള്ളലേറ്റപ്പോള്‍, കേരളത്തില്‍ നവീനമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യക്കാകെ ധൈഷണികനേതൃത്വം നല്‍കി. പിണറായി വിജയനായിരുന്നു അതിന്റെ അമരക്കാരനായത്. ഫാസിസ്റ്റ് ശീതക്കാറ്റിന്റെ പിടിയലകപ്പെട്ട് ഉലഞ്ഞ കപ്പലിനെ സ്വന്തം പ്രദേശത്ത് സുശക്തമായ യാത്ര തുടരാനുള്ള അന്തരീക്ഷം തീര്‍ത്തുകൊണ്ട് അദ്ദേഹം നയിച്ചു. അത് ദേശീയരാഷ്ട്രീയത്തിലെ ഒരു പ്രതിരോധ മതില്‍ ആയി പരിണമിച്ചിരിക്കുന്നു. എങ്ങും ഇരുട്ടുവ്യാപിക്കുമ്പോള്‍ വെളിച്ചത്തിന്റെ ഉറവിടമായി കേരളവും അതിന്റെ മുഖ്യമന്ത്രി പിണറായി വിജനും മാറിയ കാഴ്ച. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ രാഷ്ട്രീയാതീതമായി നല്‍കുന്ന പിന്തുണ. മതമോ രാഷ്ട്രീയമോ ഇന്ന് പിണറായി വിജയനോടുള്ള സ്നേഹവായ്പിന് തടസ്സമല്ല.

നോഹയുടെ പെട്ടകം

പിണറായിയുടെ നേതൃത്വം സമകാലീന ഇന്ത്യയില്‍ കേരളത്തെ അതിജീവിനത്തിന്റെ ആ കപ്പലാക്കി മാറ്റിയിരിക്കുന്നു എന്നു നിസ്സംശയം പറയാം. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് നോഹയുടെ പെട്ടകമാണിന്ന് കേരളം. അവിടെയും അന്തച്ഛിദ്രമുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍. അതിനെ പ്രതിരോധിച്ച പെണ്‍മതില്‍. ലോക ചരിത്രത്തില്‍ രേഖയായിത്തീര്‍ന്ന ബൃഹദ് വനിതാസംഗമം. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനം ബാക്കി വെച്ച ഇരുട്ടിന്റെ ഇടങ്ങളിലേക്ക്, വെളിച്ചമയക്കാനുള്ള പ്രേരണയായി ശബരിമലയും പെണ്‍മതിലും ഇന്ന് ഒരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. നവോത്ഥാനത്തിന്റെ കര്‍മ്മ സമിതികള്‍ നാടെങ്ങും പൊട്ടിമുളയ്ക്കുന്നു. പെണ്‍ഹൃദയങ്ങളില്‍ ഒരു ജനനേതാവ് കേരളത്തില്‍ ഇത്രത്തോളം പ്രിയപ്പെട്ടതായിത്തീര്‍ന്നിട്ടുണ്ടാകില്ല. വനിതകളും ദളിത് വിഭാഗങ്ങളും തങ്ങളുടെ രാഷ്ട്രീയ സ്വത്വത്തെ സ്വയം നിര്‍വചിക്കാനാകുന്ന ധൈഷണികാന്തരീക്ഷമൊരുക്കിയ മുഖ്യമന്ത്രി എന്നു പിണറായിയെ ഹൃദയത്തോടു ചേര്‍ക്കുന്നു. കലാകാരികളുടെ കൂട്ടായ്മകള്‍ പരസ്യപിന്തുണയുമായി മുഖ്യമന്ത്രിക്കൊപ്പം. കേരളത്തെ പുരോഗമനചിന്തയുടെയും രാഷ്ട്രീയത്തിന്റേയും അന്തര്‍ദേശീയമാതൃകയാക്കിത്തീര്‍ത്ത വിസ്മയം. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അത്ഭുതത്തിന്റെയും വിസ്മയത്തിന്റെയും ഒരു പച്ചത്തുരുത്തായി അന്തര്‍ദേശീയസമൂഹം കേരളത്തെ കാണുന്നു.

ശബരിമല കേരളത്തിന്റെ ഒരു പുത്തന്‍ അധ്യായമാണ്. ധീരമായിരുന്നു ആ ഇടപെടല്‍. ചരിത്രം പലപ്പോഴും, പരിഹരിക്കപ്പെട്ടു എന്നു തോന്നുന്ന വൈരുദ്ധ്യങ്ങളെ വീണ്ടും പുറത്തിട്ടു എന്നു വരാം. ബൗദ്ധജീവിതത്തിന്റെ അവസാന തിരുശേഷിപ്പായ ശബരിമലയെയും അവിടുത്തെ ചരിത്രത്തെയും കേരളീയസമൂഹത്തില്‍ അതുണ്ടാക്കിയ മുതല്‍ക്കൂട്ടിനെയും ബ്രാഹ്മണമതം പതുക്കെ സ്വാംശീകരിച്ചതിന്റെ ചരിത്രം ഇവിടെ ചോദ്യംചെയ്യപ്പെടുന്നു. ഇറക്കിവിട്ട വംശങ്ങള്‍ക്കും അന്തപ്പുരത്തിലടച്ച ജീവിതങ്ങള്‍ക്കും ലഭിച്ച ഈ പുതിയ ചരിത്രബോധത്തിന്റെ കാരണവരാകാന്‍ പിണറായിക്കു കഴിഞ്ഞു. പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള ശബരിമലയുടെയും അയല്‍ പ്രദേശങ്ങളുടെയും, അതുവഴി കേരളത്തിന്റെ ആകെയും, ചരിത്രത്തിന്റെ പല അടരുകളും പുറത്തുകൊണ്ടുവരുന്നതിലേക്ക് ശബരിമല പ്രശ്നവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. നവോത്ഥാനപരമായ ഒരു രണ്ടാം കേരളത്തിന്റെ ഉണര്‍വിലൂടെ മാത്രമേ പുതുതായി ഉയര്‍ന്നു വന്നിരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കാനാവൂ. ഈ ബോധ്യമാണ് മുഖ്യമന്ത്രിയെ പെണ്‍മതില്‍ എന്ന സംരംഭത്തെ സ്വാഗതംചെയ്യുന്നതിലേക്കു നയിച്ചത്. കേരളീയജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വലിയ ഒരു വൈരുദ്ധ്യമാണ് ഇവിടെ പുറത്തിട്ടിരിക്കുന്നത്. എന്നെങ്കിലും ഉത്തരം കാണേണ്ട പല ചോദ്യങ്ങളും ഇവിടെ ഉയരും.

അതുകൊണ്ടാണ് കാഞ്ച ഇളയ്യ പറഞ്ഞത്, എകെജിയെയും സുന്ദരയ്യയെയും പോലെ നവോത്ഥാനപരമായ ഇടപെടലുകളാണ് പിണറായി വിജയന്‍ നടത്തിയിരിക്കുന്നത് എന്ന്. ഇഎംഎസിനു ശേഷം കേരളീയരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നുറപ്പിച്ചു പറയാം. അത് വ്യക്തിപരമായ ചില ഔന്നത്യത്തേക്കാള്‍ ചരിത്രപരമായ ചില നിയോഗങ്ങളാണ്. സ്വന്തം നിയോഗത്തെ ഒരു നേതാവ് ശരിയായി മനസ്സിലാക്കുമ്പോള്‍ അയാള്‍ക്ക് തന്റെ ജോലി എളുപ്പമാകുന്നു. അത് ഉള്ളുറപ്പോടെ നിര്‍വ്വഹിക്കാനാകുന്നു.