ജെഎൻയു ചുവന്ന് തന്നെ. തുടര്‍ച്ചയായ നാലാംതവണയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾ ഇടതുപക്ഷത്തെ നെഞ്ചോട് ചേര്‍ക്കുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങൾക്ക്‌ പടരാൻ അവസരമൊരുക്കാമെന്ന സർക്കാരിന്റെയും സർവകലാശാല അധികൃതരുടെയും ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണ്‌ ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലം. തീവ്ര ദേശീയതയുടെ ചിറകിലേറി ജെഎൻയുവും കീഴടക്കാമെന്ന പ്രതീക്ഷയിലായിരുന്നു എബിവിപി. എന്നാൽ എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, ഡിഎസ്എഫ് സഖ്യം സംഘപരിവാറിന്റെ വ്യാപകമായ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് വീണ്ടും വിജയക്കൊടി പാറിക്കുകയായിരുന്നു.

2006നു ശേഷം ഇതാദ്യമായാണ് ജെഎൻയുവിൽ എസ്എഫ്ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജയിക്കുന്നത്. എസ്എഫ്ഐ സ്ഥാനാർത്ഥിയായ ഐഷി ഘോഷിന് 2313 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയത് എബിവിപിയും മൂന്നാം സ്ഥാനം പിടിച്ചത് സ്വത്വവാദ സംഘടനയായ ബാപ്സയുമാണ്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാർത്ഥി മനീഷ് ജാംഗിദിന് 1128 വോട്ടുകൾ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‍സയും എബിവിപിയുമായുള്ള വ്യത്യാസം വെറും 6 വോട്ടുകൾ മാത്രം.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡിഎസ്എഫ് സ്ഥാനാർത്ഥി സാകേത് മൂൻ ആണ് വിജയിച്ചത്. 3365 വോട്ടുകളാണ് സാകേതിന് ലഭിച്ചത്. എബിവിപി സ്ഥാനാർത്ഥി ശ്രുതി അഗ്നിഹോത്രിക്ക് കിട്ടിയത് 1335 വോട്ടുകൾ മാത്രം. ഐസ സ്ഥാനാർത്ഥിയായ സതീഷ് യാദവാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വിജയിച്ചത്. ഇദ്ദേഹത്തിന് 2518 വോട്ട് ലഭിച്ചു. എന്നാൽ എബിവിപിയുടെ ശബരീഷ് പി എ യ്ക്ക് ലഭിച്ചത് 1355 വോട്ടുകൾ മാത്രമാണ്. ബാപ്‍സയ്ക്ക് തന്നെയാണ് ഇവിടെയും മൂന്നാം സ്ഥാനം. 1232 വോട്ടുകൾ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എഐഎസ്എഫിന്റെ എംഡി ഡാനിഷ് ആണ് ഒന്നാമതെത്തിയത്. ഇദ്ദേഹത്തിന് ലഭിച്ചത് 3295 വോട്ടാണ്. എബിവിപി സ്ഥാനാർത്ഥി സുമന്ത ബസു ബഹുദൂരം പിന്നിലായിരുന്നു. കിട്ടിയത് 1508 വോട്ടുകൾ മാത്രം.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.9 ശതമാനം പേരാണ് വോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണിത്. 8,488 ല്‍ 5,762 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. സര്‍വകലാശാല തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഞായറാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ അസാധുവാകും. അതുകൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധിയുടെ പേരില്‍ വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് 12 മണിക്കൂര്‍ വൈകി ശനിയാഴ്ച ഉച്ചയോടെ വോട്ടെണ്ണല്‍ ആരംഭിച്ചത്.

രാജ്യത്തെയും ലോകത്തെയും ബാധിച്ച നിർണായകവിഷയങ്ങളിൽ ഊന്നിയായിരുന്നു ഇക്കുറിയും തെരഞ്ഞെടുപ്പ്‌ സംവാദങ്ങൾ നടന്നത്‌. 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിയും ആമസോൺ മഴക്കാടുകളിലെ തീപിടിത്തവും എല്ലാം ചർച്ചയായി. 2008ൽ ലിങ്ദോ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് സർവ്വകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് നടന്നത് 2012ലാണ്. ഇതിൽ ഐസ സ്ഥാനാർത്ഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. പിന്നീട് തുടർച്ചയായി ഐസ സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു വന്നു. 2015-16 തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിലൂടെ ഇടതു സംഘടനകൾ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. ഇദ്ദേഹം എഐഎസ്എഫ് സ്ഥാനാർത്ഥിയായിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പും എബിവിപി ക്യാംപസിൽ അക്രമം അഴിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായ സംവാദത്തിനിടെ എസ്‌എഫ്‌ഐ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ വെങ്കിടേഷ്‌ പൊസഗൊല്ലയെയാണ് എബിവിപി ആക്രമിച്ചത്. തലപൊട്ടി ഗുരുതരമായി പരിക്കേറ്റ വെങ്കിടേഷിനെ എയിംസ്‌ ട്രോമകെയർ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്‌ച ഡൽഹി സർവകലാശാലയിൽ നമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ പ്രവർത്തകരെ എബിവിപി ആക്രമിച്ചിരുന്നു. പത്രിക കീറിയെറിഞ്ഞു. ബുധനാഴ്‌ച രാത്രി പ്രസിഡൻഷ്യൽ ഡിബേറ്റിനിടെയാണ്‌ ജെഎൻയുവിൽ ആക്രമണം നടന്നത്. വിരുദ്ധ ആശയങ്ങളോട്‌ സഹിഷ്‌ണുതയോടെ സംവദിക്കുന്ന ജെഎൻയുവിലെ രീതിയിൽനിന്ന്‌ വ്യത്യസ്‌തമായി അക്രമത്തിന്റെ വഴിയിലാണ്‌ എബിവിപി.

By Vishnu