ജാതി രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് തെളിയിച്ചുകൊണ്ട് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും ജയിച്ചു. രണ്ടു സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, എൽഡിഎഫിന്റെ സിറ്റിം​ഗ് സീറ്റായിരുന്ന അരൂർ യുഡിഎഫ് പിടിച്ചെടുത്തു. ഒരിടത്തും ബിജെപിക്ക് സീറ്റില്ല.

എൻഎസ്എസിനെ പോലുള്ള ഒരു സമുദായ കക്ഷിക്കും കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന തരത്തിലേക്കുള്ള ശക്തിയാകാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് മിന്നുന്ന ജയം നേടി. ഇതോടെ 91 അംഗങ്ങളുമായി അധികാരത്തില്‍ വന്ന എല്‍ഡിഎഫിന്റെ നിയമസഭയിലെ കക്ഷിനില 93 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന എട്ടില്‍ നാല് ഉപതെരെഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി വിജയം. ഇതില്‍ മൂന്നിടത്ത് യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിചെടുത്തായിരുന്നു എല്‍ ഡി എഫ് വിജയം. ഷാനിമോൾ ഉസ്മാനിലൂടെ അരൂർ തിരികെ പിടിക്കാൻ കഴിഞ്ഞത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ള നേട്ടം.

കോന്നിയിലെ തോൽവിയോടെ കോൺഗ്രസ്സിന് നിയമസഭാംഗങ്ങൾ ഇല്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായി ഉയർന്നു. കാസർകോട്, കോഴിക്കോട്, കൊല്ലം, ഇടുക്കി എന്നീ കോൺഗ്രസ് മുക്ത ജില്ലകളുടെ ശ്രേണിയിലേക്ക് പത്തനംതിട്ടയും ചേർക്കപ്പെട്ടിരിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ മണ്ഡലമായ ഹരിപ്പാടു കഴിഞ്ഞാൽ ഒരു കോൺഗ്രസ് നിയമസഭാംഗത്തെ കാണണമെങ്കിൽ തിരുവനന്തപുരം വരെ എത്തണ്ട സ്ഥിതി.

ശരിദൂരം ഇക്കുറി യുഡിഎഫിലേക്ക് നീട്ടി എൻഎസ്എസ് കെ മോഹൻകുമാറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിലാണ് വികെ പ്രശാന്തിന്റെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. സകല മത‐സാമുദായിക ശക്തികളും ഒന്നിച്ചെതിർത്തിട്ടും വട്ടിയൂർക്കാവിൽ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്ത്‌ 14465 വോട്ടുകൾക്ക്‌ വിജയിക്കുകയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ സ്ഥാനാർഥി മൂന്നാംസ്ഥാനത്തായ മണ്ഡലത്തിലാണ്‌ ഇടതുപക്ഷത്തിന്റെ വൻകുതിപ്പ്‌. കഴിഞ്ഞ 23 വർഷമായി യുഡിഎഫ്‌ കുത്തകയാക്കിവച്ചിരുന്ന കോന്നിയിൽ എൽഡിഎഫ്‌ സ്ഥാനാർഥി കെ യു ജനീഷ്‌ കുമാർ 9953 വോട്ടുകൾക്കാണ് വിജയിച്ചത്.

യുഡിഎഫ്‌, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം ലീഡ്‌ നേടിയാണ്‌ തിരുവനന്തപുരം കോർപ്പറേഷൻ മേയർ കൂടിയായ വി കെ പ്രശാന്തിന്റെ ഉജ്വല വിജയം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ എൽഡിഎഫിനായിരുന്നു ലീഡ്‌. ബിജെപി വോട്ടുകളിൽ വലിയ ഇടിവുണ്ടായി. സമുദായസംഘടനകളടക്കം യുഡിഎഫിന്‌ പരസ്യമായി വോട്ട്‌ ചോദിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്‌ എന്നതാണ്‌ ശ്രദ്ധേയം. പരാജയപ്പെട്ട അരൂരിലും എറണാകുളത്തും നേരിയ വ്യത്യാസത്തിനാണ് എല്‍ഡിഎഫിന് സീറ്റുകള്‍ കൈവിട്ടുപോയത്. എറണാകുളത്ത് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ 2572 വോട്ട് പിടിയ്ക്കുകയും ചെയ്തു. മഞ്ചേശ്വരത്തുമാത്രമാണ് യുഡിഎഫ് മെച്ചപ്പെട്ട വിജയം നേടിയത്.

അതിനിടെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ചയുണ്ടായി. ബിജെപി വലിയ വിജയം അവകാശപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായതും 348 വോട്ട് വര്‍ധിച്ചതുമാണ് ആകെ ആശ്വാസം. അതേ സമയം മറ്റെല്ലായിടങ്ങളിലും നേരത്തെ ലഭിച്ച വോട്ടുകള്‍ ഗണ്യമായി കുറയുകയും ചെയ്തു. ശബരിമലയിലെ സുപ്രീം കോടതി വിധി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പ്രചാരണായുധമാക്കിയിട്ടും നേട്ടത്തിനേക്കാളേറെ കോട്ടമാണ് ബിജെപിക്കുണ്ടായതെന്നാണ് ശ്രദ്ധേയം. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമായിരുന്നു ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടുകൾ ഗണ്യമായി കുറഞ്ഞു.

എറണാകുളത്ത് സാങ്കേതികമായി യു ഡി എഫ് വിജയിച്ചുവെങ്കിലും സത്യത്തിൽ എൽ ഡി എഫിന്റെ വൻ മുന്നേറ്റമാണ് അവിടെ കാണേണ്ടത്. 2016 ൽ ഹൈബി ഈഡന്റെ ഭൂരിപക്ഷം 21949 ആയിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് 31178 ആയി വർധിച്ചു. അതാണ് ഇപ്പോൾ മനു റോയ് വെറും 3750 ആയി കുറച്ചത്. അതേസമയം മനു റോയിയുടെ അപരൻ 2572 വോട്ടുകൾ നേടിയിട്ടുണ്ട് അതുകൂടി കണക്കാക്കിയാൽ ടി ജെ വിനോദിന്റെ ഭൂരിപക്ഷം വെറും 1178 മാത്രം. യു.ഡിഎഫിന്‍റെ എക്കാലത്തെയും ഉരുക്കു കോട്ടയായ മഞ്ചേശ്വരം ഇത്തവണയും യു.ഡി.എഫിനെ പിന്തുണച്ചു. 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം. സി ഖമറുദ്ദീന്‍ വിജയത്തിലേക്ക് കുതിച്ചെത്തിയത്.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഒരു നഗര മണ്ഡലത്തിലെ പരിഷ്‌കൃതരായ വോട്ടർമാരിൽ അറപ്പുളവാക്കുളവാക്കുന്ന തരത്തിലുള്ള ജാതി രാഷ്ട്രീയത്തിന്റെ പ്രയോഗം യുഡിഎഫിന് തന്നെ തിരിച്ചടി ആയിരിക്കുയാണ്. സംസ്ഥാനത്തു ഇന്നേവരെ ഇല്ലാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജാതി പറഞ്ഞു വോട്ടുപിടിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞിരിക്കുകയാണ്.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണമാറ്റം എന്ന കാലങ്ങളായി തുടരുന്ന രീതിയില്‍ നിന്ന് കേരളം മാറിചിന്തിയ്ക്കുന്നു എന്നതിന്റെ കൂടി സൂചനയാണ് മിനി പോതുതെരെഞ്ഞെടുപ്പായി വിശേഷിപ്പിക്കപ്പെട്ട ഈ ഉപതെരെഞ്ഞെടുപ്പുകളില്‍ കണ്ടത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ടകള്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇപ്പോള്‍ എല്‍ ഡി എഫ് അനായാസം വിജയക്കൊടി നാട്ടിയത്. ഒരിക്കലും എല്‍ ഡി എഫിന് വോട്ടുചെയ്യുമെന്ന് ആരും കരുതിയിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ പോലും എല്‍ഡി എഫിനൊപ്പം അണിനിരന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്ന സിപി ഐ എം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ശരിവെക്കുന്നതുകൂടിയാണ് ഈ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിയ്ക്കുന്ന ഘടകങ്ങളല്ല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കണക്കിലെടുക്കുന്നത് എന്ന എല്‍ഡി എഫ് വാദം ശരിവെക്കുന്നു ഈ വിജയം.

എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങളും പരിശോധിക്കുമ്പോൾ ബിജെപിയെ പടിക്ക് പുറത്ത് നിർത്താൻ കേരള ജനത കാണിക്കുന്ന ജാഗ്രത തന്നെയാണ് ശ്രദ്ധേയം. ഇപ്പോൾ ഉപതെരെഞ്ഞെടുപ്പ് നടന്ന വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും 2018ൽ ഉപതെരെഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരും BJP പ്രതീക്ഷയർപ്പിച്ച മണ്ഡലങ്ങളായിരുന്നു. ഇന്ത്യയിലാകെ വർഗീയതയുടെ പിത്തലാട്ടങ്ങൾ അതിന്റെ പരമ കോടിയിൽ എത്തി നിൽക്കുമ്പോൾ എങ്ങനെ സംഘ്പരിവാറിനെ പിടിച്ച് കെട്ടാം എന്നതിന്റെ അനുഭവസാക്ഷ്യങ്ങൾ ആണ് മതനിരപേക്ഷ ഇന്ത്യയ്ക്ക് കേരളം നൽകുന്ന പാഠം.

By Vishnu