ക്രൈസ്തവ ജനവിഭാഗങ്ങള്‍ പീഡനം അനുഭവിക്കുന്ന അമ്പത് രാജ്യങ്ങളുടെ പട്ടിക യുകെ-യുഎസ് അധിഷ്ഠിത മോണിറ്ററിഗ് ഗ്രൂപ്പായ ‘ഓപ്പണ്‍ ഡോര്‍സ്’ പുറത്തിറക്കി. രണ്ടുപതിറ്റാണ്ടുകളുടെ പട്ടികകളിൽ ഇന്ത്യ ആദ്യമായി ഈ വർഷം പത്താം സ്ഥാനത്തേക്ക് ‘ഉയർന്നു’.

മതസ്വാതന്ത്ര്യ നിയമവുമായി ബന്ധപ്പെട്ട അവ്യക്തമായ വ്യാഖ്യാനങ്ങളാണ് ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യ ഈ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം പിടിക്കുന്നുണ്ട്. തീവ്ര ക്രൈസ്തവപീഡനം നടക്കുന്ന രാജ്യമായി തരംതിരിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യ.

ഏകദേശം 64 ദശലക്ഷം (മൊത്തം ജനസംഖ്യയായ 130 കോടിയുടെ അഞ്ചു ശതമാനം) ക്രൈസ്തവരാണ് ഇന്ത്യയില്‍ താമസിക്കുന്നത്. 75 രാജ്യങ്ങളില്‍ നിന്ന് ‘ഓപ്പണ്‍ ഡോര്‍സ്’ ശേഖരിക്കുന്ന വിപുലമായ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സഭാ നേതാക്കന്മാരും സാമൂഹികപ്രവര്‍ത്തകരും സ്വന്തം പ്രദേശങ്ങളിലെ ക്രിസ്തീയരില്‍ നിന്നും ചോദ്യാവലിയുടെ സഹായത്തോടെ ലഭ്യമാക്കിയ വിവരങ്ങളാണ് റിപ്പോർട്ട് അവലോകനംചെയ്തത്. നെതര്‍ലന്റിലും വടക്കേ അമേരിക്കയിലുമുളള ‘ഓപ്പണ്‍ ഡോര്‍സ്’ ആസ്ഥാനങ്ങളിൽ വച്ച് വിവരങ്ങൾ ക്രോഡീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യങ്ങളിലെയും പീഡനങ്ങളുടെ കണക്ക് ഗവേഷകര്‍ ഉണ്ടാക്കുന്നതാണ് അവലംബിച്ച രീതിശാസ്ത്രം.

താഴെപ്പറയുന്ന ഘടകങ്ങളാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്:

1. സ്വകാര്യത, കുടുംബം, സമൂഹം, ദേശീയത, പളളി എന്നീ അഞ്ച് ഘടകങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.

2. ലഹള.

നൂറിൽ 80 പോയിന്റ് ലഭിക്കുന്ന രാജ്യം തീവ്ര ക്രൈസ്തവപീഡകരാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നു. 83 പോയിന്റ് നേടി സിറിയക്കും ഇറാനും നടുവിലാണ് ഇന്ത്യയുടെ സ്ഥാനം. 2014ല്‍ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തും 55 ശതമാനത്തോടെ ഇന്ത്യ ഇരുപത്തെട്ടാം സ്ഥാനത്തുമായിരുന്നു.

ഇന്ത്യയുടെ റാങ്കിന് ആധാരമായ ഘടകങ്ങള്‍

ഹിന്ദുത്വവും ഭാരതീയന്‍ എന്ന തീവ്രമനോഭാവവുമാണ് ഇന്ത്യയുടെ റാങ്ക് നിർണ്ണയിക്കപ്പെട്ടതിൽ പ്രധാനഘടകം. ആര്‍എസ്എസിന്റെ തീവ്ര വിഭാഗങ്ങളില്‍ മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയനേതാക്കളിലും ഭരണാധികാരികളിലുമെല്ലാം ഈ ചിന്താധാരപ്രബലമാണെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം.

നിലവില്‍ ഇന്ത്യയുടെ രാഷ്ട്രപതിയും 2014 ല്‍ ബിജെപി വക്താവുമായിരുന്ന രാംനാഥ് കോവിന്ദും വിഎച്ച്പി നേതാവ് അശോക് സിംഗാളും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും രാജ്യത്തെ വിദേശീയര്‍ എന്ന് പരാമര്‍ശിക്കുന്നതിനോടൊപ്പം, 2020 ല്‍ രാജ്യം ഒരു ഹിന്ദുരാഷ്ട്രമായി മാറുമെന്നും അതിന്റെ തുടക്കമാണ് 2014 തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും പറഞ്ഞിരുന്നു.

വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് വിമുഖത കൂടാതെ ശരിവെക്കുന്നതാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് ആള്‍ക്കൂട്ടകലാപങ്ങളും സാമൂദായികഭ്രഷ്ട് കല്‍പ്പിക്കുന്ന ഏര്‍പ്പാടും. ഇതിന് ഉദാഹരണമായി റിപ്പോർട്ടിൽ കണ്ടെത്തുന്നത് 2018 ആഗസ്തിൽ മഹാരാഷ്ട്രയിലെ ഗഡ്ച്ചിരോളി ജില്ലയിലെ അഞ്ച് ഗ്രാമങ്ങളില്‍ നടന്ന വർഗീയാക്രമണങ്ങളാണ്. ഹിന്ദുസ്വത്വത്തിനു ഭീഷണിയെന്നാരോപിച്ചാണ് ഒരു സംഘം പേർ ആള്‍ക്കൂട്ടലഹളക്ക് അവിടെ മുന്നിട്ടിറങ്ങിയത്.

അരുണാചല്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് അല്ലെങ്കില്‍ മതപരിവര്‍ത്തന നിരോധനം എന്നീ നിയമങ്ങളിലെ വ്യവസ്ഥകള്‍ ദുരുപയോഗിച്ചാണ് ക്രിസ്ത്യന്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നു ‘ഓപ്പണ്‍ ഡോര്‍സ്’ ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ ഒരു ഹിന്ദു അല്ലെങ്കില്‍ നിങ്ങളുടെ സ്വത്വം ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും അതിലൂടെ നിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും ആണ് അവസ്ഥയെന്ന് റിപ്പോർട്ട് പറയുന്നു.

വിവാഹങ്ങള്‍, പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്നീ കേവലമായ മതചടങ്ങുകളില്‍ പങ്കെടുത്ത കാരണത്താല്‍ മതനേതാക്കന്മാര്‍ക്കെതിരെ മതപരിവര്‍ത്തനക്കുറ്റം ആരോപിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം 16000 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അതിലെ അസ്വാഭാവികതയിലേക്ക് വെളിച്ചം വീശി ‘ഓപ്പണ്‍ഡോര്‍സ്’ പറയുന്നു. മതപരിവര്‍ത്തന നിരോധന നിയമം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പുന:ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് നിസ്സഹായരാകുന്നത് സ്വാഭാവികമാണ്; അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എങ്കിലും കസ്റ്റഡിയിലെടുക്കുന്ന ക്രൈസ്തവരെ പോലീസ് മര്‍ദ്ദിക്കുന്ന സ്ഥിതിവിശേഷങ്ങളുമുണ്ട്. മതത്തിന്റെ പേരിലും എഴുപത് ശതമാനം ക്രിസ്ത്യാനികള്‍ ദളിതരായതിന്റെ പേരിലും ഇരട്ട മര്‍ദ്ദനങ്ങൾക്കാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ ഇരകൾ ആക്കപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യ പോലുളള രാജ്യങ്ങളില്‍ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ തുറന്നുകാട്ടുന്നതിനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും നിലവിലെ നയങ്ങളില്‍ മാറ്റം വരുത്താൻ യുകെ-യുഎസ് സർക്കാരുകളുമായി ചേര്‍ന്ന് ‘ഓപ്പണ്‍ ഡോര്‍സ്’ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ശുപാര്‍ശ ചെയ്യുന്നത് പ്രധാനമായും രണ്ട് നയംമാറ്റങ്ങളാണ്:

1. ദളിത് ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും എസ്.സി, എസ്.റ്റി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുക. (1989 ലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമത്തിന്റെ സഹായത്തില്‍ അധിക നിയമസഹായങ്ങളും പുനരധിവാസവും സാധ്യമാക്കുക)
2. ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് പുനരവലോകനം ചെയ്യുകയും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുക. (ഇതിന്റെ ദുരുപയോഗവും ദുർവ്യാഖ്യാനവും തടയുക)

By Vishnu