ഏംഗൽസ് - ധിഷണയുടെ പോരാട്ട ജീവിതം
Politics

ഏംഗൽസ് - ധിഷണയുടെ പോരാട്ട ജീവിതം

ശ്രീജിത്ത് ശിവരാമൻ

Upfront Stories

Upfront Stories

24 വയസുമാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ 1844 ൽ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ അവസ്ഥയെ വിശകലനം ചെയ്തുകൊണ്ട് ഒരു പുസ്തകമെഴുതി. അതുവരെ നിലവിലുണ്ടായിരുന്ന പൊതുബോധത്തിൽ നിന്ന് വിഭിന്നമായി തൊഴിലാളികളുടെ ദയനീയാവസ്ഥയെ വൈകാരികമായി അവതരിപ്പിക്കുകയല്ല അയാൾ ചെയ്തത് , മുതലാളിമാരോട് കൂടുതൽ ദയാലുക്കളാകാൻ ഉദ്‌ബോധിപ്പിക്കുകയുമായിരുന്നില്ല മറിച്ച് മുതലാളിത്തത്തിന്റെ ഘടനാപരമായ ചൂഷകസ്വഭാവത്തെ തുറന്നു കാട്ടുകയും തൊഴിലാളികളുടെ ആത്യന്തിക വിജയത്തെക്കുറിച്ചുള്ള സങ്കൽപം മുന്നോട്ട് വെക്കുകയും ചെയ്തു. 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. അതിലദ്ദേഹം എഴുതി

"സമ്പന്നർക്കെതിരായ ദരിദ്രരുടെ യുദ്ധം ഇപ്പോൾ വിശദശാംശങ്ങളിൽ കേന്ദ്രീകരിക്കുന്നതും പരോക്ഷവുമാണങ്കിലും നാളെ അത് സാർവ്വത്രികവും പ്രത്യക്ഷവും ആയി മാറും.സമാധാനപരമായ പരിഹാരത്തിനുള്ള സമയം കഴിഞ്ഞിരിക്കുന്നു , നാളെ ചെറിയൊരു തീപ്പൊരി മതി അതാളിക്കത്തുവാൻ.അപ്പോൾ നാട് മുഴുവൻ ഒരു യുദ്ധകാഹളം മുഴങ്ങും 'കൊട്ടാരങ്ങൾക്ക് നേരെ യുദ്ധം , കുടിലുകൾക്ക് സമാധാനം' എന്ന കാഹളം , പക്ഷെ അപ്പോഴേക്കും സമ്പന്നർക്ക് കരുതലിനുള്ള സമയം കഴിഞ്ഞിരിക്കും "

ലോക തൊഴിലാളി പ്രസ്ഥാനം അതിന്റെ ശൈശവദശയിൽ ആയിരുന്ന കാലത്താണ് 24 വയസുള്ള ഒരാൾ ഇതെഴുതുന്നത് എന്നോർക്കണം. അതിനും ഒരു വർഷം മുൻപ് ഏംഗൽസ് 'രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമർശത്തിന് ഒരു രൂപരേഖ 'എന്ന ലഘുലേഖ എഴുതുകയും മാർക്സിന് അയച്ചുകൊടുക്കുകയും ചെയ്യുന്നു.മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ മൂലധനത്തിന്റെ യഥാർത്ഥ പേരും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമർശം എന്നായിരുന്നു. മിച്ചമൂല്യം , സ്ഥിര - അസ്ഥിര മൂലധനം , ചൂഷണം തുടങ്ങിയ പല അടിസ്ഥാന മാർക്സിസ്റ്റ് സങ്കൽപ്പങ്ങളും ആ ലഘുലേഖയിൽ ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരൻ ആരാണെന്നു വായനക്കാർ ഊഹിച്ചിരിക്കും - ഫ്രഡറിക് ഏംഗൽസിനെക്കുറിച്ചാണ് പറയുന്നത്.

ShareAlike 3.0 Unported (CC BY-SA 3.0)

സഖാവ് ഫ്രഡറിക് എംഗല്സിന്റെ 200 ആം ജന്മവാർഷികമാണ് ഈ നവംബർ 28 ന്. തലകുത്തിനിന്നിരുന്ന വൈരുദ്ധ്യാത്മകആശയവാദത്തെയും , ഭൗതീകവാദത്തെയും ലോകത്തൊഴിലാളി വർഗ്ഗത്തിന്റെ ശാസ്ത്രീയമായ സിദ്ധാന്തമാക്കി മാറ്റിയതിൽ മാർക്സിനൊപ്പം തന്നെ ഉയർന്നുനിൽക്കുന്ന സൈദ്ധാന്തികനും സംഘാടകനുമാണ് ഏംഗൽസ്. വലതുപക്ഷ ചിന്തകരും എഴുത്തുകാരും ഏംഗൽസിനെ മാർക്സിന്റെ സഹായി , ഒരു രണ്ടാം നിരസൈദ്ധാന്തികൻ , ശാസ്ത്രത്തെ വളച്ചൊടിക്കുകയോ തെറ്റായി മനസിലാക്കുകയോ ചെയ്ത ആൾ തുടങ്ങിയ നിലകളിലാണ് പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. ഒരേ സമയം കേവല ഭൗതികവാദി , സയന്റിസത്തിന്റെ വക്താവ് , പോസിറ്റിവിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളും അതേസമയം തന്നെ ഹെഗേലിയൻ , ആശയവാദി തുടങ്ങിയ വിശേഷണങ്ങളും അവയുടെ വൈരുധ്യങ്ങൾക്കപ്പുറം ഏംഗല്സിനെ തേടിയെത്തിയിട്ടുണ്ട്. കേവലയുക്തിവാദികളാകട്ടെ വൈരുധ്യാത്മത്മക ഭൗതികവാദമെന്ന 'അശാസ്ത്രീയ' പദ്ധതിയുടെ പ്രയോക്താവ് എന്ന നിലയിലും അദ്ദേഹത്തെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്. ഏംഗൽസാകട്ടെ മാർക്സിന്റെ 'അത്ഭുതകരമായ ഒന്നാം വയലിന്‌ ' പിറകിൽ 'രണ്ടാം കിന്നരം' വായിച്ച ഒരാളെന്നാണ് സ്വയം വിശേഷിപ്പിച്ചതും. എന്നാൽ മാർക്സിനാകട്ടെ തികച്ചും വ്യത്യസ്തമായ വിലയിരുത്തലാണ് ഏംഗല്സിനെക്കുറിച്ച് ഉണ്ടായിരുന്നത്. 1864 ൽ ഏംഗൽസിനെഴുതിയ കത്തിൽ മാർക്സ് പറയുന്നു,

"നിനക്കറിയാമല്ലോ ഞാൻ മിക്ക വിഷയങ്ങളിലും വൈകിയാണെത്തുക , അതാകട്ടെ എപ്പോഴും നിന്റെ കാലടികളെ പിന്തുടർന്നുമാകും"

ഏംഗൽസിന്റെ വൈയക്തിക ജീവിതം.

ഏംഗൽസിന്റെ ജന്മഗൃഹം
ഏംഗൽസിന്റെ ജന്മഗൃഹം Frank Vincentz, CC BY-SA 3.0 <https://creativecommons.org/licenses/by-sa/3.0>, via Wikimedia Commons

1820 നവംബർ 28 ന് ജർമനിയിലെ റൈൻലാൻഡ് പ്രവിശ്യയിലെ ബാർമനിൽ ഒരു സമ്പന്ന വ്യവസായി കുടുംബത്തിലാണ് ഏംഗൽസ് ജനിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നുണ്ടായ കീഴാളമുന്നേറ്റങ്ങളോടും , യുക്തി - ശാസ്ത്രബോധം - മാനവികത എന്നിവയിലധിഷ്ഠിതമായ നവോത്ഥാന മുന്നേറ്റങ്ങളോടും കടുത്ത എതിർപ്പും അവജ്ഞയും വെച്ചുപുലർത്തിയ യാഥാസ്ഥിതിക കുടുംബമായിരുന്നു ഏംഗല്സിന്റെത്. അതുകൊണ്ട് തന്നെ നവീനാശയങ്ങളെ പുണരുന്നതിൽ നിന്നും ആദ്യകാലം മുതൽ തന്നെ ഏംഗല്സിനെ തടയാൻ കുടുംബം ശ്രമിച്ചു. ഈ എതിർപ്പുകളെ മറികടന്ന് തത്വശാസ്ത്രം പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ബെർലിനിലെ സൈനികസേവനത്തിനിടയിൽ യുവഹെഗേലിയന്മാരുമായി പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അന്ന് ടെക്സ്റ്റൈൽ വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററിലേക്ക് അയച്ചാൽ ഏംഗൽസ് ബിസിനസ് പഠിച്ച് 'മിടുക്കനാ'കുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ കുടുംബം ഏംഗൽസിനെ തങ്ങളുടെ നൂൽവ്യവസായം നോക്കി നടത്താൻ മാഞ്ചസ്റ്ററിലേക്ക് അയക്കുന്നു. പോകുന്ന വഴിക്ക് കൊളോണിലെ റെയ്‌നിഷേ സെയ്തുങ്ങിന്റെ ഓഫീസിൽ വെച്ച് ഏംഗൽസ് മാർക്സിനെ കാണുന്നു. ഒട്ടും ഊഷ്മളമായിരുന്നില്ല ആദ്യ കൂടിക്കാഴ്ച. ഏംഗൽസ് അപ്പോഴും ഒരു യുവഹെഗലിയൻ ആണെന്നായിരുന്നു മാർക്സ് കരുതിയത്.


1844 ആഗസ്തിൽ ഏംഗൽസ് ജർമ്മനിയിലേക്ക് തിരിച്ചു പോകുന്നു യാത്രക്കിടയിൽ പാരീസിൽ ഇറങ്ങി മാർക്സിനെ വീണ്ടും കാണുന്നു. ലോകത്തെ മാറ്റിമറിച്ച ഒരു സൗഹൃദം രൂപപ്പെടുന്നത് അവിടെയാണ്. ഒരു മാസം നീണ്ടു നിന്ന ആ ഇടപഴുകലിൽ ആണ് 'വിശുദ്ധ കുടുംബം' എഴുതാൻ ഏംഗൽസ് മാർക്സിനെ സഹായിക്കുന്നത്. തൊട്ടടുത്ത വർഷം ഭരണകൂടം മാർക്സിനെ പാരീസിൽ നിന്ന് പുറത്താക്കുന്നു , ബ്രസൽസിൽ താമസമാക്കിയ മാർക്സിനെ കാണാൻ ആ വർഷം ഏപ്രിലിൽ എത്തിയ ഏംഗൽസും മാർക്‌സും ചേർന്നാണ് ലോക തത്വശാസ്ത്ര ചരിത്രത്തിലെ അദ്വിതീയമായ കൃതി 'ജർമൻ പ്രത്യയശാസ്ത്രം' രചിക്കുന്നത്. ബ്രസ്സൽസിലെ താമസത്തിനിടയിലാണ് കമ്യുണിസ്റ്റ് ലീഗ് യോഗം ചേർന്ന് പാർട്ടിക്കൊരു പ്രകടനപത്രിക തയ്യാറാക്കാൻ മാർക്സിനോടും ഏംഗൽസിനോടും ആവശ്യപ്പെടുന്നത്. ഏംഗൽസിന്റെ തന്നെ മുൻ ലഘുലേഖയായ 'കമ്മ്യുണിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ' എന്ന കൃതിയെ ആധാരമാക്കി വികസിപ്പിക്കുകയായിരുന്നു മാർക്‌സും ഏംഗൽസും ചെയ്തത്. ലോക സമൂഹ ഘടനയെ ഇത്രമേൽ മാറ്റിമറിച്ച മറ്റൊരു പുസ്തകവും ചരിത്രത്തിൽ രചിക്കപ്പെട്ടിട്ടില്ല. 1848 ലെ വിപ്ലവങ്ങളുടെ പരാജയത്തിന് ശേഷം മാർക്‌സും ഏംഗൽസും ലണ്ടനിൽ സ്ഥിരതാമസമാക്കാൻ നിർബന്ധിക്കപ്പെടുന്നു. മരണം വരെ അവർ അവിടെ തുടർന്നു.

ജ്ഞാനാന്വേഷണത്തിൽ ഏംഗൽസിന്റെ ശ്രദ്ധപതിയാത്ത ഒരു മേഖലയും ഇല്ലെന്ന് തന്നെ പറയാം. രാഷ്ട്രീയ-സമ്പദ്ശാസ്ത്രം , അടിസ്ഥാന ശാസ്ത്രം , സാങ്കേതികവിദ്യ , നരവംശശാസ്ത്രം , ഭാഷാശാസ്ത്രം , ചരിത്രം , സൈനികതന്ത്രം അങ്ങനെ നിരവധി മേഖലകൾ. തന്റെ കാലത്തെ ഏറ്റവും പുതിയ ശാസ്ത്രഗവേഷണങ്ങളെക്കുറിച്ച് പഠിക്കാൻ ഏംഗൽസ് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ജെ ബി എസ് ഹാൽഡെയ്ൻ ഏംഗൽസിനെ " അക്കാലത്തെ ഏറ്റവും വിദ്യാസമ്പന്നനായ ആൾ'' എന്ന് വിശേഷിപ്പിക്കുന്നത്.

ഹാൽഡെയ്ൻ എഴുതുന്നു,

"അദ്ദേഹത്തിന് സാമ്പത്തികശാസ്ത്രത്തിലും ചരിത്രത്തിലും മാത്രമല്ല അഗാധമായ അറിവുണ്ടായിരുന്നത് ,റോമൻ വിവാഹനിയമത്തിലെ ഗൂഡമായൊരു പ്രയോഗത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും , സൾഫ്യുരിക് ആസിഡിലേക്ക് ഒരു കഷ്ണം സിങ്ക് മുക്കിയാലുണ്ടാകുന്ന രാസപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ഗാഡമായി സംസാരിക്കും. ഏകാന്തമായ ഒരു ജ്ഞാനാന്വേഷണ ജീവിതത്തിലല്ല അദ്ദേഹം ഇത് ചെയ്യുന്നത് രാഷ്ട്രീയ പ്രവർത്തനവും , സംഘാടനവും , വ്യവസായം നടത്തലും എന്തിന് , വേട്ടപോലും നടത്തുന്നതിനൊപ്പമാണ് അത്."

(സ്വതന്ത്ര പരിഭാഷ)

ഏംഗൽസിന്റെ പല നിരീക്ഷണങ്ങളെയും പുതിയകാലത്തെ വിക്കിപീഡിയ ബുദ്ധിജീവികൾ പരിഹസിക്കുന്നത് കാണാം. തീർച്ചയായും ശാസ്ത്രരംഗത്ത് ഏംഗൽസ് അന്നുയർത്തിയ ചിലവാദങ്ങളും നിരീക്ഷണങ്ങളും പിൽക്കാല ശാസ്ത്രലോകം നിരാകരിച്ചിട്ടുണ്ട്. പക്ഷെ അത് ഏംഗൽസിന്റെ കുറ്റമല്ല മറിച്ച് അന്നത്തെ ശാസ്ത്രം എത്തിച്ചേർന്ന നിഗമനങ്ങളെ ഉപയോഗിക്കുകയായിരുന്നു ഏംഗൽസ് , പക്ഷെ ആത്യന്തികമായി അദ്ദേഹത്തിന്റെ രീതിശാസ്ത്രവും പലമേഖലകളിലെയും നിരീക്ഷണങ്ങളും ഇന്നും ജ്വലിച്ചു നിൽക്കുന്നതാണ്. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ ആദ്യം പുണരുകയും അതിന്റെ പ്രാധാന്യം വിളിച്ചു പറയുകയും ചെയ്ത ഒരാൾ ഏംഗൽസായിരുന്നു.

ഡ്യൂറിങ്ങിനെതിരെ

യൂജിൻ ഡ്യൂറിങ്ങും ഏംഗൽസിന്റെ പുസ്തകവും
യൂജിൻ ഡ്യൂറിങ്ങും ഏംഗൽസിന്റെ പുസ്തകവും (CC BY-SA 3.0)

ബർലിൻ സർവകലാശാലയിലെ പ്രൊഫസറും അക്കാലത്തെ വലിയ സ്വാധീനവുമായിരുന്ന യൂജിൻ ഡ്യുറിങ്ങിന്റെ നിലപാടുകളോടുള്ള താർക്കിക പ്രതികരണം എന്ന നിലയ്ക്കാണ് ഏംഗൽസ് 'ഡ്യുറിങ്ങിനെതിരെ' എന്ന കൃതി എഴുതുന്നത്. മാർക്സിന്റെ നിലപാടുകളോട് 'ഇടതുപക്ഷത്ത്' നിന്നുള്ള വിമർശനം എന്ന രീതിയിൽ ഡ്യുറിങ് അധിക്ഷേപകരവും ,പരിഹാസ്യവുമായ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. മാർക്സ് ഒരു കോമാളിയാണെന്നും , സമൂഹത്തെക്കുറിച്ച് ഉപരിപ്ലവമായ ധാരണകൾ മാത്രമേ മാർക്‌സിനുള്ളൂ എന്നും അതുകൊണ്ട് മാർക്സിന്റെ ചിന്തകൾ അൽപായുസ്സാണെന്നും അദ്ദേഹം എഴുതി. ഡ്യൂറിങ് ഒരു നിസ്സാരനായ കിറുക്കനാണെന്നും മറുപടി അർഹിക്കുന്നില്ലെന്നുമായിരുന്നു മാർക്സിന്റെ നിലപാട് എന്നാൽ ഡ്യുറിങ്ങിന്റെ എഴുത്തുകൾ മുഖ്യധാര ആഘോഷിക്കുകയും അദ്ദേഹത്തെ ചെറുപ്പക്കാർ പരിഷ്‌കാരപൂർവം ഏറ്റിനടക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഏംഗൽസ് അദ്ദേഹത്തിന് മറുപടിയെഴുതാൻ തീരുമാനിച്ചത്. 'ഡ്യുറിങിനെതിരെ'യുടെ പ്രസാധനത്തിന് ശേഷമാണ് ഞങ്ങൾ മാർക്സിസ്റ്റുകാരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുതുടങ്ങിയതെന്ന് കൗട്സ്കി പിന്നീട് പറയുന്നുണ്ട്. ഡ്യുറിങിനെതിരെ എഴുതാൻ ചുമതലപ്പെടുത്തിയ മാർക്സിനോട് രോഷാകുലനായി 'തനിക്ക് അതും പറഞ്ഞു സുഖമായി കട്ടിലിലിരുന്നു റഷ്യയിലെ കാർഷിക വ്യവസ്ഥയെ കുറിച്ച് വായിക്കാം ഞാനാണ് ഈ തണുപ്പത്ത് കുത്തിയിരുന്നു ആ ബോറൻ ഡ്യുറിങിനെതിരെ എഴുതേണ്ടത്' ' എന്ന് രോഷാകുലനാകുന്നുണ്ട് ഏംഗൽസ്.

പ്രകൃതിയുടെ വൈരുധ്യാത്മകത

(CC BY-SA 3.0)

ഡ്യുറിങിനെതിരെ എഴുതാനായി ഏംഗൽസ് നീട്ടിവെച്ച തന്റെ സ്വപ്നപുസ്തകം അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിഞ്ഞില്ല , അതാണ് 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' ദീർഘകാലം നീണ്ട ഏംഗൽസിന്റെ ശാസ്ത്രപഠനങ്ങളെയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കുന്നതായിരുന്നു ആ പദ്ധതി. ഏംഗൽസിന്റെ മരണത്തിനും വളരെ കഴിഞ്ഞു സോവിയറ്റ് യൂണിയനിലെ മാർക്സ് ഏംഗൽസ് ഇൻസ്റ്റിട്യൂട്ട് ആണ് പിന്നീടത് അപൂർണമായിത്തന്നെ പ്രസിദ്ധീകരിക്കുന്നത്. അതിലെ മിക്ക അധ്യായങ്ങളും ഏംഗൽസിന്റെ അധ്യായ രൂപരേഖകളാണ് , ശാസ്ത്ര ചരിത്രം പോലെ ചില അധ്യായങ്ങൾ പൂർണ രൂപത്തിലും ഉണ്ട്. തീർച്ചയായും ഏംഗൽസിന്റെ പല ശാസ്ത്ര നിരീക്ഷണങ്ങളും ഇന്നത്തെ നിലയ്ക്ക് തെറ്റാണ് , കാരണം അദ്ദേഹം ആശ്രയിച്ചത് അന്നത്തെ നവീനമായ ശാസ്ത്ര ജ്ഞാനത്തെ ആണ് അതിൽ പലതും പിന്നീട് തിരുത്തപ്പെട്ടു , അതാകട്ടെ ശാസ്ത്രത്തിന്റെ രീതിയുമാണ്. ഉദാഹരണത്തിന് ദ്രവ്യത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച സിദ്ധങ്ങൾ ഒന്നും അന്ന് പ്രബലമായിരുന്നില്ല അതിനാൽ കാന്ററ് - ലാപ്ലാസ് സിദ്ധാന്തത്തെ അദ്ദേഹം ആശ്രയിച്ചു അത് തെറ്റാണെന്നു ഇന്ന് നമുക്കറിയാം അത് പോലെ അന്ന് അടിസ്ഥാന ഭൗതികത്തിൽ പൊതു സ്വീകാര്യതയുണ്ടായിരുന്ന ഈഥർ സിദ്ധാന്തം , ലാമാർക്കിയനിസം തുടങ്ങി ഇന്ന് തെറ്റാണെന്നു നമുക്കറിയാവുന്ന പല സിദ്ധാന്തങ്ങളും അന്നത്തെ ഏറ്റവും ആധുനിക ശാസ്ത്രകാരന്മാരെപോലെ ഏംഗൽസും സ്വീകരിച്ചു. അതേ സമയം റസ്റ്റ് മാസ് പൂജ്യം ആകാവുന്ന സാധ്യത പോലെ അത്ഭുതകരമായ ചില നിരീക്ഷണങ്ങളും ഏംഗൽസ് നടത്തുന്നുണ്ട്. വീണ്ടും ഹാൽഡേയ്‌നെ ഉദ്ധരിച്ചാൽ,

ഏംഗൽസിന്റെ രീതിശാസ്ത്രം അറിയുമായിരുന്നെങ്കിൽ കഴിഞ്ഞ മുപ്പതുവർഷത്തെ ഭൗതിക ശാസ്ത്ര വികാസം കൂടുതൽ എളുപ്പമായേനെ

ഏംഗൽസിന്റെ ശാസ്ത്ര തത്വചിന്തയിലെ സംഭാവനകൾ മനസ്സിലാക്കണമെങ്കിൽ അക്കാലത്തെ അധീശ ശാസ്ത്ര തത്വചിന്തയെന്തെന്ന് മനസ്സിലാക്കണം. ഹെംഹോട്സ് , കിർച്ചോഫ് , മാക്‌സ്‌വെൽ , ഹേർട്സ് തുടങ്ങി അക്കാലത്തെ പ്രധാന ശാസ്ത്രകാരന്മാരെല്ലാം ശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യമായി കരുതിയത് പ്രകൃതി നിയമങ്ങളെയും പ്രതിഭാസങ്ങളെയും മെക്കാനിക്സിന്റെ നിയമങ്ങളായി മാറ്റുക എന്നതായിരുന്നു.ഒ ഈ റിഡക്ഷനിസത്തിനെതിരെ കടുത്ത നിലപാടെടുക്കുക എന്നത് അക്കാലത്ത് ചിന്തിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. പക്ഷെ, ഏംഗൽസ് അതാണ് ചെയ്തത്. ഈ റിഡക്ഷനിസം ഒരർത്ഥത്തിൽ എല്ലാം സംഖ്യകളാക്കി മാറ്റാം എന്ന പൈതഗോറിയൻ ചിന്തയുടെ ആധുനിക രൂപമാണ് എന്നായിരുന്നു ഏംഗൽസിന്റെ പരിഹാസം . ഓരോ തലത്തിന്റെയും ഗുണപരമായ വ്യതിരിക്തതയെയും അതേസമയം തലങ്ങളുട തുടർച്ചയെയും പരിഗണിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം എഴുതി. ചിന്തയുടെ ജൈവരാസ അടിസ്ഥാനത്തെക്കുറിച്ചും അക്കാലത്ത് അദ്ദേഹം എഴുതാൻ ശ്രമിച്ചു. അപരിഷ്കൃത ഭൗതികവാദം , അനുഭവവാദം , യാന്ത്രിക ഭൗതിക വാദം , റിഡക്ഷനിസം തുടങ്ങി അക്കാലത്ത് അധീശത്വമുണ്ടായിരുന്ന ശാസ്ത്ര തത്വചിന്താ പദ്ധതികൾക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഏംഗൽസിനു കഴിഞ്ഞു.

നിലവിലെ ശാസ്ത്രതത്വചിന്ത പ്രകൃതിവസ്തുക്കളെയും പ്രതിഭാസങ്ങളെയും അവയുടെ സമഗ്രതയിൽ നിന്നും പരസ്പരബന്ധങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി പഠിക്കാനാണ് തയ്യാറാകുന്നത്. അവയെ സ്ഥിരാങ്കം എന്നനിലയിൽ കാണുകയും അവയുടെ പരിവർത്തനത്തെ കാണാതിരിക്കുകയും ചെയ്യുന്നു. ഈ ചിന്താ പദ്ധതിയുടെ പരിമിതിയെ തുറന്നുകാട്ടാനാണ് ഏംഗൽസ് ശ്രമിച്ചത്. കോശത്തിന്റെ കണ്ടു പിടുത്തം , ഊർജ്ജ സംരക്ഷണ - പരിവർത്തന നിയമം , പരിണാമം ഇവയുടെ വരവോടെ തന്റെ ചിന്താപദ്ധതിയായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പ്രകൃതിപരമായ സ്വീകാര്യത ഏംഗൽസ് ഉയർത്തിക്കാട്ടി.

ശാസ്ത്രം ചരിത്രപരമായി വികസിച്ചു വരുന്ന, ഓരോഘട്ടത്തിലും സ്വീകാര്യമായ അധീശ വിശദീകരണ മാതൃകകളുള്ള ,ഒരു പ്രക്രിയയാണ് എന്നാൽ ഈ വിശദീകരണ മാതൃക ചില ചരിത്രഘട്ടങ്ങളിൽ പ്രതിസന്ധിയിൽ പെടുന്നു അപ്പോൾ അതിനെ മറികടക്കാൻ പുതിയ മാതൃകകൾ ആവശ്യമായി വരികയും ചെയ്യുന്നു എന്ന ഏംഗൽസിന്റെ നിലപാട് തന്നെയാണ് വർഷങ്ങൾക്ക് ശേഷം കുനിനെ പോലുള്ളവർ മറ്റൊരു രീതിയിൽ അവതരിപ്പിച്ചത്. ശാസ്ത്രം എന്നത് ഒറ്റപ്പെട്ട് നടക്കുന്ന ഒരു പ്രക്രിയയല്ലെന്നും മറിച്ച് സാമൂഹികവും , സാംസ്കാരികവും , സാങ്കേതികവും, രാഷ്ട്രീയസമ്പദ്‌വ്യവസ്ഥകളോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതുമായ ഒന്നാണെന്ന് ഏംഗൽസ് സമർത്ഥിച്ചു.

മാർക്സിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ മൂലധനം പൂർത്തിയാക്കുന്നതിലായിരുന്നു ഏംഗൽസിന്റെ ശ്രദ്ധ. പക്ഷെ അതിനിടക്ക് അദ്ദേഹം എഴുതിയ കൃതിയാണ് ' കുടുംബം , സ്വകാര്യ സ്വത്ത് , ഭരണകൂടം ഇവയുടെ ഉദ്ഭവത്തെ സംബന്ധിച്ച് ' അക്കാലത്ത് ശൈശവ ദശയിലുണ്ടായിരുന്ന പുതിയൊരു ശാഖയെ നരവംശ ശാസ്ത്രത്തെ ഉപയോഗിക്കുകയായിരുന്നു ഏംഗൽസ്. അതുവരെ ആരും ചോദിക്കാൻ മടിച്ച അടിസ്ഥാന ചോദ്യങ്ങൾ അതിലൂടെ അദ്ദേഹം ഉയർത്തി. വ്യക്തി ബന്ധങ്ങൾ എന്നാലെന്താണ് ? , എന്താണ് കുടുംബം ? ലിംഗ ബന്ധങ്ങൾ എന്താണ് ? എന്തുകൊണ്ട് ലിംഗ ചൂഷണം ? തുടങ്ങിയ ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങളെ വർഗ്ഗ സമൂഹവുമായി ബന്ധിപ്പിച്ചതിലൂടെ യഥാർത്ഥത്തിൽ മാർക്സിസ്റ്റ് സ്ത്രീവാദം , ലിംഗനീതി തുടങ്ങിയ നിരവധി പുതു മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുക കൂടിയായിരുന്നു ഏംഗൽസ്.

(CC BY-SA 3.0)

മാർക്സിന്റെ സംസ്കാര ചടങ്ങിലെ വിരലിലെണ്ണാവുന്ന സഖാക്കളെ നോക്കി ഏംഗൽസ് പറഞ്ഞു

എല്ലാത്തിനുമുപരിയായി മാർക്സ് ഒരു വിപ്ലവകാരിയായിരുന്നു , മുതലാളിത്ത സമൂഹത്തെയും , അത് നിലവിൽ വരാൻ സാഹചര്യമൊരുക്കിയ വ്യവസ്ഥയെയും അട്ടിമറിക്കാനുള്ള പോരാട്ടങ്ങൾക്ക് ഏത് വിധേനയും സംഭാവന നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന സത്ത ... അദ്ദേഹത്തിന്റെ പേര് കാലങ്ങളെ അതിജീവിക്കും , അദ്ദേഹത്തിന്റെ ചിന്തകളും.

ആ വാക്കുകൾ അതേ ശക്തിയോടെ ഏംഗൽസിനെക്കുറിച്ചും ലോകതൊഴിലാളിവർഗത്തിന് അഭിമാനത്തോടെ പറയാം.

Upfront Stories
www.upfrontstories.com