കർഷകപ്രക്ഷോഭം എന്തിന് വേണ്ടി?
Politics

കർഷകപ്രക്ഷോഭം എന്തിന് വേണ്ടി?

ദീപക് പച്ച പറയുന്നു

Sajith Subramanian

കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ എന്തുകൊണ്ടാണ് ഇത്രയും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്നത്?. ഈ മൂന്ന് നിയമങ്ങളും എങ്ങനെയാണ് ഇന്ത്യൻ കാർഷിക മേഖലയെയും സാധാരണ ജന വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കാൻ പോകുന്നത്?

ഇക്കാര്യങ്ങൾ ലളിതമായി വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

താഴെ കൊടുത്ത മൂന്ന് പുതിയ നിയമങ്ങളാണ് സർക്കാർ മാസങ്ങൾ മുൻപ് പാസ്സാക്കിയത്.

1. Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020 – (FPTC Act)

2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Act, 2020-FAPAFS Act

3. The Essential Commodities (Amendment) -ECA Act 2020

ഭാഗം 1

എന്താണ് സർക്കാരിന്റെ വാദം?

FPTC Act പ്രാബല്യത്തിൽ വരുന്നതോടെ നേരത്തെ കർഷകർക്ക് ഉല്പന്നങ്ങൾ വിൽക്കാൻ APMC Act പ്രകാരം (എന്താണെന്ന് വിശദീകരിക്കാം ) നിലനിന്നിരുന്ന ചില നിയന്ത്രണങ്ങൾ ഇല്ലാതാകുമെന്നും അതുവഴി കർഷകർക്ക് ഏത് മാർക്കറ്റിലും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സൗകര്യം ലഭിക്കുമെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരും സർക്കാരും പറയുന്നത്. അതോടൊപ്പം നിലവിലെ APMC സംവിധാനത്തിൽ ഇടനിലക്കാർ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ ആകുമെന്നും ഒരു കൂട്ടർ കരുതുന്നു. കൂടാതെ വ്യാപാരത്തിന് APMC ചുമത്തുന്ന നികുതിയിൽ നിന്നും രക്ഷപ്പെടാമെന്നും നിയമത്തെ അനുകൂലിക്കുന്നവർ കരുതുന്നു.

എന്താണ് APMC Act ?

സ്വാതന്ത്ര്യം ലഭിച്ചുള്ള ആദ്യ വർഷങ്ങളിൽ കർഷകരിൽ നിന്നും നേരിട്ട് വ്യാപാരികൾ ഉത്പന്നങ്ങൾ വാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ആ സാഹചര്യത്തിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള വ്യാപാരികൾ പലവിധ സമ്മർദ്ദനങ്ങൾ നടത്തി കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങിക്കുകയും ഇത് കർഷകരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുകയും ചെയ്തു. ഇത് അവസാനിപ്പിക്കാനാണ് APMC Act നിലവിൽ വന്നത്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. APMC Act പ്രകാരം ഓരോ പ്രദേശത്തും പ്രത്യേകം മണ്ഡികൾ (ചന്തകൾ ) ഉണ്ടാകും. ഉൽപ്പന്നങ്ങളുടെ വ്യാപാരം നടക്കുന്നത് ഈ മണ്ഡികൾ മുഖേനയാണ്. മുഖ്യമായും രണ്ടു തത്വങ്ങളുടെ അടിസ്ഥാനമാക്കിയാണ് APMC പ്രവർത്തിക്കുന്നത്

 1. കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ നേരിട്ട് വാങ്ങി കർഷകരെ ചൂഷണം ചെയ്തിരുന്ന സ്ഥിതി അവസാനിപ്പിക്കുക

 2. എല്ലാ ഉൽപ്പന്നങ്ങളും ആദ്യം apmc മണ്ഡിയിൽ കൊണ്ടു വരണം. അവിടുന്ന് ലേലം വിളിച്ചു വ്യാപാരികൾക്ക് വാങ്ങാം.

APMC മണ്ഡികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?

അതായത് ഓരോ പ്രദേശത്തതും കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു പ്രത്യേക ചന്തയുണ്ടാകും. ആ ചന്ത നിയന്ത്രിക്കുന്ന ഒരു കമ്മറ്റിയും ഉണ്ടാകും. കർഷകരിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങിക്കാൻ താല്പര്യമുള്ള വ്യാപാരികൾ കമ്മറ്റിയിൽ നിന്നും അതിനായി ലൈസൻസ് എടുക്കണം. അവർക്ക് മാത്രമേ APMC മണ്ഡികൾ വഴി ഉൽപ്പനങ്ങൾ വാങ്ങാൻ കഴിയൂ.

വിളവെടുത്ത് തന്റെ ഉല്പന്നവുമായി കർഷകൻ ചന്തയിൽ പോകുന്നു. അവിടെ ലൈസൻസ് എടുത്ത പത്ത് വ്യാപാരികൾ ഉണ്ടെന്നു കരുതുക. ഉൽപ്പന്നത്തിന് സർക്കാർ നിശ്ചയിച്ച ഒരു മിനിമം താങ്ങു വിലയുണ്ടാകും. അതിനു മുകളിൽ വ്യാപാരികൾ ലേലം വിളിച്ചു കർഷകരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു. ഈ സംവിധാനം വഴി കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടും എന്നാണ് സർക്കാർ ലക്‌ഷ്യം വച്ചത്. ഈ സംവിധാനത്തിൽ ഒരു നാട്ടിലെ കർഷകർക്ക് തന്റെ മറ്റൊരു നാട്ടില്‍ കൊണ്ട് പോയി വിൽക്കാൻ ആവില്ല. അതുപോലെ ഏതെങ്കിലും വ്യാപാരിക്ക് നേരിട്ട് കർഷകരിൽ നിന്നും ഉൽപ്പനങ്ങൾ വാങ്ങാനും കഴിയില്ല. (പല സംസ്ഥാനങ്ങളും പിന്നീട് APMC Act ഭേദഗതി ചെയ്തു ഇതിനു കർഷകർക്ക് അവസരം കൊടുത്തിരുന്നു. പ്രാഥമിക നിയമത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് )

APMC സംവിധാനങ്ങൾ കുറ്റമറ്റതാണോ ?

തീർച്ചയായും അല്ല. APMC സംവിധാനങ്ങൾക്ക് നിലവിൽ പരിഹരിക്കപ്പെടേണ്ട നിരവധിയായ പ്രശ്നങ്ങളുണ്ട്. APMC രൂപീകരിച്ചു കാലക്രമത്തിൽ സംഭവിച്ചത്, വ്യാപാരത്തിന് ലൈസൻസ് കൊടുക്കുക എന്നത് തന്നെ APMC കൾ കൈക്കൂലിക്കുള്ള വഴിയായി കണ്ടു. ഇങ്ങനെ പണം കൊടുത്ത ലൈസൻസ് എടുക്കുന്ന വ്യാപാരികൾ അവരുടെ താല്പര്യ സംരക്ഷണത്തിനായി കാർട്ടൽ രൂപീകരിക്കുന്ന നില വന്നു. അതായത് ലേലം തുടങ്ങുന്നതിനു മുന്നേ വ്യാപാരികൾ തമ്മിൽ വിലയുടെ കാര്യത്തിൽ ഒരു ധാരണയിൽ എത്തും. ഞങ്ങൾ ഇന്ന് ഉള്ളിക്ക് കിലോയ്ക്ക് 10 രൂപയിൽ കൂടുതൽ വിളിക്കില്ല അങ്ങനെ. ഫലത്തിൽ ലേലം ഇല്ലാതെ വ്യാപാരികൾ നിശ്‌ചയിക്കുന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കേണ്ട ഗതികേടിലായി കർഷകർ. ഈ പ്രശ്നം പരിഹരിക്കണം എന്ന് കാർഷിക സംഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

പുതിയ നിയമങ്ങൾ APMC യുടെ പ്രശ്നങ്ങൾ പരിഹരിക്കുമോ ?

നിലവിലെ പുതിയ നിയമങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല എന്ന് മാത്രമല്ല കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും, അതെങ്ങനെയെന്നാൽ

 1. നിലവിലെ പുതിയ നിയമ പ്രകാരം കർഷകർക്ക് ഏതു വിപണിയിലും വിൽക്കാം. അതായത് നാസിക്കിലെ ഒരു ഉള്ളി കര്ഷകന് തന്റെ ഉള്ളിക്ക് ഉയർന്ന വില ലഭിക്കുന്ന കേരളത്തിൽ ഉള്ളി വിൽക്കാം. കേൾക്കാൻ സുഖമുള്ള കാര്യമാണ്. പക്ഷെ കുറഞ്ഞ ഉൽപ്പാദനമുള്ള ചെറുകിട കർഷകർക്ക് തൻ്റെ ഉൽപ്പന്നങ്ങൾ ഇത്രയും ദൂരം ട്രസ്റൻപോർട് ചെയ്തു വ്യാപാരം നടത്തുക എന്നത് പ്രായോഗികമല്ല. ഫലത്തിൽ കൂടുതൽ വിപണി എന്നത് വിൽക്കാനുള്ള കർഷകർക്കല്ല വാങ്ങാനുള്ള വൻകിട വ്യാപാരികൾക്കാണ് ലഭിക്കുന്നത്

 2. ഇനി കർഷകരിൽ നിന്നും നേരിട്ട് വൻകിട കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാമല്ലോ. അവർ കുറഞ്ഞ വിലയാണ് നൽകുന്നതെങ്കിൽ സർക്കാർ നില നിർത്തുന്ന apmc മാർക്കറ്റിൽ കർഷകർക്ക് വിൽക്കാം. ഇതാണ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നത്. സ്വകാര്യ നിക്ഷേപകർ കടന്നു വന്ന മേഖലകളിൽ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണു തകർക്കപ്പെട്ടത് എന്ന് നമുക്കറിയാമല്ലോ. ഉദാഹരണത്തിനു ആദ്യ വർഷങ്ങളിൽ കർഷകന് വൻകിട കമ്പനികൾ മെച്ചപ്പെട്ട വില നൽകുന്നു എന്നിരിക്കട്ടെ. തീർച്ചയായും കർഷകർ APMC യെ ഉപേക്ഷിക്കും. മണ്ഡികൾക്ക് പുറത്ത് കർഷകരിൽ നിന്നും നേരിട്ട് വാങ്ങാൻ അവസരം ലഭിക്കുമ്പോൾ ലൈസൻസും എടുത്തു നികുതിയും കൊടുത്തു മണ്ഡി വഴി സാധനങ്ങൾ വാങ്ങാൻ വ്യാപാരികൾ എന്തായാലും തുനിയില്ല. പതുക്കെ APMC സംവിധാനം ദുര്ബലപ്പെടുകയും സ്വകാര്യ സംരംഭകരുടെ മാർക്കറ്റ് മാത്രമാകും. പുതിയ നിയമ പ്രകാരം APMC മണ്ഡികൾക്ക് പുറത്ത് വ്യാപാരം അനുവദിക്കുമ്പോൾ അതിനു യാതൊരു താങ്ങു വിലയും ((Minimum Support Price) സർക്കാർ ഉറപ്പു വരുത്തുന്നില്ല. കർഷകരുടെ ക്ഷേമമാണ് ലക്ഷ്യമെങ്കിൽ മണ്ഡികൾക്ക് പുറത്തായാലും താങ്ങു വില കൊടുക്കാൻ ബാധ്യസ്ഥരാണ് എന്നൊരു വാചകം കൂടി ചേർക്കമായിരുന്നു. അങ്ങനെ താങ്ങു വില ഉറപ്പ് വരുത്തിയാലും പ്രശ്നങ്ങള്‍ തീരില്ല. താങ്ങ് വില ഉറപ്പ് വരുത്തുമ്പോള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു വിഭവ ശേഖരണം നടത്തിയില്ലെങ്കില്‍ MSP എന്നത് കടലാസ്സില്‍ മാത്രമാകും.

 3. ഇത് കർഷകരെ മാത്രമല്ല പഞ്ചാബ് ഹരിയാന പോലെ കാർഷിക മേഖലയേ ആശ്രയിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കും. നേരത്തെ മണ്ഡികൾ വഴി വിൽപ്പന നടത്തുമ്പോൾ ഒരു നിശ്ചിത തുക നികുതിയായി പ്രസ്തുത സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കും. ഈ തുകയാണ് പല സർക്കാരുകളുടെയും പ്രധാന വരുമാന മാർഗ്ഗം. പുതിയ നിയമം വഴി സംസഥാനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആ നികുതി ഇല്ലാതാകും.

 4. കൃഷി നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണം വിളവെടുപ്പ് മോശം ആകുന്നത് കൊണ്ടല്ല. മറിച്ച് കര്ഷകന് ഉൽപ്പന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കാത്തതാണ്. അത് പരിഹരിക്കാൻ ആണ് സർക്കാർ ചില ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ചു നൽകിയിരിക്കുന്നത്. ഉൽപ്പാദന ചിലവിന്റെ ഒന്നര ഇരട്ടി (C2+ 50%) താങ്ങു വില കൊടുക്കണം എന്നായിരുന്നു സ്വാമിനാഥൻ കമ്മറ്റിയുടെ നിർദ്ദേശം. 2014 തിരഞ്ഞെടുപ്പിൽ മോദിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. പക്ഷെ പുതിയ നിയമത്തിൽ താങ്ങു വിലയെ കുറിച്ച് പറയുന്നേയില്ല. താങ്ങുവില നിയമപരമായ അവകാശമാക്കിയാൽ പുതിയ നിയമം വഴി വിപണി കീഴടക്കാൻ ലക്ഷ്യം വയ്ക്കുന്ന വൻ കിട കോര്പറേറ്റ്‌ കമ്പനികൾക്ക് ആ വിലയ്‌ക്കോ അതിൽ കൂടുതലോ കൊടുക്കേണ്ടി വരും. അതോടെ വൻലാഭം എന്ന ലക്ഷ്യം ഉപേക്ഷിക്കേണ്ടിവരും. അത് ഒഴിവാക്കാൻ വൻകിടക്കാർക്ക് വേണ്ടിയാണ് മണ്ഡികൾക്ക് പുറത്ത് കർഷകർക്ക് MSP പരിരക്ഷയില്ലാതെ വ്യാപാരം നടത്താൻ പുതിയ നിയമം അവസരമൊരുക്കുന്നത്. ബിജെപി സർക്കാരിന്റെ കോർപറേറ്റ് സേവ പകൽ പോലെ വ്യക്തമാക്കുന്നതാണ് സത്യത്തിൽ ഈ നിയമം.

 5. FCI പൊതു വിതരണത്തിനായി കർഷകരിൽ നിന്നും താങ്ങു വില നൽകി സംഭരിച്ചിരുന്ന രീതി ഈ ബില്ലോടു കൂടി അവസാനിക്കാൻ പോകുന്നു എന്നു കർഷകർ ഭയപ്പെടുന്നു. കാരണം മണ്ഡികളിലൂടെയാണ് ഈ സംഭരണം മുഖ്യമായും നടന്നിരുന്നത്. 2014 ൽ FCI യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ രൂപീകരിച്ച ശാന്തകുമാർ കമ്മറ്റിയുടെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നും ഈ സംഭരണം കുറക്കുക എന്നതാണ്. അതു തന്നെയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇത് കർഷകരെ സാരമായി ബാധിക്കും

ഈ നിയമം എങ്ങനെ കോർപറേറ്റുകൾക്ക് സഹായകമാകും ?

റിലയൻസ് ഫ്രഷും, ഡി-മാർട്ടും. ബിഗ് ബസാറും പോലുള്ള കോർപ്പറേറ്റ് വ്യാപാരികളോട് വിലപേശി മെച്ചപ്പെട്ട വില ഉറപ്പിച്ചെടുക്കാൻ നമ്മുടെ കർഷകർക്ക് ഒരിക്കലും ആവില്ല. അതിനു കഴിയണമെങ്കിൽ സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങൾ വേണം. മണ്ഡികൾക്ക് പുറത്തുള്ള വ്യാപാരത്തിന് താങ്ങു വില ഉറപ്പ് വരുത്താൻ നിയമപരമായ ഒന്നും പുതിയ നിയമത്തിലില്ല. ഇത് വൻകിടക്കാരായ കോർപറേറ്റുകളെ സഹായക്കിനാണ് എന്നാണ് ചെറുകിട കർഷകരുടെ പരാതി. APMC മാർക്കറ്റു സംവിധാനം ഉപേക്ഷിച്ച ബിഹാറിൽ ചെറുകിട കർഷകർ തുച്ഛമായ വിലയ്ക്ക് റോഡരികിൽ ഇരുന്ന് വിൽക്കുന്ന സ്ഥിതിയാണ് ഉള്ളത്. വൻ കിടക്കാരെപ്പോലെ Perishable Products ദീർഘകാലം സംഭരിച്ചു വയ്ക്കാനും ദരിദ്ര കർഷകർക്കാവില്ല. ബീഹാറിന്റെ അനുഭവം കർഷകരെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.

കൃഷിക്കാർ അല്ലാത്ത സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്തെങ്കിലും ?

70 % ജനങ്ങൾ കാർഷികവൃത്തി ചെയ്തു ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അതിൽ 86 % ശതമാനം പേർ രണ്ടു ഹെക്റ്ററിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകർ. ഇവരെ ബാധിക്കുന്ന ഏത് പ്രശ്‌നവും നമ്മുടെ സമൂഹത്തെയാകെ ബാധിക്കും. കുത്തകകൾ ഈ രംഗത്ത് നിലയുറപ്പിക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും എന്നാണ് വിദഗ്ദർ പറയുന്നത്. കാരണം APMC സംവിധാനം ഇല്ലാതാകുന്നതിൽ വേറൊരു വലിയ അപകടം കൂടിയുണ്ട്. വിലക്കയറ്റം ഉണ്ടാകുമ്പോൾ സർക്കാർ അവശ്യ സാധന മാർക്കറ്റിൽ ഇടപെടുന്നത് നമുക്കറിയാം. വിലകളെകുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് ലഭിച്ചിരുന്നത് മണ്ഡികൾ കേന്ദ്രീകരിച്ചുള്ള Market Intelligence വഴിയാണ്. അതില്ലാതകുന്നതോടെ വിലക്കയറ്റം നിയന്ത്രണം എന്ന ചുമതലയിൽ നിന്നുകൂടി സർക്കാർ പതിയെ പിൻവാങ്ങും.

നേരത്തെ നിലനിന്നിരുന്ന APMC മണ്ഡി സംവിധാനത്തിന് പോരായ്മകൾ ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അത് പരിഹരിക്കാൻ എന്ന വ്യാജേന ഇന്ത്യൻ കൃഷി മേഖല കോർപറേറ്റുകൾക്ക് വിട്ടുകൊടുത്ത് കർഷകരെ ചൂഷണം ചെയ്യാൻ അവസരം കൊടുക്കുകയാണ് സർക്കാർ. ചുരുക്കത്തിൽ ഈ പുതിയ നിയമത്തിന്റെ ഭാഗമായി ഇത്രയും നാൾ കര്ഷകന് മണ്ഡികൾ വഴി ഒരു പരിധി വരെയെങ്കിലും ഉറപ്പ് ലഭിച്ചിരുന്ന MSP (Minimum Support Price) ഇല്ലാതാവാൻ പോവുകയാണ്. മണ്ഡികളുടെ രോഗം മാറ്റുന്നതിന് പകരം രോഗിയെ തന്നെ കൊല്ലുന്ന സ്ഥിതിയാണ് ഈ നിയമം വഴി നടക്കാൻ പോകുന്നത്. നിലവിൽ തന്നെ MSP വളരെ കുറവാണ്. ഇപ്പോൾ തന്നെ ദുരിത ജീവിതം നയിക്കുന്ന കർഷകർക്ക് സഹിക്കാൻ കഴിയാത്തതിനും അപ്പുറമാണിത്. അതുകൊണ്ടാണ് അവർ സമരത്തിന് ഇറങ്ങുന്നത്

ഭാഗം 2

Farmers (Empowerment and Protection) Agreement of Price Assurance and Farm Services Act 2020 എന്ന രണ്ടാമത്തെ നിയമം എങ്ങനെയാണ് വൻകിട കോർപറേറ്റുകൾക്ക് കർഷകരെ കൂടുതൽ ചൂഷണം ചെയ്യാൻ അവസരം നൽകുക എന്ന് നമുക്ക് നോക്കാം.

എന്താണ് ഈ നിയമം ചുരുക്കത്തിൽ?

ഈ നിയമ പ്രകാരം രാജ്യവ്യാപകമായി വൻകിട കമ്പനികൾക്ക് കർഷകരുമായി കരാർ കൃഷിയിൽ ഏർപ്പെടാൻ അനുവാദം ലഭിക്കും. അതായത് കൃഷി ഇറക്കുന്നതിനു മുന്നേ ഉൽപ്പന്നത്തിന്റെ വിലയും ഗുണവും ഉറപ്പിച്ചു കരാറിൽ ഏർപ്പെടാം. കർഷകന് നേരത്തെ ഉൽപ്പനകൾക്ക് ഒരു നിശ്ചിത വില ഉറപ്പു കിട്ടുന്നു എന്നത് നല്ലത് തന്നെ. പക്ഷെ കഥ അവിടെ അവസാനിക്കുന്നില്ല.

എന്താണ് കർഷകർ കരുതുന്ന അപകട സാദ്ധ്യതകൾ?

 1. നമുക്ക് അറിയാമല്ലോ കോർപറേറ്റുകൾ എന്ത് ഉടമ്പടിയിൽ ഏർപ്പെടുമ്പോഴും conditions apply ഉണ്ടാകും. വിദ്യാഭ്യാസ സമ്പന്നരായവർക്ക് പോലും ഇത് കൃത്യമായി മനസ്സിലാക്കി ഇടപെടാൻ കഴിയാത്ത സാഹചര്യത്തിൽ പാവം കർഷകർ കരാറിലെ നിയമത്തിന്റെ നൂലാമാലകൾ എങ്ങനെ മനസ്സിലാക്കാനാണ്. വൻ കിട കോർപറേറ്റുകളോട് നിയമയുദ്ധം നടത്തി ജയിക്കാനും ചെറുകിട കർഷകർക്ക് ആവില്ല. (നേരിട്ട് സിവിൽ കോടതിയിൽ പോകാൻ തന്നെ വകുപ്പില്ല ) അതായത് ഉദാഹരണത്തിന് ഐ.ടി.സി കമ്പനി മധ്യപ്രദേശിലെ ഒരു കർഷകനുമായി സോയാബീൻ കൃഷിക്ക് കരാർ ഒപ്പിടുന്നു. ഇന്ന ഗുണനിലവാരത്തിലുള്ള സോയാബീന് 4000 രൂപ കിന്റലിന് നൽകും എന്നാണ് കമ്പനി പറഞ്ഞത്. വിളവെടുപ്പ് നടക്കുന്ന കാലത്ത് കമ്പനി പറയുന്നു, ഉൽപ്പന്നത്തിന് ഗുണനിലവാരം ഇല്ല. അതിനാൽ 3500 രൂപ മാത്രമേ കിന്റലിന് തരാൻ കഴിയൂ എന്ന്. ഇതിനു നിയമ പരമായി സാധൂകരിക്കാനുള്ള വകുപ്പുകള്‍ കമ്പനി നേരത്തെ ഉണ്ടാക്കിയ ഉടമ്പടിയിൽ കാണിക്കുകയും ചെയ്യും.

 2. ആദ്യത്തെ നിയമം മണ്ഡികൾക്ക് പുറത്തു MSP ഉറപ്പ് വരുത്താതെ വ്യാപാരം അനുവദിക്കുന്നത് പോലെ. കരാർ കൃഷിയിൽ ഏർപ്പെടുമ്പോഴും കർഷകർക്ക് MSP നിർബദ്ധമായും കമ്പനികൾ നൽകണം എന്ന് നിയമപരമായി ഉറപ്പു വരുത്തുന്ന ഒരു വാചകവും പുതിയ നിയമത്തിൽ ഇല്ല.

 3. പുതിയ നിയമ പ്രകാരം കരാറിൽ ഏതെങ്കിലും വിധത്തിൽ തർക്കമുണ്ടായാൽ കർഷകർക്ക് നേരിട്ട് സിവിൽ കോടതിയെ സമീപിക്കാൻ ആവില്ല. sub-divisional magistrate നിയോഗിക്കുന്ന കമ്മറ്റിയാണ് ഈ പ്രശനങ്ങൾ പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ. ഈ സംവിധാനം കർഷകരെ പ്രതികൂലമായി ബാധിക്കും എന്നവർ ഭയപ്പെടുന്നു.

 4. ഹൈബ്രിഡ് വിത്തുൽപ്പാദനവുമായി ബന്ധപ്പെട്ട കരാർ കൃഷിയിൽ ഏർപ്പെടുമ്പോൾ കർഷകർ ഉൽപ്പാദനം നടത്തിയ വിത്ത് കൊടുക്കുമ്പോൾ വിലയുടെ 25% മാത്രമേ നൽകൂ. ബാക്കി 75 % വിത്തിന്റെ genetic purity test നടത്തി ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ നൽകൂ. ഇതിനാണെങ്കിൽ 70-80 ദിവസം വരെയെടുക്കും. ഈ കാല താമസം കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക.

 5. ഇതൊരു വെറും സാധ്യത മാത്രമല്ല. കോർപറേറ്റുകളുടെ മനുഷ്യത്വ രഹിതമായ സമീപനം നമ്മുടെ സമീപ കാല അനുഭവത്തിൽ തന്നെയുണ്ട്. 2019 ഏപ്രിലിലാണ് പെപ്സികോ നിർധനാരായ ഗുജറാത്തിലെ നാല് കർഷകർക്കെതിരെ 1 .05 കോടി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. പെപ്സികോയുടെ ഉൽപ്പന്നമായ ലെയ്സ് ചിപ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന FC-5 എന്ന ഇനത്തിൽ വരുന്ന ഉരുളക്കിഴക്ക് വിത്തുകൾക്ക് മേൽ പെപ്സിക്ക് കുത്തകാവകാശമുണ്ട്. ഈ ഇനം വിത്തുകൾ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് കൃഷി നടത്തിയതിനാണ് കർഷകർക്കെതിരെ കേസ് കൊടുത്തത്. പ്രതിഷേധം ശക്തമായപ്പോൾ ഇനി ഇതാവർത്തിക്കരുതെന്നു ആവശ്യപ്പെട്ടു പെപ്സികോ കേസ് പിൻവലിച്ചു. ഇതുപോലെ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ കോർപറേറ്റുകൾ കർഷകരെ ചൂഷണം ചെയ്യുമ്പോൾ എക്കാലവും പോരാട്ടം നടത്തേണ്ടുന്ന ഗതികേടിലാകും കർഷകർ

എന്താണ് കരാർ കൃഷിയുടെ ദൂര വ്യാപക പ്രശ്നങ്ങൾ

കരാർ കൃഷിയുമായി ബന്ധപെട്ടു ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ച് 2006 ൽ സ്വാമിനാഥൻ കമ്മിറ്റി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. കമ്പനികൾ എപ്പോഴും അപ്പോൾ ഉള്ള ലാഭത്തിലായിരിക്കും ശ്രദ്ധിക്കുക. അതിനാൽ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ മണ്ണിന്റെ ഗുണ നിലവാരത്തെ ബാധിക്കുന്ന പല കൃഷി രീതികൾക്കും അവർ കർഷകരെ പ്രേരിപ്പിച്ചേക്കാം. കമ്പനികൾ കുറച്ചു കാലത്തെ ചൂഷണങ്ങൾക്ക് ശേഷം മറ്റു കർഷകരിലേക്ക് പോകാൻ അവസരം ഉണ്ട്. അപ്പോഴേക്കും നേരത്തെ കരാറിൽ ഏർപ്പെട്ടിരുന്ന കർഷകന്റെ ഭൂമി കൃഷി യോഗ്യമല്ലാതായി തീർന്നിരിക്കും. കർഷകന്റെ ഭക്ഷ്യ വിളയിൽ നിന്നും മാറി കയറ്റുമതി മൂല്യമുള്ള വിളകൾ കൃഷി ചെയ്യാൻ നിർബന്ധിച്ചേക്കാം ഇത് രാജ്യത്തിൻറെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കാൻ പോന്നതാണ് എന്നൊക്കെയാണ് സ്വാമിനാഥൻ കമ്മറ്റി പറഞ്ഞത്. പല സംസ്ഥാനങ്ങളിലും കരാർ കൃഷി നേരത്തെയുണ്ട്. പഠനങ്ങൾ സൂചിപ്പിക്കുന്നത് കരാർ കൃഷി കര്ഷകന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നാണ്. (ആന്ധ്രായിൽ ചന്ദ്രബാബു നടപ്പാക്കി പരാജയപ്പെട്ട 'കുപ്പം മോഡൽ' കരാർ കൃഷി നമ്മുടെ മുന്നിൽ ഉണ്ടല്ലോ.)

കരാർ കൃഷിയുമായി ബന്ധപ്പെട്ട ദുരനുഭവം വല്ലതും നമുക്ക് മുന്നിലുണ്ടോ?

കമ്പനികളുടെ തനി നിറം മനസ്സിലാക്കാൻ പാകത്തിൽ സമീപകാലത്തെ ഒരു കേസ് പറയാം. ലോക് ഡൌൺ തുടങ്ങുന്നതിനു തൊട്ട് മുൻപേ മാർച്ചു ആദ്യ വാരത്തിൽ നന്ദൻ ബയോമെട്രിക്സ് ലിമിറ്റഡ് vs അംബിക ദേവി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. അംബിക ദേവി ഒന്നര ഏക്കർ ഭൂമി സ്വന്തമായുള്ള കേരളത്തിൽ നിന്നുള്ള കർഷകയാണ്. 2004 ൽ അവർ ബയോമെട്രിക്സ് കമ്പനിയുമായി വെളുത്ത മുസ്‌ലി (safed Musli)എന്ന ഔഷധ ചെടി വില്പനയ്ക്കായി മുൻകൂട്ടി വില നിശ്ചയയിച്ച ഒരു കരാർ ഉണ്ടാക്കി. കമ്പനി കുറഞ്ഞത് കിലോയ്ക്ക് ആയിരം രൂപ എന്ന നിലയ്ക്ക് ഈ ഉൽപ്പനം അംബികാദേവിയിൽ നിന്നും വാങ്ങും എന്നതായിരുന്നു കരാർ. പക്ഷെ കമ്പനി കരാർ ലംഘിച്ചു. 2008ൽ അംബികാദേവി കേരള കൺസ്യൂമർ കോർട്ടിൽ പരാതി നൽകി. വിധി അംബികാദേവിക്ക് അനുകൂലമായപ്പോൾ കമ്പനി സുപ്രീം കോടതിയിൽ പോയി. പക്ഷെ സുപ്രീം കോടതി അവർക്ക് അനുകൂലമായി വിധി നൽകി. 2008 ലെ കേസിനാണ് ഇപ്പോൾ അനുകൂല വിധിയുണ്ടായത്. അംബികാദേവിയെപ്പോലെ സാധാരണക്കാരായ എല്ലാ കർഷകർക്കും നിയമയുദ്ധം നടത്തി ജയിക്കാൻ ആവില്ല. അതിനുള്ള സമയവും സാമ്പത്തിക ശേഷിയും അവർക്കില്ല.

ഇനി പറയൂ, ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും ന്യായമെല്ലെ?

ഭാഗം 3

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾ കർഷകരെ മാത്രം ബാധിക്കുന്ന ഒന്നാണോ? നിങ്ങൾ അങ്ങനെ കരുതിയെങ്കിൽ തെറ്റി. ആ നിയമങ്ങളിൽ ഒന്നിന്റെ ദുരിതഫലം വരും ദിനങ്ങളിൽ നമ്മൾ എല്ലാം അനുഭവിക്കാൻ പോകുന്നെ ഉള്ളൂ. പുതുതായി പാസ്സാക്കിയ മൂന്ന് നിയമങ്ങളിൽ The Essential Commodities (Amendment) Act 2020 ആണ് നേരിട്ട് സാധാരണക്കാരായ എല്ലാവരെയും വരും ദിനങ്ങളിൽ സാരമായി ബാധിക്കാൻ പോകുന്നത്.

എന്താണ് Essential Commodities Act (ECA )

1955 ൽ നിലവിൽ വന്ന Essential Commodities Act (ECA ) പ്രകാരം ചില ഉൽപ്പന്നങ്ങളെ സർക്കാർ അവശ്യ സാധനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളുടെ ഉല്പാദനം , സംഭരണം , വിതരണം ഇവയെല്ലാം സർക്കാർ നിയന്ത്രണത്തിലാകും. അതായത് ഇത്തരം ഉൽപ്പന്നങ്ങളെ ഒരു പ്രത്യേക അളവിൽ കവിഞ്ഞു സംഭരിച്ചു വയ്ക്കാൻ അനുമതി ഉണ്ടാകില്ല. കൂടാതെ ഈ ഉൽപ്പങ്ങളുടെ Maximum Retail Price (MRP) സർക്കാർ നിശ്ചയിക്കും (ലോക് ഡൌൺ സമയത്ത് മാസ്കിനും സാനിറ്റസിസർക്കും വില നിശ്‌ചയിച്ചത് പോലെ ) ആവശ്യ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും ഒഴിവാക്കാനാനും അനധികൃതമായ വിലക്കയറ്റം ഒഴിവാക്കാനും ആണീ സംവിധാനം. ECA യുടെ പരിധിയിൽ മരുന്ന്, വളങ്ങൾ , ചണം , ഭക്ഷണ സാധനങ്ങൾ , പെട്രോളിയവും പെട്രോളിയം ഉൽപ്പന്നങ്ങളും, കാലിത്തീറ്റ , ഭക്ഷ്യ വിളകളുടെയും പഴ വർഗ്ഗങ്ങളുടെയും വിത്തുകൾ തുടങ്ങി ഒൻപത് വിഭാഗം ഉൽപ്പന്നങ്ങൾ അന്നുണ്ടായിരുന്നത്.

എന്താണ് ECA യിൽ ഇപ്പോൾ കൊണ്ടു വന്ന ഭേദഗതി ?

പുതിയ നിയമത്തിൽ നേരത്തെ ECA പട്ടികയിൽ ഉൾപ്പെട്ടിരുന്ന ധാന്യങ്ങൾ , പയറു വർഗ്ഗങ്ങൾ , എണ്ണകുരുക്കൾ , ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഉൽപ്പന്നങ്ങളെ അവശ്യ സാധന പട്ടികയിൽ നിന്നും നീക്കം ചെയ്തു. എപ്പോഴും ഇല്ല കേട്ടോ. യുദ്ധം , പ്രകൃതി ക്ഷോഭം തുടങ്ങിയ അസാധാരണ ഘട്ടങ്ങളിൽ ഇവ അവശ്യ സാധനനങ്ങളായി പരിഗണിക്കും. വിലക്കയറ്റം തടയാൻ എന്ന മട്ടിൽ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ പുതിയ നിയമത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നതെന്താണ്. വേഗം ചീഞ്ഞുപോകുന്ന (Perishable) വിളകളുടെ ചില്ലറ വില്പന വില (കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരി വിലയുടെ / കഴിഞ്ഞ 12 മാസത്തെ വിലയുടെ) 100 % ത്തിൽ കൂടിയാലും , നോൺ-പെരിഷബിൾ ഉൽപ്പന്നങ്ങളുടെ വില (കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശി വിലയുടെ / കഴിഞ്ഞ 12 മാസത്തെവിലയുടെ) 50 % കൂടിയാലും സർക്കാർ ഇടപെട്ടു വില നിശ്ചയിക്കുകയും സംഭരണം നിയന്ത്രിക്കുകയും ചെയ്യും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു ഉദ്ദേശമില്ല എന്ന് പകല്‍ പോലെ വ്യക്തം .

എന്താണ് സർക്കാർ പറയുന്നത്?

ഉൽപ്പന്നങ്ങളുടെ സംഭരണത്തിലും വിതരണത്തിലും സ്വകാര്യനിക്ഷേപം വന്നു വികസനം ഉണ്ടാകും എന്നതാണ് സർക്കാരിന്റെ വാദം.

എങ്ങനെ ഈ നിയമം നമ്മളെ പ്രതികൂലമായി ബാധിക്കും?

ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാൻ ശ്രമിക്കാം.ഉദാഹരണത്തിന് ഉരുളക്കിഴങ്ങ് അവശ്യ സാധനങ്ങളുടെ പട്ടികയിൽ നിന്നും എടുത്തു കളഞ്ഞ ഉൽപ്പന്നമാണ്. ഉരുളക്കിഴങ്ങിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരി ചില്ലറ വിൽപ്പന വില 40 രൂപയാണ് എന്ന് കരുതുക. റിലയൻസ് ഫ്രഷ് കാരൻ മൊത്തമായി കര്ഷകനിൽ നിന്നും കിലോയ്ക്ക് 20 രൂപ നിരക്കിൽ വാങ്ങി. നിയന്ത്രങ്ങൾ ഇല്ലാത്തതിനാൽ അവരത് അവരുടെ കോൾഡ് സ്റ്റോറേജിൽ രണ്ടു മാസം വരെ പൂഴ്ത്തി വയ്ക്കുന്നു (shelf life of potatoes is nearly 3 months). ഡിമാൻഡ് കൂടുമ്പോൾ ഒരു 75 രൂപയ്ക്ക് വിൽക്കുന്നു. സർക്കാർ നിയമ പ്രകാരം 80 രൂപയിൽ കൂടിയാൽ മാത്രമേ നിയന്ത്രണം ഉണ്ടാകൂ. കർഷകനും , സാധാരണക്കാരായാ ഉപഭോക്താക്കൾക്കും ഫലത്തിൽ നഷ്ടവും വലിയ മൂലധന സഹായമുള്ള കമ്പനികൾക്ക് ലാഭം കൊയ്യാനുമുള്ള വഴിയാണ് സർക്കാർ പുതിയ നിയമം വഴി വെട്ടിയിരിക്കുന്നത്.

വരും നാളുകളിൽ സാധാരണക്കാർ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടാതിരിക്കാൻ വേണ്ടി കൂടിയാണ് ഡൽഹിയിലെ കർഷക സമരം .

Upfront Stories
www.upfrontstories.com