വ്യക്തിപരമായി വമ്പിച്ച നഷ്ടം സഹിച്ചും സ്വന്തം ജീവിതം തന്നെ അപായപ്പെടുത്തിയും സമ്പദ്ഘടനയെ വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് നയിക്കുന്നതിനും അതുവഴി സഹജീവികളുടെ ജീവിതംകൂടി സംരക്ഷിക്കുന്നതിനും ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. കോവിഡ്19 മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട ദശലക്ഷക്കണക്കായവരുടെ സുഹൃത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഒരു വശത്ത് മഹാമാരിയെയും മറുവശത്ത് ജീവനോപാധികളുടെയും അവകാശങ്ങളുടെയും സേവന വ്യവസ്ഥകളുടെ മേലെ ഭരണാധികാരികളും ദല്ലാളുമാരും നടത്തുന്ന ആക്രമങ്ങളെയും ധീരമായി നേരിടുന്ന ലോകത്തെ തൊഴിലാളികളോടും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും സിഐടിയു ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു.

മാഹാമാരി കഴിഞ്ഞ ഒന്നര വര്‍ഷമായി സംഹാര താണ്ഡവം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് മുതലാളിത്ത വ്യവസ്ഥയുടെ നീചവും രാക്ഷസീയവും ക്രൂരവുമായ മുഖം അനാവരണം ചെയ്തിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ മുന്നേറ്റത്തിനിടയിലും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിലും ജീവന് സംരക്ഷണം നല്‍കുന്നതിലും വ്യവസ്ഥിതി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഈ വ്യവസ്ഥിതിയില്‍ ആരോഗ്യം പൗരന്മാരുടെ പ്രാഥമികാവകാശമല്ല, മറിച്ച് പണമുള്ളവര്‍ക്ക് മാത്രം മാറ്റിവെക്കപ്പെട്ട ഒന്നാണ്. ഈ മഹാമാരിക്കാലത്ത് ദരിദ്ര തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പൊതു ആരോഗ്യ സംവിധാനങ്ങളെ പാടെ ഒഴിവാക്കി, സ്വകാര്യ ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ എങ്ങിനെയാണ് ഒഴിവാക്കാമായിരുന്ന ആയിരക്കണക്കിന് മരണങ്ങളിലേക്ക് നയിച്ചത് എന്നതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ് ഏറ്റവും സമ്പന്നമായ അമേരിക്കയുടെയും മറ്റ് വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അനുഭവങ്ങള്‍. അക്കൂട്ടത്തിലാണ് ഇന്ന് ഇന്ത്യയും.ഇന്ന് കോവിഡ് വാക്സിനുകളെ നിയന്ത്രിക്കുന്നതും അവയെ കൈയടക്കിയിരിക്കുന്നതും ഏതാനും സമ്പന്ന രാഷ്ട്രങ്ങളാണ്. ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്സിനുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

മഹാമാരി, പണത്തിനും ലാഭത്തിനും മേലെ പൗരന്മാരെ പരിഗണിക്കുന്ന സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. സമയോചിതമായ ഇടപെടല്‍ വഴിയും പൊതു ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തിയും മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടഞ്ഞു നിര്‍ത്തുന്നതിനും മരണസംഖ്യ കുറയ്ക്കുന്നതിനും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് സാധിച്ചു. രോഗത്തെ ചെറുക്കുന്നതിനും ജീവനും ജീവനോപാധികളും ആരോഗ്യവും സംരക്ഷിക്കുന്നതിലും ചൈനയും വിയറ്റ്‌നാമും വടക്കന്‍ കൊറിയയും മാതൃകകളാണ്. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിച്ച് പൂര്‍ണസ്ഥിതിയില്‍ എത്തിക്കുന്നതിലും ചൈനയും വിയറ്റ്‌നാമും വിജയിച്ചിരിക്കുന്നു.

അവശേഷിച്ചിരുന്ന 98.99 മില്യന്‍ ഗ്രാമീണ നിവാസികളെക്കൂടി 2021 ഫെബ്രുവരിയോടെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചതോടെ ചൈന ദാരിദ്ര്യത്തിന്മേല്‍ ‘സമ്പൂര്‍ണവിജയം’ കൈവരിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ 2030 സുസ്ഥിര വികസന അജണ്ട എന്ന ദാരിദ്ര്യ നിര്‍മാര്‍ജന ലക്ഷ്യം 10 വര്‍ഷം മുമ്പേ തന്നെ ചൈനയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരിക്കുന്നു. ഈ മഹാമാരിയുടെ ദീര്‍ഘകാല ആഘാതം എന്ന നിലയില്‍ 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള 207 ദശലക്ഷം ജനങ്ങള്‍ കൂടി ദാരിദ്ര്യത്തിന്റെ പടുകുഴിയിലകപ്പെടും എന്ന ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നേട്ടം കൂടുതല്‍ പ്രസക്തമാകുകയാണ്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ ഉപരോധം ഉണ്ടായിട്ടുപോലും ക്യൂബ മഹാമാരിയെ നേരിടുന്നതിനും അവശരായ ജനവിഭാഗത്തോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതിനും 51 രാജ്യങ്ങളിലേക്ക് തങ്ങളുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരേയും നിയോഗിക്കുകയുണ്ടായി. ഇവയില്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ മാത്രമല്ല ഇറ്റലി തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. ലോകജനതയ്ക്ക് ക്യൂബന്‍ ഡോക്ടര്‍മാര്‍ നല്‍കിയ നിസ്വാര്‍ഥമായ സേവനങ്ങളെ കണക്കിലെടുത്ത് അവര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് സിഐടിയു ആവശ്യപ്പെടുന്നു.
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്ത സമയത്തും ചൈന 53 രാജ്യങ്ങള്‍ക്ക് ഈ വാക്സിനുകള്‍ നല്‍കി . ക്യൂബ ഇറാനും വെനസ്വേലയ്ക്കും ആവശ്യമുള്ള രാഷ്ട്രങ്ങള്‍ക്കും വാക്സിനുകള്‍ നല്‍കി വരുന്നുണ്ട്. അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നിരന്തരമായുള്ള അട്ടിമറി ശ്രമങ്ങളെ ചെറുത്തുകൊണ്ട് സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തെ സംരക്ഷിക്കുകയും അതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനതയെ സിഐടിയു ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ലോകമെമ്പാടും പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്ക, പാലസ്തീന്‍, മധ്യപൂര്‍വ ഏഷ്യ പസഫിക് ദേശങ്ങളില്‍ തങ്ങളുടെ അധീശത്വം സ്ഥാപിക്കാന്‍ അമേരിക്ക നടത്തുന്ന ആക്രമണോത്സുക കടന്നാക്രമണങ്ങളെ സിഐടിയു ആശങ്കയോടെ വീക്ഷിക്കുന്നു. അവര്‍ വികസ്വര രാജ്യങ്ങളുടെമേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദങ്ങള്‍ ഏല്‍പ്പിച്ച് അവരെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. ഏറ്റവും അവസാനത്തെയാണ് അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയുടെ ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്ത്യക്കു സ്വതന്ത്ര അതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റം. ലക്ഷദ്വീപിന് അടുത്തായി കിടക്കുന്ന കടലിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ അവര്‍ പ്രവേശിച്ചത് ഇന്ത്യയുടെ പരമാധികാരത്തോടുള്ള ധിക്കാരപൂര്‍വമായ വെല്ലുവിളിയാണ്. സാമ്രാജ്യത്വത്തിന്റെ അഹന്ത നിറഞ്ഞ ഈ സമീപനത്തെ സിഐടിയു അപലപിക്കുന്നു. ഇതിനെതിരെ രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ബിജെപി സര്‍ക്കാരിനോട് സിഐടിയു ആവശ്യപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനതയോടു സിഐടിയു ഐക്യദാര്‍ഡ്യം അറിയിക്കുന്നു; പ്രത്യേകിച്ചും തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്തി, തെരഞ്ഞെടുത്ത സര്‍ക്കാരുകളെ സംരക്ഷിച്ചുനിര്‍ത്തുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളോടും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മഡുറോ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന കുതന്ത്രങ്ങളെ ചെറുത്തുനില്‍ക്കുന്ന വെനസ്വേലയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം സിഐടിയു രേഖപ്പെടുത്തുന്നു. മാതൃഭൂമിക്ക് വേണ്ടിയുള്ള അവകാശത്തിന് സമരം ചെയ്യുന്ന പലസ്തീന്‍ ജനതയോടും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു. പാലസ്തീനു മേലുള്ള നിരന്തര ആക്രമണങ്ങളെയും പലസ്തീന്‍ മേഖലയില്‍ നടത്തുന്ന വര്‍ധിച്ചുവരുന്ന കുടിയേറ്റങ്ങളെയും സിഐടിയു അപലപിക്കുന്നു. 1967 ലെ അതിര്‍ത്തിക്കുള്ളില്‍ ഈസ്റ്റ് ജറുസലേം തലസ്ഥാനമായി പലസ്തീന്‍ മാതൃരാജ്യത്തിന് വേണ്ടിയുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു. മ്യാന്‍മറിലെ പട്ടാള അട്ടിമറിയെയും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുന്ന ജനങ്ങളുടെ നേരെ മിലിട്ടറി നടത്തുന്ന അക്രമങ്ങളെയും സിഐടിയു അപലപിക്കുന്നു.

കോവിഡ് മഹാമാരിയും തുടര്‍ന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങളും ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ ജീവനോപാധികളും അതിജീവനവും അപകടത്തിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ ശക്തിയായി നടപ്പിലാക്കി ഭൂപ്രഭുമുതലാളിത്ത വര്‍ഗത്തിന്റെ ലാഭക്കൊതി ശമിപ്പിക്കാനുള്ള സുവര്‍ണാവസരമായി കരുതുന്ന ഇന്ത്യയിലെ ബിജെപി സര്‍ക്കാര്‍ നടപടികളെ സിഐടിയു ശക്തിയായി അപലപിക്കുന്നു. ഈ സമയത്താണ് ബിജെപി സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയെടുത്തത്. അതും വോട്ടെടുപ്പ് ആവശ്യപ്പെട്ട എംപി മാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട്. അതേപോലെ പ്രതിപക്ഷങ്ങള്‍ സഭയില്‍ ഇല്ലാത്ത സമയത്താണ് മൂന്ന് ലേബര്‍ കോഡുകള്‍ പാസാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ മൊത്തമായി തന്നെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഭാരതം) എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ബിജെപി സര്‍ക്കാര്‍ ഈ രാജ്യത്തെ തന്നെ വില്‍ക്കുകയാണ്. ഇതിന്റെ സമ്പത്ത്, പ്രകൃതിവിഭവങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സമ്പത്തുല്‍പാദകരായ തൊഴിലാളികള്‍, കൃഷിക്കാര്‍ എല്ലാവരെയും ദേശവിദേശ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ്. 19ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കൊളോണിയല്‍ ചൂഷണ സമ്പ്രദായത്തിലേക്ക് ഈ രാജ്യത്തെയും ജനങ്ങളെയും തള്ളിവിടുകയാണ്.

വാക്സിന്‍ ഉല്‍പാദിപ്പിച്ചിരുന്ന മൂന്ന് പ്രമുഖ പൊതുമേഖലാ മരുന്നുല്പാദക കമ്പനികളെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ അടച്ചുപൂട്ടി, വാക്സിന്‍ നിര്‍മാണം പൂര്‍ണമായും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചു. അവരുടെ ഒരു ഉപയോക്താവാണ് ഇപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ്. ഒരുകാലത്ത് വാക്സിന്‍ ഉല്പാദന രംഗത്ത് ഏറ്റവും മുന്‍പന്തിയിലായിരുന്ന രാജ്യം രൂക്ഷമായ വാക്സിന്‍ ദൗര്‍ലഭ്യം നേരിടുകയാണ്. വാക്സിന്‍ നിര്‍മാണം വര്‍ധിപ്പിക്കുന്നതിലും അത് സാര്‍വത്രികമായി വിതരണം നടത്തുന്നതിലും കേന്ദ്രം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. മരുന്നിന്റെ വിതരണം വിപുലീകരിക്കണമെന്ന നിരവധി സംസ്ഥാന സര്‍ക്കാരുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും അഭ്യര്‍ഥനകളെ കേന്ദ്രം തള്ളിയിരിക്കുകയാണ്. പകരം സംസ്ഥാന സര്‍ക്കാരുകളുടെമേല്‍ പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രമിക്കുന്നത്.

ഒരുവര്‍ഷംമുമ്പ് നമ്മുടെ രാജ്യം ഹൃദയഭേദകമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നടന്നുപോകുന്ന കാഴ്ച. പതിറ്റാണ്ടുകളായി അവരുടെ അധ്വാനം ചൂഷണം ചെയ്ത് സമ്പന്നരായ തൊഴില്‍ദാതാക്കള്‍ അവരെ പട്ടിണിയിലേക്കും ഭവനരാഹിത്യത്തിലേക്കും തള്ളിവിട്ടതിന്റെ പ്രതിഷേധം. കുടിയേറ്റ തൊഴിലാളികള്‍ക്ക് അല്പമെങ്കിലും സംരക്ഷണം നല്‍കിയിരിക്കുന്ന ആക്ട് റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. പുതിയ കോഡില്‍ അതിന്റെ കാതലായ സംരക്ഷണ വകുപ്പുകള്‍ എല്ലാം ഒഴിവാക്കപ്പെടുത്തിയിരിക്കുന്നു. അതിന്റെ കരടില്‍ അവരുടെ തൊഴിലവകാശങ്ങളെപ്പറ്റിയോ, വ്യവസായ ബന്ധത്തെപ്പറ്റിയോ ഒന്നും പരാമര്‍ശിക്കുന്നില്ല. അതിന്റെ ഊന്നല്‍ വോട്ടിങ്ങിന് വേണ്ടി ഒരു മെക്കാനിസം രൂപപ്പെടുത്തുന്നതിനാണ്. വോട്ട് തട്ടാനുള്ള മറ്റൊരു തന്ത്രം എന്ന് മാത്രം ഇതിനെപ്പറ്റി പറയാനാവൂ. കോവിഡ്19 ന്റെ മറ്റൊരു കാറ്റ് രാജ്യത്താകെ നാശം വിതയ്ക്കുകയും മറ്റൊരു ലോക് ഡൗണിന്റെ സാധ്യത തങ്ങളെ തുറിച്ചുനോക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഈ കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ ജീവിതം തന്നെ കണ്‍മുന്നില്‍ തകര്‍ന്നുപോകുന്ന കാഴ്ചയാണ്. ലോക് ഡൗണ്‍ ഭീതിയില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്.

ഈ മഹാമാരി കാലത്ത് പാസാക്കിയെടുത്ത ലേബര്‍ കോഡുകള്‍ തൊഴിലാളികളെ നിര്‍ബാധം ചൂഷണം ചെയ്യുന്നതിന് ബിജെപി സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ സമ്മാനപ്പൊതികളാണ്. ഒരുവശത്ത് ഈ ലേബര്‍ കോഡുകള്‍ നാളിതുവരെ നടത്തിയ നിയമ ലംഘനങ്ങളെ നിയമവിധേയമാക്കുന്നു, മറുവശത്ത് അടിസ്ഥാനപരമായ ട്രേഡ് യൂണിയന്‍ അവകാശങ്ങളും തൊഴില്‍ അവകാശങ്ങളും സംരക്ഷിക്കുന്നതിന് നടത്തുന്ന സംഘടിത പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്യുന്നു.
മെയ്ദിനത്തിന്റെ പര്യായമായ എട്ട് മണിക്കൂര്‍ പ്രവൃത്തി ദിവസമെന്ന സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട അവകാശത്തില്‍ പോലും വെള്ളം ചേര്‍ക്കുകയാണ്. ഇതെല്ലാം തന്നെ തൊഴിലാളികള്‍ക്ക് ലഭ്യമായ ഏക ആയുധം സംഘടിത ട്രേഡ് യൂണിയനും
കൂട്ടായ പ്രവര്‍ത്തനങ്ങളും അവര്‍ക്ക് നിഷേധിക്കുന്നതിനു വേണ്ടിയുള്ളതാണ്. ലേബര്‍ കോഡുകള്‍ കൊണ്ടുവന്നിരിക്കുന്നത് തൊഴിലാളികള്‍ ദീര്‍ഘകാല സമരംകൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് അവരുടെമേല്‍ അടിമത്തം കൊണ്ടുവരാനാണ്. മുതലാളിത്തത്തിന്റെ അക്രമങ്ങളെയും രാക്ഷസീയവുമായ ചൂഷണത്തിനുമെതിരെ തൊഴിലാളി വര്‍ഗം നടത്തുന്ന സംഘടിത പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയും അടിച്ചമര്‍ത്തുകയുമാണ് അവരുടെ ഏക ലക്ഷ്യം.

രാജ്യത്തിന്റെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങളെ ബിജെപി അവരുടെ ദല്ലാളുമാര്‍ക്ക് കൈമാറുകയാണ്. കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും നഷ്ടപ്പെടും, അവരും കുടുംബാംഗങ്ങളും പട്ടിണിയുടെ പിടിയിലമര്‍ത്തപ്പെടും. മൊത്തം ദേശീയോല്പാദനം (ജിഡിപി) ,ഏഴ് ശതമാനം ആകുമെന്ന് കണക്കാക്കിയ ഈ സമയത്ത് ഗൗതം അദാനിയുടെ സ്വത്ത് ഇരട്ടിയിലധികമായി. 20 സ്ഥാനങ്ങള്‍ മുകളില്‍ കയറി അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നമായവരുടെ പട്ടികയില്‍ 48ാം സ്ഥാനക്കാരനായി ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാമതായി. മുകേഷ് അമ്പാനിയുടെ സ്വത്ത് 24 ശതമാനം വര്‍ധിച്ച് ലോക സമ്പന്നരില്‍ 8ാം സ്ഥാനക്കാരനായി. ഈ മഹാമാരി കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 35% കണ്ട് വര്‍ധിച്ചുവെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ചെലവില്‍ ഈ രാജ്യത്തിന്റെ വിഭവങ്ങളും ഖജനാവും സാമ്പത്തിക മേഖലയും ദേശീയവും വിദേശീയവുമായ വന്‍കിട ബിസിനസ് കോര്‍പറേറ്റ് വര്‍ഗത്തിന് കൊള്ളയടിക്കുന്നതിന് അവസരമൊരുക്കുന്ന സര്‍ക്കാരിന്റെ ഏകമനസ്സോടൂ കൂടിയ നിഷ്ഠുര നയങ്ങളെയാണ് ഈ പ്രതിഭാസം വെളിപ്പെടുത്തുന്നത്. മൊത്തത്തില്‍, ആഗോള ജിഡിപി നെഗറ്റീവ് ആയ ഈ കാലത്ത് തന്നെ ലോകമെമ്പാടുമുള്ള വന്‍കിട കോര്‍പറേറ്റ് ബിസിനസ് വര്‍ഗം അവരുടെ സമ്പാദ്യം 15 മടങ്ങായി വര്‍ധിപ്പിച്ചു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ തൊഴിലില്ലായ്മ സ്ഫോടകാത്മകമായ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. വിനാശകരമായ നവലിബറല്‍ നയങ്ങള്‍ മൂലം സമ്പദ്ഘടനയുടെ തൊഴില്‍ ആഗിരണ ശക്തിയുടെ വ്യവസ്ഥാപരമായ വിനാശമാണ് ഇത് തുറന്നുകാണിക്കുന്നത്.

അതുപോലെ ഇന്ത്യയിലെ സാധാരണക്കാര്‍ അവരുടെ സമ്പാദ്യം നിക്ഷേപിക്കുന്ന പൊതുമേഖലാ ബാങ്കുകളുളെയും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ തങ്ങളുടെ തുച്ഛ വരുമാനം നിക്ഷേപിക്കുന്ന പൊതുമേഖല ലൈഫ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെയും അതുപോലെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് കൈമാറാന്‍ പോകുകയാണ്. പ്രതിരോധ മേഖല, റെയില്‍വെ, ടെലികോം, സിവില്‍ വ്യോമയാനം, തുറമുഖങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, ഖനികള്‍ തുടങ്ങിയവയും വിദേശ കുത്തകകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെ സമ്പദ് ഘടനയാകെ സ്വകാര്യവല്‍ക്കരണത്തിനായി ലക്ഷ്യമിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ തൊഴില്‍ ലഭ്യമാകുന്ന ഉല്പാദന സേവന മേഖലകളില്‍ മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ഈ നയങ്ങള്‍ വിപരീതവും സര്‍വനാശവുമായ ഫലങ്ങളാണുണ്ടാക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് നടത്തിയ റഫാല്‍ ഇടപാടിലുണ്ടായ മധ്യവര്‍ത്തികളുളെയും കമീഷന്‍ ഇടപാടിന്റെയും വാര്‍ത്തകള്‍ ഫ്രഞ്ച് മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത് ഈ നയങ്ങളെ പൂര്‍ണമായും തുറന്നുകാട്ടിയിരിക്കുകയാണ്.

ഉല്പാദന, സേവന മേഖലകള്‍ മാത്രമല്ല, മോഡി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കാര്‍ഷിക മേഖലയും കോര്‍പറേറ്റുകള്‍ക്ക് പൂര്‍ണമായും തുറന്നു കൊടുത്തിരിക്കുകയാണ്. നാളിതുവരെ ചെറുകിട കര്‍ഷകരുടെ നിയന്ത്രണത്തിലായിരുന്ന കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് കൈയടക്കുന്നതിന് സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയെടുത്തത്. ഈ നയങ്ങള്‍ കോര്‍പറേറ്റ് കൃഷി സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്ന താങ്ങുവിലയും കാര്‍ഷികോല്പന്ന സംഭരണവും നിര്‍ത്തലാക്കുന്നു. കര്‍ഷകരെ ലോക ഭക്ഷ്യ കമ്പോളത്തിന്റെ ചലനങ്ങള്‍ക്ക് വിധേയരാക്കുന്നു. ഇത് ജനങ്ങളുടെ പ്രത്യേകിച്ചും ദരിദ്രരുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തില്‍ പൊതുവിതരണ സമ്പ്രദായത്തെയാകെ തകര്‍ക്കും.

ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ, ജന വിരുദ്ധ, ദേശ വിരുദ്ധ നയങ്ങളെ ധീരമായി ചെറുക്കുന്ന തൊഴിലാളി വര്‍ഗത്തെ, കര്‍ഷകരെ മറ്റെല്ലാ വിഭാഗം അധ്വാനിക്കുന്ന ജനങ്ങളെ സിഐടിയു അഭിനന്ദിക്കുന്നു. കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം മാസങ്ങളോളം തുടരുന്നു എന്ന് മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആര്‍ജിച്ച് മുന്നേറുകയാണ്. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ആവനാഴിയിലെ ആയുധങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരെ ഭിന്നിപ്പിക്കാനും അവരെ അപകീര്‍ത്തിപ്പെടുത്താനും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും നടത്തിയ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഈ സമരത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. കര്‍ഷകര്‍ അവരുടെ ഐക്യസമരം തുടരുകയാണ്. സിഐടിയു അവരുടെ ധീരതയെയും സ്ഥൈര്യത്തെയും മുക്തകണ്ഠം പ്രശംസിക്കുന്നു. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് തൊഴിലാളികളെ അണിനിരത്താന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നു.

അതുപോലെ വന്‍കിട കോര്‍പറേറ്റ് ശക്തികളും ഭരണതലത്തില്‍ അവരുടെ പ്രതിനിധികളായ മോഡി നയിക്കുന്ന ബിജെപി സര്‍ക്കാരും തൊഴിലാളികളുടെ അവകാശങ്ങളിന്മേലും അവരുടെ തൊഴില്‍ വ്യവസ്ഥയിന്മേലും നടത്തുന്ന അക്രമങ്ങളെ ധീരമായും സ്ഥിരതയോടും നേരിടുന്ന തൊഴിലാളി വര്‍ഗത്തെയും സിഐടിയു അഭിനന്ദിക്കുന്നു. അടച്ചുപൂട്ടലും മൂലം തങ്ങളുടെ പ്രസ്ഥാനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായ എല്ലാ നിയന്ത്രണങ്ങളെയും അതിജീവിച്ച് തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള എല്ലാ അവസരങ്ങളെയും തൊഴിലാളി വര്‍ഗം പ്രയോജനപ്പെടുത്തി.

ലോക് ഡൗണിന്റെ ഉച്ചസ്ഥായിയില്‍ പുരപ്പുറത്തും ബാല്‍ക്കണിയിലും നിന്നു കൊണ്ടു ശബ്ദമുയര്‍ത്തിയത് മുതല്‍ ക്രമേണ പുറത്തേക്കിറങ്ങി വന്ന് സമരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും 2020 നവംബര്‍ 26ന് വിജയകരമായ ദേശീയ പണിമുടക്കിലേക്ക് നീങ്ങുകയും ചെയ്തു. ഈ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ സിഐടിയു വഹിച്ച പങ്കില്‍ അഭിമാനം കൊള്ളുന്നു. സമരത്തിന് ലഭിച്ച വമ്പിച്ച പിന്തുണയ്ക്ക് തൊഴിലാളികളെ അഭിനന്ദിക്കുന്നു. കല്‍ക്കരി തൊഴിലാളികള്‍, ഇരുമ്പുരുക്ക് വ്യവസായ തൊഴിലാളികള്‍, ബാങ്ക് ഇന്‍ഷുറന്‍സ് മേഖലയിലെ ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ സംഘടിത തൊഴിലാളികള്‍, സ്കീം തൊഴിലാളികള്‍, മറ്റെല്ലാ മേഖലകളിലേയും ലക്ഷക്കണക്കായ തൊഴിലാളികള്‍ എല്ലാവരും സമരപാതയിലായിരുന്നു.

ദേശത്തിന്റെ സമ്പത്തുല്‍പാദന രംഗത്തെ പ്രധാനപ്പെട്ട രണ്ട് അധ്വാന വര്‍ഗങ്ങളായ കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇടയില്‍ വളര്‍ന്നുവരുന്ന ഐക്യദാര്‍ഢ്യം അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്ന ഒരു വസ്തുതയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇടയില്‍ ഐക്യവും ഐക്യദാര്‍ഢ്യവും വളര്‍ത്തിയെടുക്കാന്‍ സിഐടിയു നിരന്തരം ശ്രമിച്ചുവരികയായിരുന്നു. മഹാമാരിക്കിടയിലും കര്‍ഷകരും തൊഴിലാളികളും അവരവരുടെ സമരങ്ങള്‍ തുടരുകയും തീവ്രമാക്കുകയും മാത്രമല്ല ചെയ്തത്, ബോധപൂര്‍വം അവരവരുടെ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുകയും പരസ്പരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. തൊഴിലാളികളും കര്‍ഷകരും തമ്മിലുണ്ടായ ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തിയും വിശാലമായ ജനവിഭാഗങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തി സമരത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത് നവലിബറല്‍ നയങ്ങള്‍ക്കെതിരെ മാത്രമല്ല, ചൂഷണാത്മകമായ മുതലാളിത്ത വ്യവസ്ഥിതിക്ക് എതിരായ സമരങ്ങള്‍ക്ക് ചരിത്രപരമായ അവസരം കൈവരുത്തും എന്ന് സിഐടിയു വിശ്വസിക്കുന്നു.

ഭരണ വര്‍ഗത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിന് ജാതി വര്‍ഗീയശക്തികള്‍ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണ്. ഇവരുടെ വിഭാഗീയ ശ്രമങ്ങളെ മറികടന്ന് കൊണ്ടു തൊഴിലാളി കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നു. തൊഴിലാളികളും കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ നാടിനെ തന്നെ രക്ഷിക്കുന്നതിനും വേണ്ടി സമരം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത സിഐടിയു ആവര്‍ത്തിച്ചു രേഖപ്പെടുത്തുന്നു.
തങ്ങളുടെ നയങ്ങള്‍ക്കെതിരെ ഉയരുന്ന ഭിന്നാഭിപ്രായങ്ങളെയും എതിര്‍പ്പുകളെയും വഞ്ചനാപരമായ മാര്‍ഗ്ഗത്തില്‍ അടിച്ചമര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തിയായി അപലപിക്കുന്നു. ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പാര്‍ലിമെന്ററി നടപടിക്രമങ്ങള്‍ ലംഘിക്കപ്പെടുന്നു. തങ്ങളുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെയും അവരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു, അറസ്റ്റ് ചെയ്യാനും പീഡനങ്ങള്‍ക്ക് ഇരയാക്കാനും ബിജെപി സര്‍ക്കാര്‍ യുഎപിഎ, എന്‍എസ്എ പോലുള്ള കരിനിയമങ്ങളെയും ഇഡി, ആദായനികുതി, സിബിഐ, അവരുടെ നിയന്ത്രണത്തിലുള്ള ഡെല്‍ഹി പൊലീസ് എന്നിവയിലെ തങ്ങളുടെ പ്രവര്‍ത്തന സംവിധാനങ്ങളെയും ഉപയോഗിക്കുന്നു. വിദ്യാര്‍ഥികളെയും സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കരിനിയമങ്ങള്‍ അനുസരിച്ച് ജയിലിലടയ്ക്കുകയും ജാമ്യം കിട്ടാതെ ജയിലില്‍ നരകിക്കുകയും ആണ്. സുപ്രീംകോടതി പോലുള്ള സ്ഥാപനങ്ങള്‍ പോലും സര്‍ക്കാരിന്റെ നിലപാടുകളിലേക്ക് ചുവടുമാറ്റുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. ഈ അടുത്ത കാലത്ത്, അഞ്ച് നിയമസഭകളിലേക്ക് നടത്തേണ്ട തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കമീഷന്റെ ഭാഗത്ത് നിന്നുണ്ടായ സംഭവവികാസങ്ങളും കാണിക്കുന്നത്, കമീഷനും ഇതേ നിലപാട് തുടരുന്നു എന്നതാണ്.

മൂലധനവും ഭരണത്തിലെ അവരുടെ ദല്ലാളുമാരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും നേരെ നടത്തുന്ന ആക്രമണോത്സുകമായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല. മഹാമാരിക്ക് മുമ്പുതന്നെ ലോകത്തെമ്പാടുമുള്ള ഭരണ വര്‍ഗങ്ങള്‍ തൊഴിലാളികളെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പിഴിഞ്ഞെടുത്തുകൊണ്ടും പ്രകൃതി വിഭവങ്ങളും പൊതു സ്വത്തും സേവന മേഖലയും കൈയടക്കിക്കൊണ്ടും ലാഭം പരമാവധി വര്‍ധിപ്പിക്കാനും സമ്പത്ത് കൂടുതല്‍ ആര്‍ജിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിരവധി മുതലാളിത്ത കേന്ദ്രങ്ങളില്‍ പൊരുതി നേടിയ അവകാശങ്ങള്‍ സംഘടിക്കാനും വിലപേശാനുമുള്ള അവകാശങ്ങള്‍ നിയന്ത്രിക്കുന്ന തൊഴില്‍ നിയമഭേദഗതികളും ജനാധിപത്യാവകാശങ്ങളിന്മേലുള്ള ആക്രമണങ്ങളും തുടര്‍ന്നുവരികയാണ്. ഭരണവര്‍ഗം അവരുടെ കാര്യം നടക്കാന്‍ വലതുപക്ഷ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളെ മതത്തിന്റെ വര്‍ണത്തിന്റെ വര്‍ഗീയതയുടെ പ്രാദേശികതയുടെ പേരില്‍ ഭിന്നിപ്പിക്കുകയും ചെയ്യുകയാണ്. വെറുക്കപ്പെട്ട നവലിബറല്‍ മാതൃക പരാജയമെന്നറിഞ്ഞിട്ടും, ഈ വ്യവസ്ഥാപരമായ പ്രതിസന്ധിയെ മറികടക്കാന്‍ മറ്റൊരു മാര്‍ഗം നിര്‍ദേശിക്കാന്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ല, പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം കേറ്റിവയ്ക്കുക എന്ന ഒറ്റ കാര്യമല്ലാതെ.

മുതലാളിത്ത വ്യവസ്ഥ നേരിടുന്ന ഈ തുടര്‍ തകര്‍ച്ചയുടെ പ്രതികരണമെന്നോണം നിരാശരായ ഭരണ വര്‍ഗ്ഗം മറ്റുപോംവഴികള്‍ ഒന്നും കാണാനാകാതെ ഭരണം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാക്കുന്നതിനും സ്വേച്ഛാധിപത്യവല്‍ക്കരിക്കുന്നതിനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റ് ചിന്തയോടെ അവര്‍ ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളെയും നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വ്യവസായ മേഖല മുഴുവനായും ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടുന്ന സേവന മേഖലയും ധാതുവിഭവങ്ങളും അടിസ്ഥാന സൗകര്യമേഖലയും ഇന്ന് സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തില്‍ ആയിരിക്കുന്നു. സമ്പദ്ഘടനയും കമ്പോളവും വിദേശ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നു. കൃഷിയിലും കുത്തക വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെയെല്ലാം ലക്ഷ്യം കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കലും അതിസമ്പന്നരുടെ സമ്പത്ത് വര്‍ധിപ്പിക്കലുമാണ്.
ലേബര്‍ കോഡുകള്‍ ഉപയോഗിച്ച് തൊഴിലാളികളുടെ അവകാശങ്ങളെ കവര്‍ന്നെടുത്ത് ജനാധിപത്യാവകാശങ്ങളിന്മേലും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലും അഭിപ്രായവ്യത്യാസങ്ങള്‍, ഭരണഘടനാ തത്വങ്ങളെ അവഗണിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യുക, സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങളുടെ മേലുള്ള അതിക്രമം എല്ലാം തന്നെ ഈ സ്വേച്ഛാധിപത്യപരമായ നീക്കങ്ങളുടെ ഭാഗമാണ്. അത്പോലെ മത, വര്‍ഗീയ ശക്തികളെ ഉപയോഗിച്ച് തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ത്ത് സമരത്തെ ദുര്‍ബലപ്പെടുത്തുകയും അങ്ങനെ ഒരു വളരെ ചെറിയ വിഭാഗം കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്.

തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ വ്യവസ്ഥിതി എത്രത്തോളം പരാജയപ്പെട്ടിരിക്കുന്നു എന്ന കാര്യം ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മനസ്സിലാക്കിവരികയാണ്. ഇന്ത്യയില്‍ ബിജെപി സര്‍ക്കാരിന്റെ കോര്‍പറേറ്റ് വിധേയത്വം കൂടുതല്‍ ജനവിഭാഗങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഒരു വലിയ വിഭാഗം ജനങ്ങളിലും അധ്വാനിക്കുന്നവരിലും അവരുടെ ദൈനംദിന പ്രശ്നങ്ങളും കാലാകാലങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകളുടെ നയങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി അവബോധം വളര്‍ത്തിയെടുക്കാനുള്ള സമയമാണിത്. ആരാണ് ശത്രു ആരാണ് മിത്രം എന്ന് തിരിച്ചറിഞ്ഞ്, ശത്രുവിനെതിരെ മിത്രങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് പടപൊരുതാന്‍ അവരെ അണിനിരത്താനുള്ള സമയം.

ജനങ്ങളുടെ, സമ്പദ്ഘടനയുടെ, ജനാധിപത്യത്തിന്റെ വ്യവസ്ഥയുടെ സാമൂഹ്യ ഐക്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിന്റെ മേല്‍ നടക്കുന്ന സമഗ്രമായ ആക്രമണങ്ങള്‍ക്കെതിരെയുള്ള വര്‍ഗ സമരത്തിലൂന്നിയുള്ള തൊഴിലാളി വിഭാഗത്തിന്റെ പോരാട്ടവും ആ ആക്രമണത്തിന്റെ വിവിധ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് പരസ്പരം ബന്ധപ്പെടുത്തി സമഗ്രസ്വഭാവത്തിലുള്ളതുമായിരിക്കണം. ഈ സമരം മറ്റ് ജനവിഭാഗങ്ങളോടൊന്ന് ചേര്‍ന്നുകൊണ്ട് ഐക്യസമരമാകണം. ജനാധിപത്യ വ്യവസ്ഥിതിയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാകണം. രാജ്യത്തിന്റെ സമ്പദ് ഘടനയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാകണം. എല്ലാത്തിനുമുപരിയായി ജനങ്ങളുടെ ഐക്യം സംരക്ഷിക്കുന്നതിനുള്ള സമരമായിരിക്കണം. അതിന് മുതലാളിത്ത വ്യവസ്ഥിതിയുടെ അന്തര്‍ലീനമായിരിക്കുന്ന ചൂഷണ സ്വഭാവത്തെയും അതിന്റെ മനുഷ്യത്വരഹിതമായ ഗൂഢ തന്ത്രങ്ങളെയും അവയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയസംവിധാനത്തെയും തുറന്ന് കാണിക്കുന്ന സ്ഥിരതയും നൈരന്തര്യവുമുള്ള പരിശ്രമം ആവശ്യമാണ്.

ഈ മെയ്ദിന വേളയില്‍ സിഐടിയു ഇന്ത്യയിലെയും ലോകത്തെയും തൊഴിലാളികളോടും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു. സംഘടിക്കൂ, സാര്‍വത്രികമായ സൗജന്യ കോവിഡ് വാക്സിനും സാര്‍വത്രികമായ സൗജന്യ ആരോഗ്യ പരിപാലനത്തിനും വേണ്ടി നമുക്ക് ആവശ്യപ്പെടാം. തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവനോപാധികളുടെ മേലിലും പൊരുതി നേടിയ അവകാശങ്ങളുടെ മുകളിലും മുതലാളിത്തം നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാന്‍ സംഘടിക്കൂ. ജനാഭിമുഖ്യമുള്ള ബദലിന് വേണ്ടി, സംഘടിക്കൂ സമരം ചെയ്യൂ. തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ഭരണവര്‍ഗ ശ്രമങ്ങള്‍ക്കെതിരെ സംഘടിക്കൂ, സമരം ചെയ്യൂ.

മെയ് ദിനം നീണാള്‍ വാഴട്ടെ
തൊഴിലാളിവര്‍ഗ ഐക്യം നീണാള്‍ വാഴട്ടെ
തൊഴിലാളി കര്‍ഷക ഐക്യം നീണാള്‍ വാഴട്ടെ
സോഷ്യലിസം നീണാള്‍ വാഴട്ടെ
മുതലാളിത്തം തുലയട്ടെ.