തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് ഹാനികരമായ രീതിയില്‍ രൂപാന്തരപ്പെടുന്നു. ട്രേഡ് യൂണിയനുകളെ അംഗീകരിക്കാതിരിക്കുക, ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം നേടൽ ദുഷ്കരമാക്കുക, തൊഴിലാളികളെ പിരിച്ചുവിടൽ ലളിതമാക്കുക – തൊഴിലാളി വിരുദ്ധമായ ഈ നടപടികൾക്കു പിന്നിൽ പ്രവർത്തിച്ചത് കേന്ദ്ര സര്‍ക്കാരാണ്.

തൊഴിലാളി അവകാശങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സമീപകാലത്ത് വർധിച്ചതായി കാണാം. അവയ്‌ക്കെതിരെ തൊഴിലാളിവർഗ പോരാട്ടങ്ങൾ ശകതിപ്പെടുന്ന പരിസ്ഥിതികൂടി വന്നുചേര്‍ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യചരിത്രത്തിൽ താരതമ്യമില്ലാത്ത ആക്രമണം തൊഴിലാളികള്‍ക്കു നേരെ നടന്ന ഒരു കാലഘട്ടം കൂടി നമ്മള്‍ ഓര്‍ക്കണം – അടിയന്തിരാവസ്ഥക്കാലം.

അന്നും, ഇന്നത്തെ പോലെ തൊഴിലാളികൾക്കെതിരായ കടന്നാക്രമണവും സാമ്പത്തിക പ്രതിസന്ധിയും ഒരേപോലെ വന്നുചേർന്നു. അടിയന്തരാവസ്ഥക്കാലഘട്ടത്തില്‍ കൂലി മരവിപ്പിക്കല്‍, അന്യായമായ പിരിച്ചുവിടല്‍ എന്നിവ നിത്യസംഭവമായി. തൊഴിലാളി സമരങ്ങളെ പൊലീസിനേയും അര്‍ദ്ധ സേനാവിഭാഗങ്ങളേയും ഉപയോഗിച്ച്‌ അടിച്ചമർത്തി.

അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച തൊഴിലാളികള്‍ക്കും തൊഴിലാളി നേതാക്കള്‍ക്കും എതിരെ രാജ്യരക്ഷാ നിയമം, ഇന്ത്യന്‍ പ്രതിരോധ നടപടികൾ (ഡി ഐ ആർ), ആഭ്യന്തര സുരക്ഷാ നിയമം (മിസ്സാ) എന്നിവ ഉപയോഗിച്ചു ഭരണകൂടത്തിന്റെ വന്‍ അടിച്ചമര്‍ത്തൽ നടപടിയുണ്ടായി. നിരവധിപേർക്ക് ജയിലിലോ ഒളിവിലോ പോകേണ്ട അവസ്ഥയും സൃഷ്ടിച്ചു. വമ്പിച്ച പണിമുടക്ക് ഉൾപ്പെടെയുള്ള പോരാട്ടങ്ങളുടെ സമയമായിരുന്നു അത്. സമരങ്ങള്‍ അതിക്രൂരമായി തന്നെ അടിച്ചമര്‍ത്തപ്പെട്ടു.

ധാർഷ്ട്യത്തിനെതിരെ ഐക്യദാർഢ്യ സമരം

1972 മെയ് 16ന് സിഐടിയു കേരളാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ അഞ്ചുലക്ഷം തൊഴിലാളികൾ പശ്ചിമ ബംഗാളിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും തൊഴിലാളി ട്രേഡ് യൂണിയന്‍ അവകാശങ്ങൾക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു.

1972 ഡിസംബര്‍ 10 ന് ഡൽഹിയിൽ വിവിധ ട്രേഡ് യൂണിയനുകള്‍ ‘ബോണസ് ഫോർ ഓൾ’ (എല്ലാവര്‍ക്കും ബോണസ്) എന്ന കൺവെൻഷൻ സംഘടിപ്പിച്ചു. ഈ കണ്‍വെന്‍ഷനില്‍ വേതനത്തിന്റെ 8.33% നീട്ടിവെച്ച വേതനം എന്ന നിലക്ക് ബോണസ് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. 1973 ഡിസംബർ ഒന്നിന് കേന്ദ്ര ജീവനക്കാരുടെ പ്രസ്ഥാനം ഒരു ഏകീകൃതവേതന സമരപരിപാടി വിജയകരമായി ആചരിച്ചു.

റെയിൽവേ തൊഴിലാളികളുടെ ഒരു ദേശീയ കോർഡിനേഷൻ കമ്മിറ്റി ഈ കാലഘട്ടത്തില്‍ രൂപീകരിക്കപ്പെട്ടു. റെയിൽവേ മന്ത്രാലയം, കമ്മിറ്റി അംഗങ്ങളുമായി സഹരിക്കില്ലെന്ന ധാർഷ്ട്യത്തിലായിരുന്നു. ചർച്ചചെയ്യാൻ പോലും വിസമ്മതിച്ചതിനെ തുടര്‍ന്ന്, 1974 മേയ് 8 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കപ്പെട്ടു. ഈ സമരമാകട്ടെ മേയ് 29 വരെ നീണ്ടു.

1974 മെയ് 15 ന് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായ ഐക്യദാർഢ്യ സമരം നടന്നു. പണപ്പെരുപ്പത്തിനെ നിര്‍വീര്യമാക്കുന്ന നടപടികളെ അടിസ്ഥാനമാക്കിയുള്ള മിനിമം വേതനം എന്നതായിരുന്നു ആവശ്യം.

ഭരണകൂടം ക്രൂരമായി പ്രതികരിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റുചെയ്ത്, എതിർ ശബ്ദങ്ങൾ അടിച്ചമർത്തി, അവരുടെ മാസികകള്‍ നിരോധിക്കുകയും സെൻസർ ചെയ്യുകയും ചെയ്തു. അതുവരെ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങൾ കൂടി ഇല്ലാതാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. അത്യാവശ്യ സേവന സംരക്ഷണ നിയമം നിര്‍മിച്ച് ഇന്ദിരാഗാന്ധി സര്‍ക്കര്‍ റെയിൽവേയില്‍ പണിമുടക്ക് നിരോധിച്ചു.

50,000 ത്തിലധികം റെയിൽവേ, കേന്ദ്രസർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ പെട്ടെന്നു വിചാരണ ചെയ്ത് ഒരു വർഷമോ അതിൽ കൂടുതലോ കഠിനതടവിനു ശിക്ഷിക്കുകയും ചെയ്തു. സമരം അവസാനിച്ചപ്പോൾ ഒരു ലക്ഷത്തോളം തൊഴിലാളികളെ ജോലിയില്‍ പുറത്താക്കി; 30,000 പേര്‍ സസ്പെൻഷനിലായി. 1974 ജൂലായിൽ പുറപ്പെടുവിച്ച് കേന്ദ്ര ഓർഡിനൻസ് പ്രകാരം നിർബന്ധിത നിക്ഷേപ സ്കീം നടപ്പിലാക്കി. ആറു മുതൽ ഏഴുവർഷത്തേക്ക് എല്ലാ ശമ്പള വർധനവും അലവൻസിന്റെ പകുതിയും സര്‍ക്കാര്‍ കണ്ടെടുത്തതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 1975 ഒക്ടോബറില്‍ മറ്റൊരു ഓർഡിനൻസിലൂടെ മിനിമം ബോണസ് 8.33% നിന്നു 4% ലേക്കു കുറച്ചു. ഭരണഘടനയുടെ നാല്പത്തിരണ്ടാം ഭേദഗതി ഭരണഘടനയിലെ 311 (2) വകുപ്പനുസരിച്ചുള്ള സർക്കാർ ജീവനക്കാരുടെ അവകാശത്തെ പിൻവലിച്ചു. ശിക്ഷാ നടപടികളില്‍ സ്വയം പ്രതിരോധത്തിന്റെ രണ്ടാമത്തെ അവസരം ഇതു പ്രകാരം ഇല്ലാതാക്കി. 1976 ജനുവരിയില്‍, ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിന് കോടതിയെ സമീപിക്കാനുള്ള അവകാശം നിരോധിക്കപ്പെട്ടു. ആ വര്‍ഷം മേയ്ദിന റാലി നടത്താൻ പോലും തൊഴിലാളികളെ അനുവദിച്ചില്ല.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ അടിച്ചമർത്തുക, ജനാധിപത്യാവകാശങ്ങൾക്കും പൗര സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണം എന്നിവ ഇന്ത്യൻ ജനാധിപത്യത്തിന് അജ്ഞാതമല്ല. മേൽപ്പറഞ്ഞ കാലയളവില്‍ അധികാരത്തിലിരുന്നത് കോൺഗ്രസ് പാർട്ടി തന്നെ.

ഇന്നത്തെപ്പോലെ അന്നും വ്യവസായ പ്രമുഖരും സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്തു എന്നും ഇന്നോർക്കാം! ഫാസിസ്റ്റ് – അർദ്ധ ഫാസിസ്റ്റ്‌ ഭരണത്തിന്റെ വരവ് അവർക്ക് തൊഴിലാളികളെ കൈകാര്യം ചെയ്യാനും അവരുടെ ചൂഷണത്തെ കൂടുതൽ രൂക്ഷമാക്കാനും അവസരമുണ്ടാക്കുന്നു. അതിന്റെ തലപ്പത്ത് അന്നു കോൺഗ്രസ് ആയിരുന്നെങ്കില്‍ ഇന്നു ബിജെപിയാണ്.