കേരളത്തിൽ മുമ്പ് രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണ് രാഷ്ട്രീയ, സാമൂഹിക സംവാദങ്ങളുടെ അജണ്ട നിശ്ചയിച്ചിരുന്നതെങ്കിൽ, ദൃശ മാധ്യമങ്ങളുടെ വരവോടെ ഗതിവിഗതികളും മാധ്യമങ്ങളുടെ സ്വാധീനത്തിലായി. ഈ പശ്ചാത്തലത്തിലാണ് ചാനൽ ചർച്ചകളിൽ കൃത്രിമമായ സന്തുലനം അഥവാ ആർട്ടിഫിഷ്യൽ ബാലൻസിങ് രൂപം കൊണ്ടത്. ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പോലും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയോ, ജനകീയ സമരങ്ങൾ ഏറ്റെടുക്കുകയോ ചെയ്യാത്ത ബി ജെ പി ഇന്ന് കേരളം പിന്നിട്ട വഴിത്താരകളെ കുറിച്ച് അഭിപ്രായം പറയുന്നു. പശു അമ്മയാണെന്നും ചാണകം അമൃതാണെന്നും മൂത്രം ആരോഗ്യദായകമാണെന്നും വിമാനം കണ്ടുപിടിച്ചത് മയനാണെന്നും ഗണപതിയുടെ തല മാറ്റിവച്ചതാണ് ആദ്യ അവയവമാറ്റ ശസ്ത്രക്രിയയെന്നുമടക്കമുള്ള ദേശീയവിവരക്കേടുകൾ മാത്രമല്ല കുമ്മനടിയും ശോഭ സുരേന്ദ്രന്റെ കൺകറന്റ് ലിസ്റ്റും ശ്രീധരൻ പിള്ളയുടെ നിലപാട് മാറ്റവും സുരേന്ദ്രന്റെ ഉള്ളിക്കറിയും കൈ രേഖയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഡ്ഢിത്തരങ്ങൾ. ആ വിഡ്ഢിത്തരങ്ങൾക്കു നാം കൊടുത്ത കാതുകളിലൂടെയാണ് ഇന്നവർ പടർന്നു കയറുന്നതും. ബുദ്ധിമാനായ മലയാളി മറന്നു പോയ പാഠമാണ് ഇത്. കേരളത്തിൽ ബിജെപിക്കുണ്ടായ വോട്ടു വളർച്ചയ്ക്ക് ദേശീയ രാഷ്ട്രീയവുമായി ബന്ധമുണ്ടെങ്കിൽ പോലും ചാനലുകൾ അവർക്ക് നൽകിയ അനർഹമായ പ്രാധാന്യം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.