മാർക്സിസത്തിന്റെ ശരികളിലൂടെ
Media

മാർക്സിസത്തിന്റെ ശരികളിലൂടെ

ടെറി ഈഗിൾട്ടന്റെ Why Marx was Right എന്ന പുസ്തകത്തെക്കുറിച്ച് പി എസ് പൂഴനാട് എഴുതുന്ന ചെറുകുറിപ്പ്.

Upfront Stories

Upfront Stories

സാധാരണനിലയ്ക്ക് പ്രവർത്തിക്കുന്ന ഏതൊരു മാർക്സിസ്റ്റുകാരനും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകുന്ന ആരോപണങ്ങളാണ് മാർക്സിസം എന്നത് കാലഹരണപ്പെട്ട ഒരു തത്വശാസ്ത്രം ആണെന്നും, അത് തെറ്റായ ആശയപരിസരങ്ങൾ ഉള്ളതാണെന്നും ഒക്കെയുള്ളവ. മനുഷ്യന്റെ വിമോചനം ലക്ഷ്യമാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഇല്ലാതാക്കേണ്ടത് സാമൂഹ്യാധികാരം കയ്യാളുന്ന ആധിപത്യശക്തികളുടെ ഒരിക്കലും അവസാനിക്കാത്ത ആവശ്യമാണ്. ഇത്തരം ചോദ്യങ്ങളും ഈ ശ്രമങ്ങളുടെ ഭാഗം മാത്രമാണ്.

പുതിയ കാലഘട്ടത്തിന്റെ സമൂർത്തകൾക്കനുസരിച്ച് മാർക്സ് വീണ്ടും വായിക്കപ്പെടുകയാണ്. ആവേശകരമായ ഈ ചരിത്രസന്ദർഭത്തിൽ വീണ്ടും പ്രസക്തിയാർജ്ജിക്കുന്ന പുസ്തകമാണ് പ്രശസ്ത മാർക്സിസ്റ് ചിന്തകനായ ടെറി ഈഗിൾട്ടൻറെ Why Marx was Right ( Yale University Press 2011 ). മാർക്സിനും മാർക്സിസത്തിനും എതിരെ ലോകവ്യാപകമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ, പഴയതും പുതിയതുമായ, പത്തു പ്രധാന വിമർശനങ്ങളെയാണ് ടെറി ഈഗിൾട്ടൻ ഈ പുസ്തകത്തിൽ ഇഴകീറി പരിശോധിക്കുന്നത്. ആ വാദഗതികൾ ഇവയാണ്.

1. മാർക്സിസത്തിന്റെ കഥ കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ പുതിയ വർഗ്ഗരഹിത വ്യവസായാനന്തര സമൂഹത്തിൽ മാർക്സിസത്തിനു പ്രസക്തിയില്ല.

2. സൈദ്ധാന്തികതലത്തിൽ അതിഗംഭീരമായിരിക്കാമെങ്കിലും, പ്രായോഗികതലത്തിൽ ജനങ്ങൾക്കുമേൽ ക്രൂരതകളാണ് മാർക്സിസം അടിച്ചേൽപ്പിച്ചത്. സോഷ്യലിസത്തിൽ ജനാധിപത്യത്തിന് യാതൊരു സ്ഥാനവുമില്ല.

3. മാർക്സ്, ചരിത്രം ചില ഉരുക്കുനിയമങ്ങൾ അനുസരിച്ച് മുന്നേറുന്നു എന്ന് വിശ്വസിച്ചിരുന്നു. ഫ്യൂഡലിസം അനിവാര്യമായി മുതലാളിത്തത്തിലേയ്ക്കും അവിടുന്ന് സോഷ്യലിസത്തിലേയ്ക്കും മാറും എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് 'വിധി'യിലുള്ള വിശ്വാസത്തിന്റെ സെക്കുലർ പതിപ്പ് മാത്രമാണ്.

4. മാർക്സിസം ഒരു ഉട്ടോപ്യൻ സ്വപ്നമാണ്. മനുഷ്യർ അടിസ്ഥാനപരമായി സ്വാർത്ഥരായതുകൊണ്ട് സമത്വസുന്ദരമായ ലോകം എന്ന മാർക്സിസ്റ്റു സങ്കൽപം അപ്രായോഗികമാണ്.

5. മാർക്സിസം എല്ലാത്തിനെയും സാമ്പത്തിക സംവർഗ്ഗങ്ങളിലേയ്ക്ക് വെട്ടിച്ചുരുക്കുന്നു. മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതകൾ അത് തിരിച്ചറിയുന്നില്ല.

6. മാർക്സ് ഒരു കേവല ഭൗതികവാദിയാണ്. അദ്ദേഹം മനുഷ്യന്റെ ആത്മീയതലങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല.

7. ഈ പുതിയ കാലഘട്ടത്തിൽ വർഗ്ഗം എന്ന പരികല്പനയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. അതൊരു പഴഞ്ചൻ വാക്കാണ്; തൊഴിലാളിവർഗ്ഗം എന്നത് മാർക്സിന്റെ വെറും ഭാവനയാണ്.

8. മാർക്സിസ്റ്റുകൾ അക്രമാസക്തമായ രാഷ്ട്രീയപ്രയോഗങ്ങളിലാണ് വിശ്വസിക്കുന്നത്. അവർ ജനാധിപത്യത്തെ മാനിക്കുന്നില്ല.

9. മാർക്സിസം വിഭാവനം ചെയ്യുന്നത് സർവശക്തമായ ഒരു ഏകാധിപത്യ ഭരണകൂടമാണ്. സ്വകാര്യസ്വത്തിന്റെ നിർമാർജനം എന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഉന്മൂലനം ചെയ്യലാണ്.

10. ഫെമിനിസം, പരിസ്ഥിതി രാഷ്ട്രീയം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം, ആഗോളവത്കരണ പ്രസ്ഥാനങ്ങൾ, സമാധാനപ്രസ്ഥാനങ്ങൾ തുടങ്ങി കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഉദയം ചെയ്ത റാഡിക്കൽ പ്രസ്ഥാനങ്ങൾക്കൊന്നും ബൗദ്ധികമായ ഊർജം പകർന്നു കൊടുക്കാൻ മാർക്സിസത്തിനു കഴിഞ്ഞിട്ടില്ല.

ഇത്തരത്തിൽ ലോകം മുഴുവൻ തന്നെ പ്രചരിപ്പിക്കപ്പെടുന്ന മാർക്സിസ്റ്റുവിമർശനങ്ങൾക്ക് ഗംഭീരമായ ഒരു ബൗദ്ധിക പ്രത്യാക്രമണമാണ് Why Marx was Right. ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നതിനപ്പുറം, മാർക്സിസത്തിന്റെ അതിന്റെ സമഗ്രാർത്ഥത്തിൽ മനസ്സിലാക്കാനും ഈ താരതമ്യേന ചെറിയ പുസ്തകം സഹായിക്കും

Upfront Stories
www.upfrontstories.com