ലുഡ്മില പാവലിച്ചെങ്കോ – രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകളിൽ എതിരാളികൾ ഏറ്റവും ഭയന്നിരുന്നത്, യുദ്ധത്തിനുമുമ്പ് കിയെവ് സർവകലാശാലയിലെ ചരിത്രവിദ്യാർത്ഥിനിയായിരുന്ന ഒരു പെൺകുട്ടിയെ ആയിരുന്നിരിക്കും എന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. ലുഡ്മില സോവിയറ്റ് സൈന്യത്തിലെ സ്‌നൈപ്പർ ആയിരുന്നു. പതിനാലാം വയസ്സിൽ തോക്കുപയോഗിക്കുന്നതിലുള്ള പ്രാവീണ്യത്തെക്കുറിച്ച് മേനിപറഞ്ഞ അയലത്തെ പയ്യനോട് മത്സരിച്ചാണ് ലുഡ്മില റൈഫിൾ കയ്യിലെടുത്തത്. വളരെപ്പെട്ടെന്നു തന്നെ അവൾ ഉന്നംവച്ച് വെടിയുതിർത്തത് ലക്ഷ്യം നേടുന്നതിൽ അസാധാരണ വൈദഗ്ധ്യം നേടി. സോവിയറ്റ് യൂണിയനെ ജർമ്മൻ സൈന്യം ആക്രമിച്ചുതുടങ്ങിയ സമയത്ത് ലുഡ്മില സൈന്യത്തിൽ ചേരാനെത്തിയപ്പോൾ, ഒരു പെൺകുട്ടി സൈന്യത്തിൽ ചേരുന്നതിനു നിരവധി തടസങ്ങളുണ്ടായിരുന്നു. തനിക്ക് വെടിവെയ്പ്പിൽ കിട്ടിയ മെറിറ്റ് സർട്ടിഫിക്കറ്റുകളും രേഖകളുമൊക്കെ കാണിച്ചെങ്കിലും നേഴ്സ് ആയി ചേർന്നുകൊള്ളാനായിരുന്നു അധികൃതർ പറഞ്ഞത്. ഒടുവിൽ ജർമൻകാർക്ക് വേണ്ടി പണിയെടുത്തു കൊണ്ടിരുന്ന രണ്ടു റൊമാനിയക്കാരെ ദൂരെ ഒരു കുന്നിൻമുകളിൽ നിന്നും വെടിവച്ചുവീഴ്ത്തി തന്റെ കഴിവ് തെളിയിച്ച ശേഷമാണ് അവർക്ക് സ്‌നൈപ്പർ കോറിലേക്ക് അനുമതി ലഭിച്ചത്.

ആദ്യകാലങ്ങളിൽ ഗ്രീസിലും മോൾഡോവയിലും യുദ്ധമുന്നണിയിൽ പോയ ലുഡ്മില, യുദ്ധത്തിലെ ആദ്യത്തെ 75 ദിവസത്തിനുള്ളിൽ തന്റെ തോക്കിനിരയാക്കിയത് 187 നാസികളെയാണ്. പിന്നീടവർ ക്രിമിയയിലെ സെവാസ്റ്റോപോളിലാണ് ജോലിചെയ്തത്. തന്നോളം കഴിവും സാമർഥ്യവുമുള്ള ജർമൻ സ്നൈപ്പർമാർ 36 പേരെയാണ് നേർക്കു നേർ പൊരുതി അവർ വധിച്ചത്. ഒടുവിൽ മുഖത്തിനു സാരമായി മുറിവേറ്റ് യുദ്ധഭൂമിയിൽ നിന്ന് പിൻവാങ്ങുന്നതിനുള്ളിൽ 306 എതിരാളികളുടെ ജീവനാണ് അവരെടുത്തത്. പിന്നീട് “നിങ്ങൾ 306 മനുഷ്യരെ വധിച്ചതിൽ ഖേദം തോന്നുന്നില്ലേ?” എന്ന ചോദ്യത്തിന് അവർ പറഞ്ഞ ഈ മറുപടി പ്രശസ്തമാണ്. “ഞാൻ 306 മനുഷ്യരെയല്ല, 306 ഫാസിസ്റ്റുകളെയാണ് വധിച്ചത്.”

സോവിയറ്റ് സൈന്യത്തിന്റെ അഭിമാനഭാജനമായിരുന്നു ലുഡ്മില. ജർമൻകാരുടെ പേടിസ്വപ്നവും. ലുഡ്മില യുദ്ധമുഖത്തുണ്ടെന്നു തോന്നുമ്പോൾ പലപ്പോഴും ജർമൻ സൈന്യം ലൗഡ്‌സ്‌പീക്കറിലൂടെ ലുഡ്മിലയെ തങ്ങളുടെ ഒപ്പം ചേർന്നാൽ ആവശ്യംപോലെ ചോക്ലേറ്റും മറ്റു സൗകര്യങ്ങളും തരാമെന്നു പറഞ്ഞു പ്രലോഭിപ്പിക്കുമായിരുന്നു.

ലുഡ്മിലയുടെ തുടർന്നുള്ള ജീവിതത്തിലെ രസകരമായ ഒരേടുണ്ട്. മുതലാളിത്ത മാധ്യമസംസ്കാരത്തിലേക്ക് വെളിച്ചം വീഴ്‌ത്തുന്ന ഒന്ന്. 1942ൽ സോവിയറ്റ് യൂണിയനോട് അമേരിക്കൻ ജനതയ്ക്കുള്ള അനുഭാവം പ്രോത്സാഹിപ്പിക്കാൻ ലുഡ്മില അമേരിക്കയിൽ പര്യടനം നടത്തിയിരുന്നു. ആ സമയത്ത് അമേരിക്കയിലെ മാധ്യമങ്ങൾ അവരോടു ചോദിച്ച ചോദ്യങ്ങൾ ലുഡ്മിലയെ അത്ഭുതപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്തിരുന്നു. അവർക്കറിയേണ്ടത് യുദ്ധഭൂമിയിലെ കാര്യങ്ങളോ ലുഡ്മിലയുടെ വൈദഗ്ധ്യത്തെകുറിച്ചോ ഒന്നുമല്ല. റഷ്യൻ സൈന്യത്തിലെ വനിതകൾക്ക് യുദ്ധമുഖത്ത് പോകുമ്പോൾ മേക്കപ്പ് ധരിക്കാനുള്ള അനുവാദവും സൗകര്യവുമുണ്ടോ എന്ന ചോദ്യം അവരെ അമ്പരപ്പിച്ച് കളഞ്ഞു. “മേക്കപ്പ് ധരിച്ചുകൂടാ എന്നൊന്നുമില്ല, പക്ഷെ യുദ്ധമുഖത്ത് നിൽക്കുമ്പോൾ മൂക്കിന്റെ നിറത്തെപ്പറ്റിയൊക്കെ ആർക്കെങ്കിലും ശ്രദ്ധിക്കാൻ കഴിയുമോ?” എന്നവർ തിരിച്ചുചോദിച്ചു. അവിടുത്തെ പ്രധാന പത്രമായ ന്യൂയോർക്ക് ടൈംസ് ലുഡ്മിലയുടെ ‘മോശം’ ഫാഷൻ സെൻസിനെക്കുറിച്ചും, റഷ്യൻ സൈനിക യൂണിഫോമുകളുടെ ഭംഗിക്കുറവിനെക്കുറിച്ചും പേജുകണക്കിനാണ് എഴുതിയത്. ന്യൂയോർക്കിലെ ട്രേഡ്‌യൂണിയൻ അംഗങ്ങൾ ലുഡ്മിലയ്ക്ക് സമ്മാനിച്ച മനോഹരമായ രോമക്കുപ്പായം ധരിച്ച് ലുഡ്മില തിരികെപ്പോകുമ്പോൾ “റഷ്യയിൽ നടക്കുന്ന യുദ്ധത്തിനാവും പോകുക” എന്നായിരുന്നു പത്രത്തിന്റെ കരച്ചിൽ മുഴുവൻ.

അവരുടെ പാവാടയുടെ സ്റ്റൈൽ അവർക്ക് വണ്ണമുള്ളതുപോലെ തോന്നിക്കുന്നുവെന്നും, അവർ കഴിച്ച ഭക്ഷണത്തെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചുമൊക്കെ പത്രങ്ങൾ എഴുതിക്കൂട്ടി. എന്നാൽ പര്യടനം പുരോഗമിച്ചതോടെ ഈ മാധ്യമസംസ്കാരത്തെ തന്റെ സ്വതസിദ്ധമായ സ്ഥൈര്യത്തോടുകൂടെ നേരിടാൻ ലുഡ്മിലയ്ക്ക് സാധിച്ചു. ഈ കാമ്പില്ലാത്ത ചർച്ചകളെക്കുറിച്ചു തനിക്കുള്ള അഭിപ്രായം ലുഡ്മില പ്രശസ്തമായ ടൈം മാസികയോട് വെട്ടിത്തുറന്നു പറഞ്ഞു, “ഞാനെന്റെ യൂണിഫോം അഭിമാനത്തോടെയാണ് അണിയുന്നത്. അതിൽ ഓർഡർ ഓഫ് ലെനിൻ ഉണ്ട്. യുദ്ധത്തിൽ അത് ചോരയിൽ കുതിർന്നിട്ടുണ്ട്. അമേരിക്കൻ സ്ത്രീകൾക്ക് പ്രധാനം അവർ യൂണിഫോമിനുള്ളിൽ സിൽക്ക് അടിവസ്ത്രങ്ങൾ ധരിക്കുന്നോ എന്നതാണ് എന്നത് ഇപ്പോൾ എനിക്ക് വ്യക്തമായി. യൂണിഫോം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അവർക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.”

അമേരിക്കൻ സൈന്യത്തിൽ അന്നും സ്ത്രീകളുടെ പ്രധാനചുമതലകൾ “ഹൗസ്കീപ്പിങ്ങി”ൽ മിക്കവാറും ഒതുങ്ങിയിരുന്നു. ശമ്പളം കുറവും. സൈന്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ സൗന്ദര്യം സംരക്ഷിക്കണം എന്ന കാര്യത്തിൽ ലിഖിതവും അലിഖിതവുമായ നിയമങ്ങളും നിലവിലുണ്ടായിരുന്നു. സൈനികസേവനത്തിനിറങ്ങിത്തിരിക്കുന്ന സ്ത്രീകളെ സമൂഹം മോശം കണ്ണോടെ നോക്കിക്കണ്ടിരുന്നു എന്നും അക്കാലത്തെ പല ഓർമ്മക്കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളെ വസ്തുക്കളായി കാണുന്ന മുതലാളിത്ത സംസ്കാരവും നാസികളുടെ പ്രചരണങ്ങളും ഇതിനു കാരണമായി. ചീത്തപ്പേര് ഒഴിവാക്കാനായി തങ്ങൾ നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാൻ പോലും തയാറാകാത്ത സ്ഥിതിയുണ്ടായി.

സ്ത്രീകളെക്കുറിച്ചുള്ള പൊതുകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം വളരെ വലുതാണ്. അവയെ നയിക്കുന്നതാകട്ടെ കച്ചവടതാല്പര്യങ്ങളും. യുദ്ധത്തിൽ മികവ് തെളിയിച്ച പടയാളിയോടും, പ്രഗത്ഭയായ ബഹിരാകാശശാസ്ത്രജ്ഞയോടും ഫാഷനെക്കുറിച്ചും പാചകത്തെക്കുറിച്ചും ചോദിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് മാത്രം പ്രതിപാദ്യമാകുമ്പോൾ അപമാനിതരാകുന്നത് ആ വ്യക്തികൾ മാത്രമല്ല – അപ്രകാരമുള്ള വാർപ്പുമാതൃകകൾ അടിച്ചേൽപ്പിക്കപ്പെടുന്ന വായന/കാഴ്ചക്കാർ കൂടെയാണ്.