മോദിയുടെ തെരഞ്ഞെടുപ്പു വിജയം ആഗോളവ്യാപകമായി വന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ ചായ്‌വിന്റെ ഭാഗമാണെന്ന് നാം ശ്രദ്ധിക്കുന്നില്ല. ഇസ്രയേലില്‍ തീവ്ര വലതുപക്ഷക്കാരനായ ബെഞ്ചമിന്‍ നെതന്യാഹ്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തുര്‍ക്കിയില്‍ എര്‍ദോഗനും വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുവന്നു. എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ആസ്ട്രേലിയയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മടങ്ങിവന്നു. ഇടതുപക്ഷ പുനരുജ്ജീവനത്തിന്റെ പ്രതീക്ഷകളുണര്‍ത്തിയ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിച്ച് ഓരോയിടത്തും വലതു പക്ഷക്കാര്‍ അധികാരത്തിലേക്കെത്തുന്നു. ഇതിലേറ്റവും കുപ്രസിദ്ധമായത് ബ്രസീലിലെ ജയ്ല്‍ ബല്‍സനാരോയുടെ വിജയമാണ്. പട്ടാളഭരണകൂടത്തെ നിര്‍ലജ്ജം അനുകൂലിക്കുകയും കുറെക്കൂടി ആളുകളെ കൊന്നൊടുക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തയാളാണ് ബല്‍സനാരോ. ഇന്ത്യയിലെ വോട്ടെണ്ണലിന് തൊട്ടടുത്ത ദിവസങ്ങളില്‍ യൂറോപ്യന്‍ യൂണിയനിലേക്കു നടന്ന തെരഞ്ഞെടുപ്പിലും വലതുപക്ഷം കാര്യമായ വിജയം നേടി.

ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമാനുവേല്‍ മക്രോണിന്റെ സെന്‍ട്രിസ്റ്റ് സഖ്യത്തെക്കാള്‍ വലിയ പാര്‍ട്ടിയായി തീവ്ര വലതു പക്ഷക്കാരനായ മറീന്‍ലെ പെന്നിന്റെ പാര്‍ട്ടി മാറിയിരിക്കുന്നു. ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയായ മാറ്റിയോ സല്‍വീനിയുടെ തീവ്രവലതുപക്ഷ പാര്‍ട്ടി ഇറ്റലിയിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല യൂറോപ്യന്‍ യൂണിയനിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. ജര്‍മനിയിലെ ഏന്‍ജലീന മെര്‍ക്കലിന്റെ പാര്‍ട്ടിയില്‍ നിന്നാണ് ഈ സ്ഥാനം അവര്‍ കരസ്ഥമാക്കിയത്. മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അഞ്ചുവര്‍ഷത്തിനു മുമ്പത്തേക്കാള്‍ 9 ശതമാനം വോട്ട് നഷ്ടപ്പെട്ടു. ജര്‍മനിയില്‍ തന്നെ തീവ്രവലതുപക്ഷ പാര്‍ട്ടി അവരുടെ വോട്ടു വിഹിതം 10.5% ആയി വര്‍ധിപ്പിച്ചു. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബന്റെ പാര്‍ട്ടിയും വിജയത്തിലെത്തി.

മോദിയുടെ വിജയം മുഖ്യമായും ആഭ്യന്തര കാരണങ്ങള്‍ കൊണ്ടാകാം. പക്ഷേ ആഗോള തലത്തിലുള്ള വലതുപക്ഷ വ്യതിയാനം നാം കാണാതിരുന്നുകൂടാ. അങ്ങനെയൊരു നീക്കം നടക്കുമ്പോള്‍, ‘എന്തുകൊണ്ടാണിത് ’ എന്ന ചോദ്യം നാം ചോദിച്ചേ മതിയാകു. ലിബറല്‍ ബൂർഷ്വ വിദഗദ്ധർ ഇത്തരം പാര്‍ട്ടികളുടേയും പ്രസ്ഥാനങ്ങളുടേയും സമാനതകള്‍ കാണാതെ യാഥാര്‍ത്ഥ്യത്തിന്റെ ശിഥില ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്. അവര്‍ യൂറോപ്യന്‍ പാര്‍ട്ടികളെ യൂറോപ്യന്‍ യൂണിയന്‍ അനുകൂലികള്‍, പ്രതികൂലികള്‍, കുടിയേറ്റ അനുകൂലികള്‍ –- കുടിയേറ്റ പ്രതികൂലികള്‍ എന്നിങ്ങനെ കാണുന്നു. അവര്‍ മോദിയുടെ വിജയത്തെ ഇന്ത്യന്‍ പ്രതിഭാസമായി, ഹിന്ദുത്വവുമായി മാത്രം ബന്ധിപ്പിച്ച് വിലയിരുത്തുന്നു. യൂറോപ്പില്‍ സംഭവിക്കുന്നതുമായി അതിനെ ബന്ധപ്പെടുത്തുന്നില്ല. എന്തിന് ഡോണാള്‍ഡ് ട്രംപ്പ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ ശക്തമാകുന്നതിനെപോലും ഈ സംഭവ വികാസങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തിയാണ് കാണുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് വിശകലനത്തില്‍ ഇത് സാധ്യമല്ല. അത് സമാനമായ പാറ്റേണുകള്‍ അന്വേഷിക്കുന്നു. വര്‍ഗ്ഗ ബന്ധങ്ങളെ തുറന്നുകാട്ടുന്നു.

ഇത് തീര്‍ച്ചയായും 2008 മുതല്‍ ലോകത്തെ ഗ്രസിച്ച സാമ്പത്തിക കുഴപ്പങ്ങളുടെ ആവിഷ്കാരമാണ്. ഇതില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള നേരിയ സൂചനകള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ലോകസമ്പദ്വ്യവസ്ഥ ഒരിക്കല്‍കൂടി പ്രതിസന്ധിയിലാകുന്നതോടെ ഇത് അപ്രത്യക്ഷമാകും. തറയിലേക്ക് എറിയുന്ന റബര്‍ പന്ത് പോലെയാണ് ലോകസമ്പദ്വ്യവസ്ഥ. ഓരോ തവണയും പന്ത് മുകളിലേക്ക് ഉയരുമ്പോള്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവന്നെന്ന ആഹ്ലാദ പ്രകടനങ്ങള്‍ ഉയരും. പന്ത് തിരികെ തറയിലേക്ക് പോകുമ്പോള്‍ അത് നിലയ്ക്കുകയും ചെയ്യും. തര്‍ക്കമുണ്ടാകാം, പ്രത്യേകിച്ചും അമേരിക്കയുടെ തൊഴിലില്ലായ്മ നിരക്ക് ദശകത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് വരുമ്പോള്‍, പക്ഷേ തൊഴില്‍ പങ്കാളിത്ത നിരക്കും 2008 ഉമായി താരതമ്യപ്പെടുത്തിയാല്‍ താഴേക്കു വന്നിട്ടുണ്ട്. അതുകൂടി പരിഗണിക്കുമ്പോള്‍ തൊഴിലില്ലായ‌്‌മ നിരക്ക് ഔദ്യോഗിക വൃത്തങ്ങള്‍ പറയും പോലെ 4% അല്ല അതിന്റെ ഇരട്ടിയാണെന്ന് കാണാം. സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ‌്മയുടെയും പശ്ചാത്തലത്തിലാണ് വലതുപക്ഷ വ്യതിയാനത്തെ മനസ്സിലാക്കേണ്ടത്.