ചരിത്രത്തിൽ ഇന്ന് | 2 ഡിസംബർ
International

ചരിത്രത്തിൽ ഇന്ന് | 2 ഡിസംബർ

1956 - ഫിഡൽ കാസ്ട്രോയോടൊപ്പം ചെ ഗുവേര ക്യൂബയിലെത്തി

Lekshmi Dinachandran

Lekshmi Dinachandran

ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരായി ഫിദൽ കാസ്‌ട്രോയുടെയും ഏർണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിൽ നടത്തിയ പോരാട്ടമാണ് ക്യൂബൻ വിപ്ലവം. 1953 ജുലായ് 26 ന് മൊൻകാട ബാരക്സ് ആക്രമണത്തോടെ ആരംഭിച്ച ക്യൂബൻ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. തുടർന്ന് വിപ്ലവ ഗവൺമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ്വ സൈന്യാധിപൻ എന്നീ ചുമതലകൾ ഏറ്റെടുത്തു.

പാളിപ്പോയ മൊൻകാട ആക്രമണത്തിൽ ഫിദൽ കാസ്ട്രോയും സഹോദരൻ റൗൾ കാസ്ട്രോയും പിടിയിലായി. 1955ൽ ജയിൽമോചിതരായി. ബാറ്റിസ്റ്റയുടെ പതനം ആഗ്രഹിച്ചിരുന്ന ഈ സഹോദരന്മാർ കൂടുതൽ ശക്തിയാർജ്ജിക്കുന്നതിനും, വിപ്ലവത്തിനായി തയ്യാറെടുക്കുന്നതിനും വേണ്ടി തൽക്കാലം ക്യൂബയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇരുവരും സഹപ്രവർത്തകരോടൊപ്പം മെക്സിക്കോയിലേക്ക് പലായനം ചെയ്തു. റൗൾ കാസ്ട്രോ അവിടെ വെച്ച് അർജന്റീനിയൻ ഡോക്ടറും, വിപ്ലവകാരിയും കൂടെയായ ഏണസ്റ്റോ ചെഗുവേരയെ പരിചയപ്പെട്ടു. തന്നെക്കാൾ ആധുനികനായ വിപ്ലവകാരി എന്നാണ് ഫിദൽ ചെഗുവേരയെ വിശേഷിപ്പിച്ചത്. ഗറില്ലാ യുദ്ധമുറകളിൽ അറിവുള്ളയാളായിരുന്നു ചെ ഗുവേര. ക്യൂബൻ വിപ്ലവമുന്നേറ്റത്തിൽ പങ്കെടുക്കാനുള്ള തന്റെ താൽപര്യം ചെ ഗുവേര ഫിദലിനെ അറിയിച്ചു. ചെഗുവേരയും, ഫിദലും, മുൻ സ്പാനിഷ് സൈനികോദ്യോഗസ്ഥൻ കൂടിയായ ആൽബർട്ടോ ബായോയിൽ നിന്ന് ഗറില്ലാ യുദ്ധമുറകൾ പരിശീലിച്ചു. 25 നവംബർ 1956 ന് ഗ്രന്മ എന്ന പായ്ക്കപ്പലിൽ കാസ്ട്രോയും 82 വിപ്ലവകാരികളും, മെക്സിക്കോയിൽ നിന്നും ക്യൂബ ലക്ഷ്യമാക്കി യാത്രതിരിച്ചു. 90 ചെറുതോക്കുകൾ, 3 യന്ത്രവൽകൃത തോക്കുകൾ, 40 കൈത്തോക്കുകൾ, 2 ടാങ്ക്-വേധ തോക്കുകൾ എന്നിവയായിരുന്നു ക്യൂബയിലെ സർക്കാരിനെ പരാജയപ്പെടുത്താൻ തയ്യാറെടുത്തിരുന്ന ആ സൈന്യത്തിന്റെ ആയുധബലം.

വിപ്ലവകാരികളേയും വഹിച്ചുകൊണ്ട് ഗ്രന്മാ പായ്ക്കപ്പൽ 1956 ഡിസംബർ 2 ന് പ്ലായാ ലാസ് കൊളോറോഡസ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. വിമതർ സിയറ മിസ്ത്ര എന്ന മലനിരകളിലേക്ക് നീങ്ങി, അവിടെ നിന്നും ആക്രമണം തുടങ്ങുക എന്നതായിരുന്നു പദ്ധതി. എന്നാൽ വിചാരിച്ചിരുന്ന അത്ര എളുപ്പമായിരുന്നില്ല ഇത്. സംഘാംഗങ്ങളിൽ ഏറെപ്പേരും ഈ ദീർഘയാത്ര കൊണ്ട് ക്ഷീണിതരായിരുന്നു. ക്ഷീണിതരായി തങ്ങളുടെ താൽക്കാലിക താവളങ്ങളിൽ വിശ്രമിച്ചിരുന്ന വിമതരെ ബാറ്റിസ്റ്റയുടെ ചാരവിമാനങ്ങൾ കണ്ടെത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അപ്രതീക്ഷിതമായ സൈന്യത്തിന്റെ ആക്രമണത്തിൽ വിമതസേന തകർന്നു. ക്യൂബൻ തീരത്തെത്തിയ 82 പേരിൽ 19 മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെ ബാറ്റിസ്റ്റയുടെ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു. തുടക്കത്തിൽ കാസ്ട്രോയുടെ സേനയിൽ ചേരാൻ പ്രാദേശികരായ യുവാക്കൾ മടിച്ചുവെങ്കിലും, പിന്നീട് ഇവരുടെ ചെറിയ വിജയങ്ങൾ യുവാക്കളെ സേനയിലേക്ക് ആകർഷിച്ചു. വിമതസേനയുടെ അംഗസംഖ്യ ക്രമേണ 200 ആയി ഉയർന്നു.

ചെഗുവേര, ഫിദൽ കാസ്ട്രോ, റൗൾ കാസ്ട്രോ എന്നിവരുടെ സുശക്തമായ നേതൃത്വത്തിൽ പൊരുതിയ ഈ വിമതസൈന്യമാണ്‌ പിന്നീട് ബാറ്റിസ്റ്റയെ നിഷ്കാസിതനാക്കിയത്.

Upfront Stories
www.upfrontstories.com