ചരിത്രത്തിൽ ഇന്ന് | 4 ഡിസംബർ
International

ചരിത്രത്തിൽ ഇന്ന് | 4 ഡിസംബർ

1829 - ഇന്ത്യയിൽ സതി നിരോധിക്കപ്പെട്ടു​

Lekshmi Dinachandran

Lekshmi Dinachandran

1829 ഡിസംബര്‍ 4-നായിരുന്നു ബ്രട്ടീഷ് ഇന്ത്യ സതിയെന്ന അനാചാരം നിയമം മൂലം നിരോധിച്ചത്. ഗവര്‍ണര്‍-ജനറല്‍ ലോര്‍ഡ് വില്ല്യം കവെന്‍ഡിഷ് ബെന്‍ഡികായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിധവകളായ സ്ത്രീകള്‍ സ്വമേധയാലോ നിര്‍ബന്ധപൂര്‍വ്വമോ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹത്യചെയ്യുന്ന ഒരു ദുരാചാരമായിരുന്നു സതി. ഇങ്ങനെ ചെയ്യുന്ന സ്ത്രീകളെ ദേവിയായി കരുതി ആരാധിക്കുന്ന പതിവും നിലനിന്നിരുന്നു. രാജസ്ഥാനിലെ രജപുത്രര്‍ക്കിടയിലും ബംഗാളിലെ സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു. ഹൈന്ദവ പുരാണങ്ങളില്‍ ഒരിടത്തും സതി ഒരാചാരമാണെന്ന് പറയുകയോ സതി അനുഷ്ടിച്ച വ്യക്തികളെക്കുറിച്ച് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ലഭ്യമായ വിവരങ്ങളനുസരിച്ച് 1817-ല്‍ 700-ഓളം വിധവകളാണ് ബംഗാളിലെ ഗ്രാമങ്ങളില്‍ സതി അനുഷ്ഠിച്ചിരിക്കുന്നത്. സാമൂഹിക പരിഷ്‌കര്‍ത്താവ് രാജാറാംമോഹൻ റോയ് സതിക്കെതിരെ വ്യാപക പ്രചാരണം ഇന്ത്യയിലും ഇംഗ്ലണ്ടിലും നടത്തി. 1815ല്‍ താന്‍ സാക്ഷിയായ ഭീകര ദൃശ്യമാണ് മോഹന്‍ റോയിയെ സതിക്കെതിരെ നീങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ് കഥ. വിധവയായ തന്റെ അര്‍ദ്ധ സഹോദരി ഭര്‍ത്താവിന്റെ ചിതയില്‍ ചാടുന്നതായിരുന്നു അത്.

റോയിയുടെ നിലപാടില്‍ ആകൃഷ്ടരായ പുരോഗമനവാദികളായ ജെയിംസ് മില്ലും, ബെന്‍ഡികും സതി എന്ന ദുരാചരത്തെ 1828-ല്‍ ബ്രട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നു. 829-ല്‍ നവംബറില്‍ സതി നിരോധിക്കാന്‍ ധാരണയാവുകയും ഡിസംബറില്‍ ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് 800-ഓളം പേര്‍ ലണ്ടനിലെ പ്രിവ്യൂ കൗണ്‍സിലിന് ഹര്‍ജി നല്‍കി. 1832-ല്‍ പ്രിവ്യൂ കൗണ്‍സില്‍ ആ ഹര്‍ജി തള്ളി, സതി നിരോധന ഉത്തരവ് രാജ്യം മുഴുവന്‍ നടപ്പാക്കി. അന്നത്തെ യാഥാസ്ഥിതികസമൂഹം രൂക്ഷമായാണ് ഈ ഉത്തരവിനോട് പ്രതികരിച്ചത്.

എന്നിട്ടും എൺപതുകൾ വരെ ഇന്ത്യയിൽ പലയിടത്ത് നിന്നും സതി ആചരിക്കപ്പെടുന്നതായി ഒറ്റപ്പെട്ട റിപ്പോർട്ടുകൾ വന്നിരുന്നു. 1987-ല്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഡെറാല ഗ്രാമത്തില്‍ രജ്പുത് യുവതിയായ രൂപ് കന്‍വര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുണ്ടായി. പതിനെട്ടുകാരിയായ രൂപ് കൺവറിനെ മാല്‍ സിംഗ് ഷേക്കാവത് എന്നയാൾ വിവാഹം കഴിച്ചിട്ട് അപ്പോൾ എട്ടുമാസം ആയിരുന്നുള്ളു. സതി അനുഷ്ഠിക്കുന്നത് കാണുവാന്‍ ആയിരകണക്കിനാളുകളാണ് പങ്കെടുത്തത്. ഈ ദുരാചാരം മനുഷ്യത്വഹീനമാണെന്നു ചൂണ്ടിക്കാണിച്ച് രാജ്യം മുഴുവന്‍ എതിർ ശബ്ദങ്ങളുയർന്നു. ഇതിനെ തുടര്‍ന്ന് 1987-ല്‍ ഒക്ടോബര്‍ ഒന്നിന് 'രാജസ്ഥാന്‍ സതി നിരോധന ഉത്തരവ്' കമ്മീഷന്‍ ചെയ്യുകയും അത് പിന്നീട് '1987 സതി (നിരോധനം) ആക്ട്'- ആവുകയും ചെയ്തു.

Upfront Stories
www.upfrontstories.com