ചരിത്രത്തിൽ ഇന്ന് | 30 നവംബർ
International

ചരിത്രത്തിൽ ഇന്ന് | 30 നവംബർ

1966 - ബാർബഡോസ് സ്വാതന്ത്രരാജ്യമായി

Lekshmi Dinachandran

Lekshmi Dinachandran

മുന്നൂറ്റിയറുപത്തിയൊന്നു വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1966 നവംബർ 30 നു ബാർബഡോസ് എന്ന കരീബിയൻ ദ്വീപസമൂഹം സ്വതന്ത്രരാജ്യമായി. ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന എന്നീ രാജ്യങ്ങൾക്കു ശേഷം ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ നാലാമത്തെ കരിബീയൻ രാജ്യമാണ് ബാർബഡോസ്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടീഷ് കോളനിയായി മാറിയ ബാർബഡോസിൽ ആഫ്രിക്കയിൽ നിന്നുള്ള അടിമകൾ ജോലിചെയ്യുന്ന നിരവധി വലിയ തോട്ടങ്ങളുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ അവിടെ ശക്തമായ ട്രേഡ് യൂണിയനുകളും ഉയർന്നുവന്നു. തൊഴിലാളി പ്രസ്ഥാനത്തിൽ വേരുകളുള്ള ബാർബഡോസ് ലേബർ പാർട്ടി (BLP)യും പിന്നീട് BLP പിളർന്നുണ്ടായ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടി (DLP)യും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ചിരുന്നു. സ്വാതന്ത്ര്യം നേടിയതോടെ DLP നേതാവായ എറോൾ ബാരോയുടെ നേതൃത്വത്തിലുള്ള സർക്കാർ ബാർബഡോസിൽ അധികാരത്തിലെത്തി.

ബ്രിട്ടീഷ് കോമ്മൺവെൽത് അംഗരാജ്യമായ ബാർബഡോസിന്റെ തലസ്ഥാനം ബ്രിഡ്‌ജ്‌ടൗൺ ആണ്. ഇംഗ്ലീഷും ബാജൻ ക്രിയോളും സംസാരിക്കുന്ന ജനങ്ങളിൽ തൊണ്ണൂറു ശതമാനത്തിലേറെപ്പേർ ആഫ്രിക്കൻ പൈതൃകമുള്ളവരാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തോളം ഇന്ത്യൻ വംശജരും അവിടെയുണ്ട്.

Upfront Stories
www.upfrontstories.com