കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയവരോടാണ്. ഇനി അങ്ങനെയൊക്കെ അങ്ങ് പൊക്കോളും എന്ന് കരുതുന്നവരോടും.കേരളം തകർന്നു എന്ന് പടക്കം പൊട്ടിക്കുന്നവർ ഇത് വായിക്കണം എന്നില്ല. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. അഞ്ച് ലക്ഷത്തിലേറെ പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി എത്തിക്കഴിഞ്ഞു. 19/07 വരെയുള്ള കണക്ക് പ്രകാരം 87 കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആരോഗ്യപ്രവർത്തകർ രോഗബാധിതർ ആവുന്നതും ക്വാറന്റൈനിൽ പോകുന്നതും വല്ലാതെ വർധിച്ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ഏകദേശം 150 ആരോഗ്യ പ്രവർത്തകരാണ് ക്വാറന്റൈനിൽ പോയത്. ജാഗ്രത പോരാ ഭയവും വേണം എന്നത് തന്നെയാണ് സാഹചര്യം.

ഇതിനിടയിലും ശുഭകരമായ ഒരു കാര്യം മരണനിരക്ക് വലിയ തോതിൽ കുറച്ചു നിർത്താൻ നമുക്ക് ഇപ്പോഴും സാധിക്കുന്നുണ്ട് എന്നുള്ളതാണ്. 0.34% ആണ് കേരളത്തിന്റെ case fatality rate. പക്ഷേ വരാനിരിക്കുന്ന നാളുകളിൽ സ്വയം പരമാവധി ലോക്ക് ഡൌൺ ചെയ്ത് പൂട്ടി സമ്പർക്കം കുറക്കുകയും രോഗവ്യാപനം തടയുകയും ചെയ്തില്ലെങ്കിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മരണ നിരക്ക് കുതിച്ചുയരും. കേരളത്തിന്റെ സവിശേഷമായ ചില സാഹചര്യങ്ങൾ അതിലേക്ക് നയിക്കും.

ഒന്ന് കേരളത്തിന്റെ ജനസാന്ദ്രതയാണ്. ഏറ്റവും ജനസാന്ദ്രത കൂടിയ ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മറ്റൊരു പ്രധാന ഘടകം പ്രായമായവരുടെ ജനസംഖ്യയാണ്. കോവിഡിന്റെ ഏറ്റവും പൊട്ടൻഷ്യൽ ഇരകൾ അവരാണ്. അവരെ പൊതിഞ്ഞു പിടിച്ചു സംരക്ഷിക്കാൻ പെടാപ്പാട് പെടുകയാണ് ആരോഗ്യപ്രവർത്തകർ. ഭയാനകമായ ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ മൊത്തം കോവിഡ് രോഗികളിൽ വെറും ഏഴ് ശതമാനമാണ് അറുപതു വയസ്സിനു മുകളിൽ ഉള്ളവർ. പക്ഷേ ഇത് വരെ മരണപ്പെട്ടവരിൽ 72 ശതമാനവും അറുപതു വയസ്സിനു മുകളിൽ ഉള്ളവരാണ്. അൻപത് വയസ്സിനു മുകളിൽ എടുത്താൽ 77% ആണിത്. രോഗം ബാധിക്കുന്നവരിൽ 70 ശതമാനത്തിലേറെ പേരും ഇരുപതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണെങ്കിലും അവരല്ല മരിക്കുന്നത് എന്ന് വ്യക്തം.

കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലുമായി നിലവിൽ ഉള്ള ICU വെന്റിലേറ്ററുകൾ വെറും എണ്ണായിരം ആണ് എന്ന് കൂടി ഓർത്തു വെക്കണം.

പിടി വിട്ട് തുടങ്ങിയാൽ, കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം കൂടിയാൽ നമ്മുടെ അച്ഛനമ്മമാർ വേണ്ടത്ര ചികിത്സ പോലും കിട്ടാതെ മരിച്ചു പോകുന്നത് നിസ്സഹായരായി കണ്ടു നിൽക്കേണ്ടി വരും.

അവർ അതർഹിക്കുന്നില്ല.നമുക്ക് വേണ്ടി മാത്രം ജീവിച്ചവരാണവർ. കുട്ടിക്കാലം മുതൽ നമ്മൾ ചെയ്ത തെറ്റുകൾക്ക് പിഴ ഒടുക്കിയവർ. ഒടുവിൽ നമ്മുടെ അശ്രദ്ധക്കും അഹങ്കാരത്തിനും കൂടി സ്വന്തം ജീവൻ തന്നെ വിലയായി നൽകേണ്ടി വരുന്ന സാഹചര്യത്തിലേക്ക്, നിസ്സഹായതയിലേക്ക് അവരെ തള്ളി വിടരുത്. കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കൂ. സാമൂഹ്യ അകലം പാലിക്കൂ. മാസ്ക് ധരിക്കൂ. സമ്പർക്കവ്യാപനത്തെ /സാമൂഹ്യ വ്യാപനത്തെ ചെറുത്ത് തോൽപ്പിക്കൂ.

അച്ഛനുമമ്മയും പോകുന്നതോടെ ഭൂമിയിൽനിന്ന് വേരറ്റവരാകും നമ്മൾ. ഒരു മഹാമാരിക്ക്‌ അവരെ വിട്ട് കൊടുത്തിട്ട് പിന്നെ നമുക്ക് എന്ത് ജീവിതമാണ്?

https://m.facebook.com/story.php?story_fbid=10221439466273701&id=1161526131