എന്താണ് ഇ-സിഗരറ്റ്?

കാഴ്ചയിൽ സാധാരണ സിഗരറ്റുപോലെ തോന്നും ഇ-സിഗരറ്റ് (electronic cigarette). ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണം. സാധാരണ സിഗരറ്റിലുള്ള നിക്കോട്ടിൻ ആണ് ഇതിലും ഉപയോഗിക്കുന്നത്. 3000 മുതൽ 30000 വരെയാണ് ഇത്തരം സിഗരറ്റിന്റെ വില. നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ 1000 രൂപ വരെ ചെലവ്. നിക്കോട്ടിൻ ട്യൂബ്, രുചി എന്നിവ അനുസരിച്ചാണ് വില വ്യത്യാസം.

പുകവലി ഏതായാലും പ്രത്യാഘാതങ്ങൾ ഒന്നുതന്നെ

സാധാരണ സിഗരറ്റുപോലെ ഇ-സിഗരറ്റ് അപകടകാരിയല്ലെന്നും ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്നില്ലെന്നുമായിരുന്നു ഇ-സിഗരറ്റ് വിപണിയിലിറങ്ങിയപ്പോഴുണ്ടായിരുന്ന വാദം. എന്നാൽ ഈ വാദത്തെ പൊളിച്ചുകൊണ്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സാധാരണ സിഗരറ്റിനൊപ്പം തന്നെ ദൂഷ്യഫലങ്ങൾ ഇ-സിഗരറ്റിനുമുണ്ട്. ക്യാൻസറിനു കാരണമാകുന്ന ബെൻസെയ്ൻ, നിക്കോട്ടിൻ പോലുള്ള ഘടകങ്ങൾ ഇ- സിഗരറ്റിലും ഉണ്ട്. ഇതിനുപുറമേ, ഇവ പുറത്തുവിടുന്ന വാതകം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും. ഡി.എൻ.എ ഘടകങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള പ്രലോഭനവും വർദ്ധിക്കും – പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇ-സിഗരറ്റിലേക്കു മാറിയ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് സിഗരറ്റ്

ഉപയോഗിക്കുന്ന ആൾക്കൊപ്പം ചുറ്റുമുള്ള ആളുകൾക്കും ദോഷകരമാണ് എന്ന് മനസ്സിലാക്കിയ ചില മാതാപിതാക്കൾ ഇ-സിഗരറ്റിലേയ്ക്ക് മാറി. കുട്ടികൾക്ക് അപകടം അല്ലെന്നുകരുതി കാറിലും വീട്ടിലും ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരാണിവർ.

എന്നാൽ, സിഗരറ്റ് ഏതായാലും ദൂഷ്യഫലങ്ങൾ ഒന്നുതന്നെ. അമേരിക്കയിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ 750 മാതാപിതാക്കളെ മുൻനിർത്തി നടത്തിയ പഠനത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഇ-സിഗരറ്റ് ഉപയോഗിക്കുമ്പോൾ ഇതിൽ നിന്നും എയ്‌റോസോള്‍ ഉണ്ടാകും. ഇവ കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമാണ്. ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ നിക്കോട്ടിന്റെ അളവും കണ്ടെത്തി. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക്‌ കാരണമാകുമെന്ന് മുമ്പേ തെളിഞ്ഞതാണ് നിക്കോട്ടിൻ.

ഇ-സിഗരറ്റ് – അപകടവശങ്ങൾ

അപകടവശങ്ങൾ ശ്രദ്ധയിൽപ്പെട്ട് എൽഡിഎഫ് സർക്കാരാണ് കേരളത്തിൽ ഇ-സിഗരറ്റ് നിരോധിച്ചത്. പഞ്ചാബ്, കർണാടക, ഉത്തർപ്രദേശ്, മിസോറാം, മഹരാഷ്ട്ര , ജമ്മു ആന്റ് കശ്മീർ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും ഇ- സിഗരറ്റിന് നിരോധനമുണ്ട്. ഇ-സിഗരറ്റ്, നിക്കോട്ടിൻ ഉൾപ്പെടുന്ന ഇ- ലിക്വിഡ് എന്നിവയുടെ ഉൽപാദനം ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് ആക്ടിന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണ്.

ഇ-സിഗരറ്റിന്റെ അപകടവശങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

1. ക്യാൻസറിനു കാരണമാകുന്ന ബെൻസേൻ പോലുള്ള ഘടകങ്ങൾ ഇ- സിഗരറ്റിൽ കാണപ്പെടുന്നു.

2. ഇ- സിഗരറ്റ് ഉപയോഗം അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.

3. ഇവ പുറപ്പെടുവിക്കുന്ന വാതകം ആളുകളിൽ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും അവരുടെ ഡി.എൻ.എ ഘടകങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യൂന്നു.

4. ഇ-സിഗരറ്റ് ഉപയോഗിച്ചുതുടങ്ങുന്ന യുവാക്കൾ ക്രമേണ മറ്റ് നിക്കോട്ടിൻ ഉല്പന്നങ്ങളിലേക്ക് തിരിയാനുള്ള സാധ്യതയേറുന്നു.

5. ലഹരിവസ്തുക്കൾ വലിക്കാൻ ഇ-സിഗരറ്റ് ഉപയോഗിക്കുന്നു.