നമുക്ക് ഏറ്റവും ഇഷ്ടമുള്ള സന്തത സഹചാരിയാണ് സ്മാർട്ഫോണുകൾ. ഒരു സ്മാർട്ഫോണില്ലാതെ ജീവിക്കാൻ പ്രയാസമാണെന്ന സ്ഥിതിയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനേറെ പറയുന്നു, ഇപ്പോൾ നിങ്ങളിത് വായിക്കുന്നത് പോലും ഒരു ഫോണിലൂടെ ആവാം. ചുരുങ്ങിയ കാലയളവിൽത്തന്നെ കണക്കുക്കൂട്ടല്‍ യന്ത്രമായും ടൈം പീസായും ക്യാമറയായും, എന്തിനേറെ പറയുന്നു, നമ്മുടെ വിശേഷദിവസങ്ങൾ ഓർത്തുവയ്ക്കാൻ വരെ നമ്മൾ സ്മാർട്ഫോണിനെ ആശ്രയിക്കുന്നു.

നൂതന സാങ്കേതിക വിദ്യകളുള്ള ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിനാൽത്തന്നെ പലരും ഫോൺ ഉപയോഗിക്കുന്ന സമയവും വളരെ കൂടുതലാണ്. അത്തരക്കാരെ കാത്തിരിക്കുന്നത് വൻവിപത്താണ്. വരുംതലമുറയെ ശിഥിലമാക്കാൻ കഴിയുന്ന വിപത്ത്. സ്മാർട്ഫോണിൽനിന്നുള്ള റേഡിയേഷൻ മൂലം കാൻസർ ഉണ്ടാകുമെന്നും, നിത്യോപയോഗത്താൽ കാഴ്ചയ്ക്കും കേൾവിക്കും സാരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നമുക്കറിയാം. എന്നാൽ ‘നോമോഫോബിയ’ ‘റിങ്‌സൈറ്റി’ ‘ഡിപെൻഡൻസ് സിൻഡ്രോം’ ‘പ്രോബ്ലെമാറ്റിക് ഇന്റർനെറ്റ് യൂസ് (PIO)’ എന്നിങ്ങനെയുള്ള ഭീതികളെക്കുറിച്ച് നമ്മൾ ബോധവാൻമാരാണോ?

മൊബൈൽ ഫോൺ ഉപയോഗിക്കുന്ന മൂന്നിൽ രണ്ടു ശതമാനം ആളുകളിൽ ഇത്തരം ഭീതി കാണപ്പെടുന്നു. ഇപ്പോൾ നമ്മൾ മനസു കൊണ്ടുറപ്പിക്കും, നമ്മൾ ബാക്കി വരുന്ന ഒരു ശതമാനത്തിൽ പെട്ടവരാണെന്ന്‌! എന്നാൽ, ഒരു നിമിഷം നിങ്ങളുടെ ഫോൺ കാണാതെ പോയാലോ, ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലോ, നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ, മനസ്സിലാക്കുക – നിങ്ങൾ നോമോഫോബിയയുടെ പിടിയിലാണ്.

നിങ്ങളുടെ ഫോൺ റിങ് ചെയുന്നു എന്ന തോന്നൽ ഇടയ്‌ക്കിടെ നിങ്ങൾക്കുണ്ടാവാറുണ്ടെങ്കിൽ നിങ്ങൾക്ക് റിങ്‌സൈറ്റിയാണ് ബാധിച്ചിരിക്കുന്നത്. ഏതൊരു ചെറിയ കാര്യത്തിനും ഫോണിനെ ആശ്രയിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഡിപെൻഡൻസ് സിൻഡ്രോമാണ്.

ഇതിനൊക്കെ പുറമെ വിഷാദരോഗങ്ങൾ, ഉറക്കമില്ലായ്മ, പുരുഷന്മാരിൽ വന്ധ്യത എന്നിവയ്ക്കും ഇത് വഴിയൊരുക്കുന്നു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, മൊബൈൽ ഫോണിനോടുള്ള ആസക്തി ജനങ്ങളിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്തപ്പോഴും സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് ഏറെയും. ഇവർക്ക് റേഡിയേഷൻ മൂലം ഹൃദ്‌രോഗങ്ങളും അണുബാധ പോലുള്ള പ്രശ്നങ്ങളും കണ്ടുവരുന്നതായി പഠനം വ്യക്തമാക്കുന്നു.പുതുതലമുറയിൽപെട്ട അമ്മമാർ കുട്ടികളെ സന്തോഷിപ്പിക്കാൻ സ്മാർട്ട് ഫോണുകൾ കളിക്കാനായി കൊടുക്കുമ്പോൾ ഒന്നോർക്കുക, നിങ്ങൾ അവർക്കൊരു മിഥ്യാലോകമാണ് കാണിച്ചുകൊടുക്കുന്നത്. നാലിഞ്ചു സ്‌ക്രീനിൽ നിങ്ങളവരുടെ വളർച്ചയെ തളച്ചിടുകയാണ്. മണ്ണിൽ കളിച്ചും പൂമ്പാറ്റയെ പിടിച്ചും ലോകമെന്തെന്നു തിരിച്ചറിവു നേടേണ്ട പ്രായമാണിത്. അതിനാൽ, തങ്ങളുടെ കുട്ടികൾ പഠിക്കുന്നില്ല, സമര്‍ത്ഥനല്ല, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല എന്ന പരാതികൾ പറയുമ്പോൾ, കാരണക്കാർ നിങ്ങൾതന്നെയാണെന്ന സത്യം തിരിച്ചറിയുക.

രണ്ടുവയസിനു താഴെയുള്ള കുട്ടികൾക്ക് ഫോൺ, ടാബ് എന്നിവ കാണിക്കാൻ പാടില്ലെന്നാണ് ‘അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രീഷ’ന്റെ മുന്നറിയിപ്പ്. ഫോൺ ഉപയോഗം മൂലം ഉറക്കമില്ലായ്മ, കഴുത്തു വേദന, അമിതവണ്ണം തുടങ്ങി അർബുദം കുട്ടികളിൽ കണ്ടുവരുന്നു. ഫോണിലുള്ള ഗെയിംസിനോടുള്ള ആസക്തിയിൽ കുട്ടികളുടെ മാനസികാരോഗ്യനിലയും തകരാറിലാകാം.

ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ട്വിറ്ററിലൂടെയും തന്റേതായൊരു ലോകം സൃഷ്ടിക്കുമ്പോൾ, യഥാർത്ഥത്തിൽ താനാര് എന്ന അവബോധമാണ് നഷ്ടത്തിലാകുന്നത്. നമ്മുടെ ചിന്താശേഷിയെയും ആഗ്രഹങ്ങളെയും വേരോടെ പിഴുതെറിയാൻ കഴിവുള്ള സുഹൃത്തിനെയാണ് നമ്മൾ കൈവെള്ളയിൽ കൊണ്ടുനടക്കുന്നത് എന്ന് തിരിച്ചറിയുക.

സാങ്കേതികവിദ്യക്കു ആരും എതിരല്ല. എന്നാൽ അത് ശ്രദ്ധയോടെ ഉപയോഗിക്കുന്നില്ലെങ്കിൽ, ‘താനാര്’ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്തൊരു തലമുറയെയാവും നാം വാർത്തെടുക്കുക.