അബോർഷൻ എന്ന വാക്കു കേൾക്കുമ്പോൾ ഭൂരിഭാഗം ജനങ്ങളുടെ മനസ്സിൽ ദൈവശാസ്ത്രപരമായ നിയമങ്ങളാണ് കടന്നുവരിക. എന്നാൽ ഗർഭഛിദ്രം1947 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) ആക്ടിന്റെ കീഴിൽ നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സദാചാരപരമായതും ലിംഗവിവേചനപരമായതുമായ പല കാരണങ്ങളാലും തങ്ങൾക്ക്‌ ആഗ്രഹമില്ലാത്ത ഗർഭം തുടരേണ്ടി വരുന്ന സാഹചര്യത്തിൽ പലരും അപകടകരമായ രീതിയിൽ ഗർഭച്ഛിദ്രം നടത്തുന്നതിനിടെ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് MTP ആക്ട് നിലവിൽ വന്നത്.

“എല്ലാ ലൈംഗികവേഴ്ചയും ഗർഭം ധരിക്കാനുള്ള സമ്മതമായി പരിഗണിക്കാൻ കഴിയില്ല”

എന്നതായിരുന്നു ബഹുമാനപെട്ട കോടതി വിധിയിലൂടെ സമൂഹം തിരിച്ചറിഞ്ഞത്.

MTP ആക്ട് പ്രകാരം നാലു സാഹചര്യങ്ങളിലാണ് ഗർഭച്ഛിദ്രം ചെയ്യാൻ കഴിയുന്നത്.

1. ഗർഭം തുടരുന്നത് അമ്മയുടെ ജീവൻ അപകടത്തിൽ ആകുമെങ്കിലോ, ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെങ്കിലോ ഗർഭഛിദ്രം ചെയ്യാവുന്നതാണ്. എന്നാൽ സ്ത്രീ ഒഴികെ മറ്റാരും അതാവശ്യപ്പെടാൻ പാടുള്ളതല്ല.

2. ഗുരുതരമായ ജനിതക പ്രശ്നങ്ങളുള്ള ഗർഭസ്ഥ ശിശുവാണെങ്കിൽ ഗർഭച്ഛിദ്രം ചെയ്യാവുന്നതാണ്.

3. ലൈംഗിക അതിക്രമത്തിലൂടെയാണ് സ്ത്രീ ഗർഭം ധരിക്കുന്നതെങ്കിൽ, ബലാത്സംഗം നടന്നുവെന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും അബോർഷനു വേണ്ടി ആശുപത്രിയിൽ സമീപിക്കാവുന്നതാണ്. പ്രായപൂർത്തിയായ സ്ത്രീക്ക് ഗർഭഛിദ്രം ചെയ്യാൻ ഭർത്താവിന്റെയോ മറ്റാരുടെയോ സമ്മതം ആവശ്യമില്ല. പ്രായപൂർത്തി ആവാത്ത കുട്ടികളോ, മാനസിക അസ്വസ്ഥതയുള്ള സ്ത്രീകളോ ആണെങ്കിൽ ഗർഭച്ഛിദ്രം ചെയ്യാൻ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്. സർക്കാർ സംരക്ഷണയിൽ കഴിയുന്ന കുട്ടികളാണെങ്കിൽ സർക്കാർ ആണ് രക്ഷിതാവ്.

4. വിവാഹം കഴിഞ്ഞ സ്ത്രീകളിൽ, സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന മാർഗം ഫലപ്രദമായില്ല എങ്കിൽ 20 ആഴ്ചകൾ വരെയുള്ള ഗർഭം അലസിപ്പിക്കാവുന്നതാണ്.

എന്നാൽ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർമാർക്ക് മാത്രമേ നിയമപരമായി ഗർഭച്ഛിദ്രം ചെയ്യാൻ അർഹതയുള്ളൂ. ഗൈനക്കോളജിസ്റ്റുകൾ, 6 മാസം ഗൈനക്കോളജിയിൽ housemanship ചെയ്ത ഡോക്ടർ, ഗൈനക്കോളജിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഡോക്ടർ എന്നിവർക്കാണ് ഗർഭച്ഛിദ്രം ചെയ്യാനുള്ള അനുമതി ഉള്ളത്. മാത്രമല്ല 12 മുതൽ 20 ആഴ്ചകൾ വരെയുള്ള ഗർഭം അലസിപ്പിക്കാൻ രണ്ടു ഡോക്ടർമാരുടെ തീരുമാനം ആവശ്യമാണ്.

സർക്കാർ ആശുപത്രികൾക്കും, അംഗീകാരമുള്ള മറ്റു സ്വകാര്യ ആശുപത്രികൾക്കും മാത്രമേ ഗർഭച്ഛിദ്രം ചെയ്യാനുള്ള അനുവാദമുള്ളൂ. ഗർഭം അലസിപ്പിക്കുന്നതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുക എന്നത് ഗർഭിണി സമീപിക്കുന്ന ഡോക്ടറിന്റെ ഉത്തരവാദിത്തമാണ്. രേഖകളിൽ ര ജിസ്ട്രേഷൻ നമ്പറാണ് സ്ത്രീയുടെ സ്വത്വം. ‘ഇവിടെ ഗർഭഛിദ്രം നടത്താൻ കഴിയില്ല’ എന്ന് പറയുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ചികിത്സ സേവന നിഷേധം രേഖപ്പെടുത്തി കോടതിയിൽ കേസ് നൽകാം. ഗർഭച്ഛിദ്രം നിരസിക്കുക എന്നത് ചികിത്സയും നിയമവും ഒന്നിച്ചു നിഷേധിക്കുന്നതിന് തുല്യമാണ്.

സുരക്ഷിതമായ ഗർഭഛിദ്രം സ്ത്രീയുടെ അവകാശമാണ്. ഡോക്ടർമാർ സഹായിക്കില്ല എന്ന് വ്യക്തമായതിനാൽ സ്വയം മരുന്ന് കഴിച്ച്‌ സ്ത്രീകൾ മരണത്തിനടുത്തെത്തിയ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യമാണെങ്കിൽ അവർ ചെയ്യുന്നത് ക്രിമിനൽ അബോർഷൻ സെക്ഷനിൽ പെടുത്താവുന്നത്ര ഗുരുതരമായ കുറ്റമാണ്. എന്നാൽ നിയമപരമല്ലാത്ത ഏതൊരു അബോർഷനും ക്രിമിനൽ കുറ്റമാണ്.

ഗർഭച്ഛിദ്ര നിയമവും ഭ്രൂണഹത്യ നിയമവും വ്യത്യസ്തമാണ്. പെൺഭ്രൂണഹത്യ തടയാൻ വേണ്ടിയല്ല ഗർഭച്ഛിദ്രനിയമം നടപ്പിലാക്കിയത്.ഭ്രൂണഹത്യ എന്നത് കൊലപാതകക്കുറ്റത്തിൽപെടുന്നതാണ്. അത് തടയാനാണ് PCPNDT ആക്ട്. 2009 ലെ സ്ഥിതിവിവരപ്പട്ടികയുടെ അടിസ്ഥാനത്തിൽ 4.9% ഗർഭഛിദ്രം കേരളത്തിൽ നടന്നിട്ടുണ്ട്. വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസവും ഗർഭനിരോധന വിദ്യാഭ്യാസവും സമൂഹത്തിനു ലഭ്യമാക്കിയാൽ ഗർഭച്ഛിദ്രം ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം, നവജാതശിശുവിനെ കൊലപ്പെടുത്തുന്ന സ്ത്രീ ജീവിതങ്ങളിൽ ഗർഭച്ഛിദ്രം നിരാകരിക്കപ്പെട്ടിട്ടുണ്ടോ എന്നും വിശദമായി അന്വേഷിക്കേണ്ടതാണ്.