മ്മള്‍ ജയിച്ചു. ഈ ഭൂമിയിലെ ഓരോ പെണ്‍കുട്ടിയും അറിയണം, താനൊരു ദേവതയാണെന്ന്.’

ഈ വര്‍ഷത്തെ ഓസ്‌കര്‍ നേടിയ ‘പീരിഡ് – എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവ് ഗുനീത് മോങ്ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതാണിങ്ങനെ. ആര്‍ത്തവവുമായി ബന്ധപ്പെട്ട മിഥ്യാ ധാരണകളും ശുചിത്വ പരിപാലന സാഹചര്യങ്ങളുടെ അഭാവത്താല്‍ കഷ്ടതകള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ ഗ്രാമത്തിലെ വനിതകളുടെ അതിജീവനവും പറയുന്ന ഈ കലാസൃഷ്ടിയിലൂടെ ലഭിക്കുന്ന പ്രചോദനം ആസ്വാദകരെ വീണ്ടു വിചാരത്തിന്റെ ലോകത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നു.

ഇന്ത്യന്‍ നിര്‍മ്മാതാവ് ഗുനീത് മോംഗയുടെ ശിഖ്യ എന്റര്‍ടെയിന്മെന്റ് നിര്‍മ്മിച്ച പിരീഡ് – എന്‍ഡ് ഓഫ് സെന്റന്‍സ് ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിയുടേതാണ് സംവിധാനം.

ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ് പിരീഡ് – എന്‍ഡ് ഓഫ് സെന്റന്‍സ്. സ്ഥിരീകരിക്കാത്ത കണക്കുകള്‍ പ്രകാരം 23 ശതമാനം പെണ്‍കുട്ടികള്‍ ആര്‍ത്തവ പ്രശ്നങ്ങൾ കാരണം സ്‌കൂള്‍ പഠനം അവസാനിപ്പിക്കുന്ന ഗ്രാമമാണ് ഉത്തര്‍പ്രദേശിലെ ഹാപൂര്‍. ഈ ഗ്രാമത്തിലെ ആര്‍ത്തവകാലത്തെ ശുചിത്വ, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സ്ത്രീകള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്ന സംഭവമാണ് ‘പീരീഡ് – എന്‍ഡ് ഓഫ് ദി സെന്റന്‍സി’ന്റെ പ്രതിപാദ്യം. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളും, സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ് ലഭ്യമാക്കാന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് ഉപയോഗിക്കുന്നതും അതുവഴി ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

അരുണാചലം മുരുഗാനന്ദന്‍ എന്ന സംരംഭകന്‍ കണ്ടുപിടിച്ച ചെലവുചുരുങ്ങിയ രീതിയില്‍ സാനിറ്ററി നാപ്കിന്‍ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഹാപൂരില്‍ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങളും സൂക്ഷ്മതയോടെയാണ് ഡോക്യുമെന്ററിയിൽ ആവിഷ്‌കരിക്കുന്നത്.

ആര്‍ത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കു വേണ്ടി, സ്ത്രീകളെത്തന്നെ മുന്നിലിറക്കി ‘ദി പാഡ് പ്രോജക്ട്’ എന്ന എന്‍ജിഒ ഹാപൂരില്‍ പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജൻസിയാണിത്. സ്ത്രീകളുടെ ഇത്തരം നീക്കങ്ങളോട് പുരുഷന്മാർ ഏറെ സംശയത്തോടെയാണ് പ്രതികരിക്കുന്നത്. ആര്‍ത്തവമെന്ന് പറയുന്നത് പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തില്‍ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡോക്യുമെന്ററിയുടെ അന്തഃസത്ത.

പാഡുകള്‍ വില്‍ക്കാന്‍ ഗ്രാമത്തിലെ ഓരോ വീട്ടുവാതില്‍ക്കലും സ്ത്രീകള്‍ ചെല്ലുകയാണ്. ഇതു കണ്ട് ഉളളിലേക്ക് വലിയുന്ന പുരുഷന്മാരെ ഈ സ്ത്രീകള്‍ പുറത്തേക്ക് വിളിക്കുന്നു. ‘ഇങ്ങോട്ടു വരൂ, ഞാന്‍ കടിക്കില്ല’ എന്നാണ് അവരില്‍ നിന്നും വരുന്ന വാക്കുകള്‍.

ഇന്ത്യയിലെ സ്‌കൂളുകളില്‍ ആര്‍ത്തവ ശുചിത്വം പാലിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കുണ്ടാകുന്നുവെന്ന വാര്‍ത്തകൾ അറിഞ്ഞതോടെ, ലോസ് ഏഞ്ചൽസിലുള്ള ഓക് വുഡ് ഹൈസ്‌കൂളിലെ വിദ്യാർഥികളും അദ്ധ്യാപികയായ മെലിസ്സയും രംഗത്തിറങ്ങുകയായിരുന്നു. പ്രസ്തുത ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തിന് കാരണമായതും ഇവർ തന്നെ. പല മാര്‍ഗത്തിലൂടെ 3000 ഡോളര്‍ സംഘടിപ്പിച്ച ഇവര്‍ ഒരു പാഡ് നിര്‍മാണ മെഷീന്‍ വാങ്ങി സംഭാവന ചെയ്തു. ഇന്ത്യയിലെ ആക്ഷന്‍ ഇന്ത്യ എന്ന എന്‍ജിഒ വഴിയായിരുന്നു ഇവര്‍ പണം ശേഖരിച്ചത്. തുടര്‍ന്ന് വലിയ പ്രചാരണങ്ങളുമായി വീണ്ടുമൊരു ശ്രമം കൂടി നടത്തി 40,000 ഡോളര്‍ സംഘടിപ്പിച്ചു. അങ്ങനെ ഇന്ത്യയില്‍ ആര്‍ത്തവത്തോടുള്ള പുരുഷസമൂഹത്തിന്റെ മനോഭാവം പകര്‍ത്തുന്ന ഒരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഇവര്‍ തയ്യാറെടുത്തു.

ഈ വിദ്യാർഥികളിലൊരാളുടെ രക്ഷിതാവ് ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഗുനീത് മോംഗയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ ക്ഷണം സ്വീകരിച്ച ഗുനീത്, വെട്രിമാരന്റെ വിസാരണൈ എന്ന ചിത്രത്തിന്റെ ഓസ്‌കാര്‍ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് യുഎസ്സിലുണ്ടായിരുന്ന ഘട്ടത്തില്‍ വിദ്യാർഥികളെ കാണാന്‍ ചെന്നു. അവരുടെ ആവേശം തന്നിലേക്കും പകര്‍ന്നതായി ഗുനീത് പറയുന്നു.

26 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയില്‍ വിദ്യാർഥിനികളുടെ ശ്രമങ്ങളും അതിലൂടെ ഇന്ത്യയിലെ സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളും വിവരിക്കുന്നു. അവസാനം ‘ഫ്‌ളൈ’ എന്നൊരു ബ്രാന്‍ഡ് തന്നെ ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുന്നത് എങ്ങനെയെന്നും ഡോക്യുമെന്ററി പങ്കുവെക്കുന്നു.

ചുരുക്കത്തിൽ, ആര്‍ത്തവകാലത്തെ ശുചിത്വ, ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സ്ത്രീകള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്ന സംഭവത്തെ ഇച്‌ഛാശക്തി കൊണ്ട് വരുന്ന മാറ്റം എന്ന നിലയിൽ ‘പീരിഡ് – എന്‍ഡ് ഓഫ് സെന്റന്‍സി’ൽ അനുഭവിക്കാനാകും. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ രണ്ടാം നിര പൗരരായി കണക്കാക്കുന്ന നമ്മുടെ രാജ്യത്തെ സാഹചര്യങ്ങള്‍ തന്നെയാണ് ഡോക്യുമെന്ററിയുടെ വിഷയം.

ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ബന്ധം ഉള്ള ഏക ചിത്രം കൂടിയായിരുന്നു ഇത്. ആര്‍ത്തവത്തിന്റെ പേരില്‍ കേരളത്തില്‍ കലാപത്തിന് ചിലര്‍ ശ്രമിക്കുമ്പോള്‍, ലോകത്തെ ഏറ്റവും വലിയ മേളയില്‍ നിന്നും ആര്‍ത്തവത്തെ പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററിക്ക് തന്നെ പുരസ്‌കാരം ലഭിച്ചത് ഇരുട്ടില്‍ ജീവിക്കുന്ന പലർക്കും അറിവിന്റെ വെളിച്ചം പകരാൻ കാരണമായിട്ടുണ്ട്.

Facebook44Twitter

By Vishnu