തെക്കേ ഇന്ത്യയിലെ പ്രമുഖ നദികളില്‍ ഒന്നാണ് കാവേരി. സഹ്യനിരയിലെ ബ്രഹ്മഗിരി വനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലക്കാവേരിയിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തില്‍ നിന്നടക്കമുള്ള അനേകം കൈവഴികള്‍ ചേര്‍ന്ന് തെക്കന്‍ കര്‍ണാടകം, തമിഴ്നാട്‌ എന്നിവിടങ്ങളിലൂടെ ഒഴുകി കാവേരി നദി അനേകം കൈവഴികളായി പിരിഞ്ഞു പോണ്ടിച്ചേരിയുടെ ചില ഭാഗങ്ങളിലൂടെയും ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

I

നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരീ നദി. ഇന്ത്യയിലെ ആദ്യ ജലസേചന പദ്ധതി ഒന്നാം നൂറ്റാണ്ടില്‍ കരികാല ചോഴന്‍ ഭരിച്ചിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട കല്ലണയാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം ഇന്നും ഉപയോഗിക്കുന്ന ഈ അണക്കെട്ടും അനുബന്ധ പദ്ധതികളും കാവേരി നദിയെ ആദ്യം രണ്ടായും പിന്നെ പലതായും പിരിച്ച് പരമാവധി പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാന്‍ ഉപയോഗിച്ചു വന്നിരുന്നു. കൃഷിഭൂമി പല മടങ്ങ്‌ വ്യാപിപ്പിക്കാനും തഞ്ചാവൂരിനെ തമിഴകത്തിന്റെ നെല്ലറയാക്കി മാറ്റാനും ഇതുമൂലം സാധിച്ചു.

II

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും അവരുടെ സാമന്തരായിരുന്ന മൈസൂർ രാജ്യവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. മരുഭൂമിയായി കൊണ്ടിരുന്ന മാണ്ഡ്യ ദേശത്ത് കൃഷി വര്‍ധിപ്പിക്കാന്‍ വിശ്വേശ്വരയ്യയുടെ ശ്രമഫലമായി കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ1911-ൽ മൈസൂർ ഭരണകൂടം തീരുമാനിച്ചു. അടിക്കടിയുള്ള വരള്‍ച്ചയും കൃഷി നാശവും മൂലം അനേകം മനുഷ്യര്‍ കഷ്ടപ്പെട്ടിരുന്ന ഒരു പ്രദേശമായിരുന്നു അന്ന് മാണ്ഡ്യ.

മദ്രാസ്‌ അധികാരികൾ ഇതിനെ ശക്തമായി എതിർത്തു. മദ്രാസ്‌ പ്രവിശ്യയിലെ കൃഷിയെ ഇത് സാരമായി ബാധിക്കും എന്നതായിരുന്നു അവരുടെ വാദം. അവര്‍ മേട്ടൂര്‍ പ്രദേശത്ത് മറ്റൊരു വലിയ അണക്കെട്ട് നിര്‍മിക്കാന്‍ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. ഇതാണ് ആദ്യമായി ഉടലെടുത്ത കാവേരി നദീജല തര്‍ക്കം.

തർക്കത്തിനൊടുവിൽ, 1924-ൽ പ്രാബല്യത്തിൽവന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ല എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അമ്പതുവര്‍ഷം ആയിരുന്നു ഈ ഉടമ്പടിയുടെ കാലാവധി.

III

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി. തുടര്‍ന്ന് 1957ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം പുതിയ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നപ്പോള്‍ കാവേരി നദീതടം തമിഴ്നാട്‌, കര്‍ണാടകം, കേരളം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി മാറി. മദ്രാസ്‌ പ്രവിശ്യയിലെ പല പ്രദേശങ്ങളും കേരളത്തില്‍ ആവുകയും കാവേരിയുടെ പ്രധാന നദീമുഖം പോണ്ടിച്ചേരിയുടെ കാരൈക്കല്‍ പ്രദേശത്തില്‍ ആവുകയും ചെയ്തു.

പഴയ ഉടമ്പടി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിലനില്‍ക്കുമോ എന്നതും തല്പര കക്ഷികള്‍ മാറിയോ എന്ന ചോദ്യവും സംഘര്‍ഷം വര്‍ധിപ്പിച്ചു. കാവേരിയുടെ വൃഷ്ടിപ്രദേശം കേരളത്തിലും ഉൾപ്പെടുന്നതുകൊണ്ട്‌ കേരളവും, പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പോണ്ടിച്ചേരിയും താന്താങ്ങളുടെ ഭാഗങ്ങൾ ന്യായീകരിച്ചുകൊണ്ട്‌ ഈ തർക്കങ്ങളിൽ ഇടപെട്ടു.

IV

1976-ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം, പഴയ കരാറിന്റെ കാലാവധി അവസാനിക്കുന്നതിനാലും മറ്റും ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തുടർന്ന് തമിഴ്‌നാടിന്റെ ജല ഓഹരി കുറച്ചു. തമിഴ്‌നാട്‌ സുപ്രീം കോടതിയെ സമീപിക്കുകയും കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസരിച്ച്‌ 1990-ൽ വി പി സിംഗ്‌ സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന്‌ കുറച്ചു കൂടി ജലം അനുവദിച്ചുകൊണ്ട്‌ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

V

1995ൽ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മോശമായതോടെ ജലക്ഷാമം രൂക്ഷമായി. വ്യാപക കൃഷിനാശവും അനുബന്ധ പ്രശ്നങ്ങളും ഇരു സംസ്ഥാനങ്ങളും നേരിട്ടു. കര്‍ണാടകം വേണ്ടത്ര ജലം ഒഴുക്കുന്നില്ല എന്ന പരാതിയുമായി തമിഴ്നാട്‌ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. നദീതടത്തിലുടനീളം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.

ക്ഷാമവര്‍ഷങ്ങളില്‍ കമ്മി എങ്ങനെ പങ്കുവെക്കണം എന്ന പ്രശ്നം അപ്പോഴാണ്‌ കാര്യമായ ശ്രദ്ധ ആകര്‍ഷിക്കുന്നത്. സാധാരണ വര്‍ഷങ്ങളില്‍ തന്നെ, എല്ലാവര്‍ക്കും അവര്‍ ആവശ്യപ്പെടുന്നത്ര കൊടുക്കാന്‍ മാത്രം ജലം കാവേരി നദിയിലാകെ ഇല്ലെന്നിരിക്കെ ഒരു ക്ഷാമ വര്‍ഷം കമ്മി എത്ര കൂടുതലായിരിക്കുമെന്ന് കണക്കാക്കാൻ ആര്‍ക്കും അതുവരെ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് 2002ല്‍ പ്രശ്നം വീണ്ടും ആവര്‍ത്തിച്ചു. ദുരിതം പങ്കുവയ്ക്കാന്‍ വേണ്ട ധാരണയിലെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ള ജലം ഒഴുക്കിവിടാന്‍ കര്‍ണാടകത്തിനും ക്ഷാമം അതിജീവിക്കാന്‍ വെള്ളം ആവശ്യപ്പെടാതിരിക്കാന്‍ തമിഴ്നാടിനും കഴിയില്ല.

VI

2007ല്‍ ഏകദേശം രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിച്ചു. വിധിയില്‍ ആര്‍ക്കും തൃപ്തി രേഖപ്പെടുത്താന്‍ സാധിച്ചില്ല. പക്ഷെ നാം നേരത്തെ കണ്ടതു പോലെ, ആരെയും തൃപ്തിപ്പെടുത്താന്‍ മാത്രം ജല ലഭ്യത കാവേരി നദിയില്‍ ഇല്ല എന്നുള്ളതാണ് വസ്തുത.

പഴയ കാവേരി നദീതടം അല്ല ഇന്നുള്ളത് എന്നും ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. ഒരു കോടിയോളം ജനങ്ങള്‍ വസിക്കുന്ന ബെംഗളുരു നഗരവും ചെറുതും വലുതുമായ മറ്റനേകം നഗരങ്ങളും ഇന്ന് ഈ നദീജലത്തെ ആശ്രയിക്കുന്നു. കരികാല ചോഴന്റെ തലസ്ഥാന നഗരിയും ചിലപ്പതികാരത്തില്‍ മഹാനഗരിയായി വര്‍ണ്ണിക്കപ്പെട്ടതുമായ കാവേരിപൂമ്പട്ടണം ഇന്ന് പൂംപുഹാര്‍ എന്ന വലിയ ഗ്രാമം മാത്രമാണ്.

എങ്കിലും, പണ്ടത്തെക്കാളും വിളവുനല്‍കുന്ന പല തരം വിളകള്‍, പല മടങ്ങ്‌ വിസ്തീര്‍ണത്തില്‍ കൃഷി ചെയ്യപ്പെടുന്നു. സംസ്ഥാന ഭേദമെന്യേ അനേകം മനുഷ്യരുടെ ജീവിതവ്യവസ്ഥ ഈ നദിയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, അവരുടെ കൈവശം വെച്ചില്ലെങ്കിൽ, ജീവന്റെ പ്രതിബിംബം പതിയുന്ന കാവേരിയെ മാത്രമല്ല, തങ്ങളുടെ ജീവിതംതന്നെ നഷ്ടമാകുമെന്ന നിലയിലാണ് അവരുടെ പ്രതികരണം.