‘അരുവികളിലും പുഴകളിലും ഒഴുകുന്ന തിളങ്ങുന്ന വെള്ളം വെറും വെള്ളമല്ല, ഞങ്ങളുടെ പൂർവ്വികരുടെ രക്തമാണ്. ഞങ്ങൾ നിങ്ങൾക്ക് ഭൂമി നൽകുന്നുവെങ്കിൽ ഞങ്ങൾക്ക് അതെത്രമാത്രം പരിപാവനമായിരുന്നു എന്ന് നിങ്ങളോർക്കണം. തടാക ജലത്തിലെ ഒരോ പ്രതിബിംബവും എന്റെ ജനതയുടെ ജീവിതസംഭവങ്ങളെപ്പറ്റിയും സ്‌മൃതികളെപ്പറ്റിയും പറയുന്നുണ്ട്. ജലം എന്റെ മുത്തച്ഛന്റെ ഭാഷയിലാണ് പിറുപിറുക്കുന്നത്..’

ആദിവാസി നേതാവ് സിയാറ്റിൽ മൂപ്പൻ അമേരിക്കൻ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. ഓരോ തുള്ളി ജലത്തിനും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ലോകം കേൾക്കുമാറുറക്കെ വിളിച്ചുപറയുന്ന വാക്കുകൾ.

ഇനി നടക്കാനിരിക്കുന്ന യുദ്ധങ്ങളെല്ലാം ശുദ്ധജലത്തിന് വേണ്ടിയുള്ളതാവുമെന്ന ഓർമ്മപ്പെടുത്തൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. നമ്മുടെ കാതിലും അത് മുഴങ്ങിയിട്ടുണ്ടാകും, എപ്പോഴെങ്കിലും.

മലയാളികൾ അടിമുടി രാഷ്ടീയവത്ക്കരിക്കപ്പെട്ട ജനതയാണ്. എന്നാൽ കുതിച്ചോടുന്ന വികസന സ്വപ്നങ്ങൾക്കിടയിൽ ജലത്തിന്റെ, പരിസ്ഥിതിയുടെ രാഷ്ട്രീയം പറയാൻ നമുക്കെത്ര മാത്രം സമയം കിട്ടിയിട്ടുണ്ട്? നൂറ്റാണ്ടിന്റെ പ്രളയക്കെടുതികൾക്കിടയിൽനിന്ന് ഇച്ഛാശക്തികൊണ്ട് നമ്മൾ അതിവേഗം ഓടിക്കയറി. ആ അഭിമാനക്കുന്നിലാണ് നമ്മൾ ഇന്ന് ഉണ്ടുറങ്ങുന്നത്. അതിന് മുമ്പേ നാം കയറിപ്പറ്റിയിരിപ്പുറപ്പിച്ച മിനുസമുള്ള വരണ്ട കുന്നുകൾ അനേകമുണ്ട്. നമ്മൾ കെട്ടിപ്പൊക്കിയ അത്തരം കുന്നുകളിൽനിന്ന് ഇറങ്ങിവരേണ്ടതിന്റെ വലിയ ഓർമ്മപ്പെടുത്തൽ കൂടി മഹാപ്രളയം ബാക്കിവെക്കുന്നുണ്ട്.

കോട്ടക്കുന്ന്: പൂർവ്വികരുടെ രക്തമുണ്ടിവിടെ

മലപ്പുറം നഗരത്തിൽ തല ഉയർത്തി നിൽക്കുകയാണ് കോട്ടക്കുന്ന്. ചരിത്രം അനേകമുണ്ട് കോട്ടക്കുന്നിന് പറയാൻ. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ ചിതറിയ ചോര വീണുകൂടിയാണ് ഈ കുന്നിത്ര ഉറച്ചുപോയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നത് കോട്ടക്കുന്നിന്റെ ചെരുവിലിട്ടാണ്. ഈ കുന്നിന്റെ ചെരുവിൽനിന്ന് ഊർന്ന് വരുന്ന ഒരു ചോലയുടെ വീണ്ടെടുക്കലിന്റെ ജ്വലിക്കുന്ന കഥയാണ് ഈ ലോക ജലദിനത്തിൽ പറയാൻ ശ്രമിക്കുന്നത്.

അതെ, സിയാറ്റിൽ മൂപ്പൻ പറഞ്ഞത് പോലെ ഇത് വെറും വെള്ളമൊഴുകുന്ന ഒരുറവയല്ല, ഞങ്ങളുടെ പൂർവ്വികരുടെ രക്തം തന്നെയാണ്.

തുക്കിടി സായിപ്പിന്റെ കൊട്ടാരം

‘ഭൂമിയുടെ ഒരോ കണികയും എന്റെ ജനങ്ങൾക്ക് വിശുദ്ധമാണ്. തിളങ്ങുന്ന ഒരോ പൈൻ മരവും ഓരോ മണൽതിട്ടയും, ഇരുണ്ട കാടുകളിലെ മൂടൽ മഞ്ഞും, ഓരോ പുൽമേടും, ഒരോ പ്രാണിയും, എന്റെ ജനങ്ങൾ അവരുടെ ഓർമ്മകളിലും അനുഭവങ്ങളിലും വിശുദ്ധമായി സൂക്ഷിക്കുന്നു…’

ബ്രിട്ടീഷ് ഭരണകാലത്ത് തുക്കിടി സായിപ്പിന്റെ കൊട്ടാരമായിരുന്നു മലപ്പുറത്ത് മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്‌ഥാനത്തോട് ചേർന്ന് കിടക്കുന്ന ഇന്നത്തെ കലക്ടർ ബംഗ്ലാവ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളുണ്ട് ഈ ബംഗ്ലാവിന് ചുറ്റും. അവ സ്വതന്ത്രരായി ഈ ഭൂമിയുടെ അവകാശികളായി ചരിത്രങ്ങൾക്ക് സാക്ഷ്യം പറയുന്നു.

മുന്നിലൂടെ കോഴിക്കോട് പാലക്കാട്‌ ദേശീയ പാത നീണ്ടുകിടക്കുകയാണ്. അരികിലൂടെ ആലും കുണ്ട് താമരക്കുഴി റോഡ് അർദ്ധവട്ടത്തിൽ ഈ ബംഗ്ലാവ് നിൽക്കുന്ന ഭൂമിയെ വലംവെച്ച് കടന്നുപോകുന്നു.

ബംഗ്ലാവിന്റെ ചുറ്റുമതിലിന് പുറത്തുള്ള റവന്യൂ ഭൂമിയിൽ നാലാൾ പിടിച്ചാൽ എത്താത്ത മൂന്ന് മുത്തശ്ശി മാവുകളുണ്ടായിരുന്നു, റോഡിനുവേണ്ടി അവ മുറിച്ചുമാറ്റി. മാവുകൾ നിന്നിടത്തുനിന്ന് തൊട്ടു മുകളിലായി നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വെള്ളാൽ ഉയർന്നുനിൽക്കുന്നുണ്ട്‌. ഈ വെള്ളാലിന്റെ വേരുകളും പാറകളും ചേരുന്നിടത്താണ് ഞാൻ പറഞ്ഞ് വരുന്ന ആലുംകുണ്ട് ചോലയുള്ളത്. ഇവിടെ നിന്ന് അഞ്ഞൂറ് മീറ്ററോളം ദൂരത്തിൽ നൂറ്റമ്പതടി താഴ്ചയിൽ കടലുണ്ടിപ്പുഴ ഒഴുകുന്നു.

തൊണ്ണൂറുകൾക്ക് മുമ്പും ശേഷവുമുള്ള ആലുംകുണ്ട് ചോല

എത്ര കടുത്ത വേനലിലും നിലക്കാതെ ഒഴുകിയിരുന്ന ജല ഉറവയായിരുന്നു ആലുംകുണ്ട് ചോല. വെള്ളം കെട്ടി നിൽക്കാതെ, തടസ്സങ്ങളേതുമില്ലാതെ അത് താഴെ കടലുണ്ടിപ്പുഴയിൽ ചെന്നുചേർന്നു.

സമീപത്തുള്ളവരും നഗരത്തിലെത്തുന്നവരും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഈ ചോലയെ ആശ്രയിച്ചു. കോട്ടക്കുന്നായിരുന്നു ചോലയുടെ ജലസംഭരണി. അന്ന് നടവഴിമാത്രമായിരുന്നു ചോലയോട് ചേർന്നുണ്ടായിരുന്നത്. ഇതുവഴിയായിരുന്നു താമരക്കുഴിയിലുള്ളവരും കടലുണ്ടിപ്പുഴയിൽ കടത്ത് കടന്നെത്തുന്ന ഉമ്മത്തൂർക്കാരും നഗരത്തിലെത്തിയിരുന്നത്.

തൊണ്ണൂറിന്റെ തുടക്കത്തിലാണ് നടവഴി റോഡാക്കി മാറ്റാനുള്ള പണികൾ തുടങ്ങുന്നത്. ചെങ്കുത്തായ പ്രദേശമായതുകൊണ്ടുതന്നെ ചോലയുടെ നിരപ്പിൽനിന്ന് ഉയർത്തിയാണ് റോഡ് നിർമ്മിച്ചത്. ഇതോടെ ചോല ചെറിയ താഴ്ചയിൽ ഒറ്റപ്പെട്ടു. മുട്ടോളം താഴ്ചയുള്ള കുഴിമാത്രമായി ആലുംകുണ്ട് ചോല മാറി.

അക്കാലത്താണ് ജലവിതരണവകുപ്പിന്റെ ജലസംഭരണ-വിതരണ സംവിധാനങ്ങൾ മലപ്പുറം നഗരത്തിൽ വിപുലപ്പെടുന്നത്. കോട്ടക്കുന്നിൽ വലിയ ജലസംഭരണി നിർമ്മിച്ച് സമൃദ്ധമായി ഒഴുകിയിരുന്ന കടലുണ്ടിപ്പുഴയിൽനിന്ന് ആവശ്യത്തിന് വെള്ളം ശേഖരിച്ചു. അവ പൈപ്പുകളിലൂടെ വീടുകളിലേക്ക് ഒഴുകിയെത്തി.

ഇത്തരത്തിൽ വീടുകളിൽ വെള്ളം ലഭ്യമായി തുടങ്ങിയതോടെ പ്രദേശവാസികൾ ചോലയെ മറക്കാൻ തുടങ്ങി. പിന്നെ ആലുംകുണ്ട് ചോലക്ക് കൂട്ടായിരുന്നത് നഗരത്തിലെ തമിഴ് തൊഴിലാളികൾ മാത്രമായിരുന്നു. ചോലയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ പ്രഭാതകൃത്യം നിർവഹിച്ചിരുന്ന അവരാണ് രണ്ടായിരമാണ്ടുവരെ ചോല ഉപയോഗിച്ചിരുന്നത്.

മാലിന്യച്ചോല

രണ്ടായിരത്തിനു ശേഷം തമിഴ് തൊഴിലാളികളും വരാതായതോടെ ചോല തീർത്തും ഒറ്റപ്പെട്ടു. പതുക്കെ മാലിന്യങ്ങൾ ചോലയോടു ചേർന്ന പറമ്പിൽ നിറയാൻ തുടങ്ങി.

ചുറ്റിനും റോഡുള്ള സംരക്ഷണമില്ലാത്ത നഗരത്തിലെ റവന്യൂ ഭൂമി മാലിന്യപ്പറമ്പായി മാറാൻ ഏറെ കാലമെടുത്തില്ല. ഇതിനിടയിലെപ്പോഴോ ആലുംകുണ്ട് ചോല അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.

ആലുംകുണ്ട് ചോല പുനർജനിക്കുന്നു

‘അവസാനത്തെ വൃക്ഷവും വെട്ടി വീഴ്ത്തപ്പെട്ടതിനു ശേഷം മാത്രമേ, അവസാനത്തെ പുഴയും വറ്റി വരണ്ടതിനു ശേഷമേ, അവസാനത്തെ മത്സ്യവും ചത്തുപൊന്തിയതിനു ശേഷമേ നിങ്ങൾക്കതിന്റെ വില മനസ്സിലാകൂ. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും, നിങ്ങൾ ഇപ്പോൾ വിലമതിക്കുന്ന നിങ്ങളുടെ പണത്തിന് യാതൊരു വിലയുമില്ലെന്ന്…’

2013 ലെ വരൾച്ചയാണ് ചോലയെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് ഈ പ്രദേശത്തുള്ളവരെ വീണ്ടും എത്തിച്ചത്. ചോലയില്ലാതായ കാലഘട്ടത്തിൽത്തന്നെ കടലുണ്ടിപ്പുഴയിലെ മണലും ഏകദേശം തീർന്നു കഴിഞ്ഞിരുന്നു.

പുഴവെള്ളം ശേഖരിച്ചിരുന്ന അറകളാണ് ലോറിയിൽ കയറിപ്പോയതെന്ന് ഇനി പറഞ്ഞിട്ടെന്തു കാര്യം..?

ഇതിനിടക്കുതന്നെ വാട്ടർ അതോറിറ്റിക്ക് ജലവിതരണത്തിന് ഒരു തടയണ പോരാതെ വന്നു. കടലുണ്ടിപ്പുഴയിൽ പുതിയ പുതിയ തടയണകൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നു. അവ തമ്മിലുള്ള അകലം കുറഞ്ഞുവന്ന് വേനലിൽ ഒഴുകാത്ത കുളങ്ങളായി പുഴ മെലിഞ്ഞു.

പ്രായമായവരിൽനിന്ന് കിട്ടിയ അറിവുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ചോല വീണ്ടെടുക്കാനുള്ള സാധ്യത തേടുന്നത്. 2013 ഏപ്രിൽ 22 ന് ഡിവൈഎഫ്ഐ മലപ്പുറം കുന്നുമ്മൽ മേഖലാ കമ്മറ്റി യോഗത്തിൽ വിഷയം അവതരിപ്പിക്കുന്നത് അന്നത്തെ താമരക്കുഴി യൂണിറ്റ് സെക്രട്ടറി നവീനാണ്. മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചോല വീണ്ടെടുക്കാനുള്ള തീരുമാനമെടുത്താണ് അന്ന് കമ്മറ്റി പിരിഞ്ഞത്.

തൊട്ടടുത്ത ദിവസംതന്നെ മേഖലാസെക്രട്ടറി എം.കെ അനിൽകുമാറിന്റെയും പ്രസിഡന്റ് പി.ഷാഹിറിന്റേയും നേതൃത്വത്തിൽ ഇരുപതോളം ചെറുപ്പക്കാർ ചോല നിന്നിടത്തുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനെത്തി. ഉദ്ഘാടകനായി അന്നത്തെ ബ്ലോക്ക് സെക്രട്ടറി കെ.പി ഫൈസലുമെത്തിയിരുന്നു.

അതാ, ചോല കിനിഞ്ഞിറങ്ങുന്നു!

അത്ര എളുപ്പമായിരുന്നില്ല വർഷങ്ങളായി മാലിന്യങ്ങളിട്ട് അടഞ്ഞുപോയ ആലുംകുണ്ട് ചോലയെ തിരിച്ചുപിടിക്കൽ. നീക്കിയിട്ടും തീരാത്ത മാലിന്യങ്ങളായിരുന്നു നിറയെ. പാഴ് വേലയാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനും കളിയാക്കാനും യുവാക്കളുടെ കൂടെ നിൽക്കാനും ആളുകളുണ്ടായി.

ജെ സി ബി ഉപയോഗിച്ചാണ് മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തത്. 26 ലോഡ് മാലിന്യം മൂന്നു ദിവസംകൊണ്ട് ചോലയിൽനിന്ന് നീക്കി.

മൂന്നാംദിവസം ഉച്ചക്കുശേഷം അവർ ലക്ഷ്യത്തിലെത്തി. വെള്ളാലിന്റെ വേരിനോട് ചേർന്ന് പാറക്കെട്ടുകളുടെ അടരുകൾക്കിടയിൽ അതാ ആലുംകുണ്ട് ചോല കിനിഞ്ഞിറങ്ങുന്നു.

ഉറവയിൽ നിന്ന് ഒഴുകിയെത്തുന്ന ജലത്തിന് നിൽക്കാൻ സ്ഥലമൊരുക്കലായിരുന്നു പിന്നീടുള്ള പ്രശ്നം. ചോലയെ അതിന്റെ പഴയ പ്രതാപത്തോടെയല്ല തിരിച്ചുകിട്ടിയിരിക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു.

ഉറവയ്ക്കുസമീപം ചെറിയ കുഴിയെടുത്ത് അതിൽ വെള്ളം ശേഖരിക്കാനായി പിന്നീട് ശ്രമങ്ങൾ. അതിൽ വിജയിച്ചതോടെ അത്യാവശ്യമുള്ള വീടുകളിൽ ഇവിടെനിന്ന് വെള്ളം എത്തിക്കാനുള്ള സംവിധാനവും യുവാക്കൾ ഒരുക്കി. ആ വേനലിൽ ദിവസവും മൂവായിരം ലിറ്റർ വെള്ളം വാഹനങ്ങളിൽ കൊണ്ടുപോയി അവർ വിതരണം ചെയ്തു.

ഇവർ ഭഗീരഥർ, ഭൂഗർഭ ഗംഗയെ വിളിച്ചുണർത്തിയോർ

‘ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തത്തെ ഞങ്ങൾ അറിയുന്നതുപോലെ മരങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ചോരയേയും ഞങ്ങൾക്ക് അറിയാം…’

ചോലയെ പുനസ്ഥാപിച്ച് എല്ലാം കഴിഞ്ഞെന്ന മട്ടിൽ മാറിനിന്നില്ല അവർ.

ചോലയുടെ വീണ്ടെടുക്കൽ കൊണ്ടുമാത്രം ഉത്തരവാദിത്തം പൂർത്തിയാകില്ലെന്ന തിരിച്ചറിവിലേക്ക് ചെറുപ്പക്കാരുടെ സംഘം എത്തിച്ചേർന്നിരുന്നു.

ഇനിയൊരു വരൾച്ചയുണ്ടാകുന്ന കാലത്തേക്ക് ചോലയെ ഒരുക്കിവെക്കാൻ കൂടുതൽ ജലം ചോലയിൽ തന്നെ ശേഖരിക്കണമെന്ന് അവർ മനസ്സിലാക്കി. തുടർന്നുള്ള വർഷങ്ങളിൽ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളായി.

അപ്പോഴേക്കും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി ഭാരവാഹികളായിരുന്നവർ മാറി. മിർഷാദ് ഇബ്രാഹിമും ശരത്തും നേതൃത്വത്തിൽ വന്നു. മിർഷാദ് നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് ചോലയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സഹായകമായി.

റോഡിന്റെ കെട്ടിനും ആൽമരത്തിനും ഇടയിലുള്ള സ്ഥലത്താണ് വെള്ളം കെട്ടിനിന്നിരുന്നത്. 2016 ആയപ്പോഴേക്കും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയിരുന്നു. കൂടുതലായി ഒഴുകിവരുന്ന വെള്ളം റോഡിന്റെ കെട്ടുവഴി നഷ്ടപ്പെട്ടുപോകുന്നത് തടയാൻ ഈ വിദഗ്ധരുടെ നിർദേശം തേടി. അങ്ങനെയാണ് പൊതുമരാമത്തു വകുപ്പിൽനിന്ന് വിരമിച്ച യൂസുഫ് ഹാറൂണിനെ സമീപിക്കുന്നത്. ശാസ്ത്രീയമായി ചോർച്ച അടക്കാനും സ്വാഭാവികത നഷ്ടപ്പെടാതെ ചോലയുടെ ആഴം കൂട്ടാനും അദ്ദേഹം നിർദേശങ്ങൾ നൽകി.

കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടി. മാലിന്യങ്ങൾ വീഴാതിരിക്കാൻ ഉയരത്തിൽ മേൽക്കൂര സ്ഥാപിച്ചു. 2017ലെ വരൾച്ചയിൽ ദിവസവും 12000 ലിറ്റർ വെള്ളം ഇവിടെ നിന്ന് ശേഖരിച്ച് വെള്ളമില്ലാത്ത വീടുകളിൽ വിതരണം ചെയ്യാൻ കഴിഞ്ഞു.

ഇപ്പോൾ ഒരു ലക്ഷത്തിലലധികം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള സോത്രസ്സാണ് ആലുംകുണ്ട് ചോല. പത്തു ലക്ഷത്തിൽപ്പരം രൂപ വിവിധ ഘട്ടങ്ങളിൽ ചോലയുടെ വീണ്ടെടുപ്പിനായി ഇവർ കണ്ടെത്തി ചെലവഴിച്ചുകഴിഞ്ഞു. സ്വന്തം വരുമാനത്തിൽ നിന്നൊരു പങ്ക് ഇതിനായി നീക്കി വച്ചു അവർ. നഗരത്തിലെ വ്യാപാരികളടക്കം ഒട്ടേറെപ്പേർ അവരെ സഹായിക്കാനെത്തി.

‘ഭൂമി മനുഷ്യന്റേതല്ല. മനുഷ്യന്‍ ഭൂമിയുടേതാണ്. ഒരു കുടുംബത്തെ ഒന്നാക്കുന്ന ഒരംഗത്തെപ്പോലെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്നവയാണ്. ഭൂമിക്ക് സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കള്‍ക്കും സംഭവിക്കും. ജീവന്റെ വല നെയ്തത് മനുഷ്യനല്ല. അവനതില്‍ ഒരു ഇഴ മാത്രമാണ്. ആ വലയോട് അവന്‍ ചെയ്യുന്നതെല്ലാം അവന്‍ തന്നോട് തന്നെയാണ് ചെയ്യുന്നത്..’