കാൾ മാർക്സ്നെ കുറിച്ചുള്ള സംഭാഷണങ്ങളെല്ലാം മിക്കപ്പോഴും ചുറ്റിത്തിരിയുന്നത് മുതലാളിത്തം സാമ്രാജ്യത്വം ചൂഷണം അസമത്വം തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനത്തിലും, സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് ദിശയിലേക്ക് പരിവർത്തനം ചെയ്യാനുള്ള പോരാട്ടത്തിലും ഒക്കെയാണ്. പിന്തുണയ്ക്കുന്നവർക്ക് വിമോചനത്തിനുള്ള വഴിയും, എതിർക്കുന്നവർക്ക് ‘കാശുകാരെ ഉപദ്രവിക്കാനുള്ള’ വഴിയും എന്ന ദ്വന്ദ്വത്തിൽ വന്നു നിന്നുപോകുമത്. പൊതുബോധമനുസരിച്ച് നോക്കുകയാണെങ്കിൽ, ജീവിതത്തിന്റെ സ്നിഗ്ധമായ വശങ്ങൾക്കൊന്നും ഇടതുചിന്തകളിൽ സ്ഥാനമില്ല. പൂക്കളും (ചുവന്നവയൊഴികെ) കിളികളും കാനനച്ഛായകളും ഒന്നും ഇടതന്റെ വ്യവഹാരവിഷയമേ ആകുന്നില്ല, അല്ലെങ്കിൽ ആകേണ്ടതില്ല എന്ന തെറ്റിദ്ധാരണ പരക്കെ ഉണ്ടല്ലോ.

അല്പമൊരു ഉൾക്കാഴ്ചയോടെ നോക്കിയാലറിയാം – മനുഷ്യനെ സംബന്ധിക്കുന്നതെന്തും മാർക്സിസത്തിന്റെയും വിഷയമാണ്. മാനുഷികമായ ഒന്നും മാർക്സിസ്റ്റുകൾക്ക് അന്യമല്ല. ഇന്ന് മനുഷ്യരാശിയെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം പരിസ്ഥിതിനാശമാണ്. പരിസ്ഥിതിനാശത്തിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രതിഫലനമാണ് കാലാവസ്ഥാവ്യതിയാനം. കാലാവസ്ഥാവ്യതിയാനം മിക്കവാറും നാം കണക്കാക്കുന്നത് കുഴഞ്ഞുമറിഞ്ഞ ഒരു ശാസ്ത്രീയസമസ്യ എന്ന നിലയിലാണ്. ഒരർഥത്തിൽ അതങ്ങനെയാണ് താനും. മനുഷ്യരുടെ പലരീതിയിലുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും മൂലം, അന്തരീക്ഷതാപനില സ്ഥായിയായി ഉയരുന്നു. വരൾച്ച, ഉഷ്‌ണതരംഗങ്ങൾ, വെള്ളപ്പൊക്കം തുടങ്ങിയ അസാധാരണസംഭവങ്ങൾ (extreme climatic events ) വർദ്ധിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നു. കൃഷിനാശം സംഭവിക്കുന്നു. ചെടികൾ കാലംതെറ്റി പൂക്കുന്നു. ജീവിവർഗങ്ങളുടെ സ്വതവെയുള്ള ആവാസവ്യവസ്ഥകളിൽ മാറ്റം വരുന്നു. ഭക്ഷ്യശൃംഖലയുടെ കണ്ണികൾ അകലുന്നു, പൊട്ടുന്നു, പുതിയ രോഗങ്ങൾ പടരുന്നു.

ഓരോ അടരുകളായി എടുത്തുമാറ്റി പരിശോധിക്കുമ്പോൾ അറിയാൻ സാധിക്കും, കാലാവസ്ഥാവ്യതിയാനത്തിന്റെ അടിസ്ഥാനകാരണം ശാസ്ത്രത്തിന്റെ ആലോചനാപരിധിയിലൊതുങ്ങുന്നതല്ല. എന്താണ് ഇപ്പോഴത്തെ പരിസ്ഥിതിപ്രശ്നങ്ങൾക്ക് നിദാനം? നിങ്ങളും ഞാനും കടന്നുപോകുന്ന ഈ വലിയ പ്രശ്നത്തിന്റെ അന്തിമമായ ഉത്തരവാദിത്തം തടയില്ലാതെ വളരുന്ന മുതലാളിത്ത വ്യവസ്ഥിതിക്കാണ്. ലാഭത്തിന് പിന്നാലെയുള്ള ഓട്ടപ്പാച്ചിലിൽ കാടും കടലും മണ്ണും മലയുമെല്ലാം ചൂഷണം ചെയ്ത്, ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തെ പുഷ്ടിപ്പെടുത്താൻ വെമ്പുന്ന അത്യാർത്തിയുടെ അനന്തരഫലം. 1988 മുതൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സയിഡിന്റെ കണക്കെടുത്താൽ, അതിൽ എഴുപതു ശതമാനത്തിൻ്റെയും ഉത്തരവാദിത്തം വെറും നൂറു കോർപ്പറേറ്റുകൾക്കാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മനുഷ്യചരിത്രത്തിലെ anthropocene എന്ന നരവംശാധിപത്യയുഗം, വ്യവസായവിപ്ലവത്തിനുശേഷം ‘മനുഷ്യനാണ്‌ എല്ലാത്തിനുമധിപന്‍’ എന്ന ചിന്തയില്‍ യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയ കാലം, അതിന്റെ പേരുമാറ്റി capitalocene അഥവാ മൂലധനാധിപത്യയുഗം എന്നാക്കാവുന്നതാണ്.

അതായത്, ഈ അവസ്ഥയ്ക്കുള്ള അടിസ്ഥാന കാരണവും, അതിന്റെ പരിഹാരവും, ശാസ്ത്രീയമല്ല, രാഷ്ട്രീയവും സാമ്പത്തികവുമാണ്. മുതലാളിത്തവ്യവസ്ഥിതിയുടെ ഏറ്റവും ഭീകരമായ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുന്നത് പ്രകൃതിയാണ്. നിരന്തരമായ ചൂഷണത്തിന്റെ ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കയാണ് പ്രകൃതി വിഭവങ്ങൾ.

പരിസ്ഥിതി – വ്യത്യസ്തമായ കാഴ്ചപ്പാടുകൾ

മുതലാളിത്തവ്യവസ്ഥിതിയുടെ പ്രകൃതിസങ്കല്പത്തിന്റെ വേരുകൾ നീളുന്നത് സെമിറ്റിക് മതങ്ങളുടെ മനുഷ്യകേന്ദ്രീകൃതമായ പ്രപഞ്ചസങ്കല്പത്തിലേക്കാണ്. ‘എല്ലാത്തിന്റെയും അധിപനും സംരക്ഷകനുമായ മനുഷ്യൻ’ എന്നതിന്റെ വികൃതമായ ഒരു കാരിക്കേച്ചറാണ് സത്യത്തിൽ ഈ വ്യവസ്ഥിതി. പ്രകൃതിയും പ്രകൃതിവിഭവങ്ങളും ഇന്നത്തെ ലാഭത്തിനായി എങ്ങനെയും ചൂഷണംചെയ്യാമെന്നും, അതിൽ വരാനിരിക്കുന്ന തലമുറകളെയോ ഈ പ്രകൃതിവിഭവങ്ങളുടെയൊക്കെ യഥാർത്ഥ അവകാശികൾ എന്ന് പറയാവുന്ന തദ്ദേശീയരുടെ അവകാശങ്ങളോ ഒന്നും വിഷയമാക്കേണ്ടതില്ലെന്നുമുള്ള ഈ കാഴ്ചപ്പാടാണ് ഒരെണ്ണം.

ഈ ഒരു കാഴ്ചപ്പാടിനെതിരായി ഉരുത്തിരിഞ്ഞു വന്ന ഒരു പരിസ്ഥിതി രാഷ്ട്രീയം, ‘പ്രകൃതിയിലേക്കുള്ള മടക്കം’ എന്ന ആശയത്തിൽ അധിഷ്ഠിതമാണ്. മനുഷ്യനു നിലനില്പിനുവേണ്ടതെല്ലാം പ്രകൃതിയെ അലോസരപ്പെടുത്താതെ കണ്ടെത്തുക എന്ന ഒരു വിശാലാർത്ഥമാണ് ഇതിനുള്ളത്. അതായത്, എല്ലാ തരത്തിലുമുള്ള വികസനപ്രവർത്തനങ്ങളെയും പരിസ്ഥിതിവിരുദ്ധമായി കണ്ടു പ്രതിരോധിക്കുന്ന രീതി. മുതലാളിത്തം എത്രത്തോളം അസന്തുലിതമാണോ അത്രതന്നെ അപ്രായോഗികമാണ് ഈ തീവ്രമായ പരിസ്ഥിതിവാദവും. പ്രകൃതിയെ ഒരു പരിധിയ്ക്കപ്പുറം കാല്പനികതയുടെ കണ്ണിലൂടെ കാണുകയും പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളിൽ വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് ഈ ചിന്താഗതിയുടെ പ്രതിഫലനമാണ്.

പരിസ്ഥിതിയും മാർക്സിസവും

ഒറ്റക്കാഴ്ചയിൽ അത്ഭുതപ്പെടുത്തുന്നവയാണ് മാർക്സിസത്തിന്റെ പരിസ്ഥിതിപാഠങ്ങൾ. തികച്ചും “മനുഷ്യകേന്ദ്രീകൃത”മായ മാർക്സിസത്തിന് പ്രകൃതിയുമായി മനുഷ്യനുള്ള ബന്ധത്തിന്റെ ആർദ്രത ഉൾക്കൊള്ളാനാകില്ല എന്ന തെറ്റിദ്ധാരണ വച്ചുപുലർത്തിയിരുന്നവർ ഒരുപാടാണ്. എന്നാൽ മാർക്സിന്റെ എഴുത്തുകളിൽ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വളരെ കൃത്യമായി തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. സത്യത്തിൽ മാർക്സിന്റെ പിഎച്ച്ഡി ഗവേഷണപ്രബന്ധം തന്നെ ‘എപിക്യൂറസിന്റെയും ഡെമോക്രിറ്റസിന്റെയും പ്രകൃതിദർശനങ്ങൾ’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു. തുടർന്നുള്ള കൃതികളിലും മനുഷ്യരും പ്രകൃതിയും തൊഴിലും അദ്ധ്വാനവും ഒക്കെ കടന്നുവന്നിട്ടുണ്ട്. ഇവയൊക്കെ ചേരുന്ന എക്കോസോഷ്യലിസം നാമിന്നു നേരിടുന്ന പ്രശ്നങ്ങളെ – മലിനീകരണം, വിഭവചൂഷണം, ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ വളരുന്ന അന്തരം, മണ്ണിന്റെ ഗുണമേന്മ കുറയുന്നത് – എല്ലാം സമഗ്രമായി കാണുന്നു.

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളിലും അന്തർലീനമായി ഓരോ അധികാരക്രമങ്ങൾ ഉള്ളതായി കാണാം. ആദ്യത്തേതിൽ മനുഷ്യൻ പ്രകൃതിയുടെ അധികാരി മനുഷ്യനാണെങ്കിൽ രണ്ടാമത്തേതിൽ പ്രകൃതിയ്ക്ക് ഏതാണ്ടൊരു ദേവതാസ്ഥാനം കല്പിച്ച് നൽകിയിരിക്കുന്നു. പ്രകൃതിയെക്കുറിച്ചുള്ള മാർക്സിയൻ ചിന്ത ഈ രണ്ടു ധ്രുവങ്ങളിൽ നിന്നും അകന്നുനില്ക്കുന്നു. മനുഷ്യൻ നിലനിൽക്കുന്നത് പ്രകൃതിയുമായുള്ള നിരന്തരമായ കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. തന്റെ ചുറ്റുമുള്ള പ്രകൃതിയുമായി ഇടപഴകി, അതിനെ ആവശ്യാനുസരണം മാറ്റിയെടുക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് മനുഷ്യകുലം നിലനിൽക്കുന്നത്. ‘പരസ്പരബഹുമാനം’ എന്നൊക്കെ പറയാവുന്ന പാരസ്പര്യമാണ് പരിസ്ഥിതിയും മനുഷ്യനുമായുള്ളത്. മാർക്സിന്റെ കാഴ്ചപ്പാടിൽ അദ്ധ്വാനമെന്നത് മനുഷ്യനോടൊപ്പം പ്രകൃതിയും പങ്കുചേരുന്ന ഒരു പ്രക്രിയയാണ്. സമ്പത്തിന്റെയും സംസ്കാരത്തിന്റെയും ഉറവിടമായിരുന്നു, മാർക്സിനു പ്രകൃതി. ഏതൊരു പ്രശ്നവും അതിന്റെ ചരിത്രപരമായ പശ്ചാത്തലം കൂടി പരിഗണിച്ച് പരിശോധിക്കുമ്പോൾ, പ്രകൃതിയും കാലാവസ്ഥയുമൊക്കെ ആ പരിശോധനയിൽ വിഷയമാകുമല്ലോ.

നേരത്തെ പ്രതിപാദിച്ച മാറ്റമില്ലാതെ തുടരുന്ന മനുഷ്യകേന്ദ്രീകൃതമായ പ്രപഞ്ചസങ്കൽപ്പത്തിന് ബദലായി മാർക്സിസം മുന്നോട്ടുവച്ചത് നിരന്തരം മാറ്റത്തിന് വിധേയമാകുന്ന, നശ്വരമായ ഒരു ലോകമാണ്. ജീവിതം ഒരു ദൈവത്തിന്റെ സൃഷ്ടിയല്ല, ഭൂമിയുടെ (പ്രകൃതിയുടെ) സൃഷ്ടിയാണ്. മനുഷ്യന്റെ അസ്തിത്വം ഈ പ്രകൃതിയുടെ ഒപ്പമാണ്, അതിനു പുറത്തല്ല. അതുപോലെ, മാർക്സ് ചരിത്രത്തെ സമൂഹത്തിന്റേത്, പ്രകൃതിയുടേത് എന്ന് വിഭജിച്ചിട്ടില്ല, മറിച്ച് അവ ഒന്നായി കണ്ടു. വൈരുദ്ധ്യാത്മക നിയമങ്ങൾ പ്രകൃതിയിലും സമൂഹത്തിലും ബാധകമാണ്, ഒന്നിന്റെ വികാസപരിണാമങ്ങളും മാറ്റങ്ങളും മറ്റേതിനേയും ബാധിക്കുന്നു. ഈ ബന്ധത്തിന് മാർക്സ് ‘മെറ്റബോളിസം’ എന്ന പദം ഉപയോഗിച്ചു: പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പ്രക്രിയകളുടെ ഒരു ശൃംഖല, ഒരു ശരീരമായി. മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി അദ്ദേഹം കണ്ടിരുന്നത് തന്നെ മനുഷ്യൻ പ്രകൃതിയിൽനിന്നും അന്യവൽക്കരിക്കപ്പെടുന്നതാണ്. ആ വ്യവസ്ഥിതി രൂപംകൊടുക്കുന്ന ഉൽപ്പാദനബന്ധങ്ങൾ മനുഷ്യനും പ്രകൃതിയുമായി കാലാകാലങ്ങളായി നിലനിന്നിരുന്ന പാരസ്പര്യത്തെ ശിഥിലമാക്കുന്നവയാണ്. ഈ ശിഥിലതയെ അദ്ദേഹം “മെറ്റബോളിക് റിഫ്ട്” എന്ന് വിളിച്ചു. മുതലാളിത്തത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ, മനുഷ്യനും പ്രകൃതിയുമായുള്ള ഈ അന്തരം വർദ്ധിച്ചുവരുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

ശാസ്ത്രത്തിന്റെ പങ്ക്

പ്രകൃതിയുടെ അപചയത്തെക്കുറിച്ചുള്ള സംവാദങ്ങളിൽ ശാസ്ത്രത്തെ പ്രതിസ്ഥാനത്ത് നിറുത്തുക സാധാരണമാണ്. എന്നാൽ, ഇന്ന് നമ്മെ ബാധിക്കുന്ന ഏതാണ്ടെല്ലാ പാരിസ്ഥിതികപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാർഗ്ഗങ്ങൾ ശാസ്ത്രത്തിന്റെ മുന്നിലുണ്ട്. പക്ഷെ, മാർക്സ് തന്നെ പറഞ്ഞിട്ടുള്ളതുപോലെ, ഉൽപ്പാദനബന്ധങ്ങൾ ഉൽപ്പാദനശക്തികളുടെ വികാസം തടസ്സപ്പെടുന്നു. നമ്മുടെ മുന്നിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രമുള്ളപ്പോൾ പോലും കോർപറേറ്റുകളുടെ ലാഭക്കൊതി പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ നിൽക്കുന്നതുകൊണ്ട് ആ ശാസ്ത്രം വിഫലമായിപ്പോകുന്നു. ഇത് ഏറ്റവും പ്രകടമാകുന്നത് പരിസ്ഥിതിയുടെ വിഷയത്തിലാണെന്നതും ശ്രദ്ധേയം. തടിക്കച്ചവടം വൻലാഭം ഉണ്ടാക്കുകയും കാടുകളിൽ വെട്ടിവീഴ്ത്താൻ മരങ്ങൾ ബാക്കിയുണ്ടാവുകയും ചെയ്യുന്നിടത്തോളം കാലം, കൈക്കൂലികൊടുത്തതും കുതികാൽ വെട്ടിയുമൊക്കെ അതിനുള്ള ബദൽമാർഗ്ഗങ്ങൾ ഉണ്ടാകുന്നത് അവർ തടയും. സൗരോർജ്ജത്തിനുള്ള പേറ്റന്റുകൾ എണ്ണക്കമ്പനികൾ കൈക്കലാക്കുന്നത്, ആ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ്. മറിച്ച്, വികസനം തടയാനാണ്.

ഇടതുപക്ഷവും പരിസ്ഥിതിയും

മികച്ച കമ്പോളതന്ത്രങ്ങൾ നമ്മെ ബോധിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ വ്യക്തികളല്ല ഈ പ്രശ്നത്തിന്റെ കാതൽ. ഉപഭോക്താക്കൾ പോലുമല്ല. കാരണം, നമ്മൾ അത്യാവശ്യമെന്നും അനാവശ്യമെന്നും ആഡംബരമെന്നും ഒക്കെ കാര്യങ്ങളെ തരംതിരിക്കുന്നതിൽ പോലും വിപണി നമ്മുടെമേൽ പരസ്യങ്ങളിലൂടെയും പൊതുബോധനിർമിതിയിലൂടെയും ചെലുത്തുന്ന സ്വാധീനമാണ് ഉപഭോക്താവെന്ന നിലയിൽ നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ടു തന്നെ, ആത്യന്തികമായി പാരിസ്ഥിതികമായ പ്രശ്നങ്ങൾ രാഷ്ട്രീയപ്രശ്നങ്ങളാണ്. അവയ്ക്കുള്ള പരിഹാരവും രാഷ്ട്രീയമാകണം.

പ്രകൃതിയോട് വൈകാരികത നിറഞ്ഞ ഒരു സമീപനം തെരഞ്ഞെടുക്കാതെയും, മനുഷ്യനു പ്രകൃതിയുമായുള്ള ബന്ധത്തെ കാല്പനികതയുടെ കണ്ണുകളിലൂടെ നോക്കിക്കാണുകയും ചെയ്യാതെയാണ് ഇടതുപക്ഷം പ്രകൃതിയെ കണക്കിലെടുക്കുന്നത്. അനിയന്ത്രിതമായ ചൂഷണങ്ങൾക്കുള്ള വാതിൽ തുറന്നിട്ടുകൊണ്ട് കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കാതെ, കൃത്യമായ ആസൂത്രണത്തോടെ വേണം മനുഷ്യരും പ്രകൃതിയുമായുള്ള ബന്ധം നിർണ്ണയിക്കാൻ. ഈ ആസൂത്രണത്തിൽ ‘സ്റ്റേക്ക്ഹോൾഡേഴ്സ്’ ആകേണ്ടത് തദ്ദേശീയരും പ്രകൃതിയുമായി അടുത്തിടപഴകുന്നവരും ആകണം. വികസനം എന്നത് ലാഭത്തെയല്ല, ആവശ്യത്തെ മുൻനിർത്തിയാകുന്നതാണ് അഭികാമ്യം. ലോകമെമ്പാടും പ്രകൃതിക്കും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർക്കും വേണ്ടി സംസാരിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് എന്നത് കൂടെ ഓർക്കണം.

മനുഷ്യരില്ലെങ്കിലും ഭൂമിയും ജീവനും നിലനിൽക്കും. നമ്മെക്കാൾ വലുപ്പവും ശക്തിയുമുള്ള എത്രയോ സ്പീഷീസുകൾ മണ്മറഞ്ഞുപോയി? എത്രയോ സംസ്കാരങ്ങൾ കുറ്റിയറ്റുപോയി? ഇക്കഴിഞ്ഞ ലോക്ക് ഡൌൺ ദിവസങ്ങളിൽ നാം കണ്ടതുപോലെ, പ്രകൃതി അതിന്റെതായ രീതിയിൽ ഉയിർത്തെഴുന്നേൽക്കും. വായുവിലെ പുക ഒഴിയുമ്പോൾ വിദൂര പർവതങ്ങൾ വീണ്ടും ദൃശ്യമാകും. ആളൊഴിഞ്ഞ റോഡുകളിൽ മാനും മയിലും ആനയും തിമിർക്കും. നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനുള്ള ബദൽ കണ്ടെത്തേണ്ടതും നാം തന്നെയാണ്.