‘വേലൈക്കാരൻ’ എന്ന തമിഴ് സിനിമക്ക് ശേഷം ഫഹദ് ഫാസിൽ വീണ്ടും ക്യാമറക്കുമുന്നിലെത്തിയ തമിഴ് സിനിമയാണ് ‘സൂപ്പർ ഡീലക്സ് ‘. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിച്ചു എന്ന പ്രത്യേകതയും സൂപ്പർഡീലക്‌സിനുണ്ട്.

ത്യാഗരാജ കുമാരരാജാ കഥയും സംവിധാനവും നിർവഹിച്ച ‘സൂപ്പർ ഡീലക്സ് ‘, വിജയ് സേതുപതിയുടെ വ്യത്യസ്‌തമായ കഥാപാത്രം, ഭാവമാറ്റം തുടങ്ങിയ സവിശേഷതകൾ കാരണം തുടക്കംമുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

എത്രത്തോളം സംവിധായകൻ ഫഹദിനെയും വിജയസേതുപതിയെയും ‘സൂപ്പർ ഡീലക്സി’ൽ ഉപയോഗപ്പെടുത്തി? വേറെ എന്തൊക്കെയാണ് ‘സൂപ്പർ ഡീലക്സി’നെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്?

കവിയും സിനിമാനിരൂപകനുമായ ശൈലൻ, ‘സൂപ്പർ ഡീലക്സി’നെ വിലയിരുത്തുന്നു.

ആദ്യസിനിമ ആരണ്യകാണ്ഡത്തിൽ നിയോ നോയിർ ഫിലിം മേക്കിങ്ങിലൂടെ എട്ടുവർഷം മുമ്പുതന്നെ തെന്നിന്ത്യൻ സിനിമാപ്രേമികളെ ആരാധകരാക്കി മാറ്റിയ ചരിത്രമുള്ള സംവിധായകനാണ് ത്യാഗരാജൻ കുമാരരാജ.

എട്ടുവർഷങ്ങൾക്കു ശേഷം കുമാരരാജാ ‘സൂപ്പർ ഡീലക്‌സ്’ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ആ സിനിമയെ സ്വീകരിക്കാൻ തയ്യാറാവുന്നത്.

അൽമദോവർ, ഗാസ്പർ നോയ് എന്നിവരുടെ സിനിമകളിലെ പാറ്റേൺ കുമാരരാജാ ‘സൂപ്പർഡീലക്‌സി’ൽ ഉപയോഗിച്ചതായി കാണാം. അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തിലേക്കു ഉയർത്താനുള്ള സംവിധായകന്റെ ശ്രമം. അത് എത്രത്തോളം വിജയിച്ചു എന്നു വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

നാലഞ്ചാറ് ലെയറുകളും കഥാഗതികളും സമാന്തരമായി കൊണ്ടുപോവുന്നുണ്ട് കുമാരരാജ ‘സൂപ്പർ ഡീലക്‌സി’ൽ.

ഫഹദ്, സാമന്ത അക്കിനെനി, വിജയ് സേതുപതി, രമ്യ കൃഷ്ണൻ, ഭഗവതി പെരുമാൾ, മിഷ്കിൻ തുടങ്ങിയ താരനിരയാണ് സ്‌ക്രീനിൽ. അതിൽനിന്നുതന്നെ ഒരു സാധാരണ സിനിമയാണ് എന്നുപറയുന്നതിൽ അർത്ഥമില്ലല്ലോ! അതോടൊപ്പം സദാചാരബോധവും അതിന്റെ പൊളിറ്റിക്‌സും പറയാൻ കുമാരരാജാ ആഗ്രഹിക്കുന്നു.

ഫഹദ് ഫാസിൽ രണ്ടുമണിക്കൂർ പുറത്തുപോയ തക്കത്തിൽ ഭാര്യയായ സാമന്താ, ജാരനെ വിളിച്ചുവരുത്തുന്നു. സെക്‌സിനിടയിൽ ജാരൻ അവിടെക്കിടന്ന് മരിക്കുന്നു. ഏറെ വൈകാതെ കടന്നുവന്ന ഫഹദ്, ഫ്രിഡ്ജിനുള്ളിൽ ടിയാനെ കണ്ടെത്തുകയും പിന്നീട് ഭാര്യയും ഭർത്താവും ചേർന്ന് ആ ബോഡി ഡിസ്‌പോസ് ചെയ്യാൻ നടത്തുന്ന വെപ്രാപ്പെടുന്നതുമായി ഒരു സ്റ്റോറി ലൈൻ മുന്നോട്ടുപോവുന്നു..

മിസ്സിംഗ് ആയി ഏഴാം കൊല്ലവും മാണിക്യം എന്ന ഭർത്താവിനെ കാത്തുനിൽക്കുന്ന ഭാര്യയുടെ മുന്നിലേക്ക് സിൽപ എന്ന ട്രാൻസ്ജൻഡറായി പരിവർത്തനപ്പെട്ട സേതുപതി കടന്നുവരുന്നതും പിന്നീട് കുടുംബാന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളും പറയുന്ന മറ്റൊരു സ്റ്റോറി ലൈൻ. വി. സി. അഭിലാഷിന്റെ ആളൊരുക്കം കണ്ടവർക്ക് ഇതിൽ സമാനതകൾ കണ്ടെത്താൻ കഴിയും.

മറ്റൊരു സ്റ്റോറി ലൈൻ വീട്ടിൽ ആളില്ലാത്ത നേരം നോക്കി അഡൾട്ട് ഫിലിം കാണുന്ന നാല് കൗമാരക്കാർ ഒരു നിമിഷം അതിലൊരുവന്റെ അമ്മയായ രമ്യാകൃഷ്ണനാണ് നായിക എന്ന സത്യം മനസിലാക്കുന്നു. തുടർന്ന് അവനുണ്ടാകുന്ന മാനസികസമ്മർദ്ദവും ദേഷ്യവും അമ്മയെ കൊലപ്പെടുത്താനുള്ള ചിന്തകളിലേക്ക് നയിക്കുന്നു.

കുമാരരാജയ്ക്ക് വേണ്ട ഓരോ ഫ്രയിമുകളും ലൈറ്റിംഗും ഒരുക്കാനുള്ള കലാസംവിധായകന്റെയും ഛായാഗ്രാഹകന്റെയും കഠിനാധ്വാനം സമാനതകൾ ഇല്ലാത്തതാണ്..

കൊച്ചി മുസിരിസ് ബിനാലെയിലെതുപോലെ ഓരോ ഇൻസ്റ്റലേഷനാണ് ഓരോ ഫ്രയിമും..

പരീക്ഷണ സിനിമകളെ താല്പര്യത്തോടെ കാണുന്ന ഏതൊരു സിനിമാ പ്രേമിക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സിനിമ തന്നെയാണ് ‘സൂപ്പർ ഡീലക്സ്’..