2013 മുതല്‍ എല്ലാ സിനിമാ ചര്‍ച്ചകളിലും മുടങ്ങാതെ കേട്ട പേരായിരുന്നു ലൂസിയ. തമിഴില്‍ എനക്കുള്‍ ഒരുവനായും തെലുങ്കില്‍ നാലൊ ഒക്കടു എന്ന പേരിലും അത്ഭുതം സൃഷ്ടിച്ച കന്നട സിനിമയാണ് ലൂസിയ. പ്രേക്ഷകനെ ഒരു നിമിഷം പോലും മടുപ്പിക്കാത്ത അവതരണ രീതിയാണ് ലൂസിയയുടെ പ്രത്യേകത. ലോകത്തെല്ലാ മനുഷ്യന്‍റെയും സ്വപ്നം എന്ന വികാരത്തെ മുന്‍നിര്‍ത്തി ഒരുക്കിയ വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ചലച്ചിത്രാവിഷ്കാരം.

ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് ലൂസിയയ്ക്ക്. ലൈഫു ഇഷ്ടാനെ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ പവന്‍ കുമാര്‍ തന്‍റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നത്. ലോക സിനിമയിലെ മുടിചൂടാമന്നന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഫോളോവിങ് എന്ന സിനിമയിലെ ഒരു സീനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പവന്‍ കുമാര്‍ ലൂസിയ തയ്യാറാക്കിയത്. കന്നടയിലെ പ്രമുഖ നടന്മാർക്ക് മുന്നിലും നിര്‍മ്മാതാക്കള്‍ക്ക് മുന്നിലും ലൂസിയ എത്തി. പല കാരണങ്ങളാല്‍ പ്രൊജക്ട് നടന്നില്ല. എന്നാല്‍ പവന്‍കുമാര്‍ ലൂസിയയെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല. ലൂസിയയ്ക്ക് വേണ്ടി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിലേക്ക് പവന്‍കുമാര്‍ ഒരുങ്ങിയിറങ്ങി. സോഷ്യല്‍മിഡിയയെ ഉപയോഗിച്ചു. അങ്ങനെ 110 പേര്‍ പണം മുടക്കി നിര്‍മ്മിച്ച കന്നടയിലെ ആദ്യ ക്രൗഡ് ഫണ്ടിംഗ് സിനിമയാണ് ലൂസിയ.

മാണ്ഡ്യക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലെ സാധാരണക്കാരനായ യുവാവാണ് നിഖില്‍. തിയേറ്ററിലെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന നിഖിലിന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാന പോലീസിന് വരെ തലവേദനയാകുന്നു. മുംബൈ പോലീസ് ക്രൈംബ്രാഞ്ചിലെ ഡിക്ടറ്റീവ് സഞ്ജയ് നിഖിലിന്‍റെ കേസ് അന്വേഷണത്തിനായി എത്തുന്നതിലൂടെയാണ് ലൂസിയ തുടങ്ങുന്നത്. സഞ്ജയ് അറസ്റ്റ് ചെയ്യുന്ന രണ്ട് പേരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഉറക്കമില്ലായ്മയാണ് നിഖിലിന്‍റെ പ്രധാന പ്രശ്നം. ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ അവനെ തേടിയെത്തുന്ന ലൂസിയ എന്ന മരുന്നും അത് നിഖിലിന്‍റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് തന്നെ കാണേണ്ടതാണ്.

എല്ലാവരും സ്വപ്നം കാണുന്നവരാണ്. സാധാരണക്കാരന്‍ കാണുന്ന സ്വപ്നങ്ങളില്‍ അവന് സാധ്യമാകാത്ത ചുറ്റുപാടുകളും വലിയ ജീവിതവും ഉണ്ടാകും. അത്തരത്തില്‍ ഓരോ മനുഷ്യനും സ്വപ്നങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കാറുണ്ട്. അങ്ങനെയൊരു കഥയിലൂടെ വിദ്യാഭ്യാസവും തൊഴിലും സാമ്പത്തികവുമായ അന്തരങ്ങളെ കൃത്യമായ ചര്‍ച്ചകളിലേക്ക് കൊണ്ടുവരികയാണ് ലൂസിയ. നിലവിലെ ജീവിതവും ലൂസിയ കഴിച്ചതിന് ശേഷമുള്ള നായകന്‍റെ സ്വപ്ന ലോകത്തിലെ ജീവിതവും കോര്‍ത്തിണക്കി ഒരുക്കിയ വളരെ വ്യത്യസ്തമായ ആഖ്യാന രീതിയാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. സംവിധായകന്‍ പവന്‍കുമാറിന്‍റെ മാജിക് എന്ന് തന്നെ പറയാം.

നിരവധി കന്നട സിനിമകളില്‍ സഹനടനായി അഭിനയിച്ച സതീഷ് നിനാസമാണ് നിഖില്‍ എന്ന പ്രധാന കഥാപ്ത്രത്തെ അവതരിപ്പിച്ചത്. ശ്രുതി ഹരിഹരന്‍ നായികാ കഥാപാത്രവുമായി. രണ്ട് ചുറ്റുപാടുകളിലുള്ള കഥാപാത്രങ്ങളുടെ ജിവിതത്തെ എല്ലാ അഭിനേതാക്കളും ഗംഭീരമാക്കി.

കഥയുടെ അവതരണ രീതി തന്നെയാണ് ലൂസിയയെ മികച്ച സൃഷ്ടിയാക്കിയത്. നമുക്ക് ചുറ്റുപാടും നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ മനോഹരമായ കലാസൃഷ്ടിയാക്കാം എന്നതിന്‍റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ലൂസിയ.