എസ്ഐ സോമനെ ആട് തോമ ഇടിച്ച് പൊട്ടക്കിണറ്റിലിട്ടത് ചങ്ങനാശേരി ചന്തയിലാണ്. ആട് തോമ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ അഭിനയമികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയ ഇടം. സ്ഫടികമെന്ന ചിത്രത്തിലൂടെ മലയാള സിനിമാഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടിയ ചങ്ങനാശേരി ചന്തയിലേക്ക് വീണ്ടും സിനിമാക്യാമറ എത്തുന്നു.

പക്ഷേ ഇത്തവണ ആടു തോമയെ അനശ്വരമാക്കിയ മോഹൻലാലിനു പകരം സൂപ്പർ താരം ജയറാം ആണ്. സിനിമയുടെ അണിയറ പ്രവർത്തകർ അഞ്ചുവിളക്കിനോടുചേർന്ന് ഇരുനിലയിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ സെറ്റ് കാണാൻ സന്ദർശകരുടെ ഒഴുക്കാണ് ഇപ്പോൾ. അടുത്തയാഴ്ചയോടെ ചിത്രീകരണം ആരംഭിക്കും.

വർഷങ്ങൾക്കുമുമ്പ‌് ചലച്ചിത്ര അണിയറ പ്രവർത്തകരുടെ പ്രിയ ലൊക്കേഷനായിരുന്നു ചങ്ങനാശേരി ബോട്ട് ജെട്ടിയും ചങ്ങനാശേരി ചന്തയും. മോളിവുഡും കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡ് സിനിമയിൽ വരെ ഈ ലൊക്കേഷൻ ഇടം പിടിച്ചിട്ടുണ്ട്. കാഴ്ച, സ്ഫടികം, ബ്രിട്ടീഷ് മാർക്കറ്റ്, ഫോർ ഫ്രണ്ട്സ്, ഈനാട്, ഇൻസ്പെക്ടർ ഗരുഡ് തുടങ്ങിയ മലയാള ചിത്രങ്ങളും പ്രമുഖ ഹിന്ദി താരം ജാക്കി ഷ്റോഫിന്റെ മകൻ ടൈഗർ ഷ്റോഫ് മുഖ്യ വേഷത്തിലഭിനയിച്ച ബോളിവുഡ് ചിത്രം ബാഗി, ഹോളിവുഡ് ചിത്രം ബസ്മതി ബ്ലൂസ് എന്നിവയും ചങ്ങനാശേരി ചന്തയിലും ബോട്ട് ജെട്ടിയിലുമായി ചിത്രീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ടൂറിസം ബോട്ട് ജെട്ടിയായി മാറുന്നതോടെ, സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായി ഇവിടം വീണ്ടും മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ബോട്ട് ജെട്ടി മനോഹരമാക്കുന്നതിനൊപ്പം സമീപത്തെ ചന്തക്കടവ് കുരിശുപള്ളിയിലും നവീകരണം നടക്കുന്നുണ്ട്.

മോഹൻലാൽ തകർത്തഭിനയിച്ച സ്ഫടികം സിനിമയുടെ പ്രധാന സീനുകൾ ഷൂട്ട് ചെയ്തത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുരിശുപള്ളിയുടെ മുമ്പിലാണ്. പഴമയുള്ള കെട്ടിടങ്ങൾ, വിശാലമായ ചന്ത, ബോട്ടിൽനിന്ന് ഇറങ്ങി റോഡിലേക്കു പ്രവേശിക്കാവുന്ന സൗകര്യം, ഷൂട്ടിങ്ങിനായി എത്തുന്ന ആളുകളോടുള്ള നാട്ടുകാരുടെ ഇടപെടൽ, ജലാശയത്തോട് അഭിമുഖമായുള്ള പള്ളി ഇങ്ങനെ ഷൂട്ടിങ്ങിന് എല്ലാ അർഥത്തിലും അനുയോജ്യമായ സ്ഥലം എന്നാണ് ചലച്ചിത്ര പ്രവർത്തകർ ചങ്ങനാശേരി ചന്തയെയും ബോട്ട് ജെട്ടിയെയും വിശേഷിപ്പിക്കുന്നത്.

ചങ്ങനാശേരി ചന്തയുടെ തലവര മാറ്റിയ ചിത്രം ഏതെന്ന ചോദ്യത്തിന് അന്നും ഇന്നും ചങ്ങനാശേരിക്കാർക്ക് ഒരു ഉത്തരമേ ഉള്ളൂ. എസ്ഐ സോമൻ പിള്ളയെ ഇടിച്ചു പൊട്ടക്കിണറ്റിൽ ഇട്ട ആടുതോമായുടെ സ്ഫടികം. ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് പഠിപ്പിച്ച മഹാനടൻ തിലകൻ, അകാലത്തിൽ വിട്ടുപിരിഞ്ഞ സിൽക്ക് സ്മിത, മലയാള ചലച്ചിത്ര ലോകത്തെ പുതിയ വില്ലനായി രംഗപ്രവേശം ചെയ്ത സ്ഫടികം ജോർജ്‌, ചന്തയിലെ തൊഴിലാളികൾ… പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമ്പോൾ അതെല്ലാം ഓർത്തെടുക്കുകയാണ് നാട്ടുകാർ.

നാടിന്റെ സൗന്ദര്യം പൂർണമായി ഒപ്പിയെടുത്ത സിനിമ എന്നതിനാലാണ് സ്ഫടികത്തോട് ചങ്ങനാശേരിക്കാർക്ക് പ്രത്യേക ഇഷ്ടം. ചങ്ങനാശേരി സ്വദേശി സനൽ കളത്തിൽ സംവിധാനവും സഹോദരൻ സജൻ കളത്തിൽ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിനായാണ് ഇപ്പോൾ ബോട്ട് ജെട്ടിക്കു സമീപം സെറ്റിടുന്നത്.