സാമ്പത്തിക അസമത്വവും കോപ്പറേറ്റ്- ഹിന്ദുത്വ അച്ചുതണ്ടും
Economy

സാമ്പത്തിക അസമത്വവും കോപ്പറേറ്റ്- ഹിന്ദുത്വ അച്ചുതണ്ടും

Prabhat Patnaik

Prabhat Patnaik

സമ്പത്തിന്റെ സ്ഥിതിവിവരകണക്കുകൾ വിശ്വാസയോഗ്യമല്ല. സമ്പത്തിന്റെ വിതരണത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ആകട്ടെ ഒട്ടും വിശ്വസിക്കാവുന്നതല്ല. സമ്പൂർണമായ കണക്കുകളിൽ അത്രയൊന്നും വിശ്വാസമർപ്പിക്കാനാവില്ല. എന്നാൽ രാഷ്ട്രങ്ങൾക്കിടയിലെ താരതമ്യങ്ങളെയും ജനസംഖ്യയിലെ ഉയർന്ന പ്രത്യേക വിഭാഗങ്ങൾക്കിടയിലെ ഓഹരിയുടെ നീക്കങ്ങളെയും ഈ സമ്പൂർണ സ്ഥിതിവിവരക്കണക്കുകളിലെ ദൗർബല്യം ബാധിക്കാനിടയില്ല.

വരേണ്യരായ ഒരു ശതമാനത്തിന്റെ മൊത്തം സമ്പത്ത് പരിഗണിക്കുമ്പോൾ ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിക്കുകയാണ് എന്നത് വസ്തുതയാണ്. ആധുനികവും പുതുതായി ഉദയം കൊള്ളുന്നതുമായ രാജ്യങ്ങളിൽ സമ്പത്തിലെ അസമത്വം കൂടുതലാണെന്നതും വസ്തുതയാണ്.

ആധുനികവും പുതുതായി വളരുന്നതുമായ രാജ്യങ്ങളിൽ സമ്പത്തിന്റെ ഏറ്റവും അസമമായ വിതരണം നടക്കുന്നത് ഇന്ത്യയിലാണ്. 2019 ലെ ഇന്ത്യൻ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന ഒരു ശതമാനം കൈവശം വയ്ക്കുന്ന സമ്പത്തിനേക്കാൾ കൂടുതൽ സമ്പത്തു കൈവശം വയ്ക്കുന്ന ഒരു ശതമാനം പ്രമാണിമാരുള്ളത് വ്ലാദിമിർ പുടിന്റെ റഷ്യയിലും ബോൾസനാറോയുടെ ബ്രസീലിലും മാത്രം.

2019 ലെ ക്രെഡിറ്റ് സ്യൂസിയുടെ ഗ്ലോബൽ വെൽത്ത് റിപ്പോർട് പ്രകാരം ധനാഢ്യരായ ഒരു ശതമാനത്തിന്റെ സമ്പത്ത് (45%) ജപ്പാൻ (18 %), ഇറ്റലി (18 %), ഫ്രാൻസ് (22 %), ബ്രിട്ടൻ (29 %), ചൈന(30 %), ജർമനി(30 %), അമേരിക്ക (35 %) എന്നീ രാജ്യങ്ങളെക്കാൾ മുകളിലാണ്.

പുരോഗതി നേടിയതും പുതുതായി ഉദയംചെയ്തതുമായ മിക്കവാറും സമ്പദ്ഘടനകളിൽ 2000 നും 2019 നും ഇടയ്ക്ക് ഈ നിരക്ക് വർധിച്ചു. ഇന്ത്യയുടെ കാര്യത്തിൽ ഇത് ഈ കാലയളവിൽ 38 ശതമാനത്തിൽ നിന്ന് 45 ശതമാനമായി വർധിച്ചു. ഏതു മാനദണ്ഡം നോക്കിയാലും, അത് ഗിനി കോഎഫിഷ്യന്റ് ആയാലും ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള പത്തു ശതമാനവും ഏറ്റവും കുറവ് സമ്പത്തുള്ള പത്തു ശതമാനവും തമ്മിലുള്ള അനുപാതക്കണക്കായാലും, ഇന്ത്യയുടെ സാമ്പത്തിക അസമത്വം അതിന്റെ അയൽരാജ്യങ്ങളേക്കാൾ എത്രയോ വലുതാണ്.

അഫ്ഘാനിസ്ഥാൻ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും കണക്കുകൾ നോക്കിയാൽ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതൽ ഇന്ത്യയിൽ ആണെന്ന് കാണാം. എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നില്ല. നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കിയത് മുതലാണ് അയൽരാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യയിലെ സാമ്പത്തിക അസമത്വം കുതിച്ചുയർന്ന് ഏറ്റവും മോശം നിലയിലെത്തിയത്.

എങ്ങനെയാണ് ഇന്ത്യ സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം നിലയിൽ എത്തിയത്? ഉയർന്ന വളർച്ചക്കൊപ്പം ഇത്തരം അസമത്വവും ഉണ്ടാകും എന്ന ഉത്തരമാണ് ഈ ചോദ്യത്തിനുള്ള മറുപടിയായി പെട്ടെന്നു ലഭിക്കുക. ഇന്ത്യയിൽ സമ്പദ്ഘടന വളരുന്നതിനൊപ്പം അസമത്വവും വളരുന്നതിൽ അദ്‌ഭുതപ്പെടാനില്ല. നവലിബറൽ കാലത്തു പ്രത്യേകിച്ചും. ഈ വാദം സമർത്ഥിക്കാൻ മുന്നോട്ടു വയ്ക്കുന്നത് തികച്ചും ലളിത യുക്തിയാണ്. മൂലധനവും ഉല്പാദനവും തമ്മിലുള്ള അനുപാതത്തിലുണ്ടാകുന്ന മാറ്റം ചെറിയ അളവിൽ ആണെന്നിരിക്കെ ഉയർന്ന വളർച്ചയ്ക്ക് ജിഡിപിയിലേക്ക് വർധിച്ച അനുപാതത്തിലുള്ള നിക്ഷേപം ആവശ്യമാണ്. അതിനു അനുയോജ്യമാം വിധം ഉയർന്ന തോതിലുള്ള മൂലധന സ്വരൂപണനവും ആവശ്യമാണ്. പൊതുനിക്ഷേപത്തിനു പങ്ക് കുറവായ നവലിബറൽ സംവിധാനത്തിൽ മുതലാളിമാരുടെ കയ്യിലുള്ള മൂലധനത്തിന്റെ സഞ്ചയത്തിനുള്ള വളർച്ചനിരക്ക് ഉയർന്നതായിരിക്കും. ഒപ്പം അവരുടെ സമ്പത്തിന്റെ വളർച്ചാനിരക്കും വർധിക്കും. അതേസമയം വ്യക്തിഗതമായ ആസ്തികളുടെയും മെച്ചപ്പെട്ട വാസസ്ഥലങ്ങളുടെയും രൂപത്തിലുള്ള ദരിദ്രരുടെ സമ്പത്ത് ഏറെക്കുറെ മാറ്റമില്ലാതെ തുടരുമ്പോൾ ഉയർന്ന വളർച്ചാനിരക്ക് കൈവരിക്കുന്ന കാലത്ത് സമ്പന്നരുടെ സ്വത്തിൽ വർദ്ധനവുണ്ടാകുന്നതാണ് 'സമ്പത്തിന്റെ അസമത്വം' എന്നതിന് അർഥം. അതുകൊണ്ടുതന്നെ ഉയർന്ന വളർച്ചാനിരക്കിനു നൽകേണ്ടുന്ന വിലയാണ് വർധിക്കുന്ന സാമ്പത്തിക അസമത്വമെന്ന വാദത്തെ യുക്തിപരമായി സമർത്ഥിക്കാൻ കഴിയില്ല. അത് സമർത്ഥിക്കാൻ കഴിയില്ല എന്നുപറയുമ്പോൾ എന്തുകൊണ്ട് എന്ന് നോക്കാം. അതിനുവേണ്ടി പ്രാഥമികമായി ചില കാര്യങ്ങൾ പരിശോധിക്കാം.

ചെറുകിട മുതലാളിമാരോ ചെറുകിട ഉല്പാദന മേഖലയോ ത്വരിത വളർച്ച നേടുമ്പോൾ കൈവരുന്ന ഉയർന്ന വളർച്ചനിരക്കിനൊപ്പം സംഭവിക്കുന്നത് മൊത്തം സമ്പന്നരിൽ ഏറ്റവും ഉയർന്ന ഒരു ശതമാനത്തിനു സമ്പത്തിലുണ്ടാകുന്ന ഇടിവാണ്. വളർച്ചാനിരക്ക് വർധിക്കുന്നതിനൊപ്പം സാമ്പത്തിക അസമത്വവും വർധിക്കുന്നുണ്ടെങ്കിൽ, സമ്പദ്ഘടനയുടെ ഏറ്റവും ഊർജസ്വലമായ അതായത് സമ്പന്നരിൽ ഏറ്റവും ഉയർന്ന വിഭാഗത്തിന് നേട്ടമുണ്ടാകുന്നുണ്ടെങ്കിൽ, അത് ആ വളർച്ചയുടെ പ്രകൃതമാണ്.

ഉയർന്നതോതിലുള്ള വളർച്ചയോടൊപ്പം, ഏറ്റവും മുകൾത്തട്ടിലുള്ളവരുടെ സമ്പത്തിന്റെ പങ്ക് വർദ്ധിക്കുന്നത് മൂലമുള്ള സാമ്പത്തികഅസമത്വം വളരുമോ എന്നത് ആ വളർച്ചയുടെ രീതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്: ഏതൊക്കെയാണ് ചലനാത്മകമായ മേഖലകൾ, ആ മേഖലകളിലെ മൂലധനത്തിന്റെ വലുപ്പം, എന്നിങ്ങനെ. അതായത്, വളർച്ചാനിരക്ക് വർദ്ധിക്കുന്നതോടൊപ്പം ഏറ്റവും ഉയർന്ന വിഭാഗത്തിലുള്ളവരുടെ സമ്പത്തിൽ വർധനയുണ്ടാകണം എന്ന് നിർബന്ധമില്ല. അങ്ങനെ ഇന്ത്യയിൽ സംഭവിച്ചു എന്നത്, ഈ യുക്തി അടിസ്ഥാനമാക്കിയാണെങ്കിൽ പോലും, നമ്മുടെ വളർച്ചയുടെ പ്രകൃതിയ്ക്ക് നേരെയാണ് വിരൽചൂണ്ടുന്നത്.

ഈ അനുമാനത്തിന്റെ യുക്തിക്കുറവിന് വളരെ ലളിതമായ ഒരു കാരണമാണുള്ളത് - മുതലാളിമാരുടെ കൈവശമുള്ള മൂലധനശേഖരത്തിന്റെ ത്വരിതമായ വളർച്ചാനിരക്കിന്റെ അർഥം, അവരുടെ കൈവശമുള്ള സമ്പത്ത് വർദ്ധിക്കുന്നു എന്നാകണമെന്നില്ല. അവർ നിക്ഷേപിക്കുന്നതത്രയും മുതലാളിമാർക്ക് ലാഭമായി (അത് മൂലം അവരുടെ സമ്പത്തിൽ വർദ്ധനയുണ്ടാക്കുന്ന സമ്പാദ്യമായി) തിരികെ ലഭിക്കണമെന്നില്ല. അതുകൊണ്ട്, ഉയർന്ന വളർച്ചാനിരക്ക് കൈവരിക്കുന്നതിനുള്ള നിക്ഷേപത്തിന്റെ പങ്ക് ഉയർന്നാലും, സാമ്പത്തിക അസമത്വത്തെ അതെങ്ങനെ ബാധിക്കുന്നു എന്നത് മറ്റൊരു വിഷയമാണ്.

ഒരു ചെറിയ ഉദാഹരണം നോക്കാം. സ്വകാര്യനിക്ഷേപം നൂറു രൂപ വർദ്ധിക്കുന്നു എന്ന് കരുതുക. ഒരു അടഞ്ഞ സമ്പദ് വ്യവസ്ഥയിൽ ഇത് സമ്പാദ്യം നൂറു രൂപ കൂടാൻ ഇടയാകും (പൊതുനിക്ഷേപം നല്കിയിരിക്കുമ്പോൾ). നൂറു രൂപ നിക്ഷേപം അധികമായി വരുമ്പോൾ, പെരുക്കം (ഉപഭോഗാവശ്യത്തിലെ വർദ്ധനവ് ഉൾപ്പെടെ മൊത്തം ഉണ്ടാകുന്ന അധിക ആവശ്യം കാരണം ഉണ്ടാകുന്നത് ) മൂലം, വരുമാനം ചിലപ്പോൾ ഇരുന്നൂറ്റന്പത് രൂപ വർധിച്ചേയ്ക്കാം. നികുതി-ജിഡിപി അനുപാതവും സമ്പാദ്യ-ജിഡിപി അനുപാതവും ഇരുപത് ശതമാനം വീതവും, എല്ലാ സമ്പാദ്യവും നികുതി അടവും മുതലാളിമാര്‍ നടത്തുന്നു എന്നും അനുമാനിച്ചാല്‍, മുതലാളിമാരുടെ സമ്പാദ്യം അമ്പതുരൂപ വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന്റെ വരവിലും സമ്പാദ്യത്തിലും അന്‍പതു രൂപയുടെ വര്‍ധനവ്‌ ഉണ്ടാകുന്നു. അതായത്, മുതലാളിമാര്‍ അമ്പതു രൂപ നിക്ഷേപിക്കുമ്പോള്‍ അവരുടെ സമ്പത്ത് അമ്പതു രൂപ വര്‍ധിക്കുന്നു. എന്നാല്‍ ഇതോടൊപ്പം അവരുടെ മേലുള്ള നികുതികൂടി അമ്പതു രൂപ കുറച്ചാല്‍ അവരുടെ സമ്പാദ്യവും സമ്പത്തും നൂറു രൂപ വര്‍ധിക്കും.

അതായത്, നിക്ഷേപം കൂട്ടുന്നത് വഴി കൈവശമുള്ള സമ്പത്ത് എത്രകണ്ടു വര്‍ധിക്കും എന്നത് പല ഘടകങ്ങളെ, പ്രത്യേകിച്ചും ധനനയത്തെ, ആശ്രയിച്ചാണിരിക്കുന്നത്; ഈ ഉന്നയിച്ച വാദത്തില്‍ പറഞ്ഞത് പോലെ നിക്ഷേപത്തില്‍ വന്നിരിക്കുന്ന വര്‍ദ്ധനവിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഇത്.

ഉദാഹരണത്തിന്, ആഗോളതലത്തില്‍, 1950 നു ശേഷമുള്ള രണ്ടരപ്പതിറ്റാണ്ട് വലിയ വളര്‍ച്ചയുടെതായിരുന്നു – മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ (സമാനമായ കാലയളവില്‍) ഒരിക്കലും ഉണ്ടാകാത്തത് പോലെ, തുടര്‍ന്നുള്ള നിയോലിബറല്‍ വര്‍ഷങ്ങളെക്കാളൊക്കെ വളരെ കൂടുതല്‍. എങ്കില്‍പ്പോലും, "മുതലാളിത്തത്തിന്റെ സുവര്‍ണ്ണകാലം" എന്നറിയപ്പെടുന്ന ഈ കാലഘട്ടം അതിനെത്തുടര്‍ന്ന് വന്ന നിയോ-ലിബറല്‍ കാലത്ത് കണ്ടത് പോലെയുള്ള സാമ്പത്തികഅസമത്വത്തിനു ഒരിക്കലും സാക്ഷ്യം വഹിച്ചില്ല. ഇതിനു പ്രധാന കാരണം, വളര്‍ച്ചാനിരക്ക് ത്വരിതമായിരുന്നെങ്കില്‍ പോലും അക്കാലത്ത് നിലനിന്നിരുന്ന ഉയര്‍ന്ന സ്വത്ത്നികുതി (പൊതുവേ കോര്‍പ്പറേറ്റ് നികുതി) നിരക്കുകള്‍ ആയിരുന്നു. അതായത്, സാമ്പത്തികഅസമത്വം നിയന്ത്രിക്കുന്നതില്‍ വലിയ പങ്കാണ് നികുതി വഹിക്കുന്നത്.

സാമ്പത്തിക അസമത്വത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് സ്വത്തുനികുതി മാത്രമല്ല. കോര്‍പ്പറേറ്റുകളുടെ ലാഭത്തിനുമേല്‍ ചുമത്തുന്ന നികുതി ഉള്‍പ്പെടെ എല്ലാ നികുതികള്‍ക്കും ഇതില്‍ പങ്കുണ്ട്. സ്വത്തുനികുതി എന്നതിനേക്കാള്‍ ധനികരുടെ മേല്‍ ചുമത്തുന്ന നികുതിയുടെ ആകെത്തുകയാണ് പ്രധാനം.

നവലിബറല്‍ കാലഘട്ടത്തിലെ ഇന്ത്യയില്‍ ധനികരുടെ മേലുള്ള നികുതിയില്‍ വന്‍ കുറവാണ് വരുത്തിയിട്ടുള്ളത്; അതിനാല്‍ നിക്ഷേപത്തിലെ വര്‍ദ്ധനവ് സമ്പത്തിലുള്ള വര്‍ധനവായി പരിണമിച്ചു. ഇതാണ് രാജ്യത്തെ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനപരമായ കാരണം.

എക്കാലവും ചെറുതായിരുന്ന സ്വത്ത്നികുതി നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. ഇതോടൊപ്പം കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്മേലും മൂലധനത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്മേലുമുള്ള നികുതി വളരെയേറെ വെട്ടിക്കുറച്ചു. ഈ ഔദാര്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ അടുത്ത കാലത്ത് സമ്പത്ത്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എന്ന പേരില്‍ കോര്‍പ്പറേറ്റ്കള്‍ക്ക് ഒന്നരലക്ഷം കോടി രൂപയുടെ നികുതി ഇളവ് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വ്യയം ഇതിനനുസൃതമായി വെട്ടിച്ചുരുക്കുകയാണെങ്കില്‍ ഇത് പ്രശ്നം വഷളാക്കും. മറിച്ച്, സര്‍ക്കാര്‍ വ്യയം കുറയ്ക്കാതെ ധനക്കമ്മി കൂടാന്‍ അനുവദിച്ചാല്‍, ഇത് കോര്‍പ്പറേറ്റ് കമ്പനികളുടെ സമ്പത്ത് വീണ്ടും വര്‍ദ്ധിപ്പിക്കുന്ന ഒരു ഇഷ്ടദാനം നല്കലായി മാറും.

സാമ്പത്തിക അസമത്വത്തിന്റെ മൂര്‍ച്ച വീണ്ടും കൂട്ടാതെതന്നെ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന വൈതരണിയില്‍ നിന്നും സമ്പദ്വ്യവസ്ഥയെ കരകയറ്റാനുള്ള ഒരു മാര്‍ഗം സര്‍ക്കാര്‍ വ്യയം കൂട്ടുകയും, അതിനായി കോര്‍പ്പറേറ്റ് സ്വത്തിനു മേല്‍ നികുതി ഏര്‍പ്പെടുത്തുകയുമാണ്. ഇത്, കോര്‍പ്പറേറ്റ് മേഖലയുടെ നിക്ഷേപതല്പരതയെ ഒരു തരത്തിലും ബാധിക്കേണ്ടതില്ല താനും. എന്നാല്‍, കോര്‍പ്പറേറ്റ്-ഹിന്ദുത്വ ബാന്ധവത്തിന്റെ ബലത്തില്‍ ജീവിക്കുന്ന മോഡി സര്‍ക്കാര്‍ ഇങ്ങനെ ഒരു നീക്കം നടത്താനുള്ള സാധ്യത തുലോം കുറവാണ്.

Upfront Stories
www.upfrontstories.com