പൊതുമേഖലാ ആസ്തികൾ വിൽക്കുവാനും  സ്വത്ത് നികുതി  ചുമത്താതിരിക്കാനുമുള്ള ലജ്ജാകരമായ നീക്കം
Economy

പൊതുമേഖലാ ആസ്തികൾ വിൽക്കുവാനും സ്വത്ത് നികുതി ചുമത്താതിരിക്കാനുമുള്ള ലജ്ജാകരമായ നീക്കം

പ്രഭാത് പട്നായിക്

Sajith Subramanian

ഇന്ത്യൻ പൊതുമേഖലയെ, തങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന കോർപ്പറേറ്റ് ഭീമൻമാർക്കും വിദേശ ബഹുരാഷ്ട്ര കമ്പനികൾക്കും തീറെഴുതി കൊടുക്കുവാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ ഉദ്ദേശം ഇന്ന് രഹസ്യമല്ല.

എന്നാൽ ഇതെല്ലാം തന്നെ ഏതെങ്കിലും സാമ്പത്തിക വാദത്തിന്റെ പിൻബലത്തേക്കാളും, സർക്കാരിന്റെ ചിലവുകൾക്കുള്ള വിഭവസമാഹരണത്തിനേക്കാളും, സാമ്പത്തികശാസ്ത്രത്തിലുള്ള അറിവില്ലായ്മയും, ചങ്ങാത്ത മുതലാളിത്ത ശക്തികളെ പ്രീതിപ്പെടുത്താനുമുള്ളതാണ്.

കോളനിവൽക്കരണത്തിനെതിരെയുള്ള സമരങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടെ പൊതുമേഖല തന്നെ ഉയർന്നു വന്നത്.

കോളനിവൽക്കരണമെന്നാൽ, വിദേശശക്തികൾക്കുള്ള കേവലം രാഷ്ട്രീയാധികാരം മാത്രമല്ല, ഒരു രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾക്ക് മേലുള്ള വിദേശകുത്തകകളുടെ നിയന്ത്രണം കൂടെയാണ്. കോളനിവൽക്കരണം അവസാനിപ്പിക്കുന്നത് വെറും രാഷ്ട്രീയാധികാരം തിരിച്ചുപിടിക്കുന്നത് മാത്രമല്ല, പക്ഷെ അതിനേക്കാളുപരിയായി സാമ്പത്തികമായ, അതായത് ഒരു രാജ്യം, ജനങ്ങൾക്ക് വേണ്ടി, അതിന്റെ വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം, വിദേശ മൂലധനശക്തികളുടെ കൈകളിൽനിന്നും തിരിച്ചുപിടിക്കുക കൂടെയാണ്. യഥാർഥത്തിൽ, മറ്റൊരു സംവിധാനത്തിനും തന്നെ ഇതുപോലൊരു പങ്ക് വഹിക്കാനും സാധ്യമല്ല.

മെട്രോപൊളിറ്റൻ മൂലധനത്തിന്റെ കെട്ടുപിണർപ്പിൽ നിന്നും, സമ്പദ്വ്യവസ്ഥയെ ഒഴിവാക്കുമ്പോൾ, ജനങ്ങളുടെ താല്പര്യത്തിൽ ഇതിനെല്ലാം പകരം നിർത്താനാകുന്ന സംവിധാനം പൊതുമേഖല മാത്രമാണ്. ഇന്ത്യയുടെ സ്വകാര്യമേഖലക്ക് മെട്രോപൊളിറ്റൻ മൂലധനത്തിന്റെ സ്ഥാനത്ത് വരാനാകുകയില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെയും, സംയുക്ത സംരംഭങ്ങളിലൂടെയും ഒരുപക്ഷെ, മെച്ചപ്പെടുത്താനാവുമെങ്കിലും, മെട്രോപൊളിറ്റൻ മൂലധനത്തിന്റെ ആധിപത്യത്തിനു പകരമാകുവാൻ കഴിയില്ല. പക്ഷേ, പൊതുമേഖലയെ സംബന്ധിച്ചു ഇത്തരം അനുമാനവാദങ്ങളൊക്കെ ഉപരിതലത്തിൽ മാത്രമാണ്. യഥാർത്ഥത്തിലുള്ള വാദമെന്നാൽ, പൊതുമേഖലയെ മാത്രമാണ്പാർലമെന്ററി സൂക്ഷമപരിശോധനക്ക് വിധേയമാക്കാനാവുന്നത്, ജനങ്ങൾക്ക് വേണ്ടി.

ബാങ്കുകളുടെ ദേശസാൽക്കരണത്തിന് ശേഷമുള്ള സ്വഭാവം തന്നെ നിരീക്ഷിക്കുകയാണെങ്കിൽ, അതുവരെ ബാങ്കുകൾ അവരുടെ ഉടമകളായ കോർപ്പറേറ്റ് ഹൗസുകളുടെ വെറും വിഭവസമാഹകരായി പ്രവർത്തിക്കുകയായിരുന്നെങ്കിൽ, വലിയ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കാനും, അതുവഴി ഇൻസ്ടിട്യൂഷണൽ ക്രെഡിറ്റിൽ നിന്നും അന്നോളം മാറ്റിനിർത്തപ്പെട്ട ചെറുകിട ഉത്പാദകർക്കും, കർഷകർക്കും വായ്പവിതരണക്കാരായി മാറുകയും ചെയ്തു.

കർഷകർക്കും, ചെറുകിട ഉത്പാദകർക്കും വായ്പകൾ വലിയൊരളവിൽ വിതരണം ചെയ്തതിനാൽ, ബാങ്കുകൾ, അതുവരെ കോർപ്പറേറ്റ് ഹൗസുകളുടെ അനുബന്ധം മാത്രമായിരുന്നെങ്കിൽ, പിന്നീട് സാമ്പത്തിക സംവിധാനത്തിന്റെ ഘടകമായി, അതും ലോകം അന്നുവരെ കാണാത്ത രീതിയിൽ. ഇതാണ് ഇന്ത്യയെ ഹരിതവിപ്ലവത്തിലേക്ക് നയിച്ചതും, രാജ്യത്തിനു പര്യാപ്തമായ ഒരു ഭക്ഷ്യസുരക്ഷ നൽകിയതും.

ഇതെല്ലാം നമ്മളെല്ലാം അറിയേണ്ടതും, അറിയുന്നതുമാണ്. എന്നാൽ ഭരണത്തിലിരിക്കുന്ന ബിജെപിയെ പോലെ, കോളനിശക്തികൾക്ക് എതിരെയുള്ള സമരത്തിൽ പങ്കെടുക്കാത്ത, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയോ, അനുമോദിക്കുകയോ ചെയ്യാത്ത ( കാർഷിക നിയമങ്ങളിലൂടെ രാജ്യത്തെ ഭക്ഷ്യ സാമ്രാജത്യ ത്തിനു തുറന്നിടാനുള്ള ഇപ്പോഴത്തെ ശ്രമങ്ങളിൽ നിന്നും വ്യക്തമാണത് ) പാർട്ടിയെ ഓർമിപ്പിക്കാനായി, ഇതെല്ലാം ആവർത്തിക്കുന്നതിലും കാര്യമുണ്ട്.

മോഡി സർക്കാർ അധികാരത്തിലെരുന്നതിനും മുൻപേ തന്നെ, നവഉദാരവൽക്കരണ നയങ്ങളിലൂടെ പൊതുമേഖലയെ തകർക്കാനായി ശ്രമം തുടങ്ങിയതാണ്. ഈ മേഖലയെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ്, പൊതുമേഖല, സ്വകാര്യമേഖലയെ പോലെ ലാഭം തരുന്നില്ലെന്നും, 'കാര്യക്ഷമമല്ല' എന്നുമുള്ള വാദം ഉന്നയിക്കുന്നത്. ( ഇത് പൊതുമേഖലയെന്നാൽ എന്നും നഷ്ടം മാത്രമായിരിക്കണമെന്ന് പറയാനുമല്ല )

പിന്നെ, അങ്ങേയറ്റം അസംബന്ധവും യുക്തിരഹിതവുമായ വാദമാണ്, ധനകമ്മി ഒഴിവാക്കാനും, സർക്കാരിന്റെ ചിലവുകൾക്കുമായി, പൊതുമേഖലയുടെ ഇക്വിറ്റി വിൽക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നത്. മോഡി സർക്കാറാവട്ടെ, ഈ വാദം അപ്പടി വിഴുങ്ങി, അവർ തന്നെ ഉണ്ടാക്കി വച്ച, ധനക്കെടുതിയിൽ നിന്നും രക്ഷനേടാനായി, പൊതുമേഖലയുടെ തെല്ലൊരു പങ്കും സ്വകാര്യമേഖലക്ക് വിൽക്കാനായി ആസൂത്രണം ചെയ്തിരിക്കുന്നു.

ഈ വാദം എങ്ങനെ അസംബന്ധമാകുന്നുവെന്ന് കാണാം. സർക്കാർ അധികമായി ഒരു നൂറുരൂപ ചിലവാക്കുകയാണെന്ന് കരുതുക, അതും ബാങ്കുകളിൽ നിന്നും വായ്പയെടുത്തു കൊണ്ട്. പിന്നെ അവിടെ ആകെത്തുകയായുള്ള (aggregate) ഡിമാൻഡിന്റെ തോത് കൂടുകയും, അതുവഴി ഉത്പാദനവും, വരുമാനവും വർധിക്കുകയും ചെയ്യും. ഒന്നുകൂടി ലളിതമായി വിശദീകരിക്കാനായി വിദേശവിനിമയങ്ങൾ അവഗണിക്കുകയാണെങ്കിൽ, ഈ പ്രക്രിയയിലൂടെയുള്ള വരുമാനോല്പാദനം അധികവരുമാനത്തിലൂടെ അധികനിക്ഷേപം ഉണ്ടാക്കുന്നത് വരെ തുടരും. അങ്ങനെ അധികമായ സ്വകാര്യനിക്ഷേപത്തിലേക്കുള്ള അധികമായ തുക, സ്വകാര്യ നിക്ഷേപ (ഈ കാലയളവിൽ ഇതിൽ മാറ്റമൊന്നുമില്ലെങ്കിൽ) ത്തെ മറികടന്ന് ഈ 100 രൂപക്ക് തുല്യമാവുകയും ചെയ്യും. സർക്കാരിന് ഈ 100 രൂപ ബോണ്ടുകൾ വിൽക്കുന്നതിലൂടെ വാങ്ങാനും, ആ പണം ബാങ്കുകൾക്ക് തിരിച്ചു നൽകാനുമാകും. പൊതുമേഖലയുടെ ആസ്തികൾ വിൽക്കുമ്പോഴും, ഇതേ പ്രക്രിയ തന്നെയാണ് ഉണ്ടാകുന്നത്, അവിടെ ബോണ്ടുകൾക്ക് പകരം പൊതുമേഖലയുടെ ഇക്വിറ്റിയാണ് ഈ രൂപക്കായി വിൽക്കുന്നതെന്ന് മാത്രം.

പ്രൈവറ്റ് മേഖലക്ക് വിൽക്കുന്ന ഗവണ്മെന്റ് രേഖകൾ, അഥവാ ബോണ്ടെന്നും, ഇക്വിറ്റിയെന്നുമുള്ള വ്യത്യാസമല്ലാതെ, ഈ രണ്ട് കേസുകളും തമ്മിൽ വലിയ അന്തരമില്ല. അവയുടെ മാക്രോഇക്കണോമിക് പ്രത്യാഘാതമെടുക്കുകയാണെങ്കിൽ,സർക്കാർ ചെലവുകൾക്കായി ധനക്കമ്മിയിൽ നിന്നുള്ളതും, പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിൽ നിന്നുള്ള ധനസമാഹരണവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. പക്ഷെ, രണ്ടാമത്തേതിൽ, ഗവണ്മെന്റ്, സമ്പദ് വ്യവസ്ഥയുടെ ഏറ്റവും നിർണായകമായ മേഖലകളെ രാജ്യത്തിനകത്തും, പുറത്തുമുള്ള കോർപ്പറേറ്റ് ഒലിഗാർക്കികൾക്ക് വിട്ടുനൽകുന്നു.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും (IMF), പൊതുവെ ഫിനാൻസ് മൂലധനവും ഈ രണ്ട് രീതിയിലുള്ള ധനസമാഹരണവും കാണുന്നത് വ്യത്യസ്തമായാണ്. പൊതുമേഖല ആസ്തികളുടെ വില്പന ധനക്കമ്മി ഇല്ലാതാക്കാനുള്ള ഒരു മാർഗമായി അവർ കാണുന്നില്ല.എങ്കിലും ഇതിനോട് യോജിക്കുന്നതാണ് അവരുടെ നിലപാട്. അത്, സാമ്പത്തിക കാരണങ്ങളെക്കാളും, പ്രത്യയശാസ്ത്രപരമാണ്. എന്തെന്നാൽ, പൊതുമേഖല ഇല്ലാതാവുക എന്നാൽ,സാമ്രാജത്യത്തിനെതിരെ നിൽക്കുന്ന ഒരു ശക്തമായ തടയണ ഇല്ലാതാവും. നവഉദാരവൽക്കരണ നയങ്ങളാൽ തന്നെ ഒരു പഴയ രീതിയിലല്ലെങ്കിലും, പൊതുമേഖല ഇന്നും അവർക്കെതിരെ ഒരു തടയണ പണിയുന്നു.

ചില ഔദ്യോഗികവക്താക്കൾ ഉയർത്തി കാണിക്കുന്നത് കടരഹിതമായ വിഭവസമാഹരണത്തിനായി പൊതുമേഖലയെ വിൽക്കുന്നതാണ് ഏറ്റവും മികച്ചരീതിയിലുള്ള ധനസമാഹരണമെന്നാണ്. അത് പക്ഷെ വലിയ അർത്ഥമില്ലത്തതാണ്. പൊതുമേഖല ആസ്തിയുടെ വില്പന എന്ന് പറയുമ്പോൾ അതിൽ നിന്നും ഭാവിയിൽ ലഭിക്കാനുള്ള ലാഭം ഉണ്ടാവില്ല, ഇത് ധനകമ്മി ഇല്ലാതാക്കാനായി വില്ക്കുന്ന ഗവണ്മെന്റ് ബോണ്ടുകളുടെ പലിശക്ക് തുല്യമായി വരും.

ധനക്കമ്മിയോട്‌ കൂടിയ ഗവണ്മെന്റ് ചിലവുകൾക്കുള്ള ധനശേഖരണപ്രശ്നം സാധാരണ ഫിനാൻസ് മൂലധനത്തിന്റെ വക്താക്കൾ അവകാശപെടുന്നതല്ല. പ്രശ്നമെന്താണെന്ന് വച്ചാൽ ഇത് സ്വകാര്യ ധനസമ്പത്ത് സ്വമേധയാ കൂട്ടുമെന്നാണ്. ഉദാഹരണമായി, ഗവണ്മെന്റ് 100 രൂപ ചിലവഴിക്കുകയും, ചിലവുകൾ കാരണം, സ്വകാര്യമേഖലക്ക് കൈവന്ന നിക്ഷേപം തുടച്ച് നീക്കാനായി ബോണ്ടുകൾ വിൽക്കുകയും ചെയ്താൽ, ഈ കൂട്ടി വയ്ക്കുന്ന നിക്ഷേപം അവരുടെ മടിയിൽ വന്നു വീഴുന്നതാണ്, അവരൊന്നും ചെയ്യുന്നില്ലെങ്കിൽ കൂടിയും. ഈ നിക്ഷേപങ്ങൾ എല്ലാം തന്നെ സ്വകാര്യസമ്പത്ത് വർധിക്കാൻ കാരണമാകും, അതായത് സമ്പന്നരുടെ സമ്പത്ത് മാത്രം. കാരണം തൊഴിലാളികളധികവും സമ്പാദിക്കുന്ന പണമെല്ലാം ഉപയോഗിക്കുന്നതിനാൽ നിക്ഷേപത്തിനായൊന്നും ബാക്കി വരില്ല. ഈ നൂറുരൂപ എന്നാൽ, അതിസമ്പന്നരുടെ കയ്യിൽ നിന്നും നികുതിയായി പിരിച്ചാലും, അവരിപ്പോ എവിടെയാണോ അതുപോലെ തന്നെയായിരിക്കും തുടർന്നും, അതായത് അവരുടെ സമ്പത്തിൽ വലിയ കുറവുകൾ വരുന്നില്ല.

ധനക്കമ്മി നികത്തുന്നതിനു പകരമായി പൊതുമേഖലയെ, സ്വകാര്യമേഖലക്ക് നൽകുന്നത്, അധികമായ നിക്ഷേപം കൂടെ ധനികർക്ക് കൈമാറുകയെന്നാണ്. അത് പണക്കാരെ വീണ്ടും പണക്കാരാക്കാകുകയും, സാമ്പത്തിക അസമത്വം കൂടാനിടയാക്കുകയും ചെയ്യും. ഇവരിൽ നിന്നും ഒരു 100 രൂപയെങ്കിലും, നികുതി ചുമത്തുമെങ്കിൽ ഇതൊഴിവാക്കാനാകും. ബോണ്ടുകൾ വിൽക്കുന്നതിനേക്കാളും, പൊതുമേഖലയെ തീറെഴുതുമ്പോഴാണ് അസമത്വം കൂടുന്നത്. അത്രത്തോളം തുച്ഛമായ വിലക്കാണ് പലപ്പോഴും പൊതുമേഖലയെ വിൽക്കുന്നത്.

അങ്ങേയറ്റത്തെ സാമ്പത്തിക അസമത്വം നിലനിൽക്കുന്ന ഒരു മൂന്നാം ലോകരാഷ്ട്രത്തിന്റെ സർക്കാർ തന്നെ, ആ അസമത്വം ഇനിയും വർധിപ്പിക്കാനായി, ഗവണ്മെന്റ് ചിലവുകൾക്കുള്ള ധനസമാഹരണത്തിനായി, സ്വത്ത് നികുതി ചുമത്തുന്നതിനു പകരമായി പൊതുമേഖലയെ വിൽക്കുന്നത് ലജ്ജാകരമാണ്. സ്വത്ത് നികുതി ചുമത്താൻ ഗവണ്മെന്റ്ന് വിമുഖതയെങ്കിൽ, ചുരുക്കം ലാഭത്തിനു മേലുള്ള നികുതിയെങ്കിലും ഏർപ്പെടുത്തുകയും, അതുവഴി സാമ്പത്തിക അസമത്വത്തെ കുറച്ചെങ്കിലും പിടിച്ചു നിർത്തുകയും ചെയ്യാം.

ഇനി, ഉയർന്ന നിരക്കിലുള്ള ലാഭനികുതി സർക്കാരിന്റെ പരിമിതികൾക്കപ്പുറമാണെങ്കിൽ, ആഡംബരവസ്തുക്കൾക്ക് ( മുതലാളികളും, അവരോട് ചേർന്ന് നിൽക്കുന്നവരും ഉപയോഗിക്കുന്നതുമായ ) മേലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി ) നിരക്ക്, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഉയർത്താവുന്നതാണ്. ഇത് വസ്തുക്കളുടെ വിലയിടിയാനും, അതുവഴി സാഹചര്യങ്ങളിൽ വലിയ വ്യത്യാസമില്ലാതെ സർക്കാരിന്റെ ചിലവുകൾക്കുള്ള പണം കണ്ടെത്താനും സാധിക്കും. ഇത് പക്ഷെ, ധനക്കമ്മി പോലെയോ, പൊതുസ്വത്തിന്റെ വില്പന പോലെയോ, മുതലാളിമാർക്ക് യാതൊന്നും അധികമായി നൽകുകയില്ല.

പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള മോഡി സർക്കാരിന്റെ ഉദ്ദേശം, രാഷ്ട്രത്തിന്റെ കണ്ണിൽ നയതന്ത്രപരാജയവും, സർക്കാർ അവകാശപ്പെടുന്ന രീതിയിലുള്ള സാമ്പത്തിക അടിത്തറയില്ലാത്തതുമാണ്.

Upfront Stories
www.upfrontstories.com