വേതനനഷ്ടം മഹാമാരിയ്ക്ക് മുൻപ്
Economy

വേതനനഷ്ടം മഹാമാരിയ്ക്ക് മുൻപ്

പ്രഭാത് പട്നായിക്

Lekshmi Dinachandran

Lekshmi Dinachandran

ഈ മഹാമാരിയും ലോക്ഡൗണും സ്വാഭാവികമായും ഇന്ത്യയുടെ ജിഡിപി ചുരുങ്ങുന്നതിലേയ്ക്ക് നയിച്ചിട്ടുണ്ട്. എന്നാൽ വളരെമുമ്പുതൊട്ടേ കണ്ടുവരുന്ന, വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു പ്രതിഭാസത്തെ അവ ഒട്ടൊക്കെ മറച്ചുപിടിക്കുന്നു - വലിയൊരു വിഭാഗം തൊഴിലാളികളുടെ യഥാർത്ഥവേതനത്തിൽ മഹാമാരിയ്ക്കു മുൻപുതന്നെ വന്നുകൊണ്ടിരിക്കുന്ന കുറവിനെ. ഈ സംഭവത്തിലേക്ക് വിരൽചൂണ്ടുന്നു ഒരുപാട് വസ്തുതകളുണ്ട്. കാലങ്ങളായി തുടരുന്ന തൊഴിലില്ലായ്‌മ 2018- 2019 ൽ അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സാധാരണ നിരക്ക് 2 മുതൽ 3 വരെ ആണെങ്കിൽ ആ വർഷം ഇത് 6 ശതമാനത്തിൽ എത്തി. 2017 -2018 ലെ ദേശീയ സാമ്പിൾ സർവേയുടെ കണക്കു പ്രകാരം ഗ്രാമീണ ഇന്ത്യയിൽ പ്രതിശീർഷ ഉപഭോഗച്ചെലവ് 2011 -2012 ലേതിനേക്കാൾ 9 ശതമാനം കുറവായിരുന്നു. ജനസംഖ്യയിലെ ഇത്രവലിയൊരു വിഭാഗത്തിന്റെ ഉപഭോഗച്ചെലവിൽ ഉണ്ടായ ഈ ഇടിവ് തികച്ചും അഭൂതപൂർവമായിരുന്നു. ഈ കണ്ടെത്തൽ അങ്ങേയറ്റം അസ്വസ്ഥജനകമായതുകൊണ്ട്, ഈ സർവ്വേ തന്നെ പുറംലോകം കാണിക്കേണ്ട എന്ന് മോഡി സർക്കാർ തീരുമാനിച്ചു. ഈ സർവേയിലെ കണ്ടെത്തലുകൾ വിശ്വാസയോഗ്യമല്ലെന്നുള്ള സർക്കാരിന്റെ ന്യായവാദം തികച്ചും അസംബന്ധമാണ്. പതിറ്റാണ്ടുകളായി എല്ലാ വർഷവും നടത്തിവരാറുള്ള ലോകത്തെ ഏറ്റവും വലിയ സാമ്പിൾ സർവേ പൂഴ്ത്തിവയ്ക്കാൻ മറ്റൊരു കാരണവും കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല. സർവ്വേയ്ക്ക് പൊതുവിൽ ചില പരിമിതികൾ ഉണ്ടെന്നു അംഗീകരിക്കുമ്പോൾ തന്നെ പൊടുന്നനെ ഒരു പ്രത്യേകവർഷം അത് പുറത്തുവിടാൻ പറ്റാത്തവണ്ണം വിശ്വാസയോഗമല്ലാതായി മാറിയെന്നുപറയുന്നത് തികച്ചും അസ്വാഭാവികമാണ്. ഇന്ത്യയുടെ സാമ്പത്തികരംഗത്തു ഗുരുതരമായ എന്തൊക്കെയോ പാകപ്പിഴകളുണ്ട് എന്ന് വ്യക്തം.

ഭക്ഷ്യസമ്പത്വ്യവസ്ഥയിൽ ഈയിടെ ഉണ്ടായ ചില സംഭവവികാസങ്ങൾ ഈ വസ്തുതകളെ ശരിവയ്ക്കുന്നു. 1991 മുതലുള്ള മൊത്തം നവലിബറൽ കാലം കണക്കിലെടുത്താൽ രാജ്യത്തെ ഭക്ഷ്യധാന്യ ഉല്പാദനത്തിന്റെ വളർച്ച ജനസംഖ്യ വളർച്ച നിരക്കിനേക്കാൾ കഷ്ടിച്ച് മുന്നിലെത്തിയിട്ടുണ്ട് എന്ന് പറയാം. 1991 നും 2018 നും ഇടയ്ക്കുള്ള കാലത്തു ജനസംഖ്യയുടെ പ്രതിവർഷവളർച്ചാനിരക്ക് ഏകദേശം 1.6 ശതമാനം ആയിരുന്നപ്പോൾ ഭക്ഷ്യധാന്യോത്പാദനത്തിന്റെ വളർച്ചാനിരക്ക് 1.8 ശതമാനമായിരുന്നു. എന്നിട്ടും, കൗതുകകരമെന്നു പറയട്ടെ, നമുക്ക് ഇക്കാര്യത്തിൽ രണ്ടു പ്രതിഭാസങ്ങൾ കാണാൻ കഴിയും: ഒന്നാമത്തേത്, മൊത്തം ഭക്ഷ്യധാന്യോത്പാദനത്തിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംഭരിച്ച ഭക്ഷ്യധാന്യത്തിന്റെ അനുപാതം ഈ നവലിബറൽ കാലത്ത് മൊത്തത്തിൽ വർധിച്ചുവെങ്കിലും, 2008 ലെ ആഗോളമുതലാളിത്ത പ്രതിസന്ധിക്കു ശേഷമാണ് അതിന്റെ വേഗം കൂടിയത്. മൊത്തം ഉല്പാദനവുമായി സർക്കാർ സംഭരണത്തിനുള്ള അനുപാതം 1991 ൽ 12.7 ശതമാനമായിരുന്നു. അത് 2017 ആയപ്പോഴേക്കും 29.6 ശതമാനമായി കുതിച്ചു. 2001 നും 2008 നും ഇടയ്ക്കുള്ള കാലത്തെ ശരാശരി അനുപാതം 22.4 ശതമാനമായിരുന്നു. 2011 മുതൽ 2017 വരെയുള്ള കാലത്തെ ശരാശരി അനുപാതം 28.5 ശതമാനായിരുന്നു. കാർഷിക ബിസിനസ് മേഖലയിൽ ആധിപത്യം പുലർത്തിയ സ്വകാര്യ വാണിജ്യ സംവിധാനങ്ങൾക്ക് ആഭ്യന്തര ഭക്ഷ്യധാന്യക്കച്ചവടത്തിൽ, പ്രത്യേകിച്ച്‌ ആഭ്യന്തര വിപണിയിലെ ഭക്ഷ്യധാന്യവില്പനയിൽ താല്പര്യം കുറഞ്ഞു.

രണ്ടാമത്തെ സുപ്രധാന പ്രതിഭാസം എന്നത് മൊത്തം ഭക്ഷ്യധാന്യ ഉത്പാദനത്തിലെ സർക്കാരിന്റെ ഓഹരിയുടെ അനുപാതം ഉപയോഗത്തിനും കരുതൽശേഖരത്തിനുമുള്ള സാധാരണ മാനദണ്ഡങ്ങളെക്കാൾ കൂടുതലാണെന്ന് മാത്രമല്ല, ഉയർന്നുകൊണ്ടിരിക്കുകയുമാണ്.

2017 മുതൽ നാലു വർഷങ്ങളിൽ ജൂണിലെ സ്റ്റോക്ക് യഥാക്രമം 55.7, 68.1, 74.3, 83.5 എന്നിങ്ങനെയാണ്. മൊത്തം ഉല്പാദനത്തിന്റെ നിരക്കിനേക്കാൾ വേഗത്തിൽ സ്റ്റോക്ക് വർധിച്ചു. മേൽപ്പറഞ്ഞ ഓരോ കൊല്ലവും ജൂണിലെ കണക്ക് ആ വർഷത്തെ മൊത്തം ഉല്പാദനത്തേക്കാൾ കൂടുതൽ ആയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന സ്റ്റോക്ക് ആയിരുന്നു ഇത്. എഴുപതുകളിൽ മൊത്തം ഉല്പാദനത്തിന്റെ ഏകദേശം 12 ശതമാനം ആയിരുന്നു സ്റ്റോക്ക് ആയി ശേഖരിച്ചിരുന്നത്. തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിൽ പോലും അവ 15 ശതമാനത്തിൽ കൂടിയിരുന്നില്ല.

ഈ രണ്ടു പ്രതിഭാസങ്ങളും പരസ്പരബന്ധിതമാണ്. സർക്കാരിന്റെ കൈവശമുള്ള ഭക്ഷ്യധാന്യശേഖരം വിപണിയുടെ ഡിമാൻഡിന് അനുസൃതമായുള്ള അധിക വിതരണത്തിന് ഉള്ളതാണ്. അതുകൊണ്ടു തന്നെ ഭക്ഷ്യധാന്യ വ്യാപാരം സ്വകാര്യവ്യാപാരികളെ സംബന്ധിച്ചിടത്തോളം അനാകർഷകവുമാണ്. ഡിമാൻഡ് കുറയുമ്പോൾ സൂക്ഷിക്കേണ്ട സ്റ്റോക്കിന്റെ അളവും വർദ്ധിക്കും എന്നത് കൊണ്ട്, "വാങ്ങുന്നയാൾ നിയന്ത്രിക്കുന്ന" വിപണിയിൽ കച്ചവടക്കാരുടെ താല്പര്യം ഈ സ്റ്റോക്ക് സർക്കാർ തന്നെ സംഭരിക്കുന്നതിലാവും; അതിനാൽ അവർ സ്വന്തം സംഭരണശേഷി കുറയ്ക്കുകയും ഇത് സർക്കാരിന്റെ സംഭരണവും മൊത്തം ഉല്പാദനവും തമ്മിലുള്ള അനുപാതം കുറയ്ക്കുകയും ചെയ്യും.

അപ്പോൾ ചോദ്യം ഇതാണ്: ജനസംഖ്യാവർധനയുടെ നിരക്കിനേക്കാൾ ഭക്ഷ്യധാന്യ ഉല്പാദനത്തിന്റെ നിരക്ക് ഉയർന്നു നിൽക്കുമ്പോൾ ഭക്ഷ്യധാന്യ വിപണിയിൽ നിരന്തരമായി അധിക വിതരണത്തിന്റെ പ്രവണത നിലനിന്നിരുന്നത് എന്തുകൊണ്ടാണ്? വസ്തുത ഇതാണ്, നവലിബറലിസം ഇന്ത്യൻ സമ്പദ്ഘടനയെ ഉയർന്ന നിരക്കിലേക്ക് വളർത്തി എന്ന് വിശ്വസിച്ച്‌ സ്വയം അഭിനന്ദിക്കുന്ന മുതലാളിത്തദാസന്മാർ അർത്ഥമാക്കിയിരുന്നത് ഭക്ഷ്യധാന്യങ്ങൾക്കുള്ള പ്രതിശീർഷ ഡിമാൻഡ് ഉയർന്നതും ആ നയത്തിന്റെ നേട്ടമാണെന്നാണ്. വേതനം കൂടുമ്പോൾ ഭക്ഷണരീതികളിൽ വൈവിധ്യം ഉണ്ടായെന്നും അതുവഴി ഭക്ഷ്യധാന്യത്തിനുള്ള ഡിമാൻഡ് കുറഞ്ഞുവെന്നുമുള്ള പതിവ് വാദം പൂർണമായും തെറ്റാണെന്നു മനസ്സിലാക്കണം. ഭക്ഷ്യധാന്യം ഭക്ഷണത്തിനു നേരിട്ട് ഉപയോഗിക്കുക മാത്രമല്ല ചെയ്യുന്നത്, അവ മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. കാലികൾക്കും കോഴികൾക്കും തീറ്റയായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. അതിൽ ഒരു ഭാഗം മനുഷ്യരുടെ ഉപഭോഗത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.യഥാർത്ഥ വേതനം ഉയരുകയും ഭക്ഷണ ശീലങ്ങളിൽ വൈവിധ്യം ഉണ്ടാകുകയും ചെയ്യുമ്പോൾ എല്ലാ തരാം ഉപയോഗത്തിനുമുള്ള പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗം ലോകമാകെ വർധിക്കുകയാണ്, കുറയുകയല്ല ചെയ്യുന്നത്.

ഇന്ത്യയിൽ പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗത്തിലെ വർധന തുച്ഛമാണ്. വർഷങ്ങളായി ഭക്ഷ്യധാന്യങ്ങളുടെ ഡിമാൻഡ് വർധിച്ചു കൊണ്ടിരുന്നത് കൊണ്ടാവണം ഈ അവസ്ഥ. ലോകവിപണിയിലേക്ക് ഭക്ഷ്യധാന്യങ്ങൾ സ്ഥിരമായി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയപ്പഴാണോ ഇതിനു കടകവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചത്?

ജിഡിപി വളർച്ച ഉയർന്ന ഘട്ടത്തിലും തൊഴിലാളികളുടെ യഥാർത്ഥ വേതനം പ്രതിശീർഷ നിരക്കിൽ കാര്യമായ തരത്തിൽ വർധിച്ചിരുന്നില്ല. മാത്രവുമല്ല സർക്കാരിന്റെ കൈവശമുള്ള ഭക്ഷ്യധാന്യ ശേഖരം ഉയർന്നുനിൽക്കുന്ന അവസ്ഥയിൽ പോലും സമീപവർഷങ്ങളിൽ വേതനം കുറയുന്ന പ്രവണതയാണുള്ളത്.

ഇന്ത്യയിൽ തൊഴിലാളികളുടെ പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗം നവലിബറൽ കാലത്ത്, പ്രത്യേകിച്ച് ഇക്കഴിഞ്ഞ വർഷങ്ങളിൽ അല്പം കുറഞ്ഞിട്ടുണ്ടാകുമെന്ന ചെറിയൊരു സംശയം ഉയർന്നത് വാസ്തവമാണ്. 1990-91നും 2017-18നും ഇടയ്ക്കുള്ള മൊത്തം കാലം, ഇന്ത്യയിൽ പ്രതിശീർഷ ഭക്ഷ്യധാന്യ ലഭ്യതയിൽ ആദ്യം ഒരു കുറവ് വന്നെങ്കിലും പിന്നെ പൂർണമായും ഉയരുന്ന പ്രവണതയാണ് കണ്ടത്. ഉദാഹരണത്തിന് പ്രതിദിന ലഭ്യത 1991ൽ 510 ഗ്രാം ആണെങ്കിൽ 2007ൽ 442.8 ഗ്രാമും 2018 ൽ 494 ഗ്രാമും ആയി. ഈ കാലയളവിൽ സമ്പന്നരുടെ വേതനവർധന ഒരു പക്ഷെ ജിഡിപി വർധനയെക്കാൾ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ അസമത്വം ഗണ്യമായി വർധിച്ചു. നേരിട്ടും അല്ലാതെയുമുള്ള ഉപഭോഗം ചേർത്ത് വച്ചാൽ പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗവും ഗണ്യമായി വര്ധിച്ചിട്ടുണ്ടാകാം. അതിന്റെ തുടർച്ചയായി തൊഴിലാളികളുടെ പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗം കുറഞ്ഞതായാണ് കണക്കുകൾ. ഇപ്പോൾ ഭക്ഷ്യധാന്യത്തിനുള്ള ഡിമാൻഡിന്റെ വേതന ഇലാസ്തികത (നേരിട്ടും അല്ലാതെയുമുള്ള ഡിമാൻഡ് കൂട്ടിച്ചേർത്തത്) വർധിച്ചു. ഉദാഹരണത്തിന്, യഥാർത്ഥ വേതനത്തിന്റെ വർധനവിന്റെ തുടർച്ചയായി ഭക്ഷ്യധാന്യത്തിനുള്ള ഡിമാൻഡിലും വർദ്ധനവുണ്ടാകും. പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗം കുറയുന്ന മുറയ്ക്ക് പ്രതിശീർഷ വരുമാനവും കുറയും.

അതിന്റെ തുടർച്ചയായി നവലിബറൽ നയങ്ങളുടെ തുടങ്ങുന്നതിനു മുമ്പുള്ള കാലത്തിനും മഹാമാരി തുടങ്ങുന്നതിനു മുമ്പുള്ള കാലത്തിനും ഇടയ്ക്ക് തൊഴിലാളികളുടെ പ്രതിശീർഷ വരുമാനത്തിൽ കുറവ് വന്നു.

ഈ അനുമാനം പോഷകാഹാരം സംബന്ധിച്ച സ്ഥിതി വരക്കണക്കുകളുമായി ഒത്തുപോകുന്നതാണ്. 1993-4 നും 2011-12 നും ഇടയ്ക്ക് പുറത്തു വന്ന നാഷണൽ സാമ്പിൾ സർവ്വേ കണക്കുപ്രകാരം ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ അളവുകോൽ ആയ 2200 കലോറി ഉപഭോഗം ചെയ്യുന്നവരുടെ നിരക്ക് 58 ശതമാനത്തിൽ നിന്ന് 68 ശതമാനമായി. അതുപോലെ ഇന്ത്യൻ നഗരങ്ങളിൽ ദാരിദ്ര്യത്തിന്റെ അളവുകോൽ ആയ 2100 കലോറി ഭക്ഷണം കിട്ടാത്തവരുടെ നിരക്ക് 57 ശതമാനത്തിൽ നിന്ന് 65 ശതമാനമായി.

2011-12 നു ശേഷം അവസ്ഥ കൂടുതൽ പരിതാപകരമായി. രാജ്യത്തെ മൊത്തം പ്രതിശീർഷഭക്ഷ്യധാന്യ ലഭ്യത 2012 ൽ പ്രതിദിനം 463.8 ഗ്രാം ആയിരുന്നു. 2018 വരെയുള്ള തുടർന്നുള്ള വർഷങ്ങളിൽ അത് യഥാക്രമം 491.9, 489.3, 465.1, 486.8, 488.7, 494.1 എന്നിങ്ങനെ ആയിരുന്നു. ഉപഭോഗവുമായി ലഭ്യത ഒട്ടും ചേർന്ന് പോയില്ല.

ധനികവിഭാഗത്തിന്റെ പ്രതിശീർഷ ഉപഭോഗത്തിൽ വ്യക്തമായ വർദ്ധനവുണ്ടായിട്ടും മേല്പറഞ്ഞകണക്കുകളിൽ ഒരു വ്യകതമായ പ്രവണത ദൃശ്യമല്ല എന്നതിനാൽത്തന്നെ, അദ്ധ്വാനവർഗ്ഗത്തിന്റെ പ്രതിശീർഷ ഉപഭോഗത്തിൽ എന്ന് വേണം അനുമാനിക്കാൻ. 2014 മുതൽക്കുള്ള 'മോദിവർഷങ്ങളിൽ' അധ്വാനവർഗ്ഗത്തിൽപ്പെട്ടവർ ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കുന്നതിൽ കുറവുവന്നു. അവരുടെ യഥാർത്ഥ പ്രതിശീർഷവരുമാനത്തിൽ കുറവുവന്നു എന്നതൊഴിച്ച് മറ്റൊരു വാദംകൊണ്ടും ഇത് ന്യായീകരിക്കാനാകില്ല. തൊഴിലില്ലായ്മയിൽ ഈയടുത്ത് വന്ന വർദ്ധന, 2011-12 കാലത്തും 2017-18 കാലത്തും ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗത്തിൽ വന്നിരിക്കുന്ന കുറവുമൊക്കെ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. അധ്വാനവർഗ്ഗത്തിന്റെ വാങ്ങൽശേഷി വർദ്ധിപ്പിക്കുന്നതിനു പകരം "അധികമുള്ള" ഭക്ഷ്യധാന്യം എത്തനോൾ ആക്കി മാറ്റി ഒഴിവാക്കാനുള്ള മോദിസർക്കാരിന്റെ തീരുമാനം വിരോധാഭാസമാണെങ്കിലും, അതിൽ അത്ഭുതത്തിനു വകയില്ല.

Upfront Stories
www.upfrontstories.com