എന്താണ് കിഫ്ബി?

സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് കേരളാ അടിസ്ഥാനസൗകര്യ നിക്ഷേപനിധി ബോർഡ് അഥവാ കിഫ്ബി. നൂതന ധനസമാഹരണ മാർഗങ്ങളുൾപ്പെടെ പ്രയോജനപ്പെടുത്തി സംസ്ഥാന ബജറ്റിനതീതമായ ധനസമാഹരണം വഴി ദ്രുത ഗതിയിലുള്ള അടിസ്ഥാനസൗകര്യ വികസനം കൈവരിക്കുക എന്നതാണ് മുഖ്യലക്ഷ്യം.

എങ്ങനെയാണ് 2150 കോടി രൂപ ലഭിച്ചത്?

അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായായി കിഫ്ബി ‘മസാല ബോണ്ട്’ 2018 സെപ്തംബർ 19 ന് ലണ്ടന്‍, ഹോങ്കോങ് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ആഗോള ധനകാര്യ വിപണിയിൽ‍ അതിസങ്കീർണ്ണമായ നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി മസാലബോണ്ടിൻ്റെ ആദ്യഘട്ടത്തിൽ‍ 2150 കോടി രൂപ കിഫ്ബി സമാഹരിച്ചു. അങ്ങനെ വിദേശ കടപത്ര വിപണിയിൽ‍ പ്രവേശിച്ച് കടപത്രം വഴി പണം സമാഹരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. എങ്ങനെയാണ് ഇത്രയധികം രൂപ കേരളത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്?

ലോകചരിത്രത്തിലാദ്യമായി, പരമാധികാര രാജ്യമല്ലാത്ത ഒരു പ്രാദേശിക ഭരണകൂടം അവരുടെ തനതു നാണയത്തില്‍ അധിഷ്ഠിതമായ കടപ്പത്രം വിജയകരമായി വിറ്റഴിച്ചു എന്നതാണ് കിഫ്ബി മസാലബോണ്ടിനെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാക്കുന്നത്. ചൈനയുടെ ഡിംസം ബോണ്ടിലും ജപ്പാന്റെ സമുറായ് ബോണ്ടിലുമുണ്ടാകാത്ത അധ്യായമാണ് മസാല ബോണ്ടിന്റെ ചരിത്രത്തില്‍ കേരളം രേഖപ്പെടുത്തിയത്.

ഒരു സംസ്ഥാന ഭരണകൂടം മസാല ബോണ്ടുമായി ഇറങ്ങുന്നു എന്നത് ചരിത്രത്തില്‍ സംഭവിക്കാത്ത ഒന്നായതുകൊണ്ട് ഇതിനുവേണ്ടി കിഫ്ബിക്ക് എല്ലാം പൂജ്യം മുതല്‍ രൂപപ്പെടുത്തേണ്ടി വന്നു. ഒരിക്കലും നടക്കാത്ത വെറുമൊരു മനക്കോട്ട മാത്രമാണ് കിഫ്ബി എന്ന് ഇവിടുത്തെ ധനകാര്യ വിരുതന്മാര്‍ പറഞ്ഞു പരത്തിയത് ഇവിടെ ഓര്‍ക്കണം. ആ അവസരത്തിലാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ കിഫ്ബിയെയും കേരള സര്‍ക്കാരിനെയും പഠിച്ച് BB (stable outlook) റേറ്റ് നല്‍കിയത്.

മാതൃസ്ഥാനീയ രാജ്യത്തിന്റെ റേറ്റിനു താഴെ മാത്രമേ പ്രാദേശിക ഭരണകൂടത്തിനു റേറ്റ് നല്‍കാവൂ എന്ന ഒറ്റ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ BBB(-) റേറ്റിനു തൊട്ടു താഴെ കേരളത്തെ അടയാളപ്പെടുത്തിയത്. അതായത്, നാം ഇവിടെ വിമര്‍ശനങ്ങളുടെ കെട്ടഴിച്ചുവിടുമ്പോള്‍ അന്താരാഷ്ട്ര പഠന സംഘങ്ങള്‍ കേരളത്തിനും കിഫ്ബിക്കും നൂറിനു നൂറ് മാര്‍ക്ക് നല്‍കുകയായിരുന്നു എന്നു ചുരുക്കം.

മൂലനിക്ഷേപകന്‍ CDPQ

ഇന്ത്യയില്‍ നിന്ന് ഒരു സംസ്ഥാനം ആദ്യമായി പുറപ്പെടുവിക്കുന്ന കടപ്പത്രം എന്ന നിലയില്‍, നിക്ഷേപകരെ കണ്ടെത്തുന്നതിനും കിഫ്ബിക്ക് ഒന്നുമില്ലായ്മയില്‍ നിന്നാണ് പൊരുതേണ്ടി വന്നത്. അക്ഷീണ യത്നത്തിന്റെ ശുഭകരമായ വഴിത്തിരിവായി കിഫ്ബി മസാല ബോണ്ടിന് ഒരു മൂലനിക്ഷേപകന്‍ (Anchor Invester) എത്തി. കാനഡയിലെ ക്യൂബെക് ആസ്ഥാനമായ, അവിടുത്തെ സര്‍ക്കാരിനു മുഖ്യപങ്കാളിത്തമുള്ള, ലോകത്തിലെ തന്നെ പ്രമുഖ നിക്ഷേപകരായ CDPQ.

കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങിലെ വമ്പന്‍ പ്രോജക്ടുകളിലാണ് അവര്‍ ഇതുവരെ മുതല്‍മുടക്കിയിരിരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളെ കര്‍ശനമായി പാലിച്ചു മാത്രമേ CDPQ നിക്ഷേപം നടത്തുകയുള്ളൂ. കിഫ്ബി മുന്നോട്ടുവച്ച മസാലബോണ്ടിനെ മുന്‍നിര്‍ത്തി അവര്‍ കേരളത്തെയും കേരള സര്‍ക്കാരിനെയും പഠിച്ചു. അതിനുശേഷം അവരുടെ വിദഗ്ദ്ധ സംഘം ഇവിടെ സന്ദര്‍ശിച്ചു.

കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷനേതാവും ചില കേന്ദ്രങ്ങളും ആവര്‍ത്തിച്ചു നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്ക് ഇംഗ്ലീഷ് പത്രങ്ങള്‍ വരെ പ്രാധാന്യം കൊടുക്കുന്ന സമയത്താണ് അവരിവിടെ വന്നതെന്നോര്‍ക്കണം. ആ വിമര്‍ശനങ്ങളുള്‍പ്പെടെ CDPQ വിശകലവിധേയമാക്കി. കിഫ്ബിയുടെ ഭരണ സംവിധാനത്തിന്റെ ദൃഢതയും സ്ഥാപന സംബന്ധമായ പ്രാപ്തിയും പ്രവർത്തനക്ഷമതയും വിലയിരുത്തി. മടങ്ങിപ്പോയ ശേഷം, ലഭിച്ച വിവരങ്ങളെ നിശിതമായി അപഗ്രഥിച്ചു. ഒടുവില്‍ കിഫ്ബിയുടെ ധീരനൂതനമായ സ്വപ്നങ്ങള്‍ പാഴ്ക്കിനാവുകളെല്ലെന്ന് CDPQ മനസ്സിലാക്കി.

മറികടന്നത് നിരവധി കടമ്പകൾ

തത്വത്തില്‍ അംഗീകാരമായെങ്കിലും അവര്‍ നിക്ഷേപം നടത്തണമെങ്കില്‍ കടമ്പകൾ പിന്നെയും മറികടക്കണം. കിഫ്ബിയും കേരള സര്‍ക്കാരും മുന്നോട്ടു വയ്ക്കുന്ന സംരംഭങ്ങള്‍ എത്രമാത്രം വിജയസാധ്യത ഉള്ളതാണെന്ന അതിനിശിതമായ പഠനങ്ങള്‍ക്കു ശേഷം മാത്രമേ ഫണ്ട് തരുന്നതില്‍ തീരുമാനമാകൂ. അതിനായി വിദഗ്‌ധ സംഘങ്ങള്‍ വീണ്ടും കേരളത്തിലെത്തി.

കിഫ്ബിയെ സംബന്ധിച്ച ആക്ഷേപങ്ങളും അപവാദങ്ങളും ആകാശത്തുനിന്ന് പൊട്ടിവീണ പോലെ പിന്നെയും വാര്‍ത്തകളില്‍ ഇടംപിടിച്ചത് അക്കാലയളവിലാണ്. സംഘത്തിന്റെ വരവ് പൊതുജനം അറിഞ്ഞില്ലെങ്കിലും പ്രതിപക്ഷവും സ്ഥാപിത താല്‍പര്യമുള്ള ചില കേന്ദ്രങ്ങളും അറിയുന്നുണ്ടായിരുന്നു എന്നതായിരുന്നു കാരണം.

കിഫ്ബിയില്‍ നടപ്പിലാക്കിയിരിക്കുന്ന വ്യവസ്ഥയും വിപണിയില്‍ നിന്നു കണ്ടെത്തുന്ന വിഭവം ഫലപ്രദമായി വിനിയോഗിക്കാനുള്ള കിഫ്ബിയുടെ കഴിവും CDPQ വിലയിരുത്തി. കൃത്യമായ ധനവിനിയോഗവും പരമാവധി പാഴ്ച്ചെലവ് ഒഴിവാക്കലും ഉറപ്പുവരുത്താന്‍ കിഫ്ബി അവലംബിക്കുന്ന ലോക നിലവാരമുള്ള മാർഗ്ഗങ്ങള്‍ അവർ പരിശോധിച്ചു. നിലവിലുള്ള നല്ല വഴക്കങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പു വരുത്തി. തെരഞ്ഞെടുക്കുന്ന പ്രോജക്ടുകള്‍ക്കു മാത്രമാണോ കിഫ്ബി പണം നല്കുന്നതെന്ന് വിലയിരുത്താനായി കിഫ്ബിയുടെ പ്രോജക്ട് വിലനിശ്ചയിക്കല്‍ പ്രക്രിയ അവർ ഗാഢമായ പഠനത്തിനു വിധേയമാക്കി.

കിഫ്ബി വ്യവസ്ഥയുടെ വിശ്വസനീയതയും ദൃഢതയും വിമർശനാത്മകമായി വിലയിരുത്തപ്പെട്ടു. ഫണ്ടിന്റെ കൈമാറ്റവും നീക്കവുമായി ബന്ധപ്പെട്ടുള്ള ആന്തരികമായ രീതികളും നിയന്ത്രണങ്ങളും കിഫ്ബി പണം നല്കുന്ന പ്രോജക്ടുകളില്‍ പ്രവർത്തിക്കുന്ന ഏജന്‍സികള്‍ പാലിക്കുന്ന നടപടിക്രമങ്ങള്‍, ഫണ്ട് വകമാറ്റുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കിഫ്ബി നടപ്പിലാക്കിയിരിക്കുന്ന വ്യവസ്ഥകള്‍ എന്നിവയൊക്കെ പരിശോധിക്കപ്പെട്ടു. കിഫ്ബി നടപ്പിലാക്കിയിരിക്കുന്ന വ്യവസ്ഥകള്‍ അന്താരാഷ്ട്ര തലത്തിലെ മികച്ച കീഴ് വഴക്കങ്ങളുമായി എത്രമാത്രം യോജിച്ചു പോകുന്നു എന്നു പഠിച്ച് വിശദമായ റിപ്പോർട്ട് നല്കുവാനായി ഒരു അന്താരാഷ്ട്ര ഏജന്‍സിയെ അവർ ചുമതലപ്പെടുത്തി.

നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ എത്രമാത്രം പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ കിഫ്ബി പുലർത്തുന്ന മാനദണ്ഡങ്ങളെക്കുറിച്ചു പഠിക്കുവാനായി മറ്റൊരു ആഗോള കണ്‍സള്‍ട്ടന്റിനെ CDPQ നിയമിച്ചു. കിഫ്ബി നടപ്പാക്കിയിരിക്കുന്ന നിയമപരമായ ചട്ടക്കൂട്, സ്ഥാപന സംബന്ധമായ പ്രവർത്തന ഘടന, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ കാര്യപ്രാപ്തി എന്നിവ പഠിക്കാനായി ഒരു പ്രമുഖ ഏജന്‍സിയെയാണ് അവര്‍ കണ്ടെത്തിയത്.

മാസങ്ങള്‍ നീണ്ടുനിന്ന കര്‍ക്കശമായ പഠനങ്ങളിലൂടെ കിഫ്ബി പ്രോജക്ടുകളുടെ ഗുണനിലവാരവും പ്രായോഗികതയും മാത്രമല്ല ഇത്രയും അന്താരാഷ്ട്ര സംഘങ്ങള്‍ പഠനവിധേയമാക്കിയത്. കേരളസര്‍ക്കാരിന്റെ സ്വപ്നങ്ങളുടെ പ്രസക്തിയും പ്രായോഗികതയും വിജയസാധ്യതയുമാണ് അവര്‍ പരിശോധിച്ചത്. അതിന്റെ നടത്തിപ്പിലെ ആഗോളനിലവാരവും സാമൂഹ്യപ്രസക്തിയും കൂടിയാണ്. അതിലെല്ലാം പൂര്‍ണതൃപ്തി വന്നതിനു ശേഷം മാത്രമാണ് CDPQ കിഫ്ബി മസാല ബോണ്ടിലെ മൂലനിക്ഷേപകരായത്.

ചരിത്രനേട്ടം അംഗീകരിക്കാന്‍ മടിയുള്ളവർ

നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ തിരിച്ചും മറിച്ചും പരിശോധിച്ചിട്ടും നല്ലതല്ലാത്ത ഒന്നും കണ്ടെത്താനാകാതിരുന്നതു കൊണ്ടു മാത്രമാണ് കാനഡയിലെ ഒന്നാംകിട പെന്‍ഷന്‍ ഫണ്ടുകാരുള്‍പ്പെടെ ലോകത്തിലെ സ്ഥിതപ്രജ്‍ഞരായ നിക്ഷേപകര്‍ മുതല്‍മുടക്കാന്‍ തയ്യാറായത്. ആരംഭ ഇഷ്യൂ അവസാനിപ്പിച്ച ശേഷവും നിക്ഷേപകര്‍ താല്‍പര്യത്തോടെ കടന്നുവരുന്ന സ്ഥിതിയാണ് കഴി‍ഞ്ഞ ദിവസം കിഫ്ബി നമ്മളെ അറിയിച്ചത്. ഒരു നാടിന് അഭിമാനിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം?

മഹാരോഗങ്ങളെ ചെറുക്കുന്നതിലും പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിലും കേരള സര്‍ക്കാര്‍ പുലര്‍ത്തിയ അന്താരാഷ്ട്ര നിലവാരമുള്ള പ്രതിരോധ സംവിധാനം തിരിച്ചറിഞ്ഞു കൂടിയാണ് അവര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ്, പല മുഖ്യധാരാ മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതാക്കൾക്കും കിഫ്ബിയുടെ ഈ ചരിത്രനേട്ടത്തെ അംഗീകരിക്കാന്‍ മടി. യുഡിഎഫ് ഭരണകാലം എത്രമാത്രം അസംബന്ധമായിരുന്നു എന്ന വസ്തുത അവരെ ഭയപ്പെടുത്തുന്നുണ്ടാകണം.