ഇന്ധനവില കൂട്ടുന്നതിലെ അസംബന്ധം
Development

ഇന്ധനവില കൂട്ടുന്നതിലെ അസംബന്ധം

പ്രഭാത്‌ പട്‌നായിക്‌

Sajith Subramanian

2019 ഡിസംബർ 25നും 2020 ജൂൺ 23നും ഇടയ്‌ക്ക്‌ ആഗോളതലത്തിൽ അസംസ്‌കൃത എണ്ണ(ബ്രെന്റ്‌)യുടെ വില ഏതാണ്ട്‌ 37 ശതമാനം ഇടിഞ്ഞു. ഡിസംബർ അവസാനത്തിനും ഏപ്രിൽ മധ്യത്തിനും ഇടയ്‌ക്ക് വില‌ 60 ശതമാനം ഇടിഞ്ഞെങ്കിലും പിന്നീട്‌ വില കൂടി. അതിനുശേഷം ജൂൺ 23 വരെ നാടകീയമായ തകർച്ചയാണ്‌ ഉണ്ടായത്‌. എന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഈ കാലയളവിൽ മുമ്പെങ്ങുമില്ലാത്ത വിധം കുത്തനെ കൂടി. പെട്രോൾ വിലയെക്കാൾ വർധനവുണ്ടായത്‌ ഡീസൽ വിലയ്‌ക്കായിരുന്നു. അവ തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുകയും ചെയ്തു. കൂടുതൽ വരുമാനമുണ്ടാക്കാൻ കേന്ദ്രസർക്കാർ നികുതി നിരക്ക്‌ വർധിച്ചതിന്റെ ആകെത്തുകയാണ് എണ്ണ വിലയിലെ ഈ കുതിച്ചുകയറ്റം. ഈ മഹാമാരിയുടെ കാലത്ത്‌ തൊഴിലാളികളുടെ വരുമാന സ്രോതസ്സ്‌ ഏറെക്കുറെ പൂർണമായും നിലച്ച സാഹചര്യത്തിൽ നികുതി വർധന അടിച്ചേൽപ്പിക്കാനുള്ള ഒരു ചരക്കായി എണ്ണയെ കണക്കാക്കുന്നത്‌ തികച്ചും മനുഷ്യത്വവിരുദ്ധം മാത്രമല്ല, മൊത്തം ഡിമാന്റ്‌ കുറയ്‌ക്കുമെന്ന പ്രശ്‌നം രൂക്ഷമാക്കുകയും തൊഴിലവസരങ്ങൾ ഗണ്യമായി കുറയ്ക്കാൻ ഇടവരുത്തുകയും ചെയ്യുന്നതുകൊണ്ടു തന്നെ, അത്‌ അസംബന്ധവുമാണ്‌. പെട്രോളും ഡീസലും മെച്ചപ്പെട്ട സാമ്പത്തിക സ്‌ഥിതി ഉള്ളവർ ഉപയോഗിക്കുന്ന ചരക്കുകൾ ആണെന്നും വിഭവങ്ങൾ വർധിപ്പിക്കുന്നതിനുള്ള സൗകര്യത്തിനായി അവയുടെ വില കൂട്ടുന്നത്‌ ദരിദ്രജനവിഭാഗങ്ങളെ ബാധിക്കില്ലെന്നുമാണ്‌‌ ഇതെക്കുറിച്ച്‌ സർക്കാർ വക്‌താവ്‌ മുന്നോട്ടുവയ്‌ക്കുന്ന വാദം. ഇത്‌ പൂർണമായും തെറ്റായ വാദമാണ്‌. പൊതു യാത്രാ സംവിധാനം ഉപയോഗിക്കുന്നവർ ആയതുകൊണ്ടുതന്നെ ദരിദ്രർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ പരോക്ഷ ഉപഭോക്‌താക്കളാണ്‌. പെട്രോൾ വില വർധന മൂലം യാത്രാ ചെലവു വർധിക്കും. ചരക്കുകൂലി വർധിക്കുന്നതിന്റെ ഫലമായി അവശ്യവസ്‌തുക്കൾ അടക്കമുള്ള സാധനങ്ങളുടെ വിലയും കൂടും. ഈ സാഹചര്യത്തിൽ പെട്രോൾ വിലവർധനയുടെ ആഘാതം ദരിദ്രജനവിഭാഗങ്ങളുടെ മേലാണ് പതിക്കുക. ഇവിടെ പെട്രോൾ വിലവർധനയെക്കാൾ തീവ്രമായി ഡീസൽ വില കുത്തനെ വർധിപ്പിക്കുമ്പോൾ ചരക്കുകൂലിയെയാണ്‌ അത്‌ ബാധിക്കുക. സ്വാഭാവികമായും അത്‌ ജനങ്ങൾക്ക്‌ ഭാരമാകും. സാധാരണ മനുഷ്യരുടെ ജീവിതനിലവാരത്തിൽ ചരക്കുകൂലിക്കുള്ള പ്രാധാന്യത്തെ അടിവരയിട്ടുകൊണ്ട്‌ ഇൻഡയറക്റ്റ്‌ ടാക്‌സേഷൻ ഇൻക്വയറി കമ്മിറ്റി നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം മാത്രമല്ല ടയറിന്റെയും ട്യൂബിന്റെയും വില വർധനയും സാധാരണക്കാരുടെ ജീവിതച്ചെലവ്‌ വർധിപ്പിക്കുമെന്നാണ്‌.

എണ്ണ എന്നത്‌ വാസ്‌തവത്തിൽ സാർവത്രിക ഇടനില വസ്‌തുവായാണ്‌ അറിയപ്പെടുന്നത്‌. ഭക്ഷ്യധാന്യം പോലുള്ള കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ഓരോ ചരക്കിന്റെയും ഉൽപ്പാദനത്തിൽ ഒരു ഭൗതിക സാന്നിധ്യമായി പെട്രോളിയം ഉൽപ്പന്നമുണ്ട്‌. റവന്യു വരുമാനം വർധിപ്പിക്കാനെന്ന പേരിൽ ഈ സാർവത്രിക ഇടനിലവസ്‌തുവിന് മേൽ നികുതി ചുമത്തുന്നത്‌ ഏറ്റവും അപകടകരമാണ്‌.

പ്രത്യക്ഷനികുതിയുടെ കാര്യം മാറ്റിവയ്‌ക്കാം. പ്രത്യക്ഷ നികുതി അല്ലാതെയുള്ള ഏതു തരം ചരക്കുനികുതിയും കൂടുതൽ മർദകസ്വഭാവമുള്ളതാണ്‌. ഉദാഹരണത്തിന്‌ സാർവത്രിക ഇടനിലവസ്‌തുവല്ലാത്ത ഒരു ചരക്കിനുമേൽ സർക്കാർ പ്രത്യക്ഷ നികുതി ചുമത്തി എന്നിരിക്കട്ടെ. അതല്ലാത്ത ഏതുചരക്കിന്റെയും ഉൽപ്പാദനത്തിന്‌ ഒരു സഹായഘടകമാകാതിരിക്കുകയോ പരിമിതമായ ഒരുകൂട്ടം മറ്റു ചരക്കുകളുടെ വില കൂട്ടാൻ ഇടയാക്കുകയോ ചെയ്യുന്ന പക്ഷം മറ്റു ഉൽപ്പന്നങ്ങളുടെ വിലയിൽ അത്‌ ഒരു സ്വാധീനവും ഉണ്ടാക്കില്ല. എന്നാൽ എണ്ണ ഒരു സാർവത്രിക ഇടനിലവസ്‌തു ആണെന്നിരിക്കെ ദരിദ്രരിൽ ദരിദ്രരായവർ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള ഓരോ ചരക്കുകളുടെയും വില ഉയർത്താൻ അത്‌ ഇടയാക്കും. കൽക്കരിയും എണ്ണയും വൈദ്യുതിയുമാണ് സമ്പദ്‌ഘടനയിലെ എല്ലാ ചരക്കുകളുടെയും ഉൽപ്പാദനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന്‌ സാർവത്രിക ഇടനിലവസ്‌തുക്കൾ. പണപ്പെരുപ്പവും വിലക്കയറ്റവും അടിച്ചേൽപ്പിക്കുന്നതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ കരുതലുള്ള ഏതു സർക്കാരും ഈ സാർവത്രിക ഇടനിലവസ്‌തുക്കളുടെ വില ഉയർത്തുന്നതിൽനിന്ന്‌ പിൻവാങ്ങും. അത്‌ഭുതമെന്നു പറയട്ടെ, ബിജെപി സർക്കാർ അത്തരത്തിലുള്ള ഒരു സർക്കാരല്ല.

ഹൃദയശൂന്യതയും താൽപര്യരാഹിത്യവും കൊണ്ട്‌ പ്രസിദ്ധമാണ്‌ ഈ കേന്ദ്രസർക്കാർ.

ഒരു ‘പൊതുകാര്യ’ത്തിനായി ഒരു വ്യക്തിയുടെ ആസ്‌തി ഗവൺമെന്റ്‌ എടുക്കുന്ന പക്ഷം ആ ആസ്‌തിനഷ്‌ടത്തിന്‌ ആ വ്യക്തിക്ക്‌ നിയമാനുസൃതം നഷ്‌ടപരിഹാരം നൽകണമെന്ന്‌ ഇന്ത്യൻ ഭരണഘടനയിൽതന്നെ വ്യവസ്ഥയുണ്ട്‌. ഇവിടെ വരുമാനത്തിന്റെ ഉറവിടമാണ്‌ ഈ ആസ്‌തി. പൊടുന്നനെയുള്ള ലോക്‌ഡൗൺ പ്രഖ്യാപനത്തിലൂടെ തൊഴിൽ നഷ്‌ടപ്പെട്ട തൊഴിലാളികൾക്ക്‌ അർഹമായ നഷ്‌ടപരിഹാരം നൽകണമെന്ന ഭരണഘടനാബാധ്യത ബിജെപി സർക്കാർ നഗ്‌നമായി ലംഘിച്ചിരിക്കയാണ്‌. ലോക്‌ഡൗൺ മൂലം വരുമാനം നഷ്‌ടമായ തൊഴിലാളികൾക്ക്‌ ഇതുവരെ പണം നൽകാൻ തയ്യാറാവാത്ത ലോകത്തിലെ ഏകരാജ്യം ഇന്ത്യ ആയിരിക്കും.

ഈ ലോക്‌ഡൗൺ കാലത്ത്‌ കാര്യങ്ങളെ അനിശ്‌ചിതമായിത്തന്നെ വഷളാക്കിക്കൊണ്ട്‌ സർക്കാർ വിഭവസമാഹരണം നടത്തുന്നതിന്‌ സാർവത്രിക ഇടനിലവസ്‌തുവായ ഇന്ധനത്തിനുമേൽ നികുതി ചുമത്തുന്നത്‌‌ തൊഴിലെടുക്കുന്ന മനുഷ്യരുടെ ചെലവിലാണ്‌. ഈ നടപടി ജനങ്ങളുടെ താൽപര്യത്തിന്‌ വിരുദ്ധമാണെന്ന്‌ മാത്രമല്ല വിഡ്‌ഢിത്തവുമാണ്‌. റവന്യൂ ചെലവിടുന്നത്‌ അധികരിച്ചതോടെയാണ്‌ ധനകമ്മി വർധിച്ചത്‌. ആ കമ്മിനികത്തുന്നതിനാണ്‌ സർക്കാർ എണ്ണയ്‌ക്കുമേൽ നികുതി ചുമത്തുന്നത്‌. ധനകമ്മി കുറയ്‌ക്കാനായി നൂറു രൂപ കണ്ടെത്താൻ സർക്കാർ ചെയ്യുന്നത്‌ ആദായനികുതി നിരക്കുകളിൽ ഐകരൂപ്യമുള്ള ആനുപാതികവർധന വരുത്തിയും സാർവത്രിക ഇടനിലവസ്‌തുവായ എണ്ണയ്‌ക്കുമേൽ നികുതി ചുമത്തിയുമാണ്‌‌.

ദരിദ്രജനവിഭാഗങ്ങൾക്ക്‌ ആദായ നികുതി അടയ്‌ക്കേണ്ടാത്തതിനാൽ ആദായനികുതിവർധനയുടെ ഭാരമത്രയും ജനസംഖ്യയിലെ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ളവരുടെ ചുമലിലാകും. വരുമാനത്തിന്റെ ഒരു പങ്ക്‌ കരുതിവയ്‌ക്കാൻ കഴിയുന്ന ഈ വിഭാഗം ഈ പണമെടുത്താണ്‌ നികുതി അടയ്ക്കേണ്ടി വരുന്നത്‌. ആദായ നികുതി നൽകുന്നവർ തങ്ങളുടെ വരുമാനത്തിൽനിന്ന്‌ മാറ്റിവയ്‌ക്കുന്ന സമ്പാദ്യത്തിന്റെ ഉപഭോഗം അങ്ങനെ നൂറു രൂപയിൽനിന്ന്‌ 80 രൂപയിലേക്ക്‌ കുറയുന്നു. അതോടെ ധനകമ്മി കുറയുന്നതുവഴി ഡിമാൻഡിൽ 80 രൂപയുടെ കുറവ്‌ സൃഷ്‌ടിക്കപ്പെടുന്നു. എന്നാൽ, ഇതേ നൂറുരൂപ എണ്ണയ്‌ക്ക്‌ നികുതി ചുമത്തുന്നതിലൂടെ നേടാൻ ശ്രമിക്കുമ്പോൾ ആ ഭാരത്തിന്റെ ഒരുഭാഗം സമ്പാദ്യമൊന്നുമില്ലാത്ത ദരിദ്രരുടെ ചുമലിലാകും. ബാക്കി ഭാഗം സമ്പത്ത്‌ മാറ്റിവയ്‌ക്കാൻ കഴിവുള്ളവരുടെ ചുമലിലും. ഇങ്ങനെ നൂറു രൂപ നേടുമ്പോൾ അതിൽ 50 രൂപ സമ്പാദ്യമൊന്നുമില്ലാത്ത ദരിദ്രജനവിഭാഗത്തിന്റേതാണ്‌. ബാക്കി 50 രൂപ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉള്ളവരുടെയും. ഇക്കൂട്ടരുടെ ഉപഭോഗത്തിന്റെ നിരക്ക്‌ 40 രൂപയിൽനിന്ന്‌ 10 രൂപയായി കുറയും.(നികുതി ഒടുക്കൽ ഉപഭോഗത്തിനും സമ്പാദ്യത്തിനും മേലുള്ള ചെലുത്തുന്ന ആഘാതം നേരത്തെ സൂചിപ്പിച്ച ഉദാഹരണത്തിന്‌ തുല്യമാണെന്ന അനുമാനത്തിലാണ്,‌ അതായത്‌ 80:2-0 ആണെന്ന അനുമാനത്തിലാണ്,‌ ഈ കണക്ക്‌.) നികുതി അടയ്‌ക്കേണ്ടതു മൂലം ഉപഭോഗത്തിൽ വരുന്ന ആകെ കുറവ്‌ 50 രൂപ (ദരിദ്രരുടേത്‌) ആകും. ഒപ്പം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉള്ളവരുടെ 40 രൂപ കുടി ഇതിനോടു ചേരുമ്പോൾ കുറവ്‌ 90 ആയി ഉയരും. മറ്റൊരർഥത്തിൽ എണ്ണയ്‌ക്കുമേലുള്ള നികുതി ചുമതൽ ദരിദ്രജനവിഭാഗങ്ങളുടെ ഉപഭോഗത്തെ പിഴിഞ്ഞൂറ്റുകയാണ്‌. അത്‌ ഒരു വലിയൊരളവിൽ ഡിമാൻഡ്‌ കുറയ്‌ക്കുകയുംചെയ്യുന്നു.

ചുരുക്കത്തിൽ ധനകമ്മി ലഘൂകരിക്കാനുള്ള ഏറ്റവും മികച്ച മാർഗം സ്വത്തുനികുതി ചുമത്തലാണ്‌. അതിസമ്പന്നർക്കുമേലാണ്‌ സ്വത്തുനികുതി ഏർപ്പെടുത്തുന്നത്‌ എന്നതുകൊണ്ടു തന്നെ നികുതി അടയ്‌ക്കൽ ഉപഭോഗനിരക്കിനെ ബാധിക്കുകയില്ല. നൂറുരൂപ സ്വത്തു നികുതി ചുമത്തുമ്പോൾ അത്‌ ബാധിക്കുന്നത്‌ ധനികന്റെ സ്വത്തിന്റെയൊ സമ്പാദ്യത്തിന്റെയോ വളരെ ചെറിയൊരംശത്തെ മാത്രമാണ്‌. ഉപഭോഗത്തിന്റെ നിരക്കിൽ അത്‌ നിസ്സാരമായ കുറവേ വരുത്തുകയുള്ളൂ. ഡിമാൻഡിൽ വരുന്ന കുറവ്‌ പൂജമായിരിക്കും. ധനകമ്മി കുറയ്‌ക്കാനുള്ള ഈ മാർഗം അതുകൊണ്ടു തന്നെ തൊഴിൽനഷ്‌ടവും ഉണ്ടാക്കില്ല.

അവസാനമായി, സർക്കാർ ധനകമ്മി കുറയ്‌ക്കാൻ ഒന്നും ചെയ്‌തില്ലെന്ന്‌ വയ്‌ക്കുക, അപ്പോഴും മൊത്തം ഡിമാന്റിൽ ഒരു കുറവും വരില്ല. തൊഴിലിലും ഉൽപ്പാദനത്തിലും മാറ്റമൊന്നുമുണ്ടാകില്ല. സ്വകാര്യമേഖലയിൽ നിക്ഷേപം നടത്തുന്നവരെ ആശ്രയിച്ച്‌ കടമെടുപ്പിലൂടെ ധനകമ്മി കുറയ്‌ക്കാനാണ്‌ ശ്രമമെങ്കിൽ അത്‌ രാജ്യത്ത്‌ സമ്പത്തിന്റെ അസമത്വം സൃഷ്‌ടിക്കാനാകും കാരണമാകുക. സമ്പന്നവിഭാഗത്തിന്റെ കൈയ്യിൽ ഗവൺമെന്റ്‌ സെക്യൂരിറ്റികളായി സമ്പത്ത്‌ എത്തുകയും ചെയ്യും. സ്വകാര്യമേഖലയിലെ സമ്പന്നവിഭാഗത്തിനേ അതിന്റെ ഗുണം ലഭിക്കൂ.

സമ്പന്നരുടെ മേൽ ചുമത്തുന്ന നികുതി മാത്രമാണ്‌ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം. ആ മാർഗം സ്വീകരിച്ചാൽ സാമ്പത്തിക അസമത്വം വർധിക്കുകയോ മൊത്തം ഡിമാൻഡ്‌ കുറയുകയോ ഇല്ല. ഈ ധനകമ്മി തുടരുന്ന പക്ഷം സാമ്പത്തിക അസമത്വം വർധിക്കുകയും മൊത്തം ഡിമാൻഡ്‌ കുറയുകയും ചെയ്യും. വരുമാനത്തിനു മേൽ നികുതി ചുമത്തുന്നത്‌ സാമ്പത്തിക അസമത്വം വർധിപ്പിക്കില്ല, പക്ഷേ, മൊത്തം ഡിമാൻഡിൽ കുറവു വരുത്തും. അതേസമയം എണ്ണയ്‌ക്കുമേൽ നികുതി ചുമത്തുന്ന പക്ഷം സാമ്പത്തിക അസമത്വം വർധിക്കില്ലെങ്കിലും മൊത്തം ഡിമാൻഡിന്‌ അതുണ്ടാക്കുന്ന ആഘാതം രൂക്ഷമാക്കും. മൊത്തം ഡിമാൻഡിറ്നെയും സാമ്പത്തിക അസമത്വത്തിന്റെയും കാഴ്‌ചപ്പാടിലൂടെ നോക്കിയാൽ, സമ്പന്നർക്കുമേൽ നികുതി ചുമത്തുന്നതാണ്‌ ഏറ്റവും മികച്ച പോംവഴി. ഇതിന്‌ സാധിച്ചില്ലെങ്കിൽ പിന്നെ സർക്കാർ ചെയ്യേണ്ടത്‌ പ്രത്യക്ഷ നികുതി കണ്ടെത്താൻ എണ്ണയ്‌ക്ക്‌ മുകളിൽ നികുതി അടിച്ചേൽപ്പിക്കുന്നത്‌ ഒഴികെയുള്ള മാർഗങ്ങൾ സ്വീകരിക്കലാണ്‌. എണ്ണയ്‌ക്കുമേൽ നികുതി ചുമത്തുക എന്നത്‌ ഉൽപ്പാദനത്തിനും തൊഴിലിനും ഏറ്റവും വിപത്‌കരമായ സാധ്യതയാണ്‌.

Upfront Stories
www.upfrontstories.com