കേരളത്തിലെ വിദ്യാഭ്യാസ മേഖല മെച്ചപ്പെട്ടതിനു പിന്നിൽ ഇ എം എസ് സർക്കാർ തുടങ്ങിവച്ച ഭൂപരിഷ്കരണത്തിനു വലിയ പ്രാധാന്യമുണ്ട്. സ്വന്തമായി ഭൂമി ലഭിച്ച അടിയാളർക്കുണ്ടായ അഭിമാന ബോധം അതിൽ പ്രധാനം. തങ്ങൾ അകപ്പെട്ട നിരക്ഷരതയുടെ ഇരുട്ടിൽനിന്ന് സ്വന്തം മക്കളെ സ്വതന്ത്രരാക്കണമെന്നു അവർ തീർച്ചപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ ആദ്യ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പരിഷ്‌കാരങ്ങൾകൂടി സമാന്തരമായി നടപ്പായതോടെ സാർവത്രിക വിദ്യാഭ്യാസം ഏറെക്കുറെ പ്രാപ്യമായി.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടതിലൂടെയാണ് കേരളം വളര്‍ന്നത്. ചെറിയ കാലയളവിനുള്ളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച നാടായി കേരളം മാറിയതും വിദ്യാഭ്യാസത്തിലൂടെ. എന്നാല്‍ ഇപ്പോഴും വിദ്യാഭ്യാസപരമായി മെച്ചം കൈവരിക്കാന്‍ സാധിക്കാത്ത പിന്നോക്ക വിഭാഗങ്ങള്‍ നമുക്കിടയിലുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ എസ്എസ്എല്‍സി, പ്ലസ്ടു വിജയശതമാനം പരിശോധിച്ചാല്‍ എന്താണ് ഈ മേഖലയില്‍ ഇനി ചെയ്യേണ്ടതെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. പടിപടിയായി മെച്ചപ്പെടുന്നതിന്‍റെ സൂചനകളിലേക്കാണ് ശതമാനക്കണക്കുകള്‍ ചെന്നെത്തുന്നത്. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന വിജയമാണ് ഇത്തവണത്തേത്.

കൃത്യമായ പ്ലാനിംഗ്, നല്ല ശ്രദ്ധ. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് കേരളം കൈവരിച്ച മാതൃകയെ ഇങ്ങനെ ചുരുക്കിപ്പറയാം. അദ്ധ്യാപകരും, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ നല്ല പ്ലാനിംഗിന്‍റെ ഭാഗമാവുകയും കുട്ടികളുടെ പഠനത്തില്‍ സ്കൂളിലും വീട്ടിലും നല്ല ശ്രദ്ധ ഉണ്ടാവുകയും ചെയ്തതോടെയാണ് നിലവാരം പടിപടിയായി ഉയര്‍ന്നത്. ഇതിനായി ആദ്യം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കേരളം ചെയ്തത്. എന്നാല്‍ ഇപ്പോഴും ഇതില്‍ നിന്നെല്ലാം വിഭിന്നമായി നില്‍ക്കുകയാണ് കേരളത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍.

ഏത് തരം പദ്ധതികളിലൂടെയാണ് പിന്നാക്ക വിഭാഗത്തെ വിദ്യാഭ്യാസപരമായി മുന്നോക്കം ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുംവരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി എന്നത് വെറും ഫണ്ട് ചിലവഴിക്കല്‍ മാത്രമായിരുന്നു. ചില സ്ഥലങ്ങളില്‍ ചില പദ്ധതികള്‍ വിജയകരമായെങ്കിലും കേരളത്തിലാകെ നേരത്തെ നടന്നതുപോലെ കൃത്യമായ പ്ലാനിംഗ്, നല്ല ശ്രദ്ധ എന്നിവയിലൂന്നിയ പ്രവര്‍ത്തനം പിന്നോക്ക മേഖലയില്‍ നടന്നിട്ടില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നടപ്പിലാക്കിയ പഠനമുറി, സാമൂഹ്യപഠനമുറി, ഗോത്രബന്ധു പദ്ധതികള്‍, റസിഡന്‍റ് ട്യൂട്ടര്‍മാരുടെ നിയമനം എന്നിവ പുതിയ വികസന നയത്തിന്‍റെ ഭാഗമാണ്. കാരണം, പഠിക്കാനുള്ള താല്‍പര്യം വിദ്യാര്‍ത്ഥികളിലും പഠിപ്പിക്കാനുള്ള താല്‍പര്യം രക്ഷിതാക്കളിലും അതിനുള്ള സൗകര്യം വീട്ടിലും സ്കൂളിലും ഒരുക്കുന്ന പദ്ധതികളാണ് ഇവ. കൂടാതെ നിലവില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിയും നല്‍കുന്നുണ്ട്. ഇത് ഈ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇത് മാത്രം പോര എന്നാണ് ഇത്തവണത്തെ എസ്എസ്എല്‍സി, പ്ലസ്ടു ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പൊതുവിഭാഗത്തില്‍ 4.60 ശതമാനം പേര്‍ സംസ്ഥാനത്ത് എസ്എസ്എല്‍സിയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ അത് 1.33 ശതമാനവും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 0.43 ശതമാനവും ആണ്. പ്ലസ്ടു തലത്തിലും പ്രകടമായ അന്തരം കാണാനുണ്ട്. മുന്നോക്ക വിഭാഗങ്ങളുമായി താരതമ്മ്യം ചെയ്യുമ്പോള്‍ 24 ശതമാനത്തിലേറെ കുറവാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയിലേത്. ഇത് പൊതുവായ കണക്കാണ്. എന്നാല്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിജയശതമാനം അത്ഭുതപ്പെടുത്തുന്നതാണ്.

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 9 മോഡല്‍ റിസഡന്‍ഷ്യല്‍ സ്കൂളുകളും പത്താംക്ലാസില്‍ നൂറുമേനി കൊയ്തു. 292 ല്‍ 16 പേര്‍ എ പ്ലസ് നേടി. അതായത് 5.47 ശതമാനം. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ ആകെയുള്ള ആറ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 4 സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ആകെ 219 കുട്ടികളില്‍ 208 പേരും വിജയം നേടി. അതായത് 94.98 ശതമാനം പേരും വിജയിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും നൂറ് ശതമാനം വിജയമാണ് എസ്എസ്എല്‍സിക്ക് ഉണ്ടായത്. ഇതില്‍ 19 പേര്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. 602 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പ്ലസ്ടുവില്‍ 583 ല്‍ 521 പേരും വിജയിച്ചു. 89.37 ശതമാനമാണ് വിജയം. പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയുടെ സംസ്ഥാന വിജയശതമാനവുമായി താരതമ്മ്യം ചെയ്യുമ്പോള്‍ പൊതുനിരക്കിനേക്കാള്‍ ഏറെ ഉയരെയാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിജയ ശതമാനം. കൃത്യമായ പ്ലാനിംഗും ശ്രദ്ധയും നല്‍കാന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് സാധിക്കുന്നുണ്ട് എന്ന അനുമാനത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് അവരെ പ്രത്യേകമായി വിദ്യാഭ്യാസ അവബോധമുള്ളവരാക്കുകയും പരിശീലനം നല്‍കുകയും വേണം. നിലവില്‍ ഈ വിഭാഗം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും പ്രത്യേക ശ്രദ്ധനല്‍കി പഠനം നിലവാരം ഉയര്‍ത്തുവാനും ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോഴുള്ള പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും അതിന്‍റെ പോരായ്മകള്‍ പരിഹരിക്കാനും സാധിച്ചാല്‍ വലിയ മാറ്റം ഈ മേഖലയില്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതോടൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ കണക്കുകള്‍ നമ്മോട് പറയുന്നു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നിലവാരം ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താനും പുതിയവ സ്ഥാപിക്കാനും സാധിക്കേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നടപ്പിലാക്കിയ റസിഡന്‍റ് ട്യൂട്ടര്‍ സംവിധാനം വിജയശതമാനം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സംവിധാനവും വിപുലീകരിക്കേണ്ടതുണ്ട്.
നിലവിലെ സംവിധാനത്തില്‍ കുറച്ചുനന്നായി ശ്രദ്ധചെലുത്തിലാല്‍ മാത്രം മതി. പട്ടിക വിഭാഗങ്ങൾ ഉയരങ്ങളിലേക്കെത്താന്‍.