ഓടിപ്പോയ ചെറുപ്പക്കാരൻ എന്നെ ഒരിക്കലും ശ്രദ്ധിച്ചതേയില്ല. അക്കാലമത്രയും ഞാനും അയാളെ ശ്രദ്ധിച്ചിരുന്നില്ല. പെൺചുവപ്പ് കുളിമുറിയിൽ ചുവന്ന പൂക്കൾ പൊടിഞ്ഞുയർന്നു. ഞാൻ പരിഭ്രമത്തോടേ കുറ്റിയിളക്കി. അയാൾ എന്റെ വേലിയരികിലെ മൺറോഡിലൂടെ ഓടിപ്പോയി. ആദ്യമായി ഒരു പുരുഷനെ കണ്ടവളെപ്പോലെ ഞാൻ ഭയന്നു. ആ ചെറുപ്പക്കാരൻ എന്റെ വീടിനടുത്ത് അമ്മയുമൊത്ത് താമസിക്കുവാൻ വന്നതായിരുന്നു. ദൂരെ ഏതോ ഒരു നാട്ടിൽനിന്നും. പേരറിയില്ല. നാടറിയില്ല. അയാളെക്കുറിച്ച് എനിക്ക് ഒന്നുമറിയുമായിരുന്നില്ല. ഞാൻ സ്കൂളിൽ പോണ വഴിയിൽ എവിടെയൊ താമസിക്കുന്നു അത്രമാത്രം. ആ അമ്മയും മകനും പൂച്ചകളെപ്പോലെയാണെന്ന് ആരോ പറഞ്ഞ് പിന്നീട് ഞാൻ കേട്ടു. തള്ളപ്പൂച്ച അതിന്റെ കുഞ്ഞിനെ കടിച്ചെടുത്ത് വരുന്നത് പോലെ ആ മകൻ ട്രാൻസ്ഫറായി പോകുന്നിടത്തെല്ലാം അമ്മയെ കൊണ്ടുപോയി. അയാൾ ഒരു കോളേജ് അധ്യാപകനായിരുന്നു..

അക്കാലത്താണു മഴയെത്തും മുമ്പേ എന്ന സിനിമ വരുന്നത്. അതിമനോഹരമായി ശുദ്ധധന്യാസിയിലോ മറ്റോ ചെയ്തെടുത്ത എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് വമ്പൻ ഹിറ്റായ കാലം. എന്റെ അച്ഛൻപറയും എവിടെയോ ഈ പാട്ട് മുന്നേ കേട്ടിട്ടുണ്ട്. പക്ഷെ ഓർമ്മയില്ല. ഒരിക്കൽ എന്റെ അച്ഛനൊപ്പം തിരുവനന്തപുരത്ത് മ്യൂസിക്ക് കോളേജിൽ ഗാനപ്രവീണിനു പഠിച്ച സുകു സാറിനെ കാണാനായി ഞങ്ങൾ തൃപ്പുണിത്തുറ സംഗീതകോളേജിലേക്ക് പോയി. അവിടെ പ്രിൻസിപ്പലാണു അദ്ദേഹം. അച്ഛനെക്കണ്ടതും അദ്ദേഹം വിഷമത്തോടേ ഒരു പാട്ട് പാടി… അതേ രാഗം.. അതേ താളം അതേ പോലെ ചെറിയ ചില വ്യത്യാസങ്ങൾ മാത്രം…

“അതെ ഇതാപ്പാട്ടാണല്ലേ?”

“അതേ എന്റെ പാട്ട്. കുടികാര സഭയിൽ ഞാമ്പാടിയ പാട്ട്” സുകുസാറിന്റെ കണ്ണുനിറഞ്ഞു..

“അങ്ങനെതന്നെ വേണം സുകുസ്സാറെ. ആ ചതി കുടിക്കുന്നവർക്കുള്ളതാണു”

മദ്യവിരോധിയായ അച്ഛൻ ആ മോഷണം മദ്യപിച്ചതിനുള്ള ശിക്ഷയെന്ന് വ്യാഖ്യാനിച്ചു. അന്ന് മുഴുവൻ അദ്ദേഹം ആ രണ്ട് പാട്ടുകളും മാറിമാറി പാടിക്കൊണ്ടിരുന്നു. മനോഹരമായ പാട്ടായിരുന്നു അത്.

“എന്നാലും അവളെയോർത്ത് ഞാൻ ചിട്ടപ്പെടുത്തിയതായിരുന്നു” അങ്ങനെ അദ്ദേഹം പിറുപിറുത്തു. എന്തായാലും എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട്, അന്ന് വൈകുന്നേരം തിരിച്ച് വരുമ്പോഴേയ്ക്കും ശ്രുതിചേർത്ത് പാടാൻ എനിക്ക് മനഃപ്പാഠമായി….അടുത്ത ദിവസങ്ങളിൽ എപ്പോഴോ ഞങ്ങളാ സിനിമ കാണുകയും ചെയ്തു.

ചെറുപ്പക്കാരനായ കോളേജ് അധ്യാപകന്റെ പുറകിൽ നടക്കുന്ന കുസൃതിക്കാരിയായ വിദ്യാർത്ഥിനി. ഗൗരവക്കാരനായ അധ്യാപകനോട് അവൾ കാണിക്കുന്ന അടുപ്പവും കുറുമ്പും. അയാളുടെ ദേഷ്യം. എന്തുകൊണ്ടോ പൊടുന്നനെ എനിക്കാ ചെറുപ്പക്കാരനായ അധ്യാപകനെ ഓർമ്മ വന്നു. കാരണം ഞാൻ അതുവരെ കണ്ട എല്ലാ കോളേജ് അധ്യാപകരും മധ്യവയസ്സന്മാരായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളായിരുന്ന മിക്കവാറൂം എല്ലാ മാഷന്മാർക്കും അച്ഛനോളം പ്രായവുമുണ്ടായിരുന്നു. യൂണിവേർസിറ്റി ഹിന്ദി ഡിപ്പാർട്ട്മെന്റിലെ മാലതിട്ടീച്ചറുടെ ഗോപിമാമൻ, തൂത്തുവിന്റെയും സുരഭിചേച്ചിയുടെയും അച്ഛനായ മാത്ത്സിലെ കൃഷ്ണകുമാർ സാർ, ആർസുമാമൻ, സ്റ്റാറ്റിസ്റ്റിക്ക്സിലെ കുമാരങ്കുട്ടിമാമൻ.. അങ്ങനെ മധ്യവയസ്കരായ കുറേപ്പേർക്കിടയിലെ ഒരേ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ അയാളെപ്പറ്റി ഞാൻ ഓർത്തു…

പിറ്റേദിവസം പതിവിനു വിപരീതമായ് ഞാൻ അയാളെക്കണ്ട് പുഞ്ചിരിച്ചു. പിന്നെയതൊരു പതിവായ് സ്കൂളിൽ പോകുന്ന വഴിയിൽ കാണുമ്പോഴൊക്കെ ഞങ്ങൾ പരസ്പരം ചിരിച്ചു. അയാൾ ചിരിക്കുന്നത് കാൺകെ ഞാൻ ആ പാട്ട് ഓർത്തു. കോളേജിൽ ഒരു വിദ്യാർത്ഥിനി അയാൾക്ക് കാമുകിയായ് ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. അവളെ അയാൾ ചീത്തപറയുന്നതും വഴക്കിടുന്നതുമൊക്കെ ഞാൻ സങ്കൽപ്പിച്ചു. അയാളിന്നവളുടെ മുഖത്തടിച്ച് കാണുമോ എന്നൊക്കെ എനിക്ക് ആധി പെരുത്തു.

ആയിടയ്ക്കോ മറ്റോ അയാളൊരു കല്യാണം കഴിക്കാൻ തീരുമാനിച്ചത് ഞാനറിഞ്ഞു. അതോ കഴിച്ചോ? സിനിമയിലെ പോലെ കല്യാണം മുടങ്ങിയോ? ഉദ്വേഗഭരിതമായ കുടുംബവിശേഷങ്ങളോന്നും ചോദിക്കത്തക്ക പരിചയം ഞങ്ങളുടെ ചിരിക്കിടയിൽ ഉണ്ടായിരുന്നില്ല. എനിക്ക് വിശേഷങ്ങൾ ഒന്നും അറിയാനും കഴിഞ്ഞില്ല.

സ്കൂളിലേക്ക് പോകുമ്പോൾ പച്ചപ്പാടത്ത് കാറ്റടിയ്ക്കുന്നതും എന്റെ നീലപ്പാവാട ഒപ്പം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും, തുറാബ് തങ്ങളുടെ വീടിനു മുമ്പിലൂടെ അയാൾ ഓടിവരുന്നതും ഒക്കെ സ്വാഭാവികമായി. വൈകുന്നേരങ്ങളിൽ അയാൾ യൂണിവേർസിറ്റിയിലേക്കുള്ള ബസ്സിലിരിക്കുന്നത് ഞാൻ ഇടയ്ക്കൊക്കെ കണ്ടു. എന്റെ അച്ഛൻ വാങ്ങിത്തന്ന എഗ്സ്പഫ്സ്സ് പൊതിയും പിടിച്ച് അയാളെ കാൺകെ സൂര്യോദയപ്പാട്ടുംപാടി ഞാൻ നടന്നു.

അടുത്തകൊല്ലമാണു ട്വിസ്റ്റ്. ഞാനയാളുടെ കോളേജിൽ ചേർന്നു. എന്റെ ഊഹം പോലെ, കൗതുകം പോലെ അയാൾക്ക് ചുറ്റും ഭയങ്കരിയായ ഒരു സീനിയർ പെൺകുട്ടി കറങ്ങുന്നത് ഞാൻ കണ്ടു.. ബിസോൺ മത്സരങ്ങളിൽ വിജയിയായ ആ ചേച്ചിയുമായ് ഞാൻ സൗഹൃദത്തിലായിരുന്നു. ആ അധ്യാപകനോട് നിരന്തരം തല്ലുകൂടിയും അയാളെ ഉപദ്രവിച്ചും കാണുമ്പോൾ നിങ്ങളെ ഞാൻ പ്രേമിക്കാമെന്ന് തുറന്ന് പറഞ്ഞും ആ പെൺകുട്ടി അയാളെ ഉപദ്രവിച്ച് കൊണ്ടേയിരുന്നു. അവരെ കാണുമ്പോൾ എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് ഞാൻ പാടിക്കൊണ്ടേയിരുന്നു. അവർ തലയിളക്കി. ബോംബെ സിനിമയിലെ കണ്ണാളനെ എന്ന പാട്ട് ഇടയ്ക്കൊക്കെ മാറ്റിമൂളി. എല്ലാം നന്ന് എന്ന മട്ടിൽ ഞാൻ തലയിളക്കി.

അടുത്തവർഷം ഞാനാ പെൺകുട്ടിയെ കണ്ടതെയില്ല. ഇല്ല പിന്നീടൊരിക്കലും ഞാനാ പെൺകുട്ടിയെ കണ്ടതേയില്ല. ആ അധ്യാപകന്റെ പരാതിയിൽ അവളെ കോളേജ് മാറ്റിയെന്നു മാത്രം അറിയാൻ കഴിഞ്ഞു.. എങ്കിലും ആ അധ്യാപകനെ കാണുമ്പോൾ അവളെയും ആ പാട്ടിനേയും ഞാനോർത്തു. എന്തൊരു കാടൻ, മിഴിപ്പൂക്കൾ ഈറനായ് നിന്ന പാവം ശ്യാമഗോപികയെ അയാൾ നാടുകടത്തിയല്ലോ എന്ന് ഞാൻ സങ്കടത്തോടെ ഓർത്തു.

വർഷങ്ങൾ കഴിഞ്ഞ് ഒരിക്കൽ കൂടി എനിക്കാ പെൺകുട്ടിയെ ഓർമ്മിക്കേണ്ടി വന്നു… എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് കേട്ടപ്പോഴല്ല. അത് പത്രത്തിൽ അവളുടെ കൊലപാതകവാർത്ത വായിച്ചപ്പോഴായിരുന്നു. ഗർഭിണിയായ അവളെ കൊന്ന് കക്കൂസ്സ് കുഴിക്കുള്ളിൽ മൂടിയവരുടെ ഫോട്ടോ നോക്കെ ആ പാട്ടിന്റെ വരികൾ എനിക്ക് ചങ്കിൽ കുരുങ്ങി… മുറിപ്പെടുത്തുന്ന വാർത്ത….

“ആഭരണങ്ങൾ ഊരിക്കൊടുത്തിരുന്നെങ്കിൽ അവളെ അവർ കൊല്ലുമായിരുന്നില്ല” എന്ന പോലീസ്സ് ഭാഷ്യം വായിച്ചപ്പോൾ മുതിർന്ന അധ്യാപകനെ പരസ്യമായി പ്രേമിക്കാൻ അയാൾക്ക് ബിസ്ക്കറ്റുകളും ഷർട്ടുകളും വാങ്ങിവന്ന് നിരാശപ്പെടാൻ വേണ്ടിയുദിച്ച സൂര്യോദയത്തിന്റെ അപാരമായ ധൈര്യത്തെപ്പറ്റി ഞാനോർത്തു. ബിസോൺ മത്സരത്തിന്റെ പകൽ പ്രസംഗത്തിനു ഒന്നാം സമ്മാനം വാങ്ങിവന്ന്, എന്റെ കൈപിടിച്ച് വട്ടം കറങ്ങി അവൾ പാടിയ തമിഴ്പ്പാട്ടിന്റെ വരികൾ ഓർമ്മവന്നു…

ഒരു മിന്നലിൻ വേഗം ഞാൻ നിന്നിൽ കണ്ടു…

ഒരു പെണ്ണിനോട് തോന്നുന്ന വിലക്കപ്പെട്ട ഇഷ്ടം എന്നോട് നിന്നിൽ ഞാൻ കണ്ടു…

ഞാൻ എന്നെത്തന്നെ മറന്നിരിക്കുന്നു.. ഈ പ്രപഞ്ചത്തിൽ ഞാനില്ലാത്തത് പോലെ…

നിന്നെ എനിക്ക് നഷ്ടപ്പെട്ടാൽ ഒരു പൂവിലും ഇനിമേൽ തേനുണ്ടാകില്ല.

ഇത് സത്യമാണോ നുണയാണോ? ഞാൻ എന്നോട് തന്നെ ചോദിച്ചു…

നിന്നെ കണ്ട് ഞാൻ എന്റെ തായ്മൊഴി മറന്നിരിക്കുന്നു…

“Yes I can love you. Because you are handsome” അവളയാളുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും ചവിട്ടിക്കുതിച്ച് പുറത്തിറങ്ങെ ധാർഷ്ട്യത്തോടെ ഉച്ചരിച്ച വാക്കുകളിൽ മുറിവുകൾ ഒളിച്ചിരിക്കുന്നതായ് എനിക്ക് തോന്നി…