ജയ് ശ്രീരാം വിളികൾ ഇന്ന് രാജ്യത്ത് ഭയം വിതയ്ക്കുന്ന പോർവിളി ആയി മാറിയിരിക്കുന്നു. ജയ് ശ്രീറാം എന്ന് വിളിക്കാത്തവരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ കുറച്ചൊന്നുമല്ല റിപ്പോർട് ചെയ്യപ്പെടുന്നത്. ഭക്തിയുടെ വിശുദ്ധിയിൽ നിന്നുയിർക്കൊള്ളുന്ന പ്രാർത്ഥനകൾ വേട്ടക്കാരന്റെ അട്ടഹാസമാകുമ്പോൾ വിശ്വസികൾക്കുപോലും ആത്മശൈഥില്യം സംഭവിക്കുന്നു. ജന്തുതയാണ് ജയിക്കുന്നതെന്നു ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിലെ മതനിരപേക്ഷ വാദികൾ മാത്രമല്ല യഥാർത്ഥ വിശ്വാസികൾ പോലും ആശങ്കപ്പെടുന്നു. രാമൻ എന്ന ആശയത്തിന്റെ ബഹുസ്വരതയ്ക്കുമേലാണ് ഹിന്ദുത്വ ശക്തികൾ കഠാര കയറ്റുന്നത്. ഗാന്ധിജിക്ക് രാമൻ എന്ന ആശയം സത്യാന്വേഷണത്തിനുള്ള ഉപാധി ആയിരുന്നെങ്കിൽ സംഘപരിവാറിന് സഹജാതനെ കുത്തിമലർത്താനുമുള്ള മൂർച്ചയുള്ള ആയുധമാണ്. ഹിന്ദു മത വിശ്വാസിയായ ഒരാൾക്കും ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാനിവില്ലെന്നു പറയുന്നു പ്രസിദ്ധ എഴുത്തുകാരൻ കെ പി രാമനുണ്ണി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമനുണ്ണിയുടെ വാക്കുകൾ കേൾക്കുക