ബേപ്പൂർ…മലബാർ തീരത്തെ പുരാതന തുറമുഖം. പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മുൻപ് തന്നെ അറബി നാടുകളിലേക്ക് പത്തേമാരികളിൽ കുരുമുളകും മറ്റു സുഗന്ധ ദ്രവ്യങ്ങളും കയറ്റി അയച്ചത് ഇവിടെ നിന്ന്. അറബികൾക്ക് പിന്നാലെ യൂറോപ്യന്മാരും ഈ തുറമുഖത്തു നങ്കൂരമിട്ടു. ടിപ്പു സുൽത്താൻ ഈ പഴയ പട്ടണത്തിനു ഏറെ പ്രിയത്തോടെ പേരിട്ടു സുൽത്താൻ പട്ടണം എന്ന്. ഗതകാല പ്രൗഢിയൊന്നും ഇന്ന് ബേപ്പൂരിനില്ല. ഇന്ന് ബേപ്പൂരിൽ ആ പ്രൗഢിയുടെ അവശേഷിപ്പായി ഉള്ളത് ഉരു നിര്മ്മാണ ശാലകൾ മാത്രം. അറബി നാടുകളിലേക്ക് ആഡംബര ഉരുക്കൾ നിർമിക്കുന്ന പണിപ്പുരകൾ ഇവിടെയുണ്ട്. മൂന്നു വർഷത്തിന് ശേഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിനെത്തുന്ന അതിഥികളെ സൽക്കരിക്കാൻ എത്രയോ പത്തേമാരികൾ ഇവിടെ നിന്ന് തയ്യാറായിക്കഴിഞ്ഞു. അതിലും കൗതുകകരമായ പണിശാലകൾ വേറെയുണ്ട് ഇവിടെ. വലിയ പത്തേമാരിയുടെ ചെറുരൂപങ്ങൾ ഉണ്ടാക്കുന്നവ. പല വലിപ്പത്തിലുള്ള കളിപ്പാട്ടങ്ങൾ പോലെ ഉരു ഇവിടെ രൂപം കൊള്ളുന്നു. കുപ്പിയിലാക്കിയ കപ്പലുകൾ വേറെയും. അത്തരം പണിൽശാലകളിലൊന്ന് നമുക്ക് സന്ദർശിക്കാം.