ഹോസെ മാർട്ടി - ക്യൂബൻ വിപ്ലവത്തിന്റെ ആത്മാവ്
Culture

ഹോസെ മാർട്ടി - ക്യൂബൻ വിപ്ലവത്തിന്റെ ആത്മാവ്

കടപ്പാട്: പി. എസ്. പൂഴനാട്

Lekshmi Dinachandran

Lekshmi Dinachandran

ഹോസെ മാർട്ടി - ക്യൂബയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നാല്‍പ്പത്തിരണ്ടാമത്തെ വയസ്സില്‍ സ്പാനിഷ് പട്ടാളപ്പടയോട് പൊരുതി മരിച്ച ധീരദേശാഭിമാനി. എഴുത്തുകാരനും ബുദ്ധിജീവിയും പത്രപ്രവര്‍ത്തകനും സര്‍വോപരി വിപ്ലവകാരിയുമായിരുന്ന ഹോസെ മാര്‍ട്ടി ക്യൂബന്‍ ജനതയുടെ വിപ്ലവബോധ്യത്തിന്റെ ഹൃദയത്തിലാണ് നിലകൊള്ളുന്നത്. 1868 ഒക്ടോബര്‍ പത്തിന് അരങ്ങേറിയ ഒന്നാം ക്യൂബന്‍ സ്വാതന്ത്ര്യസമരത്തിലൂടെയാണ് ക്യൂബൻ വിപ്ലവത്തിന്റെ വിത്തുവിതയ്ക്കപ്പെട്ടത്. 1953ല്‍ ക്യൂബന്‍ വിപ്ലവത്തിന് തുടക്കമിട്ട സാന്‍റിയാഗോയിലെ മോന്‍കാഡാ ബാരക്ക് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച "ബൗദ്ധിക കര്‍തൃത്വ"മായി ഫിദല്‍ കാസ്ട്രോ ചൂണ്ടിക്കാട്ടുന്നതും ഹോസെ മാര്‍ട്ടിയെയാണ്.

1853 ജനുവരി 28-നാണ് എട്ടു കുഞ്ഞുങ്ങളുള്ള ഒരു സ്പാനിഷ് കുടുംബത്തിൽ മാര്‍ട്ടി ജനിക്കുന്നത്. ബാല്യത്തിൽ ചിത്രകലയിലുണ്ടായിരുന്ന താല്‍പര്യം എഴുത്തിന്‍റെ ലോകത്തേയ്ക്കായിരുന്നു പിന്നീട് മാര്‍ട്ടിയെ കൂട്ടിക്കൊണ്ടുപോയത്. 1869-ൽ ക്യൂബയില്‍ ഒന്നാം സ്വാതന്ത്ര്യസമരം രൂക്ഷമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് അന്ന് പതിനാറ് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഹോസെ മാര്‍ട്ടി വികാരനിര്‍ഭരമായ ഒരു കത്തെഴുതുകയുണ്ടായി. കുട്ടിയായിട്ടുപോലും തന്നെ ഈ കത്തിന്‍റെ പേരില്‍ വഞ്ചനാക്കുറ്റവും രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ട ഹൊസെയ്ക്ക് ആറ് വര്‍ഷത്തെ കഠിനമായ ശിക്ഷ വിധിക്കപ്പെട്ടു. മാതാപിതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ശിക്ഷ ഇളവു ചെയ്യപ്പെട്ടെങ്കിലും സ്വന്തം ജന്മനാടുവിട്ട് ആ കുട്ടിക്ക് സ്പെയിനിലേക്ക് പോകേണ്ടി വന്നു.

ഇതേതുടർന്ന് പൗരാവകാശങ്ങള്‍ പ്രത്യേക വിഷയമായി തിരഞ്ഞെടുത്ത് സ്പെയിനില്‍നിന്നും അദ്ദേഹം നിയമബിരുദം നേടി. മോശമായ ആരോഗ്യസ്ഥിതി വകവെയ്ക്കാതെ എഴുത്തും തുടർന്നു. പിന്നീട് താമസിച്ച മെക്സിക്കോയിൽ നിന്നും എഴുത്തുകാരനെന്ന നിലയിലുള്ള പിന്തുണ ലഭിച്ചു. ഇതിനിടയില്‍ 1877ല്‍ വ്യാജനാമത്തില്‍ കുറച്ചുദിവസം ക്യൂബയില്‍ തങ്ങാനും കഴിഞ്ഞു. തുടര്‍ന്ന് ഗ്വോട്ടിമാലയില്‍ സാഹിത്യാധ്യാപകനായി പ്രവർത്തിച്ചു. എന്നാല്‍ തന്റെ സഹാധ്യാപകനായിരുന്ന ക്യൂബൻ പൗരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഹോസെ മാര്‍ട്ടി ആ ജോലിരാജിവെച്ചു.

1878-ല്‍ ക്യൂബയില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും നാടുകടത്തപ്പെട്ട അദ്ദേഹം ന്യൂയോർക്കിലേയ്ക്ക് പോയി. 1891 ൽ അദ്ദേഹം രചിച്ച "നമ്മുടെ അമേരിക്ക" എന്ന പ്രശസ്തമായ പ്രബന്ധം സാമ്രാജ്യത്വത്തിനെതിരെയുള്ള അതിശക്തമായ മുന്നറിയിപ്പായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ അനിവാര്യതയേയും ആ പ്രബന്ധം അടിവരയിട്ടു. ലാറ്റിനമേരിക്കയിലെ തന്‍റെ രാജ്യത്തെയും മറ്റ് സഹോദര രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അമേരിക്കയാണെന്ന് അതിൽ മാര്‍ട്ടി വിശദീകരിക്കുന്നു.

അമേരിക്ക അതിന്‍റെ തന്നെ വിപ്ലവ പാരമ്പര്യങ്ങളെ വഞ്ചിച്ചതിനെതിരെയും ഹോസെ മാര്‍ട്ടി വിമര്‍ശനമുന്നയിക്കുന്നുണ്ട്. യൂറോപ്യന്‍ മാതൃകയിലുള്ള ഒരു സാമ്രാജ്യമായിത്തീരാനാണ് അമേരിക്ക വെമ്പല്‍കൊള്ളുന്നത്. ക്യൂബയെ "ഏറ്റെടുക്കാനുള്ള" അമേരിക്കയുടെ സാധ്യതകളെക്കുറിച്ചും ശക്തമായ നിലയില്‍ മാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

തന്റെ ചുരുങ്ങിയ ആയുസ്സുകൊണ്ട് ക്യൂബന്‍ ക്യൂബൻ സമൂഹത്തെ പുതുക്കിപ്പണിയാനുള്ള ആലോചനകളിലും പോരാട്ടങ്ങളിലുമായിരുന്നു മാര്‍ട്ടിയുടെ ജീവിതം. ക്യൂബ അതിന്‍റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇങ്ങനെയൊരാളെ കണ്ടുമുട്ടുന്നത്. ക്യൂബയെ അടക്കിവാണുകൊണ്ടിരുന്ന സ്പാനിഷ് കൊളോണിയല്‍ ശക്തികളെ പിഴുതെറിഞ്ഞുകൊണ്ട് ദേശീയ സ്വാതന്ത്ര്യത്തിന്‍റെ ക്യൂബന്‍ പതാകയെ വാനോളം ഉയര്‍ത്തുന്നതിനുവേണ്ടി വിപ്ലവത്തിന്‍റെ കരുക്കളെ അദ്ദേഹം കെട്ടിപ്പടുക്കുകയായിരുന്നു. ഒപ്പം, പുതിയൊരു നൈതികതയെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹം ക്യൂബന്‍ ജനതയെ പഠിപ്പിച്ചുകൊണ്ടിരുന്നു.

ക്യൂബന്‍ വിപ്ലവത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി 1892ല്‍ ക്യൂബന്‍ റവല്യൂഷണറി പാര്‍ടിക്കും അദ്ദേഹം രൂപം നല്‍കി. പാര്‍ടിയുടെ മുഖപത്രത്തെ രൂപപ്പെടുത്തുന്നതിലും എഡിറ്റ് ചെയ്യുന്നതിലും മുഖ്യപങ്കു വഹിച്ചു. എഴുത്തും വായനയും പോരാട്ടങ്ങളോടൊപ്പം വൈരുദ്ധ്യാത്മകമായി തുടര്‍ന്നുകൊണ്ടിരുന്നു. പാര്‍ടിയുടെ പോരാട്ടങ്ങള്‍ക്കും പാര്‍ട്ടിയിലേക്കുള്ള പുതിയ കാഡര്‍മാരുടെ റിക്രൂട്ട്മെന്‍റിനും സഹായകമാകുന്നവിധത്തില്‍ പാര്‍ടി പത്രത്തെയും എഴുത്തിനെയും കൂടുതല്‍ ചടുലമാക്കിത്തീര്‍ത്തു.

തന്റെ പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും വിദ്യാഭ്യാസത്തിനുവേണ്ടിയും ഭൂമിക്കുവേണ്ടിയും ജീവസന്ധാരണത്തിനുവേണ്ടിയും അദ്ദേഹം ശബ്ദിച്ചുകൊണ്ടിരുന്നു. അതോടൊപ്പം വംശീയ സമത്വത്തിനുവേണ്ടിയും ശക്തമായി വാദിച്ചു. "എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും നന്മയ്ക്കുവേണ്ടി" എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആപ്തവാക്യം. ക്യൂബ പിന്തുടരേണ്ട വിദ്യാഭ്യാസരീതികൾക്കുറിച്ചൊക്കെ അദ്ദേഹത്തിന് സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

1894ല്‍, ഹോസെ മാര്‍ട്ടിയും സഹപോരാളികളും ക്യൂബയില്‍ മടങ്ങിയെത്താനും വിപ്ലവം തുടങ്ങാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ പദ്ധതി പരാജയപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ വിപുലവും കൂടുതല്‍ സംഘടിതവുമായ ഒരു പോരാട്ടത്തിന് അവര്‍ തുടക്കമിട്ടു. സ്പാനിഷ് പട്ടാളവുമായി അവര്‍ കടുത്ത പോരാട്ടത്തിലേര്‍പ്പെട്ടു. എന്നാല്‍ ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടങ്ങളില്‍ തന്നെ മെയ് 19-ാം തീയതി ഹോസെ മാര്‍ട്ടി എന്ന പോരാളി രക്തസാക്ഷിയായിത്തീര്‍ന്നു.

മാർട്ടി, മരണത്തെക്കുറിച്ചുള്ള തന്റെ സങ്കൽപം വ്യക്തമാക്കിയ ഒരു കവിതയിൽ ഇങ്ങനെ കുറിച്ചിരുന്നു:

"ഒരു ഒറ്റുകാരനെയെന്ന പോലെ എന്നെ ഇരുളിൽക്കിടന്നു മരിക്കാൻ വിടരുത്. ഞാൻ നല്ലവനാണ്; നല്ലതെന്തിനെയും പോലെ, ഞാനും സൂര്യനഭിമുഖമായി മരിക്കും."

I wish to leave the world, Jose Marti

Upfront Stories
www.upfrontstories.com